കുളിർമേട്
വരിതെറ്റിച്ചു നടന്നവര്‍ മാത്രമേ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളൂ. ഇനിയും വഴിതെറ്റാത്തവര് സൂക്ഷിക്കുക. പോയകാലം തിരിച്ചുപിടിക്കാനോ ആയകാലത്തെ തിരിച്ചുവെക്കാനോ സാധിക്കുകയില്ല. 49ാം ജന്മദിനത്തോടനുബന്ധിച്ചു സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ ഒരുക്കിയ സര്‍പ്രൈസ് കേക്കു മുറിക്കലിനു നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനിടയില്‍ വിതുമ്പിപ്പോയ ഇട്ടിക്കുരുവിന്റെ വീഡിയോ മൊബൈലില്‍ റിപ്പീറ്റടിച്ചു കാണുകയായിരുന്നു നവനീത് ഭാസ്കര്‍.“കേട്ടോ, നവഭാവനേ...”...
വരിതെറ്റിച്ചു നടന്നവര്‍ മാത്രമേ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളൂ. ഇനിയും വഴിതെറ്റാത്തവര് സൂക്ഷിക്കുക. പോയകാലം തിരിച്ചുപിടിക്കാനോ ആയകാലത്തെ തിരിച്ചുവെക്കാനോ സാധിക്കുകയില്ല. 49ാം ജന്മദിനത്തോടനുബന്ധിച്ചു സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ ഒരുക്കിയ സര്‍പ്രൈസ് കേക്കു മുറിക്കലിനു നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനിടയില്‍ വിതുമ്പിപ്പോയ ഇട്ടിക്കുരുവിന്റെ വീഡിയോ മൊബൈലില്‍ റിപ്പീറ്റടിച്ചു കാണുകയായിരുന്നു നവനീത് ഭാസ്കര്‍.
“കേട്ടോ, നവഭാവനേ...” ഇട്ടിക്കുരു നവനീതിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു: “നാൽപതുകളുടെ അവസാനപ്പടിയിലേക്കു കാലൂന്നുകയാണ് ഞാന്‍. തിരിഞ്ഞുനോക്കുമ്പോഴും മുന്നോട്ടുനോക്കുമ്പോഴും ശൂന്യതയാണ്. നാൽപതുകളിലേക്കു പ്രവേശിച്ചിട്ടില്ലാത്ത നിന്റെ അവസ്ഥയും മറ്റൊന്നല്ലെന്നു എനിക്കു നന്നായിട്ടറിയാം. അതുകൊണ്ട് നമ്മള് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തുളവീണ ചാക്കില്‍നിന്നും അരിമണികള്‍ ഉതിര്ന്നുപോകുന്നതു നീ കാണുന്നില്ലേ?”
പലചരക്കു കടയിലെ ചാക്കുകെട്ടുകള്ക്കിടയില്ക്കിടന്നു വീര്‍പ്പുമുട്ടുന്ന നവനീത് വിളറിയ ചിരിയോടെ ഇട്ടിക്കുരുവിനെയും ഭിത്തിയില്‍ കയറിയ അച്ഛനെയും മാറിമാറി നോക്കി.
എം.ബി.എ പാസായ വര്‍ഷംതന്നെ നവനീതിനു ബാംഗ്ലൂരില്‍ ജോലി തരപ്പെട്ടതായിരുന്നു. പക്ഷേ, നാടുവിട്ടുപോകാന്‍ അച്ഛന് സമ്മതിച്ചില്ല. അരിയങ്ങാടിയിലെ പലചരക്കുകടയില്‍ നവനീതിന്റെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ഒടുങ്ങി.
ജനിച്ച നാള് മുതല്‍ അച്ഛന് വരച്ച വരയിലൂടെ വരിതെറ്റാതെ നവനീത് നടന്നു. അച്ഛന്റെ മരണശേഷമാകട്ടെ ആ വഴിയില്‍നിന്നും വ്യതിചലിക്കാനുള്ള ഉത്സാഹവും കുറഞ്ഞുപോയി.
വീടുവിട്ടാല്‍ കട, കടവിട്ടാല് വീട് എന്നതിലേക്കു ജീവിതം ചുരുങ്ങി. ഇതിനിടയില്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം ഒരു കല്യാണം കഴിച്ചതുമാത്രമാണ് ജീവിതത്തില്‍ ആകെപ്പാടെ ചെയ്തിട്ടുള്ള സാഹസം.
അച്ഛന്റെ ജീവിതത്തിന്റെ അനുകരണം മാത്രമാണ് തന്റെ ജീവിതമെന്ന തോന്നല്‍ നവനീതിനുണ്ടാകുന്നത് ഇട്ടിക്കുരുവിനെ കണ്ടുമുട്ടിയതിനുശേഷമാണ്.
പലചരക്കുകടയുടെ എതിര്‍വശത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ പെട്ടെന്ന് ഒരു ദിവസം ആളും അനക്കവും കണ്ട് നവനീത് കൂടെക്കൂടെ അങ്ങോട്ടേക്കു എത്തിനോക്കി. കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന മരസാമാനങ്ങള്‍ താങ്ങിപ്പിടിച്ച് വീടിന്റെയുള്ളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇട്ടിക്കുരുവും ഭാര്യ വത്സയും ഓരോവട്ടവും നവനീതിനെ നോക്കി ചിരിച്ചു. പിടിക്കപ്പെട്ടെന്നു മനസ്സിലാക്കിയ നവനീത് കടയിലെ തിരക്കുകള്‍ അവഗണിച്ച് റോഡുമുറിച്ചുകടന്നു.
