കാലാവസ്ഥാ വ്യതിയാനം; ജില്ലയില്‍ പകര്‍ച്ചപ്പനി പിടിമുറുക്കുന്നു

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. രണ്ടു ദിവസമായി 1200ഓളം പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. വൈറല്‍ പനിയാണ് ഇപ്പോള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. നടുവേദന, കൈകാല്‍ കഴപ്പ്, കടുത്ത തലവേദന, തലകറക്കം, ശരീരക്ഷീണം, കഴുത്ത് കുനിക്കാനാകാത്ത അവസ്ഥ എന്നിവയാണ് ഇപ്പോള്‍ പിടിപെട്ടിരിക്കുന്ന പനിയുടെ ലക്ഷണങ്ങള്‍. സാധാരണ പനി ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ഇല്ളെന്നതാണ് പകര്‍ച്ചപ്പനിയുടെ പ്രത്യേകത. പനി വിട്ടുമാറാന്‍ ദിവസങ്ങളെടുക്കുന്ന സ്ഥിതിയാണ്. മരുന്നിനൊപ്പം പൂര്‍ണവിശ്രമം ആവശ്യമാണ്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് മരുന്ന് കഴിച്ചുതുടങ്ങണമെന്ന് ഇടുക്കി ഡി.എം.ഒ അറിയിച്ചു. മരുന്ന് കഴിച്ച് 48 മണിക്കൂര്‍കൊണ്ട് പനി കുറയുന്നില്ളെങ്കില്‍ നിര്‍ബന്ധമായും രക്ത പരിശോധന നടത്തണം. പകര്‍ച്ചപ്പനി കൂടാതെ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ പോക്സ് എന്നിവയും പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. നിലവിലുള്ളവര്‍ കൂടുതല്‍ ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ദിവസവും ചികിത്സ തേടിയത്തെുന്ന ആയിരത്തോളം രോഗികളില്‍ മൂന്നിലൊന്നും പനിബാധിതരാണെന്നാണ് കണക്ക്. എന്നാല്‍, ഇവിടെ ആവശ്യത്തിനുപോലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. പനി ബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.