മനുഷ്യ ക്രിസ്മസ് ട്രീയിലൂടെ ചെങ്ങന്നൂര്‍ ലോകത്തിന്‍െറ നെറുകയില്‍

ചെങ്ങന്നൂര്‍: ‘അസാധ്യമായത് ഒന്നുമില്ളെന്ന’ ചെങ്ങന്നൂരുകാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഗിന്നസ് റെക്കോഡ് കീഴടങ്ങി. 4030 പേരെ അണിനിരത്തിയുള്ള മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ചാണ് ചെങ്ങന്നൂര്‍ ലോകത്തിന്‍െറ നെറുകയില്‍ എത്തിയത്. ഒരുവര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിലവിലെ 2947 പേര്‍ അണിനിരന്ന റെക്കോഡ് ഭേദിക്കാനായത്. മിഷന്‍ ചെങ്ങന്നൂരിന്‍െറ പ്രസിഡന്‍റായ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിന്‍െറ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്. നൂറുകണക്കിന് ജനങ്ങളുടെയും ഗിന്നസ് അധികൃതരുടെയും സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്. ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിക്കാനായത്. ഗിന്നസ് ബുക് അധികൃതരുമായി നിരവധി ചര്‍ച്ച നടത്തിയാണ് മത്സരത്തിന് അംഗീകാരം നേടിയെടുത്തത്. ഇതോടെ സംഘാടനത്തിന് ശ്രമം തുടങ്ങി. സ്കൂളുകളിലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കള്‍ അടക്കമുള്ള പൊതുസമൂഹത്തെയും ഇതിലേക്ക് താല്‍പര്യപ്പെടുത്തുന്ന തരത്തിലെ പ്രവര്‍ത്തനമാണ് ആദ്യം നടത്തിയത്. ഗിന്നസ് അധികൃതരുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് ക്ളേശകരമായ ശ്രമമായിരുന്നു. നിബന്ധനകളില്‍ ഏതെങ്കിലും ഒരെണ്ണം തെറ്റിയാല്‍ പോലും പരാജയം ഉറപ്പാണെന്നതിനാല്‍ പഴുതുകള്‍ അടച്ചുള്ള നീക്കമാണ് നടത്തിയത്. നഗരസഭാ മൈതാനം ഏറെ പണിപ്പെട്ടാണ് ഉപയോഗപ്രദമാക്കി എടുത്തത്. നഗരത്തിലെ 15 സ്കൂളുകളിലെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ഇതില്‍ അണിനിരന്നു. വിവിധ വര്‍ണങ്ങളിലെ ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് പങ്കെടുത്തത്. മൂടിക്കെട്ടിയ അന്തരീക്ഷമായത് പരിപാടി അലങ്കോലമാകുമോയെന്ന ഭയം ഉയര്‍ത്തിയെങ്കിലും മഴ മാറിനിന്നത് വിജയത്തിന് കാരണമായി. ക്രിസ്മസ് ട്രീയില്‍ അണികളാകേണ്ടവര്‍ ഉച്ചക്ക് ഒന്നോടെ മൈതാനത്ത് എത്തിയിരുന്നു. നാലിന് റിഹേഴ്സല്‍ തുടങ്ങി. അഞ്ചോടെ ഗിന്നസിന്‍െറ വിധികര്‍ത്താക്കള്‍ എത്തി. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിശോധനയും നടന്നു. വര്‍ണങ്ങളുടെ വ്യത്യാസവും പരിശോധിച്ചു. പശ്ചാത്തലത്തില്‍ വന്ദേമാതരം മുഴങ്ങിയിരുന്നു. ഫലപ്രഖ്യാപനത്തോടെ കരിമരുന്ന് പ്രയോഗവും നടത്തി. ഫലപ്രഖ്യാപന ശേഷം ശോഭന ജോര്‍ജിന്‍െറ നേതൃത്വത്തില്‍ റോഡ്ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.