തേക്കില്‍ പണിത കിങ്സൈസ് കട്ടില് ചെരിച്ചുകടത്തുന്നതിന്റെ അങ്കലാപ്പിലായിരുന്നു ഇട്ടിക്കുരുവും ഭാര്യയും. ചേച്ചിയിങ്ങോട്ട് മാറിക്കെ എന്നു പറഞ്ഞുകൊണ്ട് നവനീത് മുണ്ട് മടക്കിക്കുത്തി നിറചിരിയോടെ കട്ടില്ത്തലക്കെ പിടുത്തമിട്ടു. കട്ടിളപ്പടിക്കു വലുപ്പം കുറഞ്ഞുപോയതാണോ കട്ടിലിന്റെ വലുപ്പം കൂടിപ്പോയതാണോ എന്നറിയില്ല, ഇട്ടിക്കുരുവും നവനീതും കൂടി ഏറെനേരം ഉന്തും തള്ളും നടത്തി കിണഞ്ഞു പരിശ്രമിച്ചിട്ടാണ് കട്ടില് അകത്തെത്തിക്കാന്‍ കഴിഞ്ഞത്.
കിടപ്പുമുറിയിലെ ജനാലയോടുചേര്‍ന്ന് കട്ടില് സ്ഥാപിച്ചതിനുശേഷം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടുകൊണ്ട് നവനീത് സ്വയം പരിചയപ്പെടുത്തി.
ഇട്ടിക്കുരുവും ഭാര്യ വത്സയും തങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ അതിഥിക്കു കുടിക്കാന്‍ ഒരു ഗ്ലാസു വെള്ളം പോലും കൊടുക്കാന്‍ കഴിയാത്തതില്‍ ഖേദിച്ചു.
“സാരമില്ലെന്നെ.” ചെറുചിരിയോടെ നവനീത് പറഞ്ഞു: “വീടൊരു അടുക്കും ചിട്ടയും ആയതിനുശേഷം ഞങ്ങളെയൊക്കെ വിളിച്ച് ഒരു നേരത്തെ ആഹാരം തന്നാല്‍ മതി.”
“സന്തോഷമേയുള്ളൂ...” ഇട്ടിക്കുരുവും വത്സയും ഒരേസ്വരത്തില്‍ പറഞ്ഞു.
അങ്ങനെ ഒരു ഞായറാഴ്ച ഉച്ചക്കു നവനീതും സുഷമയും ഇട്ടിക്കുരുവിന്റെ വീട്ടില്‍ ഊണുകഴിക്കാനെത്തിയതോടെ ഊഷ്മളമായ ഒരു സ്നേഹബന്ധത്തിനു തുടക്കം കുറിച്ചു.
കച്ചേരിപ്പടിയിലുള്ള ടാക്സ് ഡിപ്പാര്‍ട്ടുമെന്റിലാണ് ഇട്ടിക്കുരുവിനു ജോലി. ഭാര്യ വത്സ വീട്ടമ്മയാണ്. ഒരു മകനുള്ളത് കാനഡയിലാണ്. അവന്റെ പഠിപ്പിനും മറ്റുമായാണ് ഇട്ടിക്കുരു ടൗണിലുള്ള വീടും പറമ്പും വിറ്റ് വാടകവീട്ടില്‍ വന്നുതാമസിക്കുന്നത്.
സന്ധ്യയോടെ വീട്ടിലെത്തുന്ന ഇട്ടിക്കുരു കുളിയും കുരിശുവരയും കഴിഞ്ഞ് എട്ടുമണിയോടുകൂടി നവനീതിന്റെ കടയിലെത്തും. ആ സമയം നവനീത് കടയില്‍ ഒറ്റക്കായിരിക്കും.
ആദ്യമാദ്യം നാട്ടുവര്‍ത്തമാനങ്ങളും ലോകകാര്യങ്ങളും ചര്‍ച്ചചെയ്തു സമയം പോക്കിയിരുന്ന അവര്‍ പിന്നെപ്പിന്നെ ഒളിസേവയിലേക്കു കടക്കുകയായിരുന്നു. അതോടുകൂടി രണ്ടുപേരും പ്രായത്തിലുള്ള അന്തരം മറന്ന് ആത്മമിത്രങ്ങളായി മാറി.
പലവ്യഞ്ജന സാധനങ്ങളുടെ സമ്മിശ്രമണം ആസ്വദിച്ചുകൊണ്ടുള്ള മദ്യസേവ ഇട്ടിക്കുരുവിനെ സംബന്ധിച്ച് ഒരു പുതിയ അനുഭവം ആയിരുന്നു. മുന്തിയയിനം മദ്യത്തിനൊപ്പം കൊറിക്കാന്‍ കടലപ്പിണാക്കും തേങ്ങാപ്പിണാക്കും പൊട്ടുകടലയും നിലക്കടലയുമൊക്കെ കൈയെത്തുന്ന ദൂരത്തില്ത്തന്നെ ഉണ്ടായിരുന്നത് വലിയ സൗകര്യമായിരുന്നു.
