അമ്മിണി വിസ്‌കി
മഴപ്പാറ്റല്‍ പുറത്ത് ചിന്നിക്കെ ആവി പാറുന്ന റാക്ക് രുചിച്ചുനോക്കി ചിറിതുടച്ച് അമ്മിണിയേടത്തി പുറത്ത് കാത്തുനില്‍ക്കുന്ന പറ്റുകാരോട് പിരാകി ‘‘1ബെര്ന്ന് കുരുപ്പോളേ... ഇതൊന്ന് ആയി കിട്ടണ്ടെ.’’ അമ്മിണിയേടത്തി മണ്‍കുടത്തിലേക്ക് തുള്ളിതുള്ളിയായി വീണ റാക്ക് കുണ്ടംപിഞ്ഞാണത്തിലേക്ക് പകര്‍ന്ന് റൗക്ക പൊട്ടിച്ച് പുറത്തേക്ക് എഴുന്നുനില്‍ക്കുന്ന മാറിടങ്ങളെ കോന്തലകൊണ്ട് മറച്ച് പറ്റുകാരുടെ അടുത്തേക്ക് നടന്നു. അന്തിക്ക് പതിവുള്ള റാക്ക് ഉള്ളില്‍ ചെല്ലാത്തതിനാല്‍ അസ്വസ്ഥരായിരുന്ന മദ്യപന്മാര്‍ ആസക്തിയോടെ പൊള്ളുന്ന റാക്കിനെ ഊക്കില്‍ വലിച്ചു കുടിച്ച് ആശ്വാസത്തിന്റെ ചിറി തുടച്ചു. ‘‘ഹൗ...
മഴപ്പാറ്റല്‍ പുറത്ത് ചിന്നിക്കെ ആവി പാറുന്ന റാക്ക് രുചിച്ചുനോക്കി ചിറിതുടച്ച് അമ്മിണിയേടത്തി പുറത്ത് കാത്തുനില്‍ക്കുന്ന പറ്റുകാരോട് പിരാകി
‘‘1ബെര്ന്ന് കുരുപ്പോളേ... ഇതൊന്ന് ആയി കിട്ടണ്ടെ.’’
അമ്മിണിയേടത്തി മണ്‍കുടത്തിലേക്ക് തുള്ളിതുള്ളിയായി വീണ റാക്ക് കുണ്ടംപിഞ്ഞാണത്തിലേക്ക് പകര്‍ന്ന് റൗക്ക പൊട്ടിച്ച് പുറത്തേക്ക് എഴുന്നുനില്‍ക്കുന്ന മാറിടങ്ങളെ കോന്തലകൊണ്ട് മറച്ച് പറ്റുകാരുടെ അടുത്തേക്ക് നടന്നു. അന്തിക്ക് പതിവുള്ള റാക്ക് ഉള്ളില്‍ ചെല്ലാത്തതിനാല്‍ അസ്വസ്ഥരായിരുന്ന മദ്യപന്മാര്‍ ആസക്തിയോടെ പൊള്ളുന്ന റാക്കിനെ ഊക്കില്‍ വലിച്ചു കുടിച്ച് ആശ്വാസത്തിന്റെ ചിറി തുടച്ചു.
‘‘ഹൗ എന്തൊര് അലമ്പിന്റെ മഴയാപ്പാ...’’
