ചന്തിരൂര്‍ പഴയപാലത്തിലെ കോണ്‍ക്രീറ്റ് വിടവ് ഭീഷണി

അരൂര്‍: ചന്തിരൂര്‍ പഴയപാലത്തില്‍ കോണ്‍ക്രീറ്റ് വിടവ് വില്ലനാകുന്നു. വാഹനങ്ങള്‍ കുഴിയില്‍ വീണ് തകരാറിലാകുന്നത് പതിവാണ്. പാറപ്പൊടി കയറ്റിവന്ന ലോറി കുഴിയില്‍ വീണ് തകരാറിലായത് ഗതാഗതതടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ലോറിയുടെ ലീഫ് പ്ളേറ്റ് തകര്‍ന്ന് പാലത്തില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്കുശേഷമാണ് ലോറി മാറ്റാനായത്. ഇരുമ്പനത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്നു ലോറി. ദേശീയപാതയുടെ ഭാഗമായ ചന്തിരൂര്‍ പാലത്തിന്‍െറ മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് ഷീറ്റുകള്‍ക്കിടയിലെ വിടവില്‍ റബര്‍ ബീഡിങ്ങുകള്‍ സ്ഥാപിക്കുന്നതിലെ പോരായ്മയാണ് കാരണം. യോജിച്ച റബര്‍ ബീഡിങ് സ്ഥാപിക്കുന്നതിനുപകരം വാഹനത്തിന്‍െറ പഴയ ടയര്‍ മുറിച്ചാണ് ഉപയോഗിക്കുന്നത്. ദേശീയപാതയുടെ പുനര്‍നിര്‍മാണം കഴിഞ്ഞ് ബീഡിങ് തകരാര്‍ ആവര്‍ത്തിച്ചതിനുശേഷം പലതവണ എന്‍ജിനീയര്‍മാര്‍ എത്തി പരിശോധിച്ചെങ്കിലും കൃത്യമായ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞില്ല. പാലത്തിലെ വലിയ കുഴി കണ്ട് പെട്ടെന്ന് ബ്രേക്കിടുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ മറ്റു വാഹനങ്ങള്‍ ഇടിച്ച് അപകടം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. വലിയഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് തകരാറിലാകുന്നതും സാധാരണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.