നവനീതാകട്ടെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും പറ്റിയ ഒരു കൂട്ടില്ലാതെ മുരടിച്ചുപോയ അവസ്ഥയിലായിരുന്നു അത്രയും നാള്.
സമാനമനസ്കരായ അവര്‍ തങ്ങളുടെ ജീവിതത്തെപ്പറ്റി സദാവ്യാകുലപ്പെടുന്ന കൂട്ടത്തിലായിരുന്നു. എന്തോ ഒരു നഷ്ടബോധം തങ്ങളെ ഭരിക്കുന്നുണ്ടെന്നു അവര്‍ രണ്ടുപേരും ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ അതെന്താണെന്നു കണ്ടെത്താൻ ഇരുകൂട്ടര്‍ക്കും നാളിതുവരെയായിട്ടും സാധിച്ചിട്ടുമില്ല. ഓരോതവണയും ഒഴിഞ്ഞ ഗ്ലാസുകള്‍ നിറക്കുമ്പോള്‍ അവര്‍ പരസ്പരം ഹൃദയം തുറക്കും. ഇട്ടിക്കുരു പുതിയ പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കും. കേള്‍ക്കുമ്പോള്‍ കൊള്ളാമല്ലോയെന്നു നവനീതിനും തോന്നും.
“പക്ഷേ, ഇട്ടിച്ചേട്ടാ ഇതൊക്കെ നടക്കുന്ന കാര്യമാണോ?” നവനീത് സംശയപ്പെട്ടു.
“ഇത്രേം കാലത്തെ ജീവിതത്തിനിടയില്‍ ഓര്‍ത്തുവെക്കാന്‍ പാകത്തില്‍ എന്താണു നമ്മള് ചെയ്തിട്ടുള്ളത്?” ഇട്ടിക്കുരു ചോദിച്ചു. അങ്ങനെയൊന്നും തന്റെ ജീവിതത്തില്‍ സംഭവിച്ചതായി നവനീതിനു തോന്നിയില്ല.
“പോട്ടെ, പറ്റുപുസ്തകത്തിലെ അക്കങ്ങളില്‍ തിരിമറി നടത്താനെങ്കിലും ഒരുവട്ടം ശ്രമിച്ചിട്ടുണ്ടോ?”
“ഇല്ല.” പറ്റുപുസ്തകത്തിന്റെ മീതെയിരുന്ന ഗ്ലാസ് എടുത്തുമാറ്റിക്കൊണ്ട് നവനീത് പറഞ്ഞു: “എന്റെ കൈവിറക്കും.”
“അപ്പോള്‍ ആഗ്രഹം മാത്രമേയുള്ളൂ. പരിശ്രമം ഇല്ല.” ഇട്ടിക്കുരു ചിരിയോടെ പറ്റുപുസ്തകവും പേനയും കൈക്കലാക്കി നവനീതില്നിന്നും മറച്ചുപിടിച്ചുകൊണ്ട് പറ്റുപുസ്തകത്തിലെ കണക്കുകളില്‍ ചില തിരുത്തലുകള്‍ നടത്തി.
“കണ്ടുപിടിക്കാന്‍ പറ്റുമെങ്കില്‍ കണ്ടുപിടിക്ക്.” പറ്റുപുസ്തകം മലര്‍ക്കെ തുറന്നുവച്ച് ഇട്ടിക്കുരു നവനീതിനെ വെല്ലുവിളിച്ചു.
കൈവേലിപ്പറമ്പില് രാധയും കാറ്റാടി ബൈജുവും പറ്റുപുസ്തകത്തിന്റെ രണ്ടുതാളുകളിലായി മലര്‍ന്നുകിടന്നു ദാരിദ്ര്യം വിളിച്ചോതി.
നവനീതിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുന്നതു കണ്ടപ്പോള്‍ ഇട്ടിക്കുരുവിനു ബോധ്യമായി താന്‍ തിരുത്തിയതൊന്നും അവനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു.
“ഇതിലൊരു തിരുത്തും ഇല്ല. ചുമ്മാ കളിക്കല്ലേ ഇട്ടിച്ചേട്ടാ.” നവനീത്, മേശപ്പുറത്തുകിടന്നിരുന്ന പിരിയന്മുളകെടുത്ത് ഇട്ടിക്കുരുവിനെ എറിഞ്ഞു.
ഇട്ടിക്കുരു നവനീതിന്റെ കൈയില്‍നിന്നും പറ്റുപുസ്തകം പിടിച്ചുവാങ്ങി, അവന് കാണെ ചില തിരുത്തലുകള്‍ വരുത്തി. പതിനഞ്ച് നൂറ്റിപ്പതിനഞ്ചായും നൂറ്റിപ്പതിനഞ്ച് എഴുന്നൂറ്റിപ്പതിനഞ്ചായും അതുപിന്നെ ആയിരത്തിയെഴുന്നൂറ്റിപ്പതിനഞ്ചായും മാറുന്ന വിദ്യ കണ്ടുനില്ക്കെ നവനീത് ഇട്ടിക്കുരുവിന്റെ തുടുത്തകവിളില്‍ ഉമ്മവച്ചു.
“പറ്റുപുസ്തകങ്ങളിലെ കണക്കുകള്‍ പോലെയാണ് നമ്മുടെ ജീവിതവും. നോക്കിയും കണ്ടും തിരുത്തിയാല്‍ നേട്ടങ്ങള്‍ പലതാണ്.” ഇട്ടിക്കുരു പറഞ്ഞു.
