ആറാട്ടുപുഴ: കടലാക്രമണത്തെ പ്രതിരോധിക്കാന്‍ നടപടി എടുക്കുമെന്ന അധികാരികളുടെ ഉറപ്പ് യാഥാര്‍ഥ്യമാകുന്നതും കാത്തിരിക്കുകയാണ് ആറാട്ടുപുഴ നിവാസികള്‍. കടല്‍ ചെറുതായൊന്ന് ഇളകിയാല്‍ ദുരന്ത ഭൂമിയായി മാറുന്ന ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ കടലാക്രമണ പ്രതിരോധം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ തീരവാസികള്‍ക്ക് ദുരിതങ്ങള്‍ വിട്ടൊഴിയുന്നില്ല. ഒട്ടനവധി കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നടക്കുമ്പോഴും പതിറ്റാണ്ടുകളായി കടലാക്രമണം ഏറെ അപകടാവസ്ഥ സൃഷ്ടിക്കുന്ന ആറാട്ടുപുഴയുടെ വടക്കന്‍ പ്രദേശങ്ങളെ അധികാരികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ആറാട്ടുപുഴയിലെ പ്രധാന കച്ചവട കേന്ദ്രമായ ബസ് സ്റ്റാന്‍ഡ് ഉള്‍ക്കൊള്ളുന്ന എം.ഇ.എസ് ജങ്ഷന്‍ മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള ഒരുകിലോമീറ്റര്‍ പ്രദേശം കടലാക്രമണത്തിന്‍െറ നിത്യ ദുരിത മേഖലയാണ്. നിരവധി കച്ചവട സ്ഥാപനങ്ങള്‍ കൂടാതെ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശം കൂടിയാണിത്. ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് എ.കെ.ജി നഗര്‍ വരെയുള്ള അരകിലോമീറ്റര്‍ ഭാഗത്താണ് കൂടുതല്‍ അപകടാവസ്ഥയുള്ളത്. ഇവിടെ റോഡും കടലും തമ്മില്‍ ചുവടുകളുടെ അകലം പോലുമില്ല. അതിനാല്‍ കടല്‍ ചെറുതായൊന്ന് ഇളകിയാല്‍ വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് തകര്‍ന്നുപോകുന്ന അവസ്ഥയുണ്ട്. ഇവിടെ കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. കടലിനോട് വളരെ അടുത്തായി നൂറുകണക്കിന് വീടുകളാണുള്ളത്. ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ് വീടുകള്‍ നില്‍ക്കുന്നത്. അനേകം വീടുകള്‍ കടലെടുത്തുപോയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് എ.കെ.ജി നഗര്‍ വരെയുള്ള റോഡ് തകരുന്നതാണ് പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. കടല്‍ഭിത്തിയുടെയും റോഡിന്‍െറയും കല്ലുകള്‍ ഇളകി റോഡ് മുഴുവന്‍ നിറയുന്നതിനാല്‍ കാല്‍നട യാത്രപോലും പറ്റാത്ത അവസ്ഥയാകും. ഇതുവഴിയുള്ള ഗതാഗതം നിലക്കുന്നത് പഞ്ചായത്തിന്‍െറ തെക്കന്‍ പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കും. പലതവണ ഈ ഭാഗത്തെ റോഡ് പുനര്‍ നിര്‍മിച്ച് കഴിഞ്ഞു. അടുത്ത കടലാക്രമണത്തില്‍ റോഡ് വീണ്ടും പഴയ പടിയാകും. ഇവിടെ കഴിഞ്ഞ ജൂണില്‍ പുലിമുട്ട് സ്ഥാപിക്കുമെന്ന് അധികാരികള്‍ നല്‍കിയ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. മദ്രാസ് ഐ.ഐ.ടി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതായും ബസ് സ്റ്റാന്‍ഡില്‍ പുലിമുട്ടും സുശക്തമായ റോഡും നിര്‍മിക്കുന്നതിനായുള്ള അനന്തര നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇറിഗേഷന്‍ വകുപ്പ് അധികാരികളും പറയുന്നത്.എം.ഇ.എസ് ജങ്ഷന്‍െറ ഭാഗവും നിത്യ കടലാക്രമണ ദുരിത മേഖലയാണ്. ഇവിടെയുള്ള പടിഞ്ഞാറേ ജുമാ മസ്ജിദിന്‍െറ അടുത്തുവരെ കടലത്തെിക്കഴിഞ്ഞു. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി പരാതി നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഒരു കല്ലുപോലും ഇവിടെ വീണില്ല. ബസ് സ്റ്റാന്‍ഡിന് വടക്കുമുതല്‍ പത്തിശ്ശേരി ജങ്ഷന് വടക്കുവരെയുള്ള ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും കടല്‍ഭിത്തി ദുര്‍ബലമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കടല്‍ഭിത്തിയാണ് ഇവിടെയുള്ളത്. കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി ഭിത്തി സംരക്ഷിക്കാന്‍ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. കൂടുതല്‍ അപകടാവസ്ഥയുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടലാക്രമണ പ്രതിരോധം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.