പ്രച്ഛന്നം
ലിസമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഞാൻ അനിശ്ചിതത്വങ്ങളുടെ നടുവിലായിരുന്നു. ‘നടുവിൽ’ എന്നതിനേക്കാൾ ‘നടുക്കടലിൽ’ എന്നു പറയുന്നതാകും ഉചിതം. ഭീതിയുടെയും ആകുലതകളുടെയും ആഴമേറിയ ഒരു കടലിൽ അശരണയായി മുങ്ങിത്താഴുകയായിരുന്നു ഞാൻ. അകലെ വെളിച്ചത്തിന്റെ ഒരു തുരുത്തുപോലെ കര കണ്ടുതുടങ്ങിയത് ലിസമ്മ വന്നതിനു ശേഷമാണെന്ന്...
ലിസമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഞാൻ അനിശ്ചിതത്വങ്ങളുടെ നടുവിലായിരുന്നു. ‘നടുവിൽ’ എന്നതിനേക്കാൾ ‘നടുക്കടലിൽ’ എന്നു പറയുന്നതാകും ഉചിതം. ഭീതിയുടെയും ആകുലതകളുടെയും ആഴമേറിയ ഒരു കടലിൽ അശരണയായി മുങ്ങിത്താഴുകയായിരുന്നു ഞാൻ. അകലെ വെളിച്ചത്തിന്റെ ഒരു തുരുത്തുപോലെ കര കണ്ടുതുടങ്ങിയത് ലിസമ്മ വന്നതിനു ശേഷമാണെന്ന് ഞാൻ വിശ്വസിച്ചുപോന്നു.
‘‘ലിസമ്മയെക്കുറിച്ച് എനിക്ക് കാര്യമായൊന്നുമറിയില്ല.’’
അവരെ ഇങ്ങോട്ടു പറഞ്ഞുവിടുമ്പോൾ എന്റെ വകയിലെ ഒരു ഇളയമ്മ പറഞ്ഞു. പാചകം, വീട്ടുജോലികൾ എന്നിവയിലുള്ള അവരുടെ സാമർഥ്യത്തെപ്പറ്റി ധാരണകളൊന്നുമില്ലെന്ന് എന്റെ തുടർചോദ്യങ്ങൾക്കുള്ള മറുപടിയായി അവർ പറഞ്ഞു. മുമ്പ് ഏതെങ്കിലും വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ടോ എന്നുമറിയില്ല.
എന്നാൽ, ആശങ്കകളെയൊക്കെ കാറ്റിൽ പറത്തുംവിധം ആത്മവിശ്വാസത്തിന്റെ ഒരു മൂളിപ്പാട്ടുമായിട്ടായിരുന്നു ലിസമ്മയുടെ രംഗപ്രവേശം. ഇടംകയ്യിൽ സ്കൂട്ടിയുടെ ചാവിയും വലംകയ്യിൽ സ്മാർട്ഫോണുമായി ഒരു പരസ്യമോഡലിന്റെ വശ്യചലനങ്ങളുമായി അവർ അവതരിച്ചപ്പോൾ ഞാൻ അന്ധാളിച്ചുപോയെന്നു പറയാം. അടുക്കള ജോലികളൊക്കെ ഞൊടിയിടയിൽ ചെയ്തുതീർക്കാനുള്ള ലിസമ്മയുടെ വൈദഗ്ധ്യം ആദ്യ ദിവസംതന്നെ വെളിപ്പെട്ടു. അമ്പതിനുമേൽ പ്രായമുണ്ടായിരുന്ന ലിസമ്മക്ക് നല്ല ഉയരവും അതിനൊത്ത വണ്ണവുമുണ്ടായിരുന്നു. എന്നാൽ, അവരുടെ നോട്ടത്തിൽ എന്തൊക്കെയോ അർഥങ്ങൾ കൊരുത്തുകിടക്കുന്നതായി എനിക്കു തോന്നി. അതൊരു ദുസ്സൂചനയാണെന്ന് ഞാൻ അന്നു വൈകിട്ടുതന്നെ എന്റെ ഭർത്താവ് അൻജിത്തിനോട് പറഞ്ഞു. എന്നാൽ, എല്ലാത്തിലും നെഗറ്റീവ് മാത്രം കണ്ടെത്തുന്നവർക്ക് ഇത്തരം ആശങ്കകൾ സ്വാഭാവികമാണെന്നായിരുന്നു അൻജിത്തിന്റെ പ്രതികരണം.
