ആലപ്പുഴ: വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളുമായി നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. കൗണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് ചെയര്‍മാന്‍ ഏകപക്ഷീയമായി പ്രഖ്യാപനങ്ങള്‍ നടത്തിയെന്ന ആരോപണത്തെ ചൊല്ലി തുടങ്ങിയ തര്‍ക്കം പിന്നീട് എല്‍.ഇ.ഡി പദ്ധതിയിലേക്കും വഴിമാറുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അജണ്ട പാസായതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചെങ്കിലും ഇത് ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ചെയര്‍മാന്‍െറ മുറിക്ക് പുറത്ത് ധര്‍ണ നടത്തി. പിന്നീട് കൗണ്‍സില്‍ വിളിച്ച് വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന്‍െറ നേതൃത്വത്തില്‍ ചെയര്‍മാന് കത്തു നല്‍കി. ചുമതലയേറ്റതിന് പിന്നാലെ, വിവിധ പദ്ധതികളില്‍ പെടുത്തി നഗരത്തില്‍ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീടു നല്‍കുമെന്ന ചെയര്‍മാന്‍െറ പ്രഖ്യാപനമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ അറിയാതെയും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും ചെയര്‍മാന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് അനുചിതമായെന്ന് പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍ പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് കൗണ്‍സിലര്‍ എം.ആര്‍. പ്രേമും ഇതിനെ പിന്തുണച്ചു പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍െറ രക്ഷക്ക് എത്തുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, അഡ്വ. എ. എ. റസാഖ്, ബി. മെഹബൂബ്, രാജു താന്നിക്കല്‍ എന്നിവര്‍ പ്രതിപക്ഷ വിമര്‍ശനത്തിന് അടിസ്ഥാനമില്ളെന്ന് ചൂണ്ടിക്കാട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന സമീപനം തുടക്കത്തില്‍ തന്നെ പ്രതിപക്ഷം സ്വീകരിക്കുന്നത് ഖേദകരമാണെന്ന് ഇല്ലിക്കന്‍ കുഞ്ഞുമോന്‍ പറഞ്ഞു. അജണ്ടയിലേക്ക് കടക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംബന്ധിച്ച് വിശദീകരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്നതിനെ സംബന്ധിച്ചും തര്‍ക്കം ഉണ്ടായി. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചക്ക് തയാറായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരിച്ചു. ഇതിനുശേഷം നഗരസഭയിലെ വാര്‍ഡുകളില്‍ നടപ്പാക്കുന്ന പുതിയ തെരുവുവിളക്ക് പദ്ധതി സംബന്ധിച്ച ഒന്നാമത്തെ അജണ്ട ചര്‍ച്ചയ്ക്കെടുത്തു. അജണ്ട വായിച്ചപ്പോഴേക്കും പ്രതിപക്ഷം തടസ്സവുമായി എഴുന്നേറ്റു. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് നഗരത്തിലെ വാര്‍ഡുകളില്‍ എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ഇതിനായി 3.75കോടി കെ.എസ്.ഇ.ബിയില്‍ അടക്കുകയും ചെയ്തു. എന്നാല്‍, ഈ പദ്ധതി അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാന ഗവണ്‍മെന്‍റിനുള്ള സ്വാധീനം ഉപയോഗിച്ചു യു.ഡി.എഫ് പദ്ധതിക്ക് തുരങ്കം വെക്കുകയായിരുന്നെന്ന് കൗണ്‍സിലര്‍ എം.ആര്‍. പ്രേം കുറ്റപ്പെടുത്തി. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്താമെന്ന് പറഞ്ഞ വൈദ്യുതി മന്ത്രിയെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇല്ലിക്കല്‍ കുഞ്ഞുമോനും എ.എ. റസാഖും രംഗത്തത്തെിയതോടെ കൗണ്‍സിലില്‍ ബഹളമായി. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് നഗരസഭയിലെ വാര്‍ഡുകളില്‍ പുതുതായി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് എവിടെയൊക്കെയാണ് എന്നതിനെ സംബന്ധിച്ച കുറിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്നും എല്‍.ഇ.ഡി പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദീകരണം സെക്രട്ടറി നല്‍കണമെന്നും ആവശ്യപ്പെട്ടു. കുറിപ്പ് കൗണ്‍സിലിനുശേഷം നല്‍കാമെന്നു ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ അംഗങ്ങളും തയാറായതോടെ കൗണ്‍സിലില്‍ ബഹളമായി. ഒന്നാമത്തെ അജണ്ട പാസാക്കുന്നതായും വിയോജിപ്പുള്ളവര്‍ക്ക് രേഖപ്പെടുത്താമെന്നും ചെയര്‍മാന്‍ പറഞ്ഞതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്‍െറ നടുത്തളത്തിലിറങ്ങി. രണ്ടാമത്തെ അജണ്ട വായിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍െറ കൈയില്‍നിന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞു. ബഹളത്തിനിടയില്‍ ബാക്കിയുള്ള 24 അജണ്ടകളും പാസാക്കിയതായി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും സഭ പിരിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യം മുഴക്കിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്നീട് ചെയര്‍മാന്‍െറ മുറിക്കുമുന്നില്‍ ഉപരോധം നടത്തി. പി.ഡി.പി അംഗങ്ങളും എല്‍.ഡി.എഫിനൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. ബി.ജെ.പി അംഗങ്ങള്‍ ചെയര്‍മാന്‍െറ നടപടിയില്‍ പ്രതിഷേധിച്ചെങ്കിലും ഉപരോധം അടക്കമുള്ള കാര്യങ്ങളില്‍ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.