“പിടിക്കപ്പെട്ടാല്‍..?” ആധിയോടെ നവനീത് ചോദിച്ചു. ഇട്ടിക്കുരു പരിസരം മറന്നു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ തേങ്ങാപ്പിണ്ണാക്ക് വെറും ചണ്ടിയാണെന്നാണോ നിന്റെ വിചാരം? എത്രമാത്രം എണ്ണ ഊറ്റിയെടുത്തിട്ടാകും ഇതീ പരുവത്തില്‍ ആയിട്ടുണ്ടാകുക. എന്നിട്ടും അതു ഒളിച്ചുകടത്തുന്നില്ലേ, ശേഷിപ്പിക്കുന്നില്ലേ, ജീവന്റെ അവസാന നീര്.”
ഇട്ടിക്കുരുവിന്റെ ഉപമ സന്ദര്‍ഭവുമായി ഇണക്കാന്‍ കഴിയാതെപോയ നവനീത് ഒരു കഷണം പിണ്ണാക്കെടുത്ത് വായിലിട്ടു ചവച്ചുകൊണ്ടിരുന്നു.
ഇട്ടിക്കുരു തുടര്‍ന്നു: “പറ്റുപുസ്തകത്തില് കയറിപ്പറ്റിയവരുടെ തലയില്‍ ഈ പറഞ്ഞ കണക്കുകളൊന്നും നില്‍ക്കില്ല. അവര്‍ പ്രാരബ്ധക്കാരാണ്. നന്ദി പ്രകാശിപ്പിക്കുന്നവരാകാനേ അവര്‍ക്കു കഴിയൂ... എങ്കിലും ചുരുക്കം ചിലരെങ്കിലും തര്ക്കത്തിനുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയുള്ളവരെ ആദ്യമെ കണ്ടെത്തുക എന്നതാണ് ഈ കളിയിലെ കല.”
വായില്‍ ഊറിവന്ന വെളിച്ചെണ്ണയുടെ സ്വാദില്‍ നവനീതിന്റെ മുഖം പ്രസാദാത്മകമായി. പിണ്ണാക്കിന്റെ ഉപമയാണ് താന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ ഉപമയെന്നു അവന് അപ്പോള്‍ തോന്നി. ഇട്ടിക്കുരുവിനെ തന്റെ ഇരുപതുകളില്‍ പരിചയപ്പെട്ടിരുന്നെങ്കില്‍ ജീവിതത്തില്‍ വിപ്ലാത്മകമായ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായേനെ. ഒരു പിണ്ണാക്കിനും കൊള്ളാത്തവനെന്ന അപ്പന്റെ ഉപമിക്കലിനെ പുച്ഛിച്ചുതള്ളാന്‍ കഴിഞ്ഞേനെ.
പോയകാലത്തെ തിരിച്ചുപിടിക്കാനോ ആയകാലത്തെ തിരിച്ചുവെക്കാനോ കഴിയില്ല. പക്ഷേ, ഇനിയുള്ള കാലത്തെ കൈവരുതിയിലാക്കാന് കഴിയണം. നവനീത് മനസ്സില്‍ ഉറപ്പിച്ചു. തന്റെ ജീവിതം ഇട്ടിക്കുരുവിനു മുമ്പും ശേഷവും എന്നു അടയാളപ്പെടും. പില്ക്കാലത്തു ഓര്ത്തുരസിക്കാനും അഭിരമിക്കാനും കഴിയുന്ന പല നിഗൂഢ സംഗതികളും ഇനിയാണു തന്റെ ജീവിതത്തില്‍ സംഭവിക്കാന്പോകുന്നതെന്ന ഒരു തോന്നല്‍ നവനീതിനുണ്ടായി. അഥവാ, നവനീതിനെ നവഭാവനയാക്കി മാറ്റുന്ന കാര്യത്തില്‍ ഇട്ടിക്കുരു വിജയിച്ചു.
ഓരോ രാത്രികളിലും ഇട്ടിക്കുരുവെന്ന സർവകലാശാലയുടെ വരവിനായി നവനീത് കുപ്പിയും പിണ്ണാക്കുമൊരുക്കി കാത്തിരുന്നു. അങ്ങനെയൊരു രാത്രിയില്‍ ഇട്ടിക്കുരു തന്റെ മനസ്സിലുള്ള മഹത്തായൊരാശയം നവനീതിനോടു പങ്കുവച്ചു. ആദ്യമാത്രയില്‍ ഒരു ഞെട്ടലുളവാക്കിയെങ്കിലും രണ്ടു പെഗ്ഗിനുശേഷം നവനീതും ആ ആശയത്തോടു പൊരുത്തപ്പെട്ടു. എന്തെന്നില്ലാത്ത ഒരു വീറും വാശിയും രണ്ടുപേരുടെയും സിരകളില്‍ നിറഞ്ഞു. “പക്ഷേ, ഒരു കുഴപ്പമുണ്ട്.” നവനീത് മടിച്ചുമടിച്ചു പറഞ്ഞു:“സുഷമ സമ്മതിക്കുമെന്നു തോന്നുന്നില്ല.”