ഒരു വർഷത്തിനു മുമ്പാണ് ഞങ്ങൾ ഈ വസ്തുവും വീടും വിലക്ക് വാങ്ങി ഇവിടെ താമസമാരംഭിച്ചത്. സ്ഥലത്തിന്റെ ഒരു വശത്ത് സെമിത്തേരിയും മറുവശത്ത് ആൾപ്പാർപ്പില്ലാത്ത പ്രദേശവുമായിരുന്നതിനാൽ ചെറിയ വിലക്ക് കിട്ടിയ വസ്തുവായിരുന്നു അത്. അജ്ഞാതമായ കാരണങ്ങളാൽ വീട്ടുകാർ ഉപേക്ഷിച്ചുപോയ ഒരു വീടും സ്ഥലത്തോടൊപ്പം ഞങ്ങൾക്കു കൈമാറ്റം ചെയ്യപ്പെട്ടു. അതിനു പ്രത്യേകിച്ച് വിലയൊന്നും നൽകേണ്ടി വന്നതുമില്ല. പഴക്കമുണ്ടെങ്കിലും നാലുമുറികളും സൗകര്യങ്ങളുമൊക്കെയുള്ള ഒരു വീടായിരുന്നു അത്. വർഷങ്ങൾക്കുമുമ്പേ വീടിനു മുകളിലേക്ക് ഒരു തെങ്ങ് പിഴുതുവീണ് മേൽക്കൂരക്ക് ചെറിയ പൊട്ടലുണ്ടായി എന്നതൊഴിച്ചാൽ പഴക്കത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഇതിന് തോന്നിച്ചിരുന്നില്ല. ഞങ്ങളുടെ വീടിന്റെ പിൻവശത്തായി ഒരു അയൽവീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളാണ് താമസം.
എങ്കിലും ജനാല തുറന്നാൽ സെമിത്തേരിയുടെ മുൻവശമാണ് കാണുന്നതെന്ന വസ്തുത എന്നെ അസ്വസ്ഥയാക്കി. അതിനെ മറികടക്കാൻ എന്റെ എക്കാലത്തെയും ദൗർബല്യമായ പൂച്ചെടികളെത്തന്നെ ഞാൻ കൂട്ടുപിടിച്ചു. പല നിറത്തിലും തരത്തിലുമുള്ള എണ്ണമറ്റ ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്ന ഒരു ഉദ്യാനത്തിലേക്കായിരിക്കണം ജനാലകൾ തുറന്നിടേണ്ടത് എന്നായിരുന്നു എന്റെ സങ്കൽപം. ചുറ്റുവട്ടങ്ങളിലുള്ള ചെടികളൊക്കെ ഞങ്ങളുടെ മുറ്റത്തും നട്ടുപിടിപ്പിക്കാൻ ഞാൻ ഉത്സാഹിച്ചു. തീയാളിപ്പടരുന്നതുപോലെ ജമന്തിയും മഞ്ഞച്ചെമ്പരത്തിയും. അതിനടുത്തായി വെള്ളയും മഞ്ഞയും മജന്തയുമായി റോസാപ്പൂക്കൾ. മതിലിനോടു ചേർന്ന് വയലറ്റും പിങ്കുമായി ബോഗൺവില്ലകളുടെ പ്രലോഭനങ്ങൾ.
എന്നാൽ, ആകുലതകൾ പിടിമുറുക്കിയ കഴിഞ്ഞ കുറെ മാസങ്ങളിൽ എന്റെ പൂന്തോട്ടത്തിന്റെ കാഴ്ച കാരണമില്ലാത്ത ഒരു മടുപ്പിനും നിരാശക്കും വഴിമാറുകയാണുണ്ടായത്. കണ്ണഞ്ചിക്കുന്ന നിറങ്ങൾ കണ്ടുകണ്ട് എനിക്ക് ചെടിച്ചു. പെട്ടെന്നുണ്ടായ ഒരു അരിശത്തിന് ഞാൻ അടുക്കളയിൽനിന്നും വാക്കത്തി എടുത്തുകൊണ്ടുവന്ന് എല്ലാ ചെടികളും നിഷ്കരുണം മൂടോടെ വെട്ടിമാറ്റി. പിന്നീട് ജനാല തുറക്കുമ്പോൾ കാണുന്ന ശൂന്യത ദിവസങ്ങളോളം എന്റെ മനസ്സിന് സ്വസ്ഥത നൽകി. എന്നാൽ, ആഴ്ചകൾക്കുശേഷം ആ തരിശുഭൂമിയുടെ ദൃശ്യം എന്റെ മനസ്സ് മടുപ്പിച്ചു തുടങ്ങിയെങ്കിലും വീണ്ടും ചെടികൾ വെച്ചുപിടിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നിയില്ല.
ലിസമ്മ വന്നതിനുശേഷമാണ് ഞാൻ വീണ്ടും പൂന്തോട്ടത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. വെട്ടിമാറ്റിയ ചെടികളെപ്പറ്റിയോർത്ത് ഞാൻ ആദ്യമായി പശ്ചാത്തപിച്ചു. വാക്കത്തികൊണ്ടു വെട്ടിയപ്പോൾ അവക്ക് വേദനിച്ചിട്ടുണ്ടാകുമോ? അവയുടെ ശാപം എന്റെ മേലെ പതിഞ്ഞിട്ടുണ്ടാകുമോ എന്ന ചിന്ത എന്നെ കീഴടക്കേണ്ടതായിരുന്നു. എന്നാൽ, ലിസമ്മയുടെ സാന്നിധ്യത്തിൽ ഞാൻ അത്തരം ആശങ്കകൾക്കു മുന്നിൽ നിരുപാധികം കീഴടങ്ങാൻ തയാറായില്ല എന്നതാണ് വാസ്തവം. കണ്ണഞ്ചിക്കുന്ന നിറങ്ങളുള്ള മറ്റൊരു പൂന്തോട്ടംപോലെയായിരുന്നു ലിസമ്മ. അവരുടെ ഓരോ ചലനത്തിലുമുള്ള ജീവിതാഭിനിവേശം എനിക്ക് അതിജീവനത്തിനുള്ള ബാലപാഠങ്ങൾ പകർന്നുതന്നു.
