കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിന് ചരടുവലി മുറുകി

കുമളി: ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാവാനുള്ള ചരടുവലികളും സജീവമായി. കടുത്ത വെല്ലുവിളികള്‍ക്കിടയിലും കുമളി ടൗണ്‍ വാര്‍ഡില്‍നിന്ന് വിജയിച്ച ആന്‍സി ജയിംസിനാണ് പ്രസിഡന്‍റ് പദവിയിലേക്ക് ആദ്യ പരിഗണന ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ആന്‍സി ജയിംസിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് സ്പ്രിങ് വാലിയില്‍നിന്ന് വിജയിച്ച ഷീബ സുരേഷാണ് മറ്റൊരു പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ഇരുവര്‍ക്കും രണ്ടരവര്‍ഷം വീതം പദവി വീതിച്ചുനല്‍കുമെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അറിയിച്ചിരുന്നത്. ഇരുവരില്‍ ആരെ ആദ്യം പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നതിനെ സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. ഓടമേടില്‍നിന്ന് വിജയിച്ച ജെസി റോബിന്‍െറ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുതുമുഖമെന്നതിനാല്‍ ജെസി റോബിന് സാധ്യത കുറവാണെന്ന് നേതാക്കള്‍ പറയുന്നു. ഇതിനിടെ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയും തര്‍ക്കങ്ങള്‍ക്ക് സാധ്യതയേറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും അട്ടപ്പള്ളം വാര്‍ഡില്‍നിന്ന് വിജയിക്കുകയും ചെയ്ത ബിജു ദാനിയേലിന്‍െറ പേരാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സജീവമായിരുന്നത്. എന്നാല്‍, ഫലപ്രഖ്യാപനം വന്നതോടെ രണ്ട് സീറ്റുകളില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എം വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖനായ സണ്‍സി മാത്യുവിനെ വൈസ് പ്രസിഡന്‍റാക്കാനാണ് കേരള കോണ്‍ഗ്രസ് നീക്കം. സാമുദായിക പരിഗണന പ്രശ്നമാകാതിരിക്കാന്‍ കോണ്‍ഗ്രസിലെ ഹൈദ്രോസ് മീരാനെ വൈസ് പ്രസിഡന്‍റാക്കി കേരള കോണ്‍ഗ്രസിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആശയവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് പഞ്ചായത്ത് അംഗം എന്ന നിലയിലുള്ള പ്രവൃത്തി പരിചയവും ഹൈദ്രോസ് മീരാന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കുമളിയില്‍ 14 സീറ്റില്‍ വിജയിച്ച് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച കരസ്ഥമാക്കിയെങ്കിലും ഭാരവാഹികളെ നിശ്ചയിക്കുന്നത് കീറാമുട്ടിയാകുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.