ചൂടുള്ള റാക്കില്‍ മഴപ്പാറ്റലിന്റെ കുളുപ്പ് അവരുടെ മനസ്സിനെ നനച്ചു.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറാമാണ്ടിലെ ചാരായ നിരോധനത്തിന് ശേഷമാണ് ആലക്കണ്ടം കോളനിയിലെ മാദികപ്പുര മുറ്റത്ത് അമ്മിണിയേടത്തിയുടെ വാറ്റ് ചാരായത്തിന്റെ ഖ്യാദി നിലമംഗലയാറും കടന്ന് കാറ്റ് പോലെ ഗോപ്യമായി നാട്ടുകവലകളിലേക്ക് തെറിച്ചൊരൂക്കന്‍ നോട്ടം പറിച്ചെറിഞ്ഞ് നിന്നത്. അയ്യായിരത്തോളം ചാരായ ഷോപ്പുകളും അതിന്നിരട്ടിയില്‍ തൊഴിലാളി കുടുംബവും അന്നത്തിലേക്ക് അരി മറന്ന് ആത്മഹത്യയിലേക്ക് വീണും വീഴാതെയും ജീവിത ചലനം നടത്തിയകാലം. പട്ടയും മുട്ടയും ഒന്നിച്ചുചേര്‍ന്നെഴുതിയ പ്രാസ സൂക്തത്തില്‍ മദ്യപരായ കൂലിവേലക്കാരുടെയും നാടന്‍പണിക്കാരുടെയും ജീവിതായാസം ഉള്ളിലേക്കിറങ്ങുന്ന ഗാഢരസത്തില്‍ അലിഞ്ഞുപോകാന്‍ വഴിയില്ലാതെ വേവലാതികളുടെ ശരീരവേദനകള്‍ നിലമംഗലയാറ്റിലെ തിരുമ്പ് കല്ലില്‍ തട്ടിത്തെറിച്ച് വിഭ്രാന്തിയുടഞ്ഞു. തകര്‍ന്ന ഹൃദയപെരുങ്കൊരലൊച്ചയുടെ താളം ആറും വയലും കടന്ന് മഞ്ഞംപൊതിക്കുന്നിനെയും കടന്ന് പാടേ മറഞ്ഞു. ആറ്റില്‍ പാവപ്പെട്ടവന്റെ കണ്ണീരൊഴുകി നടന്ന കഠിനകാലത്ത് ആശ്വാസവുമായെത്തിയ അമൃത കുംഭമായിരുന്നു അവര്‍ക്ക് അമ്മിണിയേടത്തി. പട്ടച്ചാരായം കുടിച്ച് കരള് കാഞ്ഞവര്‍ പാമ്പുപോലെ അന്തിക്ക് സൂര്യന് മുമ്പേ നടന്ന് കോളനിച്ചേവിടിയില്‍ ഒരിറ്റ് വാറ്റ് ചാരായത്തിന് കാത്തുകെട്ടിക്കിടന്നു. വാറ്റിന്റെ തിളനിലയില്‍ മൂക്കിലേക്കടിച്ചുകയറിയ രൂക്ഷ ഗന്ധത്തില്‍ അവര്‍ ചെറ്റപ്പുര ചാരിനിന്നിട്ട് ഉദിച്ച ‘ചന്ദിര’നെ കണ്ടു; താഴ്ന്ന ‘സൂരിയ’നേയും കണ്ടു. കെട്ടപാട്ടിന്‍ തെറിച്ചൂരില്‍ അവരുടെ കണ്ണുകളില്‍ മത്താപ്പൂ നീലക്കിനാവുകള്‍ ചൂടി. ചൂട് റാക്കില്‍ മനംകുളിര്‍ത്തവര്‍ ലഹരി പിടിച്ച് വേച്ച് പോകുമ്പോള്‍ നിരത്തളന്നളന്നുള്ള പാദ വിന്യാസത്തില്‍ ആടിക്കളിച്ച് വാറ്റിന്റെ ഗാഢവീര്യം അന്തിയെ നോക്കി തെറിപ്പാട്ട് ചീറ്റി
‘‘കാച്ചീറ്റ്‌ല പൂവേ... ഞാന്‍ വെച്ചിറ്റ്‌ല പൂവേ...
അരിമേങ്ങാനാളില്ല പൂവേ...’’
ജാതിയില്‍ താഴ്ന്നവളാണെങ്കിലും അമ്മിണിയേടത്തിയുടെ വാറ്റ് മോന്താന്‍ മദ്യപര്‍ ജാതിമറന്ന് കോളനിമുറ്റത്തേക്ക് ആരുമറിയാതെയെത്തി. ജാതിബോധത്തിന് പുകമറ ചാര്‍ത്തി അവര്‍ ഇരുട്ടില്‍ കോളനിയിലെ ചെറ്റപ്പുര തട്ടി വിളിച്ചു.
