സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം; തീരുമാനമെടുക്കാന്‍ കഴിയാതെ മുന്നണികള്‍

ആലുവ: നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയാതെ മുന്നണി നേതൃത്വങ്ങള്‍ കുഴയുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനാണെങ്കിലും ഭൂരിപക്ഷം വളരെ കുറഞ്ഞതിനാല്‍ മൂന്നോ നാലോ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേ ഇവര്‍ക്ക് ഭരണം ലഭിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ ചെയര്‍മാന്മാരെ തീരുമാനിക്കുന്ന വിഷയത്തില്‍ നേതൃത്വം വിഷമവൃത്തത്തിലായിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഐ ഗ്രൂപ് ഉടക്കിനില്‍ക്കുകയാണ്. ഇവര്‍ക്കുകൂടി കാര്യമായ പരിഗണന നല്‍കേണ്ടിവരുമെന്നതിനാല്‍ നേതൃത്വം തീരുമാനത്തിലത്തൊന്‍ വിയര്‍ക്കേണ്ടിവരും. ഐ ഗ്രൂപ്പില്‍നിന്നുള്ള സീനിയര്‍ മെംബറായ സരളയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. ഇവരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിക്കുന്നില്ളെന്നാണ് അറിയുന്നത്. ഉള്‍പ്പോര് രൂക്ഷമായ ഐ ഗ്രൂപ്പില്‍നിന്ന് കാര്യമായ പിന്തുണയും സരളക്ക് ലഭിക്കാനിടയില്ല. വി. ചന്ദ്രന്‍, ലളിത ഗണേശന്‍, ജെറോം മൈക്കിള്‍, പി.എം. മൂസാക്കുട്ടി, ടിമ്മി ടീച്ചര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പരിഗണന. മുതിര്‍ന്ന നേതാവ് എന്ന നിലയിലും മുന്‍ കൗണ്‍സിലര്‍ എന്ന നിലയിലും വി. ചന്ദ്രന് സാധ്യതയേറെയാണ്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ പ്രവര്‍ത്തന മികവ് ലളിത ഗണേശനെ പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടി ജയിച്ചതും ഇവരാണ്. ഐ ഗ്രൂപ് നേതാവായ അന്‍വര്‍ സാദത്ത് എം.എല്‍.എയോടും എ ഗ്രൂപ് നേതാവായ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.ഒ. ജോണിനോടും അടുപ്പമുള്ളയാളെന്ന നിലയില്‍ ജെറോം മൈക്കിളിനും സാധ്യതയുണ്ട്. ടിമ്മി ടീച്ചറെ സീനിയര്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ പി.എം. മൂസാക്കുട്ടിക്ക് സാധ്യത നല്‍കുന്നത് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും മുസ്ലിം പ്രതിനിധി എന്ന നിലയിലുമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച് തോല്‍പിച്ച സെബി വി. ബാസ്റ്റ്യനെയും പരിഗണിക്കുമെന്നാണ് അറിയുന്നത്. സെബിയെ പിന്തുണച്ചില്ളെങ്കില്‍ ഇടതുപക്ഷത്തിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന ഘട്ടം വന്നാല്‍ സെബിയോടൊപ്പം നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നറിയുന്നു. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തതും സെബിക്ക് ഗുണം ചെയ്തിട്ടുണ്ട്. മറ്റൊരു കോണ്‍ഗ്രസ് വിമതനായ ജയകുമാറിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇടതുപക്ഷത്തിന് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നണി നേതൃത്വങ്ങള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ സി.പി.എം കൗണ്‍സിലര്‍മാരായ ലോലിത ശിവദാസ്, രാജീവ് സഖറിയ എന്നിവര്‍ക്കും സി.പി.ഐ കൗണ്‍സിലറായ മനോജ് ജി. കൃഷ്ണന്‍, ഇടതു സ്വതന്ത്ര കൗണ്‍സിലര്‍ പി.സി. ആന്‍റണി എന്നിവര്‍ക്കും സാധ്യതയുണ്ട്. സീനിയര്‍ കൗണ്‍സിലര്‍മാരാണ് ലോലിതയും മനോജും. ഇത്തവണ മികച്ച വിജയം നേടിയ സി.പി.ഐ ഒരു ചെയര്‍മാന്‍ സ്ഥാനത്തിന് നിര്‍ബന്ധം പിടിക്കാനിടയുണ്ട്. നഗരസഭയില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച ആളെന്ന നിലയിലും കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷത്തിന് പലപ്പോഴും നേതൃത്വം നല്‍കിയ ആളെന്ന നിലയിലും മനോജിന് സാധ്യതയേറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.