കായംകുളത്ത് വിവാദ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുവദിക്കാന്‍ നഗരസഭാ നീക്കം

കായംകുളം: ഹൈകോടതി ഉത്തരവിന്‍െറ മറവില്‍ കായംകുളത്ത് വിവാദ ഹോട്ടലിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അനുവദിക്കാനുള്ള നഗരസഭാ നീക്കം വിവാദമാകുന്നു. കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്നത് സംബന്ധിച്ച നീക്കം ഇടതുമുന്നണിക്കുള്ളില്‍ കലഹത്തിനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന കൗണ്‍സിലില്‍ മുന്നണികളുടെയും കൗണ്‍സിലര്‍മാരുടെയും തീരുമാനം ജനം ഉറ്റുനോക്കുകയാണ്. കുറ്റിത്തെരുവിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കാനുള്ള കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനമാണ് സംഭവം വിവാദമാക്കിയത്. ബാര്‍ അജണ്ടയുള്ള കൗണ്‍സില്‍ യോഗം അന്നത്തെ കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്സണ്‍ ബഹിഷ്കരിച്ചപ്പോള്‍ മുസ്ലിംലീഗ് സംസ്ഥാന നേതാവ് അധ്യക്ഷനായാണ് ബാറിന് അനുമതി നല്‍കിയത്. ഇതോടെ വെട്ടിലായ മുസ്ലിംലീഗ് നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ വകുപ്പ് മന്ത്രി റദ്ദുചെയ്തിരുന്നു. ഇതിനെതിരെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ കൗണ്‍സില്‍ തീരുമാനം നടപ്പാക്കണമെന്ന ഉത്തരവ് കോടതി നല്‍കി. എന്നാല്‍, സര്‍ക്കാറിന്‍െറ മദ്യനയം മാറിയതിനാല്‍ ബാറിന് അനുമതി നല്‍കാന്‍ കഴിയില്ളെന്ന നിലപാട് കൗണ്‍സില്‍ യോഗം വീണ്ടും തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനുമെതിരെ ഹോട്ടലുടമ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തെങ്കിലും തള്ളിപ്പോയി. ചെയര്‍പേഴ്സണ്‍ മാറിവന്ന സമയത്ത് ഫയലില്‍നിന്ന് രേഖകള്‍ കീറിമാറ്റി അനുകൂല തീരുമാനമെടുക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ അതും നടന്നില്ല. രേഖകള്‍ നശിപ്പിച്ചതിന് ചെയര്‍പേഴ്സണെതിരെയുള്ള വകുപ്പുതല നടപടികള്‍ ഭരണകക്ഷി സമ്മര്‍ദത്തില്‍ അട്ടിമറിക്കപ്പെട്ടു. പിന്നീടുവന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ‘ബാര്‍’ പ്രധാന ചര്‍ച്ചാവിഷയമായി. രേഖ തിരുത്തിയ കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ മത്സരിച്ചു. ബാറിന് അനുകൂലമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നേതാവ് അടക്കമുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദയനീയമായി പരാജയപ്പെട്ടു. ഭരണം മാറിയെങ്കിലും മുന്നണി വ്യത്യാസമില്ലാതെ ബാര്‍ അനുകൂല നേതാക്കള്‍ ഇപ്പോഴും അണിയറയില്‍ സജീവമാണ്. ഇതിന്‍െറ ഭാഗമായാണ് സി.പി.എമ്മിന്‍െറ നയംമാറ്റമെന്നാണ് ചര്‍ച്ച. അതേസമയം, കൗണ്‍സിലര്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഇടതുമുന്നണിയുടെ നയത്തിന് ഒപ്പം നില്‍ക്കണമെന്ന സി.പി.ഐ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. കുറ്റിത്തെരുവില്‍ ബാര്‍ വരുന്നതിനെതിരെ നടത്തിയ ഇടപെടലാണ് സി.പി.ഐക്ക് ഈ ഭാഗത്ത് ഒരു കൗണ്‍സിലറെ ലഭിക്കാന്‍ കാരണമായത്. ബാര്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ജലീല്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചര്‍ച്ചയായിട്ടുണ്ട്. വിഷയത്തില്‍ സി.പി.എമ്മിനുള്ളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിരവധി സാങ്കേതിക വാദങ്ങള്‍ മുന്നില്‍ നില്‍ക്കെ കോടതി ഉത്തരവിന്‍െറ മറപിടിച്ച് അനുമതി നല്‍കുന്നതിനുള്ള ശ്രമമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം നടത്തുന്നതെന്നാണ് സംസാരം. യു.ഡി.എഫ് ഭരണകാലത്ത് ബാറിന് അനുമതി നല്‍കിയപ്പോള്‍ അഴിമതിയാരോപണം ഉന്നയിച്ച് രംഗത്തുവന്ന സി.പി.എമ്മിന്‍െറ ഇപ്പോഴത്തെ നയംമാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.