‘‘എട്യേ... അമ്മിണി... ലേശം മീങ്കൂട്ടാനെടുത്തേ...’’
തീപാറുന്ന റാക്കിനോടൊപ്പം മുളകിട്ട താമരമുള്ളന്‍ കറിയില്‍ ചീന്തിയിട്ട കുടംപുളിച്ചാറിലെ ചെമ്മസാലയില്‍ വിരല്‍തൊട്ട് നാക്കില്‍ വെക്കുമ്പോള്‍ ജാതിമതം മറന്നവര്‍ ഒറ്റ ഗ്ലാസില്‍ ലഹരി ഭക്ഷിച്ചു. ലഹരിയുടെ കെട്ടിമറിച്ചിലില്‍ അവര്‍ അമ്മിണിയേടത്തിയില്‍ സ്‌നേഹത്തിന്റെ നിലാപന്തലു കെട്ടി. റാക്കും കുടിച്ച് ആരും കാണാതെ ഇറങ്ങിപ്പോകുമ്പോള്‍ കോളനിച്ചേവിടിക്ക് പുറത്ത് ചെരിപ്പിനോടൊപ്പം അഴിച്ചുവെച്ച ജാതിബോധത്തെ അവര്‍ വീണ്ടും എടുത്തണിഞ്ഞ് വീടുകളിലേക്ക് മാന്യന്മാരായി കയറിപ്പോയി. പകല്‍ വെളിച്ചത്തില്‍ അമ്പലത്തില്‍ പോകുമ്പോള്‍ ജാതിബോധം അമ്മിണിയേടത്തിയെ അഞ്ചുകാതം മാറ്റി നിര്‍ത്തി.
‘‘കോളനിയിലെ നാദ്യത്തി അമ്മിണി വരുന്നുണ്ട്... അശ്രീകരം...’’ ലോകര് പിരാകി.
മംഗലത്തിന് പോയാല്‍ അവളെ നാട്ടുകാര്‍ അഞ്ചുനോട്ടം മാറ്റിനിര്‍ത്തി. രാത്രിയില്‍ റാക്ക് സേവിക്കാന്‍ കുടിലിലെത്തുന്ന ആരും പകല്‍ വെളിച്ചത്തിൽ തന്നെ ഗൗനിക്കാതിരുന്നപ്പോള്‍ അമ്മിണിയേടത്തി അവരുടെ മുഖത്തേക്ക് കാറിത്തുപ്പി.
‘‘2സൂളേന്റെ മക്കളെ... 3മോന്തിയാമ്പൊ കോളനിക്ക് വാ നക്കാന്‍... ചൂടുവെള്ളം തേവും ഞാന്‍... നിന്റൊക്കെ മോത്തേക്ക്..’’ അവളുടെ പിരാക്ക് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കും. പകലില്‍ മുഖംകൊടുക്കാത്തവര്‍ പകല്‍ ഇറങ്ങിപ്പോകുന്ന നേരം അമ്മിണിയേടത്തിയുടെ അടുത്തുപോയി തല ചൊറിഞ്ഞുനില്‍ക്കുമ്പോള്‍ ചിരട്ടത്തീ പോലെ കത്തുന്ന തെറി അവളില്‍നിന്നും പൊട്ടും.
‘‘പോയി നിന്റെ കെട്ട്യോളോട് ചോദിക്കെടാ... രാവിലെ എന്നെ കാണുമ്പം നിന്റെ കണ്ണൊക്കെ താണ് പോയിനോ..?’’
