അധികാരവികേന്ദ്രീകരണം അപൂര്‍ണം –മന്ത്രി സുധാകരന്‍

ആലപ്പുഴ: കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേധാവിത്വവും മൂലം പഞ്ചായത്തീരാജ് നിയമപ്രകാരം സൃഷ്ടിച്ച അധികാര വികേന്ദ്രീകരണം ഇന്നും അപൂര്‍ണമായി തുടരുകയാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്‍െറ ഭാഗമായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷിയുടെ സുസ്ഥിര വികസനത്തിന് ആസൂത്രണത്തില്‍ പ്രാധാന്യമുണ്ട്. പാടങ്ങളില്‍ കൃഷി ചെയ്യാതെ വെള്ളപ്പൊക്കം ഉണ്ടാക്കുകയാണ് പല പാടശേഖര സമിതികളും ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികള്‍ അധികാര വികേന്ദ്രീകരണം സംബന്ധിച്ച് കൂടുതല്‍ സാക്ഷരത നേടണം. പുതിയ പദ്ധതികളുടെ കരട് നിര്‍ദേശം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍ അവതരിപ്പിച്ചു. ഉല്‍പാദനം, സേവനം, പശ്ചാത്തലം, പട്ടികജാതി-പട്ടികവര്‍ഗം, റോഡിതരം എന്നീ മേഖലകള്‍ക്കാണ് കരട് രേഖയില്‍ മുന്‍തൂക്കം നല്‍കിരിക്കുന്നത്. തെരുവുനായ നിയന്ത്രണം, പച്ചക്കറി കൃഷിക്കായി കൂലിച്ചെലവ് സബ്സിഡി, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, ജൈവപച്ചക്കറി കൃഷിക്കായി ശീതികരണ യൂനിറ്റ്, കല്‍വര്‍ട്ട് നിര്‍മാണം, ബണ്ട് സംരക്ഷണം, കാലിത്തീറ്റ കര്‍ഷകര്‍ക്ക് സബ്സിഡി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ നല്‍കല്‍, മൃഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ എന്നിവയാണ് ഉല്‍പാദന മേഖല പ്രധാനമായും പരിഗണിക്കുന്നത്. ആയുര്‍വേദ-ഹോമിയോ ആശുപത്രി ചെലവുകള്‍, സാമൂഹിക സുരക്ഷ മിഷന്‍ വിഹിതം നല്‍കല്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം നല്‍കല്‍, ഭിന്നശേഷി ഉള്ളവര്‍ക്ക് മുച്ചക്രവാഹന വിതരണം, അഗതി-ആശ്രയ ഭവനനിര്‍മാണം, മൊബൈല്‍ കാന്‍സര്‍ സ്ക്രീനിങ് യൂനിറ്റ്, കുടിവെള്ള പൈപ്പ്ലൈന്‍ ദീര്‍ഘിപ്പിക്കല്‍, ജന്‍ഡര്‍ പാര്‍ക്ക് നവീകരണവും ഉപകരണങ്ങള്‍ വാങ്ങലും ജില്ലാ പഞ്ചായത്ത് പുതിയ വെബ്സൈറ്റ് സ്ഥാപിക്കല്‍, വിദ്യാലയങ്ങളില്‍ കൗണ്‍സലിങ് സെന്‍റര്‍, പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ക്ളബുകള്‍ സാഹായ വിതരണം, ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം വാങ്ങി നല്‍കല്‍, പകല്‍വീട് നിര്‍മാണം, അങ്കണവാടി കെട്ടിട നിര്‍മാണം, ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള ലൈബ്രറികള്‍ക്ക് ധനസഹായം, നെഹ്റു ട്രോഫി വള്ളംകളിക്കായി പ്രത്യേക ധനസഹായം എന്നിവയാണ് സേവന മേഖലയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ സിന്ധു വിനു, കെ. സുമ, അഡ്വ. കെ.ടി. മാത്യു അംഗങ്ങളായ മണി വിശ്വനാഥ്, ജേക്കബ് ഉമ്മന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, പ്ളാന്‍ കോഓഡിനേറ്റര്‍ സി.എസ്. ഷെയ്ഖ് ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.