കുത്തിയതോട്–പറയകാട് റോഡിലെ കൈയേറ്റം ഒഴിപ്പിക്കണം

തുറവൂര്‍: ചേര്‍ത്തല പി.ഡബ്ള്യു.ഡി റോഡ്സ് സബ്ഡിവിഷന്‍െറ കീഴിലെ കുത്തിയതോട്-പറയകാട് റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 60 വര്‍ഷംമുമ്പ് പി.കെ. രാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എട്ട് മീറ്റര്‍ വീതിയില്‍ പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുത്താണ് റോഡ് നിര്‍മിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ റോഡിന്‍െറ വീതി പലയിടത്തും ആറ് മീറ്ററിനും താഴെയാണ്. സ്വകാര്യവ്യക്തികളും സംഘടനകളും റോഡിന്‍െറ സ്ഥലം കൈയേറി കെട്ടിടങ്ങളും മതിലും കെട്ടിയതാണ് വീതി കുറയാന്‍ കാരണം. ഇതുമൂലം ഒരേസമയം രണ്ടുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പുന്നത്തറ പാലത്തിനുസമീപത്തെ റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോഴും തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുമ്പോള്‍ വാഹനങ്ങള്‍ ഈ റോഡ് വഴി തിരിച്ചുവിടുമ്പോഴും ഗതാഗതക്കരുക്ക് പതിവാണ്. റോഡിന്‍െറ പുനര്‍നിര്‍മാണപ്രവര്‍ത്തനത്തിന് നടപടിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ കൈയേറ്റം ഒഴിപ്പിച്ച് എട്ട് മീറ്റര്‍ വീതിയില്‍തന്നെ റോഡ് നിര്‍മിക്കാനുള്ള നടപടി സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.