മുഖം കറുത്ത് പൊട്ടിവീഴുന്ന ആട്ടിന്നിടയില്‍ കീശയില്‍നിന്നും ഉറുപ്പിക നോട്ട് എടുത്തു കാട്ടി അവര്‍ അമ്മിണിയേടത്തിയുടെ രോഷം ശമിപ്പിക്കും. കയറ്റുകട്ടിലില്‍ ജീവച്ഛവമായി കിടക്കുന്ന ഭര്‍ത്താവ് ചെനിയാറുവിനെ ഓര്‍ക്കുമ്പോള്‍ അമ്മിണിയേടത്തിയുടെ കലിയടങ്ങും. മരുന്ന് വാങ്ങാന്‍ തന്നെ ഒരുപാട് തുക വേണ്ടിവരുന്നത് അവരെ തെല്ലൊന്നുമല്ല അലട്ടിയിരുന്നത്.
‘‘വേഗം നക്കീറ്റ് എണീറ്റ് പോ... എനക്ക് കുളിക്കണം.’’
നോട്ടുവാങ്ങി മടിക്കുത്തില്‍ തിരുകി റാക്കും മുളകിട്ട മീന്‍കറിയും അവരുടെ മുന്നിലേക്ക് നീട്ടിവെച്ചിട്ട് അവര്‍ പറയും.
മൂക്കറ്റം വാറ്റ് സേവിച്ചവരില്‍ അവളില്‍ വലിയ താൽപര്യമുള്ള ആളുകളും ഉണ്ടായിരുന്നു. അവളെ കാണുവാന്‍ വേണ്ടി മാത്രം അവര്‍ കോളനിയിലേക്ക് ചാരായം തേടിയെത്തി. അമ്മിണിയേടത്തിയുടെ നിനവ് അവരില്‍ കാമത്തിന്റെ രതിപ്പുള്ളി പടര്‍ത്തി. നോക്കിലും വാക്കിലും അഭംഗി ചേര്‍ന്നത് കണ്ടപ്പോള്‍ റാക്കിന്റെ തുയിക്കല്‍പോലെ അമ്മിണിയവരെ ജ്വലിച്ച നോട്ടത്തില്‍ നിലമംഗലയാറു കടത്തി.
‘‘എണീറ്റ് പോ ചെറ്റകളേ...’’
റാക്ക് പൊള്ളിയടര്‍ന്ന വാക്ക് പൊള്ളിച്ചയില്‍ മാദികപ്പെണ്ണിന്റെ മുന്നില്‍ പേടിയാല്‍ അവര്‍ കോളനിയുടെ കയ്യാലയോരമിടിച്ച് കടന്ന് നിലംകുത്തി മറിച്ചോടുന്ന കാട്ടുപന്നികളെപ്പോലെ ഉരുണ്ടുവീണു. തേവാനോങ്ങിയ ചൂടുവെള്ളത്തിന്റെ കോപ്പ അമ്മിണിയേടത്തി മുറ്റത്തെ തെങ്ങിന്‍ ചോട്ടിലേക്ക് തെറിപൊട്ടിച്ച് ഊക്കില്‍ വലിച്ചെറിഞ്ഞു.
‘‘...യെരപ്പുകള്...’’
* * * * * * *
സൈദാലിക്കയുടെ വെട്ട്‌പോത്തിറച്ചിക്കടയില്‍ അറുത്ത് മാറ്റപ്പെട്ട പോത്തിന്‍തല കയ്യിലെടുത്ത് അമ്മിയേടത്തിയുടെ കെട്ടിയോന്‍ ചെനിയാറ് ഉദയസൂര്യനെ നോക്കിച്ചിരിച്ചു.
