കോസ്റ്റല്‍ പൊലീസ് ആസ്ഥാന മന്ദിര നിര്‍മാണം ഫോര്‍ട്ട്കൊച്ചിയില്‍

മട്ടാഞ്ചേരി: ബോട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന കോസ്റ്റല്‍ പൊലീസ് ആസ്ഥാന മന്ദിരം ഫോര്‍ട്ട്കൊച്ചിയില്‍ നിര്‍മിക്കാന്‍ തീരുമാനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സ്ഥലം എം.എല്‍.എയെ അറിയിച്ചത്. ഫോര്‍ട്ട്കൊച്ചി ബിഷപ് ഹാളിനോട് ചേര്‍ന്ന, ആഭ്യന്തര വകുപ്പിന്‍െറ 10 സെന്‍റ് സ്ഥലത്താണ് മൂന്നര കോടി ചെലവില്‍ മന്ദിരം പണിയുക. രണ്ടുമാസം മുമ്പ് ആസ്ഥാന മന്ദിരത്തിന്‍െറ ശിലാസ്ഥാപനത്തിന് തീയതി നിശ്ചയിച്ചെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.കൊച്ചി രൂപതയുടെ ആസ്ഥാന മന്ദിരമായ ബിഷപ് ഹാളിന് തൊട്ടടുത്ത് പൊലീസ് ആസ്ഥാനം വരുന്നതില്‍ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു. സമീപത്തെ സെന്‍റ് ജോണ്‍ ഡി ബ്രിട്ടോ സ്കൂളിന്‍െറ കളി മൈതാനത്തിനോട് ചേര്‍ന്നുള്ള നിര്‍മാണവും എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിലെല്ലാമുപരി പൈതൃക കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉയരുന്നതില്‍ എതിര്‍പ്പുമായത്തെുന്നത് പതിവാക്കിയ കൊച്ചി നഗരസഭയിലെ ചില കൗണ്‍സിലര്‍മാരും എതിര്‍പ്പുയര്‍ത്തി രംഗത്തത്തെി. എതിര്‍പ്പുകള്‍ ശക്തമായതോടെയാണ് ആഭ്യന്തര വകുപ്പ് മന്ദിര നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം മാറ്റിവെച്ചത്. എന്നാല്‍, ബോട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കടലിലും കായലിലും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്രം വേണമെന്നും ഇത് മധ്യകേരളത്തില്‍ വേണമെന്നുമാണ് ആഭ്യന്തര വിഭാഗത്തിന്‍െറ കണക്കുകൂട്ടല്‍. കൊച്ചിയില്‍ ഇതിന് അനുയോജ്യമായ സ്ഥലം ആഭ്യന്തര വകുപ്പിന് കീഴില്‍ ഉണ്ടായിരിക്കെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം.മൂന്നുനിലകളിലായി പണിയുന്ന ആസ്ഥാനത്തിന് മുകളില്‍ കടല്‍ നിരീക്ഷണ സംവിധാനവും സ്ഥാപിക്കും. നാവിക കേന്ദ്രങ്ങള്‍ അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കൊച്ചിയില്‍ നിലനില്‍ക്കെ തീരദേശ പൊലീസിന്‍െറ ആസ്ഥാനം ഏറ്റവും ഉചിതമായിട്ടുള്ളത് കൊച്ചിയിലാണെന്നാണ് തീരുമാനം. ആസ്ഥാനത്തിന്‍െറ നിര്‍മാണം എത്രയും വേഗം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.