ഞാൻ ലിസമ്മയുടെ ഒരു ആജ്ഞാനുവർത്തിയായി മാറിക്കഴിഞ്ഞെന്ന് അൻജിത്ത് കുറ്റപ്പെടുത്തിയപ്പോൾ മാത്രമാണ് ഞാനതിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. എത്ര പെട്ടെന്നാണ് ലിസമ്മ വീടിന്റെ അധികാരിയായി മാറിയതെന്ന് ഞാൻ അതിശയിച്ചു. ലിസമ്മക്ക് താൽപര്യമുള്ള വീട്ടുജോലികൾമാത്രം ചെയ്താൽ മതിയെന്ന് ഞാൻ കഴിഞ്ഞ ദിവസം അവരോടു പറഞ്ഞിരുന്നു. ചെവിയിൽ തിരുകിവെച്ച ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലിസമ്മ ആരോടോ സംസാരിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും പരാതിപ്പെടുന്നതും കുണുങ്ങിച്ചിരിക്കുന്നതും കേൾക്കാമായിരുന്നു. അവരുടെ ഭ്രമണപഥത്തിനു വെളിയിലുള്ള ഒരു അന്യഗ്രഹജീവിയാണ് ഞാനെന്ന് അപ്പോഴൊക്കെ എനിക്കു തോന്നുകയും ചെയ്തു.
ലിസമ്മ അടുക്കളജോലികളൊക്കെ എത്രയും പെട്ടെന്നു തീർത്തിട്ട് മുകൾനിലയിലെ അവരുടെ മുറിയിൽ കയറി കതകടക്കും. മുറിക്കകത്ത് കടുത്ത പ്രകാശമുണ്ടെങ്കിലും ഒച്ചയോ അനക്കമോ ഒന്നുംതന്നെ പുറത്തേക്കു കേൾക്കാറില്ല. മണിക്കൂറുകൾ അങ്ങനെ കടന്നുപോകും. ലിസമ്മ മുറിതുറന്ന് പുറത്തിറങ്ങുന്നതും കാത്ത് ഞാൻ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും നിലകൊള്ളും. സദാ അടഞ്ഞുകിടക്കുന്ന ആ മുറി ചിലപ്പോഴൊക്കെ എന്റെ ജിജ്ഞാസകളെ ഉണർത്തും. ഇത്രയും സമയം ഗൂഢാനന്ദത്തോടെ കഴിച്ചുകൂട്ടാൻ അവിടെയെന്താണുള്ളതെന്ന് ഞാൻ വ്യഗ്രതയോടെ ഓർക്കും.
ചെറിയ ഒരു കട്ടിലും കസേരയും ഫാനും മാത്രമേ ആ മുറിയിലുള്ളൂ. ടി.വിയോ മറ്റു വിനോദോപാധികളോ അവിടെയില്ല. ചിലപ്പോൾ ഞാനാ മുറിയെ ഒരു രാസപരീക്ഷണശാലയായി സങ്കൽപിക്കും. ഒരു ബീക്കറിലെ, നീറിപ്പുകയുന്ന ലായനി കയ്യിലെടുത്ത് നിരീക്ഷിക്കുന്ന വെള്ളക്കോട്ടിട്ട ലിസമ്മയെ ഞാൻ മനസ്സിൽ കാണും. മറ്റുചിലപ്പോൾ, നീണ്ടുപോകുന്ന നിശ്ശബ്ദതയിൽ ആ മുറിക്കകത്ത് ആഭിചാരക്രിയകൾ നടക്കുന്നതായിട്ടാകും എന്റെ സങ്കൽപം. ഗൂഢമായ മന്ത്രങ്ങളും അലർച്ചകളുമായി ഒരു തലയോട്ടിയുടെ മുന്നിലിരിക്കുന്ന ചുവപ്പു വേഷമണിഞ്ഞ ലിസമ്മയെയാകും ഞാൻ സങ്കൽപിക്കുക.
ചില അവസരങ്ങളിൽ വേഷംമാറിയെത്തിയ ഒരു കുറ്റാന്വേഷകയാണ് ലിസമ്മയെന്ന് ഞാൻ ഭാവനയിൽ കാണും. അടഞ്ഞ മുറിയിലിരുന്ന് അവർ കുറ്റവാളിയിലേക്കെത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയാകും. ഭിത്തിയിൽ പ്രതിയുടെ, അവർ വരച്ച രേഖാചിത്രം പതിപ്പിച്ചിട്ടുണ്ടാകും.