‘‘സൂര്യാ നീയെന്തിനിത്ര ചോന്നിന്?’’ ഉദിച്ചുവരുന്ന ഇളം സൂര്യനേയും പോത്തിന്‍തലയേയും നോക്കി അയാള്‍ ആരോടിന്നില്ലാതെ പറയും. നാളുകളായി അറവുചോര പറ്റിപ്പിടിച്ച് കറുത്തുപോയ ലുങ്കിയും കുപ്പായവും അയാളുടെ മെലിഞ്ഞ ശരീരത്തില്‍ ബലംപിടിച്ചുനിന്നു. പതിവുപോലെ അറവുശാലയിലേക്ക് പോയതായിരുന്നു അന്നും അയാള്‍. കർണാടകയില്‍നിന്നും ചുളുവിലയ്ക്ക് കടത്തിക്കൊണ്ടുവന്ന പോത്തുകളെല്ലാംതന്നെ ഓരോന്നായി തലയറുത്ത് മരണത്തിലേക്ക് അതിക്രൂരമായി പിടഞ്ഞുവീഴുന്നത് രണവീരനെപ്പോലെ തോന്നിക്കുന്ന ഒരുവെട്ടുപോത്ത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. വൈക്കോലും കാടിയും കൊടുക്കാന്‍ ചെനിയാറു അടുത്തെത്തുമ്പോള്‍ അവന്‍ യുദ്ധവീര്യം കുടഞ്ഞടുക്കുന്ന മഹിഷാസുരനെപ്പോലെ ചെനിയാറുവിന്റെ നേര്‍ക്ക് മുക്രയിട്ട് കുതിച്ചു. ഇടവും വലവും ബലിഷ്ഠമായ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് മൂക്കുകയറില്‍ ബന്ധിച്ചതിനാല്‍ അവന്‍ വേദനകൊണ്ട് പിന്നാക്കം മറിഞ്ഞുവീണു.
‘‘അധികം അര്‍ക്കത്ത് കാട്ടണ്ട പോത്തിന്റാമോനെ... നിന്ന ഞാന്‍ നാളെ തീര്‍ക്കും.. നോക്കിക്കോ.’’
ചെനിയാറ് മുരണ്ടു. പിറ്റേന്ന് വെളുപ്പിന് അറവ് കത്തിയും സഹായികളുമൊത്ത് അയാള്‍ പോത്തിനടുത്തെത്തി. നാലുകാലുകളും അവര്‍ കയര്‍കൊണ്ട് ബന്ധിച്ചു. കഴുത്ത് ഒടിഞ്ഞുപോകുന്നതുപോലെ അവര്‍ പോത്തിനെ മരത്തില്‍ കെട്ടിയിട്ടു. അറവിന് സമ്മതിക്കാനെന്നപോലെ പോത്തിന്‍തലയില്‍ അവര്‍ ഒരുകുടം വെള്ളമൊഴിച്ചു.
‘‘ചാവാന്‍ സമ്മതിക്ക് ഹിമാറെ...’’
ചെനിയാറു അറവുവാളെടുത്ത് പോത്തിന്റെ കൊമ്പില്‍ ആഞ്ഞുവെട്ടി. പോത്ത് തലകുലുക്കി ജലം തെറിപ്പിക്കാന്‍ വൈമുഖ്യം കാട്ടി. അരിശം മൂത്ത് ചെനിയാറു ഊക്കോടെ അറവു കത്തികൊണ്ട് പോത്തിന്‍ കഴുത്തില്‍ വെട്ടി. കഴുത്ത് പാതിമുറിഞ്ഞു അത് മരണവേദനയില്‍ പിടഞ്ഞു. മരണവെപ്രാളത്തില്‍ പോത്ത് ശക്തിയോടെ കുതിച്ചു. ബന്ധിച്ച കയറുകളൊക്കെ ഞെരിഞ്ഞുപൊട്ടി. കെട്ട് പൊട്ടിയപ്പോള്‍ പോത്ത് പാതിമുറിഞ്ഞ കഴുത്തുമായി പിടിച്ചൂളിയനെപ്പോലെ4 കുതിച്ച് ചെനിയാറുവിന്റെ നേര്‍ക്കു കുതിച്ചു. പാതിമുറിഞ്ഞ ഒറ്റക്കൊമ്പ് അവന്‍ അയാളുടെ വാരിയെല്ലിന്റെ വിടവിലേക്ക് കുത്തിയാഴ്ത്തി. തകരഷീറ്റ് മേഞ്ഞ ചായ്പിന്റെ മുകളിലേക്ക് അവന്‍ ചെനിയാറുവിനെ തൂക്കിയെറിഞ്ഞു. ചോരവാര്‍ന്ന് ഉദയത്തിനു മുമ്പേയുള്ള ഇരുട്ടില്‍ അവന്‍ അവസാനത്തെ നിലവിളി വിളിച്ച് മറിഞ്ഞുവീണു. പ്രഭാതമപ്പോള്‍ പതിയെ കണ്ണുതുറന്ന് വെളിച്ചത്തിലേക്ക് നോക്കി.
മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാളുകളോളം ചെനിയാറു ബോധമറ്റു കിടന്നു. നാട്ടുകാരുടെയൊക്കെ കാരുണ്യത്തില്‍ ശരീരം തളര്‍ന്ന് ജീവന്‍മാത്രം തിരികെ ലഭിച്ച് ചെനിയാറു വീട്ടിലേക്ക് മടങ്ങി. ചെറ്റപ്പുരമുറ്റത്ത് കയറ്റ് കട്ടിലില്‍ കിടന്ന് അയാള്‍ രാത്രിയില്‍ ആകാശം കണ്ടു.
‘‘അമ്മിണീ അമ്മിണീ... നോക്കമ്മിണീ... ചോന്ന താരം ചോന്ന് ചോന്ന് നമ്മളെ നോക്ക്ന്നത് നോക്കമ്മിണീ...’’
തിളങ്ങുന്ന നക്ഷത്രങ്ങള്‍ നോക്കിനില്‍ക്കവെ കുളിച്ചീറനായി അരികിലേക്ക് വരുന്ന അമ്മിണിയേടത്തി അയാളുടെ മനസ്സില്‍ രതിയുടെ കനൽപ്പന്തുകള്‍ തട്ടി. ലുങ്കിക്കിടയില്‍ ഉദ്ധൃതമായ ലിംഗത്തെ കാണുമ്പോള്‍ അവള്‍ക്കപ്പോള്‍ കലിവരും.
‘‘ഓനോന്‍ ചെയ്ത പാപത്തിന്റെ അര്‍ക്കത്തല്ലെ ശവമേ... നീ ഇപ്പൊ അനുഭവിക്കുന്നത്. വേണ്ട... വേണ്ടാന്ന് അപ്പന്‍ അന്നേ പറഞ്ഞതാ. കണ്ണും കയ്യും കാണിച്ചപ്പൊ ഇങ്ങനെ ദുരിതപ്പെടുമെന്ന് കരുതീലാലോ എന്റെ കൊറഗജ്ജരേ...’’
അമ്മിണിയേടത്തിയുടെ പിരാക്കൊന്നും ചെനിയാറുവിന്റെ ചെവിയില്‍ തട്ടിയില്ല. റൗക്ക പൊട്ടിച്ചെഴുന്ന മൃദംഗമുലകളുടെ നിനവ് അയാളില്‍ നെഞ്ചിലാസക്തിയുടെ പുരുഷ സ്ഫുലിംഗം പടര്‍ത്തി. ചത്ത ലിംഗവിശപ്പിന്റെ ചൂട് കത്തിപ്പാടിയ ഭരണിപ്പാട്ടിലയാളുടച്ചു. മനസ്സില്‍ രതി കത്തിച്ചുകൊണ്ട് അയാള്‍ പാടി...
‘‘കൊടുങ്ങല്ലൂരമ്മയ്ക്ക്...’’
കുണ്ടംപിഞ്ഞാണത്തില്‍ വാറ്റ് ഊതിയൂതി ആറ്റിക്കുടിച്ച് അമ്മിണിയേടത്തി ഒരു കവിള്‍ ചെനിയാറുവിന്റെ വായിലേക്കൊഴിച്ചു.
‘‘മിണ്ടാണ്ട് നക്കീറ്റ് അടങ്ങിക്കിടന്നോ ശവമേ... ഇനിയാറ്റോ മിണ്ടിയാ ചൂട് റാക്ക് ഞാന്‍ അണ്ണാക്കിലേക്ക് പാരും...’’ അവര്‍ മുരണ്ടു.