“വത്സ സമ്മതിക്കുമെന്നാണോ നിന്റെ വിചാരം. നല്ല കഥയായിട്ടുണ്ട്.” ഇട്ടിക്കുരു ഗ്ലാസുകള്‍ നിറക്കുന്നതിനിടയില്‍ പറഞ്ഞു.
“പിന്നെ എന്തുചെയ്യും നമ്മള്?” നിരാശയോടെ നവനീത് ചോദിച്ചു. “വഴിയുണ്ട്.” ആത്മവിശ്വാസത്തോടെ ഇട്ടിക്കുരു പറഞ്ഞു: “ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അമാന്തിക്കരുതെന്നാണ് പ്രമാണം. അതുകൊണ്ട് നമ്മള് ഈ മഹത്തായ ആശയം നടപ്പിലാക്കുമെന്നു ഇതാ, ഇവിടെവച്ച് സത്യം ചെയ്യുന്നു.”
“ഇട്ടിച്ചേട്ടനൊപ്പം ഏതു പാതാളത്തിലേക്കു ഇറങ്ങിവരാനും ഞാന്‍ ഒരുക്കമാണ്.” നവനീത് സത്യം ചെയ്തുകൊണ്ടു പറഞ്ഞു.
“എന്നിലുള്ള വിശ്വാസം നിന്നെ സ്വര്‍ഗത്തിലെത്തിക്കും.” ഇട്ടിക്കുരു നവനീതിന്റെ ചുമലില്‍ കൈവച്ചുകൊണ്ട് പറഞ്ഞു: “നമ്മള് കുളിര്മേടിലേക്കു പോകുന്നു. മഞ്ഞുമൂടിക്കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള കൂടാരത്തില്‍വച്ച് ഞാന്‍ നിനക്ക് വത്സയെയും നീയെനിക്ക് സുഷമയെയും കൈമാറും.”
“ഇട്ടിച്ചേട്ടാ നമ്മള് തകര്‍ക്കും.” നവനീത് തന്റെ കൈത്തണ്ടയില്‍ എഴുന്നുനിന്ന രോമങ്ങളെ നോക്കി പറഞ്ഞു. “പിന്നല്ലാ.” ഇട്ടിക്കുരു മനസ്സുകൊണ്ട് കുളിര്മേടിലെ കൂടാരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.
ഠഠഠ
സുഷമയുടെ അതിശയം ഒടുങ്ങിയില്ല. കഴിഞ്ഞവർഷമായിരുന്നു അച്ഛന്റെ അറുപതാം പിറന്നാൾ. വിദേശത്തുള്ള അനിയത്തിയും കുടുംബവും ഉൾപ്പെടെ എല്ലാവരും എത്തിയിരുന്നു. കടയിൽനിന്നും മാറിനിൽക്കാൻ കഴിയില്ലെന്നു പറഞ്ഞു നവനീതു മാത്രം വന്നില്ല. ആ ആളാണ് രണ്ടുദിവസം കടയടച്ചിട്ടു തന്നെയുംകൊണ്ട് കുളിർമേടിലെത്തിയിരിക്കുന്നത്. ഇത്രേം കാലത്തിനിടയിൽ ഓർത്തിരിക്കുന്ന യാത്രകളൊന്നും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ, അത്തരം യാത്രകളിലേക്കുള്ള തുടക്കമായിരിക്കാം ഇത്. ഇട്ടിച്ചേട്ടനോടാണ് നന്ദി പറയേണ്ടത്. അങ്ങേരുടെ വരവിനുശേഷം നവനീതൊന്നു പുതക്കപ്പെട്ടിട്ടുണ്ട്.
വീടിന്റെ ഏതോ ഒരു മൂലക്കെ പൊടിപിടിച്ചുകിടന്നിരുന്ന ഓട്ടുവിളക്കിനെ കഴുകിത്തുടച്ച് വീണ്ടെടുക്കുമ്പോഴുണ്ടാകുന്ന അതേ തിളക്കം ഇപ്പോൾ നവനീതിന്റെ മുഖത്തും കാണാം. പതുപതുത്ത മെത്തയിലേക്കു ചാരിയിരുന്ന്, ഒരോന്നോര്‍ത്ത് സുഷമയുടെ ഉള്ളം തുടിച്ചു.
അപ്പുറത്ത്, കുളിൽമേടിന്റെ തണുപ്പിലും മനോഹാരിതയിലും മതിമറന്നുപോയ വത്സയും സമാനമായ ചിന്തകളിലായിരുന്നു. എത്രയോ കാലത്തിനുശേഷമാണ് വീടുവിട്ടുനിൽക്കുന്നത്. പതിവുകൾക്കപ്പുറം പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിനിന്നാൽ വീടാകെ തകിടം മറിയുന്ന അവസ്ഥയാണ്. അല്ലെങ്കിൽ, അങ്ങനെയൊരു ചിന്തയാണ്. അതൊരു ദുഃസ്വപ്നം പോലെ കൂടെക്കൂടിയിട്ട് കാലം കുറെയായി. കുടുംബം ഒരു കെണിയാണ്. ചിലർ അതിനകത്തു അറിഞ്ഞുകൊണ്ട് അകപ്പെടുന്നു. ചിലർ അറിയാതെയും. രണ്ടുകൂട്ടരും മരിച്ചുജീവിക്കാൻ വിധിക്കപ്പെട്ടവരാണ്.