‘‘അതെ, അതെ... ഇനി അവനിലേക്ക് അധികം ദൂരമില്ല. കണ്ണികൾ എല്ലാമൊന്ന് കൂട്ടിയോജിപ്പിച്ചാൽ മതി.’’ അവർ വയർലെസ് സെറ്റിലൂടെ ആരോടോ ശബ്ദം താഴ്ത്തിപ്പറയുന്നു.
ഈ മൂന്നു സങ്കൽപങ്ങളിൽ അവസാനത്തേതിനോടാകും ലിസമ്മക്ക് കൂടുതൽ സാദൃശ്യം എന്നെനിക്കു തോന്നാറുണ്ട്. കാരണം ലിസമ്മയുടെ മുറിയുടെ സമീപം വ്യഗ്രതയോടെ നിൽക്കുന്ന എന്നെ അവഗണിച്ചിട്ട് അവർ താഴത്തെ നിലയിലേക്കു പോകുന്നത് പലപ്പോഴും ടി.വിയുടെ മുന്നിൽ ഇരിക്കാനാകും. ക്രൈം ത്രില്ലർ മൂവികളുടെ ആരാധികയാണ് ലിസമ്മയെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. സിനിമ കഴിയുന്നതുവരെ അതിന്റെ മുഴുവൻ ഉദ്വേഗവും അവരുടെ കണ്ണുകളിലും പുരികങ്ങളിലും കാണാം. സിനിമ തീർന്നതിനുശേഷവും അവർ എന്തൊക്കെയോ കണക്കുകൂട്ടലുകളിൽ മുഴുകി ഏറെ നേരമിരിക്കും. ബാക്കിസമയങ്ങൾ ലിസമ്മ ചെലവഴിക്കുക മൊബൈലിൽ ക്രൈം സ്റ്റോറികൾ കാണാനാകും.
‘‘അമേരിക്കയിൽ കഴിഞ്ഞമാസം നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.’’ എന്നെ കാണുമ്പോൾ അവർ അത്യധികമായ ആവേശത്തോടെ അറിയിക്കും. പല രാജ്യങ്ങളിലെയും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്ന അനേകം യൂട്യൂബ് ചാനലുകളെ ലിസമ്മ ഗൂഢമായ ആനന്ദത്തോടെ പിന്തുടരുന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കും. ഒട്ടും ആകർഷകതയില്ലാത്ത, ഇത്തരം പരിപാടികളിൽ അവർ താൽപര്യം കണ്ടെത്തുന്നതെന്തുകൊണ്ട് എന്ന് ഞാനമ്പരക്കും.
ഇതിനിടയിൽ ലിസമ്മ വീണ്ടും മുറിയിൽ കയറി കതകടച്ചിട്ടുണ്ടാകും. ചിലപ്പോൾ രാത്രിസമയത്തുപോലും അവർ മുറിയിൽനിന്നും പുറത്തിറങ്ങിയില്ല എന്നുവരും. ആ സമയങ്ങളിൽ ഞാൻ അസ്വസ്ഥയാകുമെങ്കിലും ലിസമ്മയോട് ക്ഷുഭിതയായി സംസാരിക്കാൻ മുതിർന്നില്ല. ചിലപ്പോൾ രാത്രിഭക്ഷണത്തിന്റെ കറികളൊന്നും തയ്യാറാക്കാതെയാണ് അവർ മുറിയടച്ചിരിക്കുന്നത് എന്നറിഞ്ഞാലും എന്റെ അതൃപ്തി പുറത്തുകാണിക്കാൻ ഞാൻ ഭയന്നു. ഞാൻ രാത്രിയിലേക്ക് കറികളുണ്ടാക്കുകയും ലിസമ്മയുടെ ഭക്ഷണം അടച്ചുവെക്കുകയും പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി സ്റ്റാൻഡിൽ അടുക്കിവെക്കുകയും ചെയ്തു. ലിസമ്മയോട് കയർത്തു സംസാരിച്ചാൽ അവർ ഉടനടി ഇവിടം വിട്ടുപോകുമെന്നും തുടർന്ന് മുമ്പത്തേതുപോലെ ഏകാന്തതയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴാനായിരിക്കും എന്റെ വിധിയെന്നും ഓർത്ത് ഞാൻ നിശ്ശബ്ദയായി.
ലിസമ്മ ഇവിടേക്ക് എത്തുന്നതിനുമുമ്പുള്ള കാലത്തെപ്പറ്റി ഓർക്കാൻപോലും ഞാൻ ഇഷ്ടപ്പെടാറില്ല. എന്റെ ജീവിതം ഒരു ഭൂപടമാണെങ്കിൽ അതിൽ ഭീതിയുടെ കറുത്ത നിറം കൊടുത്ത ഒരു ദ്വീപാണ് ആ കാലം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി. വെള്ളിയാഴ്ച വൈകുന്നേരം അൻജിത്ത് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽനിന്നും ജോലി കഴിഞ്ഞെത്തും. തിങ്കളാഴ്ച രാവിലെ മടങ്ങിപ്പോകുകയും ചെയ്യും. അൻജിത്ത് എത്തിച്ചേരുന്ന സമയം മുതൽ അയാൾ പോകുന്ന നിമിഷത്തെപ്പറ്റിയോർത്ത് ഞാൻ വേവലാതിപ്പെടാൻ തുടങ്ങുമെന്നതിനാൽ അയാൾ എത്തിയതിന്റെ ആശ്വാസം എനിക്കൊരിക്കലും ഉണ്ടാകാറുമില്ല. അൻജിത്ത് പോയിക്കഴിയുന്നതോടെ ഭയം അദൃശ്യമായ ഒരു ചൂരൽപോലെ എന്നെ നിയന്ത്രിച്ചു നിർത്തും. ഓർക്കാപ്പുറത്ത് അതിന്റെ പ്രഹരമേറ്റ് ഞാൻ പുളയും.
