ഏകാന്തതയുടെ വേദനയില്‍ തങ്കമ്മയുടെ ജീവിതം ദുരിതപൂര്‍ണം

പൂച്ചാക്കല്‍: തൈക്കാട്ടുശേരി പഞ്ചായത്ത് 13ാം വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ തങ്കമ്മ ഇപ്പോള്‍ ഏകയാണ്. ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയുടെ മരണത്തോടെയാണ് തീര്‍ത്തും അനാഥയായത്. മക്കളില്ലാത്ത തങ്കമ്മക്ക് ഇപ്പോള്‍ കയറിക്കിടക്കാന്‍ നല്ളൊരു വീടുപോലുമില്ല. കാറ്റിലും മഴയിലും തകര്‍ന്നുവീഴാന്‍ പാകത്തിലുള്ള ദുര്‍ബലമായ മേല്‍ക്കൂരക്ക് കീഴെയാണ് കഴിയുന്നത്. 14 വര്‍ഷം മുമ്പാണ് കൃഷ്ണന്‍കുട്ടി മരിച്ചത്. കൂലിവേലക്കാരനായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ബന്ധുക്കളും കൈയൊഴിഞ്ഞു. ദാരിദ്ര്യവും വാര്‍ധക്യത്തിന്‍െറ അവശതയും ജീവിതത്തില്‍ ഒറ്റപ്പെട്ടതിന്‍െറ വേദനയും കൂടിയായപ്പോള്‍ 66കാരിയായ തങ്കമ്മയുടെ ദുരിതജീവിതത്തിന്‍െറ കഷ്ടതകള്‍ ഇരട്ടിയായി. സമീപത്തെ ക്ഷേത്രത്തിലെ ചെറിയ ജോലിക്കായി പോകുമ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആകെയുള്ള ആശ്രയം. കിടപ്പുമുറിയും അടുക്കളയും അടങ്ങുന്ന വീടിന്‍െറ മേല്‍ക്കൂരയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മറ്റൊരുഭാഗം ഭാഗികമായും തകര്‍ന്നു. വൈദ്യുതി കണക്ഷന്‍ ഇല്ല. നാട്ടുകാര്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റ് ഇപ്പോള്‍ തകരാറിലാണ്. ഇത്രയും ദുരിതം അനുഭവിച്ചിട്ടും തങ്കമ്മയെ ബി.പി.എല്ലാക്കാന്‍ അധികാരികള്‍ക്ക് കനിവ് തോന്നിയില്ല. അവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ എ.പി.എല്ലുകാരിയാണ്. റേഷന്‍കട വഴി ലഭിക്കുമായിരുന്ന സൗജന്യങ്ങള്‍ അതോടെ തങ്കമ്മക്ക് നിഷേധിക്കപ്പെടുന്നു. പട്ടിണികിടക്കുന്ന തങ്കമ്മയെ ബി.പി.എല്ലില്‍ ഉള്‍പ്പെടുത്താന്‍ ആരും ശ്രമിക്കുന്നുമില്ല. ഇക്കാര്യത്തില്‍ പഞ്ചായത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും. സുരക്ഷിതമായ വീടും ജനപ്രതിനിധികളുടെ കാരുണ്യമുണ്ടെങ്കില്‍ ലഭിക്കാവുന്നതേയുള്ളൂ. തന്നെ എ.പി.എല്ലില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് തങ്കമ്മ കയറിയിറങ്ങാന്‍ ഇനി സ്ഥലങ്ങളില്ല. തനിച്ചുള്ള ജീവിതത്തില്‍ അവര്‍ക്കുനേരെ അധികാരികളുടെ കാരുണ്യം എന്നുണ്ടാകുമെന്ന് വ്യക്തതയുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.