വിദ്യാര്‍ഥികളെ കുത്തിനിറച്ച സ്കൂള്‍ വാഹനങ്ങള്‍ ജോയന്‍റ് ആര്‍.ടി.ഒ പിന്തുടര്‍ന്ന് പിടികൂടി

പറവൂര്‍: സ്കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോയ രണ്ട് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ ചെറുവൈപ്പിന് സമീപമാണ് വാഹനം ജോയന്‍റ് ആര്‍.ടി.ഒ അശോക് കുമാറിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. ചെറായി പാലത്തിന് സമീപം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഈ വാഹനങ്ങളെ പിന്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ആറുപേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ പത്തിലധികം വിദ്യാര്‍ഥികളെയും അവരുടെ ബാഗുകളും ഉള്‍പ്പെടെയാണ് കൊണ്ടുപോയിരുന്നത്. പിടികൂടിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ താക്കീത് ചെയ്ത് വിട്ടയച്ചു. പറവൂര്‍, വൈപ്പിന്‍ മേഖലയില്‍ വാഹനങ്ങളുടെ അമിതവേഗം പരിശോധിക്കുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അമിതവേഗത്തിലും അലക്ഷ്യമായും ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ടാക്സികളാണെങ്കില്‍ പെര്‍മിറ്റുകള്‍ കട്ട് ചെയ്യുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യും; കൂടാതെ ഇവരില്‍നിന്ന് പിഴ ഈടാക്കും. സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ യൂനിഫോം കൃത്യമായി ധരിക്കണം. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 70 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജോയന്‍റ് ആര്‍.ടി.ഒ പറഞ്ഞു. ദേശീയപാതയിലും സ്റ്റേറ്റ് ഹൈവേയിലും ദേശാസാത്കൃത റൂട്ടിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.