വെള്ളമില്ലാതെ കൃഷി നശിക്കുന്നു; തഴക്കരയിലെ കര്‍ഷകര്‍ ആശങ്കയില്‍

മാവേലിക്കര: തഴക്കര പാടശേഖരത്തില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കൃഷിനാശം. കുട്ടനാട് കര്‍ഷകസംഘം കൃഷിചെയ്തിരുന്ന 350 ഏക്കര്‍ പാടശേഖരത്തില്‍ 100 ഏക്കറോളം കൃഷിയാണ് പൂര്‍ണമായി നശിച്ചത്. 35 ദിവസമായി പാടശേഖരത്തില്‍ വെള്ളം ലഭിക്കുന്നില്ല. രണ്ടരയും മൂന്നും മാസമായ നെല്‍ച്ചെടികളാണ് വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉണങ്ങിപ്പോയത്. പാടം ഇപ്പോള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. കെ.എ.പി കനാല്‍ അറ്റകുറ്റപ്പണിക്ക് പൂട്ടിയതാണ് വെള്ളം കിട്ടാതിരിക്കാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍തലത്തിലും നിരവധി പരാതി നല്‍കിയെങ്കിലും നടപടി ആയില്ല. ഇനിയും വെള്ളം കിട്ടാതിരുന്നാല്‍ ബാക്കി 250 ഏക്കറിലെയും കൃഷി നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ 2014ല്‍ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കൃഷി നശിച്ചിട്ട് നഷ്ടപരിഹാരം തരാമെന്ന വാഗ്ദാനമല്ലാതെ ഒരുരൂപപോലും കിട്ടിയിട്ടില്ളെന്നും അതിനാല്‍ ഇത്തവണത്തെ കൃഷിനാശം തങ്ങളെ ജപ്തിയുടെ വക്കില്‍ എത്തിക്കുമെന്നും അവര്‍ പറയുന്നു. തരിശുകിടന്ന തഴക്കരയിലെ പാടങ്ങളെ കൃഷിയോഗ്യമാക്കി തരിശുനില കൃഷിക്ക് സംസ്ഥാന അവാര്‍ഡ് തഴക്കര പഞ്ചായത്തിന് നേടിക്കൊടുത്ത കര്‍ഷകര്‍ക്കാണ് ദുരനുഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.