ഈഡിപ്പസ് കുഞ്ചറിയ
“വിവാഹത്തിനുശേഷം ദീർഘകാലം കുട്ടികളില്ലാതിരുന്ന ഥീബ്സ് രാജാവ് ഡെൽഫിയിലെ അപ്പോളോദേവനെ സമീപിച്ചു. ജൊകാസ്തക്കു മകനുണ്ടാവുമെങ്കിൽ അവൻ തന്റെപിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹംചെയ്യുമെന്നും അപ്പോളോ ദേവൻ പ്രവചിച്ചു. പ്രവചനം സത്യമാകാതിരിക്കാൻ അവർക്കു പിറന്ന കുട്ടിയെ അടുത്തുള്ള കിഥറോൺ മലയിൽ കൊണ്ടുപോയി കൊന്നുകളയാനായി ഒരു ഭൃത്യനെ ഏൽപിച്ചു. ദയതോന്നിയ ഭൃത്യൻ കുട്ടിയെ രഹസ്യമായി കൊരിന്ത് രാജ്യത്തിലെ ഒരു ഇടയനു കൈമാറി. കൊരിന്തിലെ ഇടയൻ...
“വിവാഹത്തിനുശേഷം ദീർഘകാലം കുട്ടികളില്ലാതിരുന്ന ഥീബ്സ് രാജാവ് ഡെൽഫിയിലെ അപ്പോളോദേവനെ സമീപിച്ചു. ജൊകാസ്തക്കു മകനുണ്ടാവുമെങ്കിൽ അവൻ തന്റെപിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹംചെയ്യുമെന്നും അപ്പോളോ ദേവൻ പ്രവചിച്ചു. പ്രവചനം സത്യമാകാതിരിക്കാൻ അവർക്കു പിറന്ന കുട്ടിയെ അടുത്തുള്ള കിഥറോൺ മലയിൽ കൊണ്ടുപോയി കൊന്നുകളയാനായി ഒരു ഭൃത്യനെ ഏൽപിച്ചു. ദയതോന്നിയ ഭൃത്യൻ കുട്ടിയെ രഹസ്യമായി കൊരിന്ത് രാജ്യത്തിലെ ഒരു ഇടയനു കൈമാറി. കൊരിന്തിലെ ഇടയൻ മുഖേന രാജകൊട്ടാരത്തിലെത്തിയ കുട്ടി കൊരിന്ത് രാജാവായ പോളിബസ് രാജാവിന്റെയും മിറൊപ് റാണിയുടെയും പുത്രനായി വളർന്നു. ആ കുട്ടിയുടെ പേരാണ് ഈഡിപ്പസ്…”
കഥ ഇത്രയും കേട്ടപ്പോഴേക്കുതന്നെ കുഞ്ചറിയാക്ക് ബോറടിച്ചു. “ഓ! എങ്ങനെ പറഞ്ഞുവന്നാലെന്താ, അപ്പനെയും കൊന്ന് അമ്മച്ചിയെ കെട്ടിയ ഒരുവന്റെ കഥയല്ലായോ? എന്നിട്ടാ തെമ്മാടി, കഥയുടെ അവസാനം കണ്ണുരണ്ടും കുത്തിപ്പൊട്ടിക്കും. അതങ്ങട്ട് ചുരുക്കിപ്പറഞ്ഞാപ്പോരായോ? വെറുതെ നീട്ടിപ്പരത്തി…” കുഞ്ചറിയാക്ക് ദേഷ്യംവന്നു.
അയാളിത് കൊല്ലം കൊറെയായി കേൾക്കാൻ തുടങ്ങിയിട്ട്. കൃത്യമായി എത്രകൊല്ലം എന്നറിയില്ലേലും ‘ഈ സ്കൂൾ ഹൈസ്കൂളായി, പത്താംതരം ക്ലാസു തുടങ്ങിയ കൊല്ലം മുതൽ’ എന്ന് കുഞ്ചറിയാക്കറിയാം. അതിപ്പോൾ എത്രകാലമായെന്ന് സാറമ്മാർക്കറിയാമായിരിക്കും. അതറിഞ്ഞിട്ടാകട്ടെ, കുഞ്ചറിയാക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ലതാനും.