കോവിഡ് കാലം മുതൽ ഒരു ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു എന്റെ ജോലി. പകൽ മുഴുവൻ ഞാൻ ചിന്തകളുടെ തടവറയിൽ കുടുങ്ങാതെ ഉത്സാഹത്തോടെ ജോലി ചെയ്തുകൊണ്ടിരുന്നു. എന്നാൽ, രാത്രിയിൽ ഭയം ക്രൂരനായ ഒരു വേട്ടമൃഗത്തെപ്പോലെ എന്നെ കീഴ്പ്പെടുത്തിയിട്ട് അതിന്റെ സങ്കേതത്തിലേക്ക് നിർദയം വലിച്ചിഴച്ചു കൊണ്ടുപോയി. രാത്രികാലങ്ങളിൽ ഉറക്കം വരാതെ അസ്വസ്ഥതകളുടെ ഉഷ്ണക്കാറ്റേറ്റു കിടക്കുമ്പോൾ അറിയാതെ എന്റെ നോട്ടം ജനാലയുടെ പുറത്തേക്കു നീളും. ഞങ്ങളുടെ കിടപ്പുമുറിയുടെ എതിർവശത്തായി കാണുന്ന സെമിത്തേരിയുടെ ദൃശ്യം എന്റെ ഭീതിയെ ആളിക്കത്തിക്കും. ഉറക്കം എന്നത് ആ കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നവും പ്രതീക്ഷയുമായിരുന്നു. വെളുപ്പാൻ കാലത്തെപ്പോഴെങ്കിലും ഏതാനും മിനിറ്റുകൾ നീളുന്ന ഹ്രസ്വമായ മയക്കത്തിനിടയിൽ ഏതെങ്കിലുമൊരു തെരുവുപട്ടിയുടെ ഓരിയിടൽ കേട്ട് ഞാൻ ഞെട്ടിയുണരും. സെമിത്തേരിയിലെ പ്രേതാത്മാക്കൾ ഇവിടേക്കുള്ള സഞ്ചാരം ആരംഭിച്ചുകഴിഞ്ഞുവെന്ന് ഞാൻ ഒരുവേള സംശയിച്ചുപോകും. ഒരു ചെറുകാറ്റടിക്കുന്ന ശബ്ദം കേട്ടാൽപോലും ഭീതിയാൽ എന്റെ തൊണ്ട വരണ്ടുപോകും.
പകൽസമയത്ത് അന്ധവിശ്വാസങ്ങളെ വിളിപ്പാടകലെ അകറ്റിനിർത്തുമെങ്കിലും രാത്രികാലങ്ങളിൽ അവയുടെ വിഹാരഭൂമിയാകും എന്റെ മനസ്സ്. പൈശാചിക ശക്തികളുടെ ഉപദ്രവത്തിൽനിന്നും രക്ഷപ്പെടാനുള്ള മന്ത്രങ്ങളടങ്ങിയ പല വർണച്ചരടുകൾ എന്റെ കൈത്തണ്ടയിൽ ഇടം പിടിച്ചുകൊണ്ടിരുന്നു. അവയിലെ കടുംകെട്ടുകൾപോലെ കെട്ടുപിണഞ്ഞതായി ജീവിതമെന്നു ഞാൻ പരിതപിച്ചു. അങ്ങനെയാണ് എന്നോടൊപ്പം രാത്രിയും പകലും താമസിക്കാനായി ഒരു വീട്ടുജോലിക്കാരിയെ കിട്ടുമോയെന്ന് ഞാൻ അന്വേഷിച്ചു തുടങ്ങിയത്. എനിക്ക് കിട്ടുന്ന മാസശമ്പളത്തിന്റെ പകുതിയോളം അവർക്ക് മാസംതോറും ശമ്പളമായി കൊടുക്കേണ്ടിവരുമെന്നറിഞ്ഞിട്ടും ഞാൻ പിന്തിരിഞ്ഞില്ല. എനിക്ക് എന്റെ നിലനിൽപായിരുന്നു പ്രധാനം.
