മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി പദ്ധതിരേഖക്ക് കേന്ദ്രത്തിന്‍െറ അംഗീകാരം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കുന്നതിന് കെ.സി. വേണുഗോപാല്‍ എം.പി സമര്‍പ്പിച്ച പദ്ധതിരേഖക്ക് കേന്ദ്രം അനുമതി നല്‍കി. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ഗുലാംനബി ആസാദ് മുമ്പാകെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളജും പരിഗണിക്കാന്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2014ല്‍ ഇതിനായുള്ള പദ്ധതിരേഖ എം.പി സമര്‍പ്പിച്ചു. എന്നാല്‍, രാഷ്ട്രീയമാറ്റം മൂലം രേഖ കുരുക്കില്‍ കിടക്കുകയായിരുന്നു. പിന്നാക്ക ജില്ലയായ ആലപ്പുഴയിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനം അനിവാര്യമാണെന്നും നിരവധി പരാധീനതകള്‍ ആശുപത്രിയില്‍ ഉണ്ടെന്നും രേഖയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് അത്യാധുനിക ഉപകരണങ്ങളുടെ അഭാവവും കെട്ടിടങ്ങളുടെ കുറവും പ്രധാനപ്പെട്ടതാണ്. മെഡിക്കല്‍ കോളജിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആക്കിയാല്‍ അതുകൊണ്ട് ഏറെ പ്രയോജനം സാധാരണക്കാര്‍ക്ക് ആയിരിക്കുമെന്നും അതിനാല്‍, ആ നിലയിലുള്ള സഹായവും അംഗീകാരവും വേണമെന്നും കെ.സി. വേണുഗോപാല്‍ അഭ്യര്‍ഥിച്ചിരുന്നു. ഭരണമാറ്റം മൂലം ആശങ്കയിലായിരുന്ന പദ്ധതി രൂപരേഖയുടെ ഭാവി നിലവിലെ കേന്ദ്ര ആരോഗ്യ വകുപ്പിന്‍െറ ഇടപെടലോടെ പ്രതീക്ഷാനിര്‍ഭരമായി. 150 കോടിയില്‍ 50 കോടി ഉപകരണങ്ങള്‍ വാങ്ങുന്നതിനും 80 കോടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 20 കോടി മറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും. രണ്ടുതവണ നിലവിലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി എം.പി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. വിശാലമായ പദ്ധതിരേഖ മെഡിക്കല്‍ കോളജ് അധികൃതരുടെ പങ്കാളിത്തത്തോടെ തയാറാക്കി നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് വേണുഗോപാല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.