കുഞ്ചറിയായെ സംബന്ധിച്ചേടത്തോളം ഈ കഥയുമായൊരു ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെയാണ് കുഞ്ചറിയ ഈ കഥയെയും ഈ കഥ പഠിപ്പിക്കുന്ന രാജൻമാസ്റ്ററെയും അതുപഠിപ്പിക്കുന്ന സമയങ്ങളിൽ മാത്രം ശ്രദ്ധിച്ചുപോകുന്നതും.
സംഗതി ഇങ്ങനെയായിരുന്നു: രാജൻ മാസ്റ്ററുടെ ജീവിതത്തിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ചിൽ മാഷങ്ങനെ മലയാളം പഠിപ്പിച്ച് തിമിർക്കുകയാണ്. പാഠപുസ്തകത്തിലെ ഏതാണ്ടോ വരികളൊക്കെ ഉറക്കെയുറക്കെ പാടുന്നുണ്ട്. വരികളുടെ ക്ലിയറും കൃത്യതയും വാക്കുകളുമൊന്നും കുഞ്ചറിയാക്ക് തിരിയില്ല. മാസ്റ്ററങ്ങനെ ഉറക്കപ്പാടി–
“അറിയാതെയമ്മയെ വേട്ടുള്ളൊരായവന–
തരുണന്റെ കഥയെത്ര പഴകി…”
സാധാരണഗതിയിൽ മാസ്റ്ററെന്തു പാടിയാലും കുഞ്ചറിയാക്കത് പഠിയില്ല. പക്ഷേ, അന്നാ വരികൾ പാടിക്കഴിഞ്ഞ് മാസ്റ്ററൊരു കഥപറയാൻ തുടങ്ങി. ആ കഥ ചെന്നുനിന്നതിന്റെ രത്നചുരുക്കം അച്ഛനും അമ്മക്കും വേണ്ടാതെ വലിച്ചെറിഞ്ഞുകളഞ്ഞ, അല്ല; കൊല്ലാൻ കൊടുത്തയച്ച ഒരുകുഞ്ഞ് ഒരു ദൂതന്റെയും ഒരാട്ടിടയന്റെയും സഹായത്തോടെ മറ്റൊരു രാജാവിന്റെ മകനായി വളരുന്നതാണ്. ആ കൊച്ചനാകട്ടെ, അപ്പച്ചനെയും കൊന്ന് അമ്മച്ചിയെയും കെട്ടി അതില് നാലുകുട്ടിയോളുമായി രാജാവായി വിലസി. ഒടുക്കം കഥയൊക്കെ തിരിച്ചറിഞ്ഞപ്പോൾ അമ്മച്ചിഭാര്യ സ്വയംചത്തു; രാജാവുകൊച്ചൻ തന്റെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു!
അതിലിപ്പോ പ്രത്യേകിച്ച് എന്താണെന്നല്ലേ, കുഞ്ചറിയായെയും പെറ്റുവീണപ്പോൾ അപ്പച്ചനും അമ്മച്ചിയും കൊല്ലാൻ കളഞ്ഞതാണ്. അതങ്ങനെത്തന്നെ ആയിരിക്കണം; ഒരു പുലർച്ചെ പള്ളീലെ കാലികളെ നോക്കുന്ന അണ്ണാച്ചിയാണ് കുരിശടിയുടെ മുറ്റത്ത് നായ്ക്കൾ കടിച്ചുവലിക്കുന്ന തുണിക്കെട്ട് കണ്ടത്. നായ്ക്കളെ ആട്ടിയോടിച്ച് ചെന്നുനോക്കുമ്പോൾ ഉറുമ്പരിച്ച്, മേലാകെ പേറ്റുചോര ഒണങ്ങിപ്പിടിച്ച ഒരുകുഞ്ഞ്. അയാളതിനേംമെടുത്ത് നേരെ പള്ളിയിലോട്ടോടിക്കയറി, അയാൾക്കറിയാവുന്ന ഭാഷയിൽ പള്ളിവാതിലിൽ മുട്ടിവിളിച്ച് പള്ളീലച്ചനോട് കാര്യങ്ങളവതരിപ്പിച്ചു, കുഞ്ഞിനെ കോലായീ കിടത്തി, അയാളയാടെ പണിക്കങ്ങുപോയി. അച്ചനും പള്ളീലുള്ളവരുംകൂടി കുഞ്ഞിനെ കഴുകിവൃത്തിയാക്കി, പശുവിൻപാലും കുപ്പിയിലാക്കിക്കൊടുത്ത് വളർത്തി.
