തദ്ദേശ തെരഞ്ഞെടുപ്പ്: സൗഹൃദ മത്സരങ്ങള്‍ യു.ഡി.എഫിന് വെല്ലുവിളിയായി

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ളെന്നും സൗഹൃദ മത്സരങ്ങള്‍ വെല്ലുവിളിയുയര്‍ത്തിയെന്നും യു.ഡി.എഫ് നേതാക്കള്‍. തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. ബി.ജെ.പി, സംഘ്പരിവാര്‍, എസ്.എന്‍.ഡി.പി കൂട്ടുകെട്ട് വ്യത്യസ്ത വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയപ്പോള്‍ എല്‍.ഡി.എഫ് സമര്‍ഥമായി ജാതി കാര്‍ഡുകള്‍ മാറി മാറി കളിച്ചു. അതോടൊപ്പം മതനിരപേക്ഷതയുടെ വക്താക്കളും സംരക്ഷകരും തങ്ങളാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന അടവുനയം പയറ്റിയാണ് പല സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പട്ടയ വിഷയത്തിലും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് ജനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ അവിശുദ്ധ വിജയം നേടാന്‍ എല്‍.ഡി.എഫ് നടത്തുന്ന ശ്രമം തികച്ചും അപലപനീയമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പും 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും താരതമ്യം ചെയ്താല്‍ ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് വമ്പിച്ച തിരിച്ചുവരവ് നടത്തി എന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ വ്യക്തമാകും. 25 പഞ്ചായത്തില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 16 പഞ്ചായത്തുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ഒപ്പം നിന്നത്. മരിയാപുരം പഞ്ചായത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഭൂരിപക്ഷം നേടിയത്. 10 പഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. പ്രസ്തുത 10 പഞ്ചായത്തുകളില്‍ വിജയിച്ച സ്വതന്ത്രന്മാരില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫിനോടൊപ്പമാണ്. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിന് 17 സീറ്റ് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 14 സീറ്റിലെ വിജയിക്കാനായുള്ളൂ. മൂന്നു സീറ്റില്‍ ബി.ജെ.പിയാണ് വിജയിച്ചത്. തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫ് 14 സീറ്റ് നേടിയപ്പോള്‍ എല്‍.ഡി.എഫ് 13ല്‍ ഒതുങ്ങി. എട്ടു സീറ്റില്‍ ബി.ജെ.പിയാണ് വിജയിച്ചത്. രണ്ടു നഗരസഭയും യു.ഡി.എഫ് തന്നെ ഭരിക്കുമെന്നും യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമല എന്നിവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അലക്സ് കോഴിമല, എം.എസ്. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.