‘നിര്‍ഭയ സവാരി’ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ പൊലീസ് നടപ്പാക്കുന്ന ‘നിര്‍ഭയ സവാരി’ പദ്ധതിക്ക് തുടക്കമായി. സ്ത്രീകള്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ഓട്ടോകളില്‍ സഞ്ചരിക്കുന്നതിന് ആലപ്പുഴ നഗരപ്രദേശത്ത് സവാരി നടത്തുന്ന 100 ഓട്ടോ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ വനിതാ ഹെല്‍പ് ലൈന് സമീപം പൊലീസ് മേധാവി വി. സുരേഷ്കുമാര്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി കെ. ലാല്‍ജി സ്വാഗതം പറഞ്ഞു. നടി ശരണ്യ മോഹന്‍ ഓട്ടോ ഡ്രൈവര്‍ ഉഷക്ക് ലോഗോ നല്‍കുകയും തുടര്‍ന്ന് ആദ്യസവാരി നടത്തുകയും ചെയ്തു. പ്രസ്ക്ളബ് സെക്രട്ടറി കെ. ഹരികൃഷ്ണന്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ബി. റഫീഖ്, കെ.പി.എ ജില്ലാസെക്രട്ടറി എസ്. ഷിബു എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുല്ലക്കല്‍ സീറോ ജങ്ഷനില്‍നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂം വരെ നൂറോളം ഓട്ടോകള്‍ പങ്കെടുത്ത റാലിയും നടത്തി. സബ് കലക്ടര്‍ ഡി. ബാലമുരളി റാലി ഫ്ളാഗ്ഓഫ് ചെയ്തു. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ സ്ത്രീകളടക്കമുള്ള 100 ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. സുരക്ഷിത ബോധത്തോടെയും ഭയരഹിതമായും ഓട്ടോചാര്‍ജിനെ സംബന്ധിച്ച തര്‍ക്കമില്ലാതെയും യാത്രചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറുമാസത്തിനുള്ളില്‍ നഗരപ്രദേശത്തെ എല്ലാ ഓട്ടോകളെയും പദ്ധതിക്കുകീഴില്‍ കൊണ്ടുവരാനും അത് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാരുടെ ഫോട്ടോ, പേര്, വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങിയ പൂര്‍ണവിവരങ്ങള്‍ പൊലീസ് സൂക്ഷിക്കും. നിലവില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.