ചെക്കൻ വളർന്നുവന്നപ്പോൾ എവിടെയോ ഒരു പന്തികേടുള്ളതായി എല്ലാവർക്കും തോന്നി. ഒരക്ഷരം പഠിക്കില്ല, എഴുത്തും വായനേം അറിയില്ല, ഒന്നിനോടുമൊരു താൽപര്യവുമില്ല. കുളിക്കാനിഷ്ടമില്ല, നനക്കാനിഷ്ടമില്ല. ആകപ്പാടെ തണുപ്പൻ മട്ട്. തേക്കാനിഷ്ടമില്ലാഞ്ഞ് പല്ലൊക്കെ കറുത്തുപൊടിഞ്ഞ് കുറ്റിയായി…
അവനെയിനി എന്തുചെയ്യണമെന്ന് ആരും ആലോചിക്കാനുണ്ടായിരുന്നില്ല. എന്നാലും സ്കൂളിലെ ഓരോക്ലാസിലും യാതൊരു മടിയുംകൂടാതെ മൂന്നും നാലും കൊല്ലം വീതമിരുന്ന്, അവിടത്തെ കഞ്ഞിയും കുടിച്ച് കുഞ്ചറിയ വളർന്നു. ബാക്കിവന്ന കഞ്ഞി എത്ര വളിച്ചാലും അതു കാര്യമാക്കാതെ, പയ്യിനെപ്പോലെ രാത്രീലും പിറ്റേന്ന് കാലത്തും കുടിച്ചു. അവൻ പള്ളീൽ പോവാതെ, പള്ളിക്കൂടത്തിൽ തന്നെ അന്തിയുറങ്ങാനും തുടങ്ങി. അങ്ങനെയങ്ങനെ കുഞ്ചറിയ സ്കൂളിന്റെ ഭാഗമായി. അവനു തോന്നിയാൽ സ്കൂൾ വൃത്തിയാക്കും, പൊട്ടിയ ഓടുകൾ മാറ്റും. കഞ്ഞിപ്പുരയിലെ പാത്രങ്ങൾ എന്നും കഴുകിവൃത്തിയാക്കും, കഞ്ഞിവെക്കാൻവേണ്ട വിറകും കൊണ്ടുവന്നിടും. ബാക്കിസമയം സ്കൂൾവരാന്തയിൽ എവിടേലും കെടക്കും അല്ലേൽ ഇരിക്കും.
അങ്ങനെയിരിക്കുന്ന സമയത്താണ് ആദ്യത്തെ പത്താം ക്ലാസിൽ രാജൻ മാസ്റ്റർ ആ കവിതചൊല്ലി കഥപറയുന്നത്. ഉടനെ കുട്ടികളാരോ ചോദിച്ചു: “നമ്മളെ കുഞ്ചറിയായെപ്പോലെ, അല്ലേ മാസ്റ്ററെ?” അതുകേട്ട് എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. അതോടെ കുഞ്ചറിയ ഈഡിപ്പസ് കുഞ്ചറിയയായി.
“കുഞ്ചറിയാ കെട്ടണപെണ്ണ്
ഓന്റെയമ്മച്ചി…
കുമ്പിട്ടുനിന്നട്ട് പപ്പടം കാച്ചുമ്പോൾ
ചന്തിക്ക് തീപിടിച്ചി…
ഓളെ, ചന്തിക്ക് തീപിടിച്ചി…”
കുട്ടികൾ ചുറ്റുംകൂടി പാട്ടുംപാടി കളിയാക്കി.
പക്ഷേ, കുഞ്ചറിയ ഒരിക്കലും അമ്മച്ചിയെ കെട്ടിയില്ല, അപ്പച്ചനെ കൊന്നുമില്ല. കാരണം, കുഞ്ചറിയ ഒരാണാണെന്നോ, അവനൊരു പെണ്ണുവേണമെന്നോ ആർക്കും തോന്നിയില്ല; അവനും തോന്നിയില്ല!