റാക്കിന്റെ മത്തില്‍ ചെനിയാറു നിശ്ശബ്ദനായി. ഉറക്കത്തിലേക്ക് പതിയെ അയാളുടെ കണ്ണുകള്‍ ഇറങ്ങിപ്പോയി.
പിഞ്ഞാണത്തിലെ റാക്ക് ഒരു കവിള്‍കൂടി കുടിച്ചിട്ട് അമ്മിണിയേടത്തി അതുണ്ടാക്കാന്‍ വേണ്ടി തളപ്പിച്ച ചൂടുവെള്ളം ഇരുട്ടിലിരുട്ടിനെക്കാള്‍ കറുത്തുപോയ ചെമ്പ് പാത്രത്തില്‍ എടുത്ത് പ്ലാസ്റ്റിക് ചാക്ക് കീറിവലിച്ചുകെട്ടിയ കുളിപ്പുരയിലേക്ക് കയറി. റാക്കിന്റെ മാദക ലഹരിയില്‍ തിരുമ്പുകല്ലില്‍ അവര്‍ പൂര്‍ണ നഗ്നയായി ഇരുന്ന് തന്റെ മാദകമേനിയിലേക്ക് തുടരെ ചെറുചൂടുവെള്ളം കോരിയൊഴിച്ചു. ശരീരത്തിലേക്ക് വീഴുന്ന വെള്ളത്തിനൊപ്പം അവളുടെ നാവില്‍നിന്ന് പൊട്ടിച്ചാടിയൊരു പാട്ട് ചൂട് വെള്ളത്തിലേക്ക് അവള്‍ക്കൊപ്പം വഴുതി വീണു.
‘‘ഞാനുമെന്റാളും ബയ് പണിക്ക് പോകുമ്പൊ
ബയ്ക്കുള്ള പുല്ലെല്ലാം ചെത്തിവെടിപ്പാക്കി
തീകൊടുത്തു ഡും... ഡുണ്ടുക... ഡുണ്ടുക ഡും.’’
വെളുത്ത ശരീരത്തില്‍നിന്നും തിരുമ്പുകല്ലിലേക്ക് ഊര്‍ന്നുവീണ വെള്ളത്തുള്ളികളുടെ കണ്ണില്‍ നിരാട്ടിലവള്‍ ഇളംമുറ തമ്പുരാട്ടിയെപ്പോലെ ശോഭിച്ചു. കുനിഞ്ഞുനിന്ന് തലതാഴ്ത്തി മുടിയിലേക്ക് ജലം കോരിയൊഴിക്കുമ്പോള്‍ പുറത്ത് ചില കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ ഒന്ന് പകച്ചു. ചാക്ക് ഷീറ്റിനെ മുറിച്ചുകൊണ്ട് മൂന്നുപേര്‍ അമ്മിണിയേടത്തിയിലേക്ക് ചാടിവീണു. നിലവിളിക്കുന്നതിനുമുമ്പ് തന്നെ അവര്‍ അമ്മിണിയേടത്തിയുടെ വായ ബലമായി പൊത്തിപ്പിടിച്ച് വായില്‍ തുണിതിരുകി നിശ്ശബ്ദയാക്കിക്കഴിഞ്ഞിരുന്നു. കയ്യും കാലും പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിച്ചു. കൂരിരുട്ടില്‍ ജാതിമറന്ന വെളുത്ത ജന്തുക്കള്‍ കൂറ്റ് പൊങ്ങാനിലവിളിയിലേക്കവര്‍ അമ്മിണിയുടെ മദിപ്പിലേക്ക് ഊഴംവെച്ച് ചവിട്ടിച്ചവിട്ടി കയറി. അമ്മിണിയേടത്തിയുടെ ബോധം മറഞ്ഞു. ഒടുവില്‍ കെട്ടഴിച്ചിട്ട് അവര്‍ ഇറങ്ങിപ്പോകുമ്പോള്‍ അതിലൊരാള്‍ മൃഗത്തപ്പോലെ മുരണ്ടു.
