പൊലീസ്–പോര്‍ട്ട് സംയുക്ത പരിശോധന; എട്ട് ഹൗസ് ബോട്ടുകള്‍ക്ക് പിഴ

ആലപ്പുഴ: ഹൗസ് ബോട്ടുകളില്‍ പൊലീസ്-പോര്‍ട്ട് സംയുക്ത പരിശോധനയില്‍ എട്ട് ഹൗസ് ബോട്ടുകള്‍ക്കെതിരെ നടപടി. 130ല്‍ പരം ഹൗസ് ബോട്ടുകളിലാണ് സംഘം പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 25,000 രൂപയാണ് ഹൗസ് ബോട്ടുകള്‍ക്ക് പിഴ ചുമത്തിയത്. സര്‍വിസ് നടത്താന്‍ അയോഗ്യമാണെന്ന് കണ്ട നാല് ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചമുമ്പ് ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹൗസ് ബോട്ട് ഉടമാ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കാനും ലൈസന്‍സുള്ള ജീവനക്കാരെ നിയമിക്കാനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാനും തീരുമാനമെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് എസ്.പി പി. അശോക് കുമാറിന്‍െറ നിര്‍ദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാന്‍െറ നേതൃത്വത്തില്‍ പരിശോധന നടന്നത്. നോര്‍ത് എസ്.ഐ വി. ബാബു, സൗത് എസ്.ഐ രാജേഷ്, നെടുമുടി എസ്.ഐ ചന്ദ്രന്‍, പോര്‍ട്ട് ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയറും രജിസ്റ്ററിങ് അതോറിറ്റിയുമായ കെ.ആര്‍. വിനോദ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സി.ആര്‍. അശോകന്‍, പോര്‍ട്ട് സെക്ഷന്‍ ഓഫിസര്‍ യേശുദാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ഹൗസ് ബോട്ട് യാത്രക്കിടെ വിദേശ വനിതയോട് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയ സംഭവിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തിയത്. ബോട്ടുകളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ മഫ്തിയില്‍ പൊലീസുകാരെ നിയമിക്കും. എസ്.ഐ സുധീന്ദ്രന്‍, എ.എസ്.ഐ ബെര്‍ലി, സി.പി.ഒമാരായ സജിത്, സാനു, സ്റ്റാലിന്‍, വിജുലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.