“എന്ത് രസാലെ ചേച്ചീ.” കൂടാരത്തിലെ ചില്ലുജാലകത്തില്‍ പറ്റിപ്പിടിച്ച മഞ്ഞില്‍ ഹൃദയചിഹ്നം വരച്ചുകൊണ്ട് സുഷമ പറഞ്ഞു.
“രാത്രിയായാൽ ഇതിലും ഭംഗിയായിരിക്കും.” ഹൃദയചിഹ്നത്തെ പിളർത്തിക്കൊണ്ട് പായുന്ന അമ്പ് തൊടുത്തുകൊണ്ട് വത്സ പറഞ്ഞു: “ഇട്ടിച്ചേട്ടന്റെ സുഹൃത്തിന്റെ എസ്റ്റേറ്റാണ്. ടൂറിസ്റ്റുകൾക്കു ഇവിടേക്കു പ്രവേശനം ഇല്ലാത്തതുകൊണ്ട് പ്രകൃതി പീഡിപ്പിക്കപ്പെട്ടിട്ടില്ല.”
വത്സയുടെ കണ്ണുകളിലെ തിളക്കത്തിലേക്കു നോക്കി സുഷമ പറഞ്ഞു: “ഇടക്കൊക്കെ ഇതുപോലെ കൂടണം കേട്ടോ.”
“ഞങ്ങളും അതുതന്നെ പറയുകയായിരുന്നു.” രാത്രി, കൂടാരത്തിനുവെളിയില്‍ തീ കാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇട്ടിക്കുരു പറഞ്ഞു.
കാടിനെ പൊതിഞ്ഞുനില്‍ക്കുന്ന ഇരുട്ടിലേക്കു മഞ്ഞും നിലാവും ഒരുപോലെ പെയ്യുന്നു. തണുത്തക്കാറ്റില് പാറിപ്പറക്കുന്ന തീനാളങ്ങള്‍. കാണാമറയത്തൊഴുകുന്ന പുഴയുടെ സംഗീതം. മരങ്ങളുടെ നാവാകുന്ന കിളികള്‍.
“കുര്യനുണ്ടല്ലോ, ഈ എസ്റ്റേറ്റിന്റെ ഉടമ, അവന് ഒരിക്കലും അവധിയാഘോഷിക്കാന്‍ ഇവിടെ കൂടുന്നതു കണ്ടിട്ടില്ല.” വീട്ടില്‍നിന്നും കൊണ്ടുവന്ന പാലപ്പവും സ്റ്റൂവും വിളമ്പുന്നതിനിടയില്‍ ഇട്ടിക്കുരു എല്ലാവരോടുമായി പറഞ്ഞു.
“അല്ലേലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ ഇട്ടിച്ചേട്ടാ.”
നവനീതിന്റെ മറുപടികേട്ട് വത്സയും സുഷമയും ചിരിച്ചു.
ഇട്ടിക്കുരു ഒളികണ്ണിട്ടു നവനീതിനെ നോക്കി. എല്ലാം വിചാരിച്ചപോലെ തന്നെ സംഭവിച്ചു.
അത്താഴം കഴിഞ്ഞ് എല്ലാവരുംകൂടി കൂടാരത്തിനരികിലുള്ള ചോലയുടെ തീരത്തുചെന്നിരുന്നു. സുഷമയും വത്സയും കട്ടന്‍ചായയുടെ ചൂടിലേക്കു ചുരുണ്ടുകൂടിയപ്പോള്‍ നവനീതും ഇട്ടിക്കുരുവും ചായയില്‍ ലയിപ്പിച്ച റമ്മിന്റെ തരിപ്പിലേക്ക് ഇറങ്ങി.
കൂയ്... ഇട്ടിക്കുരു നീട്ടിയൊന്നു കൂവി. “അയ്യോ! ആരേലും വരും.” സുഷമ അതിശയപ്പെട്ടു.
“ഓഹ് ഇവിടെങ്ങും ഒറ്റ മനുഷ്യക്കുഞ്ഞും ഇല്ലെന്നേ.” ഇട്ടിക്കുരു പിന്നെയും പിന്നെയും കൂവിക്കൊണ്ട് സുഷമയോടു പറഞ്ഞു. അവള്‍ക്കും കൂവി നോക്കണമെന്നു നോക്കി. പക്ഷേ, മടിച്ചു. പെട്ടെന്നു വത്സ ചാടിയെഴുന്നേറ്റ് ഉച്ചത്തില്‍ കൂവിവിളിച്ചു.
അതുകേട്ട് സുഷമ പൊട്ടിച്ചിരിച്ചു. വത്സ അവള്‍ക്കുനേരെ കൈനീട്ടി. രണ്ടുപേരും അർധരാത്രിയില്‍ കിട്ടിയ സ്വാതന്ത്ര്യത്തില്‍ മതിമറന്നു തോളോടുതോള്‍ ചേര്‍ന്ന് ഒരേസ്വരത്തില്‍ കൂവി.
“മതി മതി. മനുഷ്യരില്ലെന്നെ പറഞ്ഞുള്ളൂ. പുലിയും കുറുക്കനുമൊക്കെ കാണും.” ഇട്ടിക്കുരു, ചോലക്കപ്പുറത്തെ ഇരുട്ടിലേക്കു ഒരു കല്ല് പാറിച്ചുകൊണ്ട് പറഞ്ഞു.
