അരൂര്‍: ഒരുവര്‍ഷം മുമ്പ് കലക്ടര്‍ നല്‍കിയ ഉറപ്പും പാഴാകുന്നു. അരൂരില്‍ ഫയര്‍ സ്റ്റേഷന്‍ എത്തിയില്ല. കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് അരൂര്‍ വ്യവസായ കേന്ദ്രത്തിലെ വരുണ പെയ്ന്‍റ് കമ്പനിയില്‍ തീപിടിച്ചത്. വന്‍ സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന പ്രചാരണം പ്രദേശത്തെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ തീപിടുത്തമായിരുന്നു അത്. രാത്രി എട്ടുമണിയോടെയാണ് കമ്പനിയില്‍ തീ കണ്ടുതുടങ്ങിയത്. പ്രദേശത്ത് ഓണാഘോഷത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോളനിവാസികള്‍ ഭയന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. ഇതിനിടെ, പലര്‍ക്കും വീണ് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം എത്തിയ ഫയര്‍ ഫോഴ്സ് യൂനിറ്റുകളാണ് തീയണച്ചത്. അടുത്തദിവസം വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴികളെല്ലാം അടച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ കലക്ടറുടെ പ്രതിനിധിയായി സബ് കലക്ടര്‍ സ്ഥലത്തത്തെി നാട്ടുകാരുടെ ആവശ്യം കേള്‍ക്കാന്‍ തയാറായി. അരൂരില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് സ്ഥലം കണ്ടത്തൊനും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനും ഉടന്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പിന്മേലാണ് നാട്ടുകാര്‍ മടങ്ങിയത്. ഒരുവര്‍ഷത്തിനിടെ വീണ്ടും പല കമ്പനികളിലും അഗ്നിബാധയും അമോണിയം ചോര്‍ച്ചയും ഉണ്ടായി. ഇതേതുടര്‍ന്ന് ഹര്‍ത്താലും പ്രതിഷേധ മാര്‍ച്ചുകളും നടത്തി. ആലപ്പുഴ വ്യവസായകേന്ദ്രത്തില്‍ എത്തിയും സമരം നടത്തി. എന്നാല്‍, ഫയര്‍ സ്റ്റേഷന്‍ മാത്രം എത്തിയില്ല. പൊലീസ് ഒഴിഞ്ഞുപോയ അരൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷന്‍ തുറക്കുമെന്നായിരുന്നു ഒടുവിലത്തെ ഉറപ്പ്. എന്നാല്‍, അതും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.