അക്രമികളെ തുരത്താന്‍ തന്ത്രങ്ങളുമായി വനിതകള്‍

ആലപ്പുഴ: മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ നിലത്തടിക്കുന്ന സ്ത്രീയെ കണ്ട് കാണികളെല്ലാം സ്തബ്ധരായി. പൊലീസുകാരെല്ലാം നോക്കിനില്‍ക്കേ സ്ത്രീ അക്രമിയെ കൈയില്‍ പിടിച്ച് തൂക്കി നിലത്തടിക്കുന്നു. വിദ്യാര്‍ഥിനികള്‍ ആവേശത്തോടെ കൈയടിക്കുന്നു. പൊലീസിന്‍െറ ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ആലപ്പുഴ കര്‍മസദനില്‍ സംഘടിപ്പിച്ച വനിതാ സ്വയംപ്രതിരോധ പരിപാടിയിലെ ആദ്യഘട്ട പരിശീലനത്തിന്‍െറ സമാപന സമ്മേളന വേദിയാണ് രംഗം. പരിശീലനം ലഭിച്ച സ്്ത്രീകള്‍ നടത്തിയ അഭ്യാസപ്രകടനം എല്ലാവരെയും അമ്പരപ്പിച്ചു. ബാഗ് തട്ടിപ്പറിക്കാന്‍ വരുന്നവരെയും ബസിലും പൊതുസ്ഥലങ്ങളിലും മുട്ടിയുരുമ്മിനിന്ന് ഉപദ്രവിക്കാന്‍ വരുന്നവരെയുമൊക്കെ സ്ത്രീ ഒറ്റക്ക് കൈകാര്യം ചെയ്യുന്നതിനെ കരഘോഷത്തോടെയാണ് വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ പ്രോത്സാഹിപ്പിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മാലപൊട്ടിക്കല്‍, പൂവാലശല്യം, ആസിഡ് ആക്രമണം, എ.ടി.എം കൗണ്ടറിലെ ആക്രമണം, ലിഫ്റ്റുകളിലെ അതിക്രമം, ബലംപ്രയോഗിച്ച് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കല്‍, ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനം, ആയുധമുപയോഗിച്ചുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, സംഘംചേര്‍ന്നുള്ള ആക്രമണം തുടങ്ങി വിവിധ ദുര്‍ഘട സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരോചിതമായി പ്രതിരോധിക്കാനുള്ള വിദഗ്ധ പരിശീലനമാണ് നാലുദിവസത്തെ പരിപാടിയിലൂടെ നല്‍കിയത്. 20നാണ് പരിശീലനം ആരംഭിച്ചത്. കുടുംബശ്രീ, ജനശ്രീ, വിവിധ സംഘടനകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട 60 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കിയത്. വിവിധ സന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടേണ്ടിവരുന്ന അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക, അത്തരം സന്ദര്‍ഭങ്ങള്‍ നേരിടേണ്ടിവന്നാല്‍ സ്വരക്ഷക്കായി പെട്ടെന്നു സ്വീകരിക്കേണ്ടിവരുന്ന പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക, അതുവഴി സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വയംപ്രതിരോധ പരിശീലന പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കുടുംബശ്രീ, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശീലനം. ഇതിന്‍െറ ഭാഗമായി സംസ്ഥാനതലത്തില്‍ ഓരോ ജില്ലയിലും ആറു മുതല്‍ 10 വരെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടുന്ന റിസോഴ്സ് ടീമുകള്‍ രൂപവത്കരിച്ച് പരിശീലനം നല്‍കി. സംസ്ഥാനത്ത് 2.5 ലക്ഷം വനിതകള്‍ക്കാണ് വനിതാ സ്വയംപ്രതിരോധ പരിശീലന പരിപാടിയിലൂടെ പരിശീലനം നല്‍കുന്നത്. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും മുഖ്യപരിശീലകരുടെ നേതൃത്വത്തില്‍ കോളജുകളിലും സ്കൂളുകളിലും വിദ്യാര്‍ഥിനികള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രനടി രാധിക മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി. കെ. ലാല്‍ജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സെല്‍ എസ്.പി. എസ്. രാജേന്ദ്രന്‍, ഭരണവിഭാഗം ഡിവൈ.എസ്.പി. എന്‍. പാര്‍ഥസാരഥി പിള്ള, നഗരസഭാംഗം കരോളിന്‍ പീറ്റര്‍, ഇന്നര്‍വീല്‍ ക്ളബ് പ്രസിഡന്‍റ് രാധാമണി പൊന്നമ്പലം, ആനി, വനിതാ സെല്‍ സി.ഐ പ്രസന്ന അമ്പൂരത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.