കൂവല്‍ നിര്‍ത്തിയിട്ടും സുഷമക്കും വത്സക്കും ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. കൂടാരത്തിലേക്കുള്ള നടപ്പാതയിലൂടെ കൈകോര്‍ത്തു നടക്കുമ്പോഴും അവര്‍ എന്തൊക്കയോ ഓര്‍ത്തു ചിരി തുടർന്നു. പക്ഷേ, കൂടാരത്തിന്റെയുള്ളിലേക്കു പ്രവേശിച്ച അവരുടെ ചിരി പൊടുന്നനെ നിലച്ചു. സുഷമ ഇട്ടിക്കുരുവിനെയും വത്സ നവനീതിനെയും ഭയത്തോടുകൂടി നോക്കി. ഇരുവരുടെയും ഉള്ളില്‍ ഒരു അലര്‍ച്ച രൂപപ്പെട്ടുവന്നെങ്കിലും ശബ്ദമില്ലാത്ത നിശ്വാസമായി അതു ഒടുങ്ങിപ്പോയി.
ഠഠഠ
കോടമൂടിയ താഴ്വരയിലൂടെ സാവധാനം നടക്കുകയാണു അവര്‍. നേരം വെളുത്തുവരുന്നതെയുള്ളൂ.
“നവഭാവനേ...” ഇട്ടിക്കുരു മൃദുസ്വരത്തില്‍ വിളിച്ചുചോദിച്ചു: “അവളെ നീയെന്താ ചെയ്തേ?”
നവനീത് ഒരു നിമിഷം നടത്തം നിര്‍ത്തി ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു: “ഇതുവരെ ചെയ്യാത്തതെല്ലാം.”
കോടമറയിലേക്കു മാഞ്ഞുപോയ ഇട്ടിക്കുരുവിനോടും നവനീത് അതേ ചോദ്യം ചോദിച്ചു.
“ഇനിയൊന്നും ചെയ്യാനില്ലാത്തവിധം എല്ലാം.” കിതപ്പിന്റെ അകമ്പടിയോടെ ഇട്ടിക്കുരു പറഞ്ഞു.
രണ്ടുപേരും നടത്തം തുടര്‍ന്നു വന്മരങ്ങള്ക്കിടയിലുള്ള ഒതുക്കിലൂടെ ഊര്ന്നുകടന്നു പുഴയുടെ തീരത്തെത്തി.
മലവെള്ളപ്പാച്ചിലിനൊപ്പം വിറകൊള്ളുന്ന ആട്ടുപാലം കടക്കുമ്പോള്‍ ഇട്ടിക്കുരു ചോദിച്ചു: “ഈ അനുഭവത്തെ നീ എങ്ങനെ നിർവചിക്കും?”
പാലത്തിന്റെ കൈവരികളില്‍ മുറുകെപ്പിടിച്ചുകൊണ്ട് നവനീത് പറഞ്ഞു: “ഈ പാലത്തില്‍നിന്നും ആ വെള്ളക്കെട്ടിലേക്കു എടുത്തുചാടുന്നതോര്ക്കുമ്പോള് ഉള്ളിലൊരു ആന്തലുണ്ടാകില്ലേ. അതായിരുന്നു എനിക്ക്.”
പാലമിറങ്ങി നടക്കുമ്പോള്‍ ഇട്ടിക്കുരു പറഞ്ഞു: “കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അടിയില്‍ രണ്ടുകൈയും വിരിച്ചുനില്ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയായിരുന്നു എനിക്ക്.”
“ഇട്ടിച്ചേട്ടാ... നിങ്ങള്‍ ഭാഗ്യവാനാണ്.” ഇടര്‍ച്ചയോടെ നവനീത് പറഞ്ഞു.
“നീയും ഭാഗ്യവാനാടാ...” ഇട്ടിക്കുരുവിന്റെ ശബ്ദവും ഇടറി.
കോടയുരുകി മാഞ്ഞു സകലതും വെളിപ്പെട്ടു തുടങ്ങിയിരുന്നു.
ഠഠഠ
വയലറ്റുനിറമുള്ള കുരുന്നുപൂക്കൾ നിറഞ്ഞുനിൽക്കുന്ന വള്ളിച്ചെടി പടർന്നുകയറിയ ഒരു ഊഞ്ഞാൽ അവർ കണ്ടു. അങ്ങനെയൊന്നു ഇന്നലെ കണ്ടിട്ടില്ലല്ലോയെന്നു സുഷമയും വത്സയും ഓർത്തു.
അവർ, ജാലകപ്പടിയിൽ ഇരിക്കുകയായിരുന്നു. തലേദിവസം ചില്ലുജാലകത്തിൽ വരച്ചിട്ട ഹൃദയവും, അതിനെ പകുത്തു പായുന്ന അമ്പും കോടമഞ്ഞിനൊപ്പം മാഞ്ഞുപോയിട്ടുണ്ട്.
വെയിലുണ്ടെങ്കിലും കുളിർമേടിനുമീതെ ഒരു തണൽ വീണുകിടന്നിരുന്നു; സുഷമയെയും വത്സയെയും ബാധിച്ച വിഷാദംപോലെ.
