അമ്പലപ്പുഴ ഗവ. കോളജ് ഉദ്ഘാടനത്തെ ചൊല്ലി വിവാദം

ആലപ്പുഴ: അമ്പലപ്പുഴ ഗവ. കോളജിന്‍െറ ഉദ്ഘാടനത്തെ ചൊല്ലി വിവാദം. ഉദ്ഘാടന തീയതി തന്നോട് ആലോചിക്കാതെ തീരുമാനിച്ചതില്‍ ജി. സുധാകരന്‍ എം.എല്‍.എ പ്രതിഷേധിച്ചു. സ്ഥലം എം.എല്‍.എയായ തന്‍െറ കൂടി അഭിപ്രായം കേള്‍ക്കാതെയും കൂടിയാലോചിക്കാതെയും ചില കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായപ്രകാരം തീരുമാനിച്ചത് ശരിയായില്ളെന്നും ഒൗദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നടപടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കോളജിന്‍െറ ഉദ്ഘാടനം 23ന് മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്. മന്ത്രി പി.കെ. അബ്ദുറബ്ബും പങ്കെടുക്കും. ബുധനാഴ്ച കോളജില്‍ ചേര്‍ന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗം ഇതിന് തയാറെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവരം താന്‍ പത്രങ്ങളില്‍നിന്നും കെ.എസ്.യു സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലൂടെയുമാണ് അറിഞ്ഞതെന്ന് സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോളജ് ഉദ്ഘാടനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ആലപ്പുഴ ജില്ലയുടെ വര്‍ഷങ്ങളായുള്ള ആവശ്യമായ ഗവ. കോളജ് കഴിഞ്ഞ വി.എസ് സര്‍ക്കാറിന്‍െറ കാലത്ത് താന്‍ മന്ത്രി ആയിരുന്ന സമയത്ത് തീരുമാനമെടുത്ത് നിര്‍മാണോദ്ഘാടനം നടത്തിയതാണ്. കോളജിന്‍െറ ഉദ്ഘാടനം ചിങ്ങം ഒന്നിന് നടത്താമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഉദ്ഘാടനം വിജയിപ്പിക്കുന്നതിന് താനും കലക്ടറും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും മറ്റ് ത്രിതല പഞ്ചായത്തംഗങ്ങളും ഉള്‍പ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ട ഒരുപ്രവര്‍ത്തനവും നടത്തിയില്ളെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കേണ്ടത് കുട്ടികളുടെ പഠനസൗകര്യത്തിന് ഏറ്റവും അത്യാവശ്യമാണ്. അതിനാല്‍ ഉദ്ഘാടനം അന്ന് മാറ്റിയെങ്കിലും ക്ളാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സൗകര്യമായ മറ്റൊരു സമയത്ത് കോളജിന്‍െറ ഉദ്ഘാടനം നടത്തണമെന്ന് അഭ്യര്‍ഥിച്ച് വിദ്യാഭ്യാസമന്ത്രിക്ക് താന്‍ കഴിഞ്ഞയാഴ്ച കത്ത് നല്‍കിയിരുന്നെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.