ലിസമ്മയും ഞാനും ഞങ്ങളുടെ ജോലിത്തിരക്കുകളുമായി സമാന്തരപാതകളിലൂടെ മുന്നോട്ടുനീങ്ങി. എറണാകുളത്തുനിന്നും അൻജിത്ത് പതിവുപോലെ വാരാന്ത്യങ്ങളിൽ വീട്ടിൽ എത്തിച്ചേർന്നു. ലിസമ്മയുടെ ശമ്പളത്തിനായി ചെലവഴിക്കേണ്ട അധികതുക ഞങ്ങളുടെ വരവുചെലവ് കണക്കുകളെ അട്ടിമറിക്കുന്നതായിരുന്നു. പലതവണ നിർധാരണം ചെയ്യാൻ ശ്രമിച്ചിട്ടും അതൊരു സമസ്യയായി നിലകൊണ്ടു. സ്ഥലം വാങ്ങാനായി ബാങ്കിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങുമെന്ന അവസ്ഥയിലായപ്പോൾ എന്റെ കൈവശമുള്ള ചില സ്വർണാഭരണങ്ങൾ വിൽക്കാനുള്ള ധാരണയായി. ലിസമ്മയെ നിലനിർത്താനായി അവ നഷ്ടപ്പെടുത്തുന്നതിൽ എനിക്ക് ഒട്ടും ഖേദം തോന്നിയില്ല എന്നതാണ് സത്യം. എന്നാൽ അൻജിത്തിന് അതിനോട് ലവലേശം താൽപര്യമുണ്ടായിരുന്നില്ല.
‘‘ലിസമ്മയെ പറഞ്ഞുവിട്ടാൽ എന്താ കുഴപ്പം?’’ അൻജിത്ത് എന്നോട് തർക്കിച്ചു.
‘‘നിനക്ക് ചെയ്യാൻ പറ്റുന്ന ജോലികളല്ലേ ഇവിടെയുള്ളൂ?’’
‘‘ശരി അവരെ പറഞ്ഞു വിടാം,’’ ഞാൻ കൂട്ടിച്ചേർത്തു,
‘‘...അൻജിത്ത് സ്ഥിരമായി എന്നോടൊപ്പം ഇവിടെ താമസിക്കുമെങ്കിൽ.’’
‘‘അതെങ്ങനെ സാധിക്കും? എന്റെ ജോലി ഉപേക്ഷിക്കാൻ പറ്റുമോ?’’ അൻജിത്ത് അമ്പരപ്പിലായി.
‘‘അങ്ങനെയെങ്കിൽ ലിസമ്മ ഇവിടെത്തന്നെയുണ്ടാകും. അവരുടെ ചെലവ് നമ്മൾ സഹിച്ചേ പറ്റൂ. എനിക്ക് ഒറ്റയ്ക്ക് കഴിയാനൊന്നും പറ്റില്ല.’’ ഞാൻ ഉറപ്പിച്ചു പറഞ്ഞു.
‘‘ എന്റെ നിലനിൽപുതന്നെയാണ് എനിക്ക് പ്രധാനം.’’
അൻജിത്ത് പിന്നീട് ഒന്നും മിണ്ടിയില്ല. തിരിച്ചുപോകുന്നതുവരെ അൻജിത്തിന്റെ മുഖത്ത് ആ അതൃപ്തി കല്ലിച്ചുകിടന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.
ആഴ്ചതോറുമുള്ള അൻജിത്തിന്റെ വരവുകളോട് ലിസമ്മക്കും താൽപര്യമില്ലെന്ന് ഞാൻ ക്രമേണ മനസ്സിലാക്കി. അൻജിത്തിന്റെ കാര്യം പറയുമ്പോൾത്തന്നെ അവരുടെ മുഖം ഇരുളുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിരുന്നു. അതിന്റെ കാരണമെന്താകുമെന്ന് എനിക്ക് ഊഹിക്കാനായില്ല. ലിസമ്മയുടെ കാര്യത്തിൽ ഞാനും അൻജിത്തും തമ്മിൽ നടത്തിയ വാക്കുതർക്കങ്ങളെന്തെങ്കിലും അവർ കേട്ടിരിക്കുമോ എന്നു ഞാൻ ശങ്കിച്ചു.
അൻജിത്ത് എത്തിച്ചേരുന്ന ദിവസങ്ങളിൽ ലിസമ്മ അയാളെ ബോധപൂർവം അവഗണിച്ചു തുടങ്ങി. എന്നോടു സംസാരിക്കുമ്പോൾ ലിസമ്മയുടെ ഒരു നോട്ടംപോലും അൻജിത്തിലേക്കു പാറി വീണില്ല. അവർ വാഷിങ് മെഷീനിൽ ഇട്ട് അലക്കുന്ന തുണികളിൽ അൻജിത്തിന്റെ ഷർട്ടുകളോ പാന്റുകളോ ഒന്നുംതന്നെയില്ല എന്നതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ഞാൻ വീട്ടിലില്ലാതിരുന്ന ഒരു ഉച്ചസമയത്ത് അവർ അൻജിത്തിനു വിളമ്പിയത് പഴകിയ ഭക്ഷണമാണ് എന്നു കണ്ടെത്തിയ ദിവസം ഞാൻ ഞെട്ടുകതന്നെ ചെയ്തു. ഇതൊരു നിസ്സാര സംഭവമാണെന്നു കരുതാൻ എനിക്ക് സാധിച്ചില്ല.