എല്ലാകൊല്ലവും മാഷ് കവിതപഠിപ്പിച്ചു. എക്കാലത്തും കുട്ടികളവനെ ഈഡിപ്പസ് കുഞ്ചറിയാന്ന് വിളിക്കേം ചെയ്തു. ‘കുഞ്ചറിയാ’ന്ന് അവനുപേരിട്ടതാരാണെന്ന് ആർക്കുമൊരു പിടിയുമില്ല. ചിലപ്പോൾ ആ പഴയ പള്ളീലച്ചനാവാം, അല്ലെങ്കിൽ പള്ളിയിലെ കാലിക്കൂട്ടങ്ങളെ നോക്കിയിരുന്ന തമിഴനുമാവാം… എന്തായാലും പള്ളിയിൽ വളർന്നവനായിട്ടും കുഞ്ചറിയാ ദൈവത്തോടും സാത്താനോടും യാതൊരടുപ്പവും അകലവുമുള്ളതായി പ്രകടിപ്പിച്ചില്ല.
കാലമങ്ങനെ നെരങ്ങിയും നടന്നും ഓടിയും കഴിഞ്ഞുപോയി. രാജൻ മാസ്റ്റർ റിട്ടയേർഡായി. കുഞ്ചറിയാക്ക് അതിലേറെ വയസ്സായി. അയാളപ്പോഴും സ്കൂളിൽ തന്നെ കഴിഞ്ഞു. രാജൻ മാസ്റ്റർ പോയല്ലോ; പുതുതായി വരുന്ന മാഷ് ആ പാഠം പഠിപ്പിക്കുമോയെന്നോ കുട്ടികൾ തുടർന്നും തന്നെയങ്ങനെ വിളിക്കുമോയെന്നോ കുഞ്ചറിയ ചിന്തിച്ചോയെന്നറിയില്ല.
രാജൻ മാസ്റ്റർക്ക് പകരം പുതിയ മാഷു വന്നത് ഒറ്റക്കല്ല; ഭാര്യയും കുട്ടികളും ചൊങ്കനൊരു പയ്യുമായാണ്… സ്കൂളിനോടടുത്തുള്ള ആൾത്താമസമില്ലാതെ കിടന്നിരുന്ന നായന്മാരെ പെരയിൽ, മാഷും കുടുംബവും പയ്യും താമസം തുടങ്ങി. നല്ല ചുകചുകാന്നിരിക്കുന്ന സിന്ധിപ്പശു. പേറടുത്തിട്ടുണ്ട്. അകിടെല്ലാം പാലുനിറഞ്ഞു വീർത്തിരിക്കുന്നു. നിലത്തൊന്നുതട്ടിയാൽ പാലിറ്റുന്ന മുലക്കാമ്പുകൾ…
“പേറടുത്തോ മാഷേ?...” കഞ്ഞിവെപ്പുകാരി അമ്മിണിയേച്ചി ചോദിച്ചു.
“ഓ, ഇല്ലാതെപ്പിന്നെ! ഈറ്റമൊക്കെ വികസിച്ചു തുടുത്തുനിൽക്കുന്നത് കണ്ടില്ലേ? രണ്ടുദിവസത്തിനകമുണ്ടാകും. എന്താ അവൾടൊരു മൊല! നല്ല പാലുള്ളിനമാണെന്നാ തോന്നുന്നേ…” പച്ചച്ചിരിയോടെ മാസ്റ്റർ പറഞ്ഞു.
അല്ലെങ്കിലും പുതിയമാഷ് ആളിച്ചിരി പ്രശ്നമാണെന്ന് കുട്ടികൾക്കും ലേഡി ടീച്ചർമാർക്കും അമ്മമാർക്കും എന്തിനേറെ, ആ മാഷുടെ കണ്ണിൽപെട്ടിട്ടുള്ള സകല പെൺവർഗത്തിനും അഭിപ്രായമുണ്ട്! അമ്മിണിയേച്ചിയാകെ ചൂളിപ്പോയി.
