വടുതല: പണ്ട് ഇവിടെ തോണിയില്‍ ആളുകളെ അക്കരെയിക്കരെ ഇറക്കാന്‍ ഏറെ കടത്തുകാര്‍ ഉണ്ടായിരുന്നു. പായല്‍ തിങ്ങിയ കായലിലൂടെ ഓളങ്ങള്‍ അതിജീവിച്ച് എത്രയെത്ര മനുഷ്യരെ അവര്‍ മറുകരയില്‍ എത്തിച്ചിരിക്കുന്നു. പലരും വാര്‍ധക്യം മൂലം അവശരായി കടവില്‍നിന്ന് പിന്മാറി. യാത്രാസൗകര്യങ്ങള്‍ കൂടിയതോടെ കടത്തുകാരുടെ എണ്ണവും കുറഞ്ഞുവന്നു. കടവില്‍ കടത്തുകാരന്‍ ഉണ്ടോയെന്ന് നോക്കി യാത്ര നിശ്ചയിച്ചിരുന്ന ഗ്രാമീണരുടെ മനസ്സില്‍ എന്നും അയാള്‍ക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. പലരും പാരമ്പര്യമായി കടത്തുകാരായിരുന്നു. മുത്തച്ഛനും മകനും കൊച്ചുമകനുമൊക്കെ കടത്തുതോണിയില്‍ തുഴയെറിഞ്ഞ് പോയത് പഴമക്കാരുടെ മനസ്സില്‍ ഇന്നുമുണ്ട്. കായലിന്‍െറയും ഇടത്തോടുകളുടെയും കേന്ദ്രമായ ഈ ഭാഗങ്ങളില്‍ കടത്തുകാരുടെ പ്രാധാന്യം ഏറെയാണെന്ന് വ്യക്തം. കാലം മാറി, പലയിടത്തും പാലങ്ങള്‍ വന്നു. അപ്പോള്‍ കടത്തുകാരുടെ എണ്ണവും കുറഞ്ഞു. ചിലയിടത്ത് കടത്തുകാരന്‍ എന്നത് കുറ്റിയറ്റ തൊഴിലായി മാറി. നൂറുകണക്കിന് യാത്രക്കാരെ മറുകരയില്‍ സുരക്ഷിതമായി എത്തിച്ചിരുന്ന കടത്തുകാരന്‍െറ ജീവിതം പലപ്പോഴും കണ്ണീരിലായിരുന്നു. ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടിരുന്ന കടത്തുകാരെക്കുറിച്ച ദുരിതകഥകള്‍ കായല്‍ത്തീരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കേട്ടിരിക്കാന്‍ രസമാണ്. അരൂക്കുറ്റി പടാതറ വീട്ടില്‍ ദിവാകരന്‍ നാട്ടിലെ കടത്തുകാരുടെ അവസാനത്തെ കണ്ണിയാണ്. നദ്വത്ത് നഗര്‍ കുണ്ടെക്കടവില്‍നിന്ന് ചന്തിരൂര്‍ തോട്ടിന്‍മുഖപ്പിലൂടെ വള്ളം തുഴഞ്ഞ് നീങ്ങുന്ന ദിവാകരന്‍ ഇന്ന് ഈ രംഗത്തെ ഏകാന്തപഥികനാണ്. മഷിയിട്ടുനോക്കിയാല്‍ കടത്തുകാരനെ കാണാത്ത നാട്ടില്‍ 62കാരനായ ദിവാകരന്‍ ഇന്നും ആ ജോലി ചെയ്യുന്നു. 45 വര്‍ഷം കഴിഞ്ഞു ദിവാകരന്‍ കായലിലെ പോളകള്‍ക്കിടയിലൂടെ വള്ളം തുഴയാന്‍ തുടങ്ങിയിട്ട്. 18ാം വയസ്സില്‍ ഉപജീവനത്തിന് പങ്കായം കൈയിലെടുത്തതാണ്. അരൂക്കുറ്റി പാലം വന്നതോടെയാണ് കടത്തുകാരുടെ കഷ്ടകാലം തുടങ്ങിയത്. ഇന്ന് യാത്രക്കാരുടെ എണ്ണം വിരളം. ചിലപ്പോള്‍ ആരെയും കിട്ടാറില്ല. അഞ്ചുരൂപയാണ് ദിവാകരന്‍െറ കടത്തുകൂലി. ചിലര്‍ സ്നേഹംതോന്നി കൂടുതല്‍ കൊടുക്കും. അത് ഒരു ചായക്കാശോ അതില്‍ കൂടുതലോ ആയിരിക്കും. കുറഞ്ഞത് 20 പേരെയെങ്കിലും കിട്ടിയില്ളെങ്കില്‍ അരി വാങ്ങാനുള്ള കാശാവില്ല. ദിവാകരനും കുടുംബവും ജീവിക്കുന്നത് ഈ വരുമാനം കൊണ്ടാണ്. വള്ളം സ്വന്തമായുള്ളതല്ല. 80 രൂപ വാടക നല്‍കണം. അരൂക്കുറ്റി കടവ്, അങ്ങാടി കടവ്, നദ്വത്ത് തോട് കടവ്, തയപ്പി കടവ്, ഓമന്‍ചേരി കടവ് തുടങ്ങിയിടങ്ങളിലൊന്നും ഇന്ന് കടത്തുകാരനില്ല. അവിടെയൊക്കെ വള്ളം അടുത്തിട്ട് വര്‍ഷങ്ങളായി. അപ്പോള്‍ ദിവാകരന്‍ മാത്രമാണ് നാട്ടിലെ ഏക കടത്തുകാരന്‍. പട്ടിണിയിലും ഒരാളെങ്കിലും സഹായത്തിന് എത്തുമെന്ന് കരുതുന്ന ദിവാകരന് ആരോഗ്യമുള്ളിടത്തോളം കാലം തുഴ കൈയിലുണ്ടാകണമെന്നാണ് ആഗ്രഹം. ദിവാകരന് കൂട്ട് അസ്മ ബഷീറിന്‍െറ കടയാണ്. കടവില്‍ വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളും കിട്ടുന്ന കട. കടത്തുകടക്കാന്‍ ആള് കുറയുമ്പോള്‍ അസ്മ ബഷീറിന്‍െറ പണപ്പെട്ടിയിലും കാശ് വീഴാറില്ല. എന്നും കടവില്‍ ആളുണ്ടാകണമെന്നാണ് ദിവാകരനൊപ്പം അസ്മ ബഷീറിന്‍െറയും പ്രാര്‍ഥന. മാഞ്ഞുപോകുന്ന ഒരുകാലത്തിന്‍െറ ഓര്‍മകളാണ് ഇപ്പോള്‍ ഇവരിലൂടെ ജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.