‘‘സൂളേന്റെ മോളെ... നിന്ന കൊറേ നാളായ് നോക്കിവെച്ചിട്ട്... നിന്റെ 5ഒരം ഞങ്ങളിന്ന് തീര്‍ക്കും... നിന്നയല്ല നിന്റെ അമ്മേനെ വരെ ഞങ്ങള്... താണ ജാത്യോള് അടങ്ങിനിന്നോണം...’’
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അമ്മിണിയേടത്തിയില്‍ ബോധത്തിന്റെ ജീവനുദിച്ചു. ശരീരം മുറിയുന്ന വേദനയില്‍ അവര്‍ ചുറ്റുമുള്ള ചെമ്പരത്തി പൂക്കളില്‍നിന്നും ഇരുട്ടിലേക്ക് രക്തമുറ്റുന്നത് കണ്ടു. ഇരുട്ടിന്റെ പല്ലുകള്‍ തൃപ്തിയുടെ ചെഞ്ചിറി തുടയ്ക്കുന്നതുപോലെ അവര്‍ക്ക് തോന്നി. താനറിയാതെയെങ്കിലും തന്റെ ശരീരം ചെനിയാറുവിനെ വഞ്ചിച്ചതായി അവള്‍ വേദനിച്ചു.
‘‘എന്റെ കൊറഗ്ഗജ്ജ... ഞാനിനി ജീവിക്കില്ലാ...’’
ചെനിയാറുവിന്റെ രൂപം അവളില്‍ പൊട്ടി. വീണുപോകുമെന്ന് തോന്നിയെങ്കിലും അമ്മിണിയേടത്തി അവിടെനിന്നും എഴുന്നേറ്റു. കയറ്റുകട്ടിലില്‍ ബോധമറ്റുറങ്ങുന്ന ചെനിയാറുവിനെ അവള്‍ കണ്ടു. നോക്കിനോക്കി നില്‍ക്കെ ഒരു ഭ്രാന്തിയെപ്പോലെ നിലവിളിച്ചുകൊണ്ട് അവള്‍ വട്ടംകെട്ടാത്ത കിണറിന്റെ നേര്‍ക്ക് പാഞ്ഞു. ഇരുട്ടില്‍ ഉറങ്ങാതെ നിന്ന കൊറഗജ്ജന്റെ പതിയിലേക്ക് സങ്കടത്തോടെ നോക്കി തൊഴുത് ശാപം പൊട്ടിച്ചവള്‍ കിണറാഴത്തിലേക്ക് പറന്നു.
‘‘റാക്കിനും പെണ്ണിനും ജാതിയില്ലേ... റാക്കിനും പെണ്ണിനും മതോമില്ലേ... എരണംകെട്ടവരേ...’’
പിറ്റേന്ന് ഉച്ചനേരത്ത് കണ്ണുതുറന്ന ചെനിയാറുവിന് മുന്നില്‍ വെള്ള പുതച്ച് അമ്മിണി വിളറിക്കിടന്നു. നരച്ച പകലപ്പോള്‍ കീറിയ മൃദംഗമുലകളില്‍ ചോര കല്ലിച്ച് കടുങ്കണ്ണ് കാട്ടി. ഒരംമൂത്ത് ചത്തവളെന്ന നാട്ടാഖ്യാനത്തില്‍ നട്ടുച്ചയന്ന് പേടിയുടെ ഇലവിറകൊണ്ടു. അമ്മിണി മരിച്ചപ്പോള്‍ കലുങ്കിനടിയിലെ ലഹരിപ്പാട്ടില്‍ ഉടല്‍ തളിര്‍ത്ത മദ്യപലോകം നാട്ടക നിരത്തില്‍ ആളുകള്‍ കേള്‍ക്കെ സുയിപ്പിന്റെ ചിരിപൊട്ടിച്ചു..
‘‘അമ്മിണിവിസ്‌ക്യേ...’’
---------------------------
കുറിപ്പുകള്‍
1. വരുന്നു കുരിപ്പുകളേ
2. വേശ്യയുടെ മക്കളേ
3. സന്ധ്യയാകുമ്പോള്‍
4. ഗുളികന്‍
5. അഹങ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.