എന്തുപറയണമെന്നറിയാതെ, പരസ്പരം മുഖം കൊടുക്കാതെ സുഷമയും വത്സയും പുറത്തേക്കു നോക്കിയിരുന്നു. ഇരുവരുടെയും ശ്രദ്ധ ആ ഊഞ്ഞാലിലായിരുന്നു. അതിലിപ്പോൾ രണ്ടു കുരുവികളെ കാണാം. അവർ കൊക്കുരുമ്മുമ്പോഴെല്ലാം ഊഞ്ഞാൽ മെല്ലെ ആട്ടം തുടരുന്നു.
“ആ ദുഷ്ടൻ ചേച്ചിയെ എന്താ ചെയ്തേ?” വത്സയുടെ അരികിലേക്കു ചേർന്നിരുന്നു സുഷമ ചോദിച്ചു. വത്സ ആർദ്രമായി സുഷമയെ നോക്കി. എന്നിട്ടു പറഞ്ഞു: “പണ്ടു ഞങ്ങളുടെ നാട്ടിൽ ഒരു ഭയങ്കര കള്ളനുണ്ടായിരുന്നു. അയാൾ മോഷ്ടിക്കാൻ പോകുന്ന ദിവസങ്ങളിലെല്ലാം, നേരം കളയുന്നതിനുവേണ്ടി ഭാര്യയെ പ്രേമിക്കാൻ ചെല്ലും. നേരം പോയോ നേരം പോയോ എന്ന വേവലാതിയിൽ ഒന്നും നേരാംവണ്ണം നടക്കില്ല. എന്നാലും അതൊരു ചടങ്ങായി അയാൾ തുടർന്നുപോന്നു. ഒരു കാര്യവുമില്ലാത്ത അയാളുടെ പരാക്രമങ്ങൾ കണ്ടു എല്ലാപ്രാവശ്യവും അയാളുടെ ഭാര്യ പുറംതിരിഞ്ഞുകിടന്നു ചിരിച്ചു.”
അതുകേട്ടു തെളിഞ്ഞ ചിരിയോടെ സുഷമ വത്സയുടെ മടിയിലേക്കു തലചായ്ച്ചുകിടന്നു. വത്സ, സുഷമയുടെ ചുരുളൻ മുടിയിൽ വിരൽ ചുഴറ്റിക്കൊണ്ട് പറഞ്ഞു: “അയാൾ നിന്നെ ഒരു പിണ്ണാക്കും ചെയ്തുകാണില്ലെന്നു എനിക്കറിയാം.”
സുഷമ അപ്പോൾ വത്സയുടെ അടിവയറ്റിലേക്കു മുഖം ചേര്‍ത്തുവച്ചു: “ചേച്ചി പറഞ്ഞ കള്ളനു ഒരു മകനുണ്ടായിരുന്നു. അവന്, ഇരുട്ടില്‍ പതുങ്ങിയിരുന്ന്, അച്ഛന് അമ്മയെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതുകണ്ട് ഒരോന്നൊപ്പിച്ചു നേരം കളയുമായിരുന്നു.”
“സ്വന്തം മുതല്‍ സൂക്ഷിക്കാനറിയാത്ത കള്ളന്മാര്.” പറയുമ്പോള്‍ വത്സക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല.
“ചേച്ചീ കുളിരണൂ...” സുഷമ വത്സയുടെ മടിയിലേക്കു മുഖം പൂഴ്ത്തി ചുരുണ്ടുകൂടി.
“ഉള്ളിലൊരു ഉറവ പൊട്ടിയൊലിക്കുന്നതുപോലെ...” വത്സ, സുഷമയിലേക്കു ചാഞ്ഞുകിടന്നു ചെവിയില്‍ കടിച്ചുകൊണ്ട് പറഞ്ഞു.
“ആ നനവ് എന്നെ മൂടുന്നു ചേച്ചീ...” സുഷമ ആനന്ദക്കണ്ണീര് പൊഴിച്ചു.
കുളിര്മേടിനെ പൊതിഞ്ഞുനിന്നിരുന്ന തണല്‍ പാടെ മാഞ്ഞുപോയിരുന്നു.
ഠഠഠ
പുഴയിലെ തണുപ്പില്‍ മുങ്ങിക്കുളിച്ചു മടങ്ങിവരുമ്പോള്‍ ഇട്ടിക്കുരുവിനും നവനീതിനും ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. അവര്‍ കുന്നുകയറി കൂടാരത്തിലെത്തിയപ്പോള്‍ സുഷമയും വത്സയും അവിടെയുണ്ടായിരുന്നില്ല.
“കാറും കാണാനില്ലല്ലോ ഇട്ടിച്ചേട്ടാ!” കാര്‍പോര്‍ച്ചിലെ ശൂന്യതയിലേക്കുനോക്കി നവനീത് പറഞ്ഞു. അവര്‍ മൊബൈലെടുത്ത് വത്സയെയും സുഷമയെയും വിളിച്ചുനോക്കി. രണ്ടുപേരും പരിധിക്കു പുറത്തായിരുന്നു.
“അവരെന്താ ചെയ്തേ?” ഇടര്‍ച്ചയോടെ നവനീത് ചോദിച്ചു.
കുളിര്മേടിനെ ചൂടിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ പറന്നുയര്‍ന്ന കുരുവികള്‍ ആകാശംതൊടാൻ മത്സരിക്കുന്നത് നോക്കിനില്ക്കുകയായിരുന്ന ഇട്ടിക്കുരു ആ ചോദ്യം കേട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.