ഞാനതിനെപ്പറ്റി ചോദിച്ചപ്പോൾ ലിസമ്മക്ക് തെല്ലും ഭാവഭേദമുണ്ടായില്ല എന്നതാണ് എന്നെ അതിലും വിഷമിപ്പിച്ചത്. നോട്ടക്കുറവ് സംഭവിച്ചതാണ് എന്ന മട്ടിൽ പറഞ്ഞൊഴിഞ്ഞെങ്കിലും അവരുടെ ശബ്ദത്തിൽ ക്ഷമാപണമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല.
‘‘നീയിവിടെ വീട്ടുജോലിക്ക് നിർത്തിയിരിക്കുന്നത് ആരെയാണ്? എന്നെയോ? ലിസമ്മയെയോ?” മറ്റൊരു ദിവസം അൻജിത്ത് എന്നോടു ക്ഷുഭിതനായി ചോദിച്ചു. കാര്യമെന്തെന്നു മനസ്സിലാകാതെ ഞാൻ അയാളെ പകച്ചുനോക്കി. ലിസമ്മ അൻജിത്തിനോട് ചില വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടതായിരുന്നു കാരണം. ടി.വിയുടെ മുന്നിലിരുന്ന് ലിസമ്മ ആ ദിവസത്തെ മൂന്നാമത്തെ സിനിമ ആകാംക്ഷയോടെ കാണുകയായിരുന്നു.
‘‘നമ്മൾ എല്ലാ പണിയും ചെയ്യുകയാണെങ്കിൽപ്പിന്നെ അവർക്ക് എന്തിനാണ് കാശു കൊടുക്കുന്നത്?’’ അൻജിത്ത് ഒച്ചയുയർത്തി. എനിക്ക് ഉത്തരമില്ലായിരുന്നു. ഈയിടെയായി ലിസമ്മ ചെയ്യേണ്ട പല ജോലികളും ഞാൻ തന്നെയാണ് ചെയ്യാറുള്ളതെന്ന് ഞാൻ അൻജിത്തിനോട് പറഞ്ഞില്ല. അവർക്ക് ടി.വിയിലെയും മൊബൈലിലെയും കാഴ്ചകൾ കഴിഞ്ഞിട്ട് ഒന്നിനും സമയം കിട്ടാതെ വന്നിരിക്കുന്നു.
കഴിഞ്ഞ ദിവസം ലിസമ്മ എന്നോട് അനുവാദം ചോദിക്കുകപോലും ചെയ്യാതെ എന്റെ പുതിയ സ്കൂട്ടിയും ഹെൽമറ്റുമായി ടൗണിൽ പോയത് ഞാൻ നിശ്ശബ്ദം കണ്ടുനിന്നു. അവർ മേശവലിപ്പിൽനിന്നും സ്കൂട്ടിയുടെ ചാവിയെടുത്തതുപോലും ഞാൻ അറിഞ്ഞിരുന്നില്ല. തിരിച്ചുവന്നതിനുശേഷം അവർ സ്കൂട്ടി മുറ്റത്തെ പൊരിവെയിലിൽ ഉപേക്ഷിച്ചതുകണ്ട് എന്റെ മനസ്സ് വിങ്ങി. ലിസമ്മയുടെ സ്കൂട്ടി കാർപോർച്ചിന്റെ തണലിൽ വിശ്രമിക്കുകയാണ്. അവർ എന്നെ വീട്ടിൽനിന്നും വലിച്ചിറക്കി കത്തുന്ന വെയിലിൽ നിർത്തിയിരിക്കുകയാണ് എന്ന തോന്നൽ എനിക്കുണ്ടായി.
പിറ്റേ ആഴ്ച അൻജിത്ത് എത്തേണ്ട ദിവസത്തിന്റെ തലേന്നാണ് ലിസമ്മ ആമുഖമൊന്നും കൂടാതെ എന്നോടതു ചോദിക്കുന്നത്.
‘‘എന്തിനാണ് അൻജിത്ത് എല്ലാ ആഴ്ചയും വരുന്നത്? വരേണ്ടയെന്നു നിനക്ക് പറഞ്ഞുകൂടെ? നിനക്ക് ഇവിടെയിപ്പോൾ കൂട്ടിന് ഞാനുണ്ടല്ലോ.’’
‘‘അൻജിത്ത് എന്റെ ഭർത്താവാണ്.’’ ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ഞാൻ പറഞ്ഞു.
‘‘ഓ... ഭർത്താവ്!’’ ലിസമ്മയുടെ മുഖം പുച്ഛത്താൽ കോടി.
‘‘ഇപ്പോൾത്തന്നെ അയാളെക്കൊണ്ട് നിനക്ക് കാൽക്കാശിന്റെ പ്രയോജനമില്ല. ഇനി കുട്ടികളുംകൂടി ആയിക്കഴിഞ്ഞാൽ നീയെങ്ങനെ ജീവിക്കും? അതിനെപ്പറ്റി നീ ആലോചിച്ചിട്ടുണ്ടോ?’’ ലിസമ്മ ചോദിച്ചു. ഞാൻ നിശ്ശബ്ദയായി.
