മികച്ച സഹകരണ ഫെഡറേഷന്‍: ദേശീയ അവാര്‍ഡ് മത്സ്യഫെഡിന്

ആലപ്പുഴ: രാജ്യത്തെ മികച്ച സഹകരണ ഫെഡറേഷനുള്ള പുരസ്കാരത്തിന് മത്സ്യഫെഡ് അര്‍ഹമായി. ലോക മത്സ്യതൊഴിലാളി ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുരസ്കാരം മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി. കേന്ദ്ര കൃഷി സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാണ്‍ വി. ദിനകരനെ പൊന്നാട അണിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 88 ലക്ഷം രൂപയുടെ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയ മത്സ്യഫെഡ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര മന്ത്രിമാര്‍ പറഞ്ഞു. മത്സ്യഫെഡിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡുകള്‍ നല്‍കിയത്. മത്സ്യഫെഡ് ഭരണസമിതിയുടെയും സഹകരണ സംഘം ഭാരവാഹികളുടെയും മത്സ്യഫെഡ് ജീവനക്കാരുടെയും നിസ്വാര്‍ഥ സേവനത്തിന് ലഭിച്ച അംഗീകാരമാണ് അവാര്‍ഡെന്ന് ദിനകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യഫെഡിന് കഴിഞ്ഞ നാലര വര്‍ഷമായി പ്രോത്സാഹനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും മത്സ്യഫെഡിന് അവാര്‍ഡ് ലഭിച്ചതില്‍ കടപ്പാടുണ്ട്. മറ്റ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം മത്സ്യഫെഡിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളടങ്ങിയ നിവേദനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗം ബാബു ആന്‍റണി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി. ജോസഫ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.