‘വേണ്ടായിരുന്നു, മോനാവാൻ പ്രായമുള്ളയാളല്ലേന്ന് കരുതിയൊരു ലോഹ്യം ചോദിച്ചതാണ്. ഇതിപ്പോ അമ്മയല്ല; അമ്മമ്മയായാലും മതിയെന്ന് പറയുന്ന കൂട്ടത്തിലാന്ന് ആരറിഞ്ഞു? ഇങ്ങനേം ഓരോരോ ജന്മങ്ങള്…’ അമ്മിണിയേച്ചി സാരി ഒന്നുകൂടെ നേരെയാക്കി പല്ലുംകടിച്ച് അകത്തോട്ട് കയറിപ്പോയി. മാഷാകട്ടെ സ്കൂൾഗ്രൗണ്ടിലെ കൊടിമരത്തിൽത്തന്നെ തന്റെ പയ്യിനെയും കെട്ടിയിട്ട്, അകിടും നോക്കിനിന്ന് പച്ചച്ചിരി ചിരിച്ചു.
“ഇയാളെയൊക്കെ മാഷാക്കിയോരെ പറയണം…” അമ്മിണിയേച്ചി കുഞ്ചറിയായോട് പറഞ്ഞു. യാതൊരു പ്രതികരണവുമില്ലാതിരിക്കുന്ന കുഞ്ചറിയായെ നോക്കി അമ്മിണിയേച്ചി പിറുപിറുത്തു: “ഇവിടൊന്നിന് ഒന്നൂല്ലാണ്ടും പോയി, അവിടൊന്നിന് എല്ലാം കൂടീട്ടും പോയി! ദൈവം ഒരു പൊട്ടനാണെന്നാ തോന്നണേ... ഒന്നിനേം കൃത്യായിണ്ടാക്കാതെ, കൂട്ടീം കൊറച്ചും കൂട്ടീം കൊറച്ചും… അല്ലെങ്കിപ്പിന്നെ അങ്ങേർക്കും പ്രാന്തേർക്കും.”
പിറ്റേന്ന് നേരംപുലരാൻ നേരത്ത്, തീ പോലൊരു വാർത്ത കേട്ടാണ് സ്കൂളും പരിസരവും നാടും കുഞ്ചറിയായും അമ്മിണിയേച്ചിയും മാഷുമുണർന്നത്. മാഷ്ടെ മുറ്റത്ത് കെട്ടിയിട്ടിരുന്ന പയ്യിനെ കാണാനില്ല. പയ്യിനിത് തേഞ്ഞമാസമാണ്. ഇന്ന് പെറേണ്ടതാണ്, അല്ലെങ്കിൽ നാളെ.
“പയ്യെവിടെ?” മാഷ്ടെ ഭാര്യ നിലവിളിച്ചു. അവരൊരു പാവം സ്ത്രീയാണ്. സ്വന്തം കുഞ്ഞിനെ പോലെയാണവർ പയ്യിനെ പോറ്റുന്നത്. എല്ലാവരോടും സ്നേഹവും കാരുണ്യവുമുള്ള ഒരു പാവം സ്ത്രീ. ഒരു മാഷ്ടെ ഭാര്യയാണെന്ന നിലയൊന്നും കാണിക്കാതെയവർ നെഞ്ചത്തടിച്ച് നിലവിളിച്ചു; കാണാതായത് അവരുടെ മക്കളിൽ ഒരാളെയാണെന്നപോലെ…
“ഓ, അത് കയറഴിഞ്ഞ് അവിടിവിടെയെങ്ങാനും പോയതാവും, ഒന്ന് തെരഞ്ഞാ കിട്ടും.” മാഷവരെ സമാധാനിപ്പിച്ചു. തെരയാൻ ഏവരും ഒപ്പംകൂടി; അമ്മിണിയേച്ചിയും –കുഞ്ചറിയായൊഴികെ. അതങ്ങനെയാണല്ലോ, പയ്യ് വന്നാലും പോയാലും കുഞ്ചറിയാക്കെന്ത്? അയാൾ എഴുന്നേൽക്കാതെ, ക്ഷീണിച്ചപോലെ കിടന്നു.