‘‘എനിക്കുമുണ്ടായിരുന്നു ഒരു കെട്ടിയോൻ.’’ ലിസമ്മ തുടർന്നു.
‘‘കുറച്ചുകാലം കഴിഞ്ഞപ്പോൾത്തന്നെ ഞാനയാളെ കളഞ്ഞിട്ടുപോന്നു. ഇപ്പോൾ എവിടെയാണെന്നാർക്കറിയാം?’’
ലിസമ്മ ഇവിടെ താമസമാരംഭിച്ചിട്ട് ആറു മാസത്തോളമായെങ്കിലും അവരുടെ കുടുംബത്തെപ്പറ്റി ഏറെയൊന്നും സംസാരിച്ചിട്ടില്ല. തുറന്നുകാട്ടാൻ താൽപര്യപ്പെടാത്ത ഒരു ഭൂതകാലം അവർക്കുണ്ടെന്നു കരുതി ഞാൻ കൂടുതലൊന്നും ചോദിച്ചുമില്ല. ലിസമ്മക്ക് മുതിർന്ന രണ്ട് ആൺമക്കളുണ്ടെന്ന കാര്യം ഞാൻ ഇപ്പോഴാണറിയുന്നത്. ഒരാൾ ജെ.സി.ബി ഓപറേറ്ററാണ്. രണ്ടാമത്തെയാൾക്ക് കാറ്ററിങ് ആണ് ജോലി.
‘‘കെട്ടിയോനെ വിട്ടിട്ടുപോന്നതിൽ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല.’’ അവർ വിശദീകരിച്ചു.
‘‘നമ്മൾക്കെന്താ ഈ ജീവിതത്തിൽ വേണ്ടത്? സന്തോഷം, സ്വാതന്ത്ര്യം. അത് കിട്ടിയാൽ പോരെ?’’ ലിസമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ഇടിമുഴക്കംപോലെ പതിച്ചു. എല്ലാവർക്കും അതൊക്കെയാണല്ലോ ആവശ്യം. അവ കിട്ടിയാൽ എല്ലാമായി എന്നാണോ? ഞാനതിനെപ്പറ്റിയുള്ള ഗാഢമായ ചിന്തയിൽ മുഴുകിയതിനാൽ ലിസമ്മ എഴുന്നേറ്റു പോയതുപോലും ഞാനറിഞ്ഞില്ല. ലിസമ്മയെ മുറികളിലൊന്നും തിരഞ്ഞിട്ടു കാണാഞ്ഞതിനാൽ ഞാൻ വീടിന്റെ പിൻഭാഗത്തേക്കു ചെന്നു. ലിസമ്മ പുറകുവശം തൂത്തുകൊണ്ടിരിക്കുകയായിരുന്നു. ഇടക്ക് തൂക്കുന്നതു നിർത്തിയിട്ട് അവിടെയുള്ള ഒരേയൊരു അയൽവീട്ടിലേക്ക് എത്തിനോക്കിക്കൊണ്ട് നിശ്ചലയായി നിൽക്കുന്നുണ്ട്. ഞാനും അങ്ങോട്ട് എത്തിവലിഞ്ഞു നോക്കി. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ ദമ്പതികളെ പുറത്തേക്കൊന്നും കാണാനില്ല. അവരുടെ മക്കളൊക്കെ വിദേശത്താണെന്നാണ് കേട്ടത്.
വീടിന്റെ മുൻവശത്ത് കരിയിലകൾ കുന്നുകൂടിക്കിടക്കുന്നത് റോഡിലൂടെ പോകുന്നവർ കാണുമെന്നും അതുകൊണ്ട് എല്ലാദിവസവും രാവിലെ അവിടം തൂത്തു വൃത്തിയാക്കണമെന്നും ഞാൻ ലിസമ്മയെ ചട്ടം കെട്ടിയിരുന്നു. എന്നാൽ ഇന്നോളം ലിസമ്മ അതൊന്നും കേട്ട മട്ട് കാണിച്ചിട്ടില്ല. സഹികെട്ട് ഞാൻതന്നെ മുൻവശം തൂത്തുവൃത്തിയാക്കുകയാണ് പതിവ്. എന്നാൽ, വീടിന്റെ പുറകുവശം തൂക്കാൻ ആരും ലിസമ്മയോടു പറയേണ്ടതില്ല. ചിലപ്പോൾ ചപ്പുചവറുകൾ അവിടെ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയിലും ലിസമ്മ അടുത്ത വീട്ടിലേക്ക് എത്തിനോക്കി നിൽക്കുന്നതു കാണാം.
ആരോടും അധികം അടുപ്പം കാണിക്കാത്ത ലിസമ്മ അവിടത്തെ പ്രായമായ ഭാര്യാഭർത്താക്കന്മാരുമായി സൗഹൃദം സ്ഥാപിച്ചോ എന്നു ഞാൻ അതിശയിച്ചു. അല്ലെങ്കിൽ അവരുടെ വീട്ടുജോലിക്കാരിയുമായി ചങ്ങാത