അധികം തിരയേണ്ടിവന്നില്ല; നാലുപറമ്പപ്പുറം കൃഷിയില്ലാതെ കാടുകയറിക്കിടക്കുന്ന വിശാലമായ പാടശേഖരത്തിനു നടുവിൽ നിന്ന് പയ്യിനെക്കിട്ടി.
തെങ്ങിനോടു ചേർത്ത് കഴുത്തും ഉടലും വരിഞ്ഞുകെട്ടിയിട്ടതിനാൽ അത് ശ്വാസംമുട്ടി മരവിച്ചു… അകിട്ടിലെ പാലെല്ലാം തൈരായി കട്ടിയുറഞ്ഞു… പേറ്റുനനവൂറിയ ഈറ്റത്തിലൂടെ കുഞ്ഞ് പുറത്തേക്ക് വരുന്നതിനു പകരം, ഏതോ മനുഷ്യൻ അകത്തേക്കു കടന്നിരിക്കുന്നു… മൃഗമല്ല; മൃഗം എത്ര അധഃപതിക്കില്ല. മനുഷ്യനാണ്! പെറാനായ പയ്യിന്റെ ഈറ്റം കണ്ടുപോലും കാമമുണർന്ന മനുഷ്യൻ.
സകലരുടെയും സംശയത്തിന്റെ ദൃഷ്ടി ആദ്യമുയർന്നത് മാസ്റ്റർക്ക് നേരെ തന്നെയായിരുന്നു. കഴിഞ്ഞദിവസം മാസ്റ്റർ തന്നോടുപറഞ്ഞ വർത്താനമോർത്ത് അമ്മിണിയേച്ചി ഞെട്ടി. എന്നാൽ രാത്രി മുഴുവൻ തന്റെ കൂടെത്തന്നെയുണ്ടായിരുന്ന മാസ്റ്ററെക്കുറിച്ച് അയാളുടെ ഭാര്യക്കുമാത്രം ഒട്ടും സംശയമുണ്ടായില്ല. മാത്രമല്ല; പശു അവരുടെ മൂത്തമകളുമാണല്ലോ.
പിന്നെ ആരാണ്? മാഷാണെങ്കിൽ തൊഴുത്തിൽനിന്നും ഇത്രദൂരം കൊണ്ടുപോയി കെട്ടിയിടേണ്ട കാര്യമുണ്ടോ? അഥവാ അതിനെ കൊന്നുകളഞ്ഞ് വാർത്തയാക്കാൻ മാത്രം വിഡ്ഢിയാവില്ലല്ലോ അയാൾ. ഇടക്കിടെ ഉപയോഗിക്കാമായിരുന്ന അവസരങ്ങളെ ഒറ്റയടിക്കയാൾ ഇല്ലാതാക്കുമോ? പോരാത്തതിന് എത്ര പണമാണയാൾക്ക് നഷ്ടം വന്നത്… നാട്ടുകാർ തലങ്ങുംവിലങ്ങും സംഭവത്തെ പോസ്റ്റുമോർട്ടം ചെയ്തു; മൃഗഡോക്ടർ പശുവിനെയും…
കഴിഞ്ഞ അനേകം വർഷങ്ങൾക്കിടക്ക് എപ്പോഴൊക്കെയോ, എവിടെയൊക്കെയോ, കഴുത്തിൽ കയർക്കുരുങ്ങി ചത്തുപോയതും ചാവാതെ ബാക്കിയായതുമായ ഗർഭിണികളായ ആടുമാടുകളെ മാഷുടെ പശുവുമായി താരതമ്യപ്പെടുത്തണോ വേണ്ടയോ എന്നയാൾ തിരിച്ചും മറിച്ചും ആലോചിച്ചു. അപ്പോഴും സ്കൂളിന്റെ വരാന്തയിൽ, സുഖമുള്ള ഒരാലസ്യത്തിലമർന്ന്, മുഖത്തു വെയിലടിക്കുന്നതോ പുറത്തു ബഹളം നിറയുന്നതോ ശ്രദ്ധിക്കാതെ മയങ്ങുകയായിരുന്നു ഈഡിപ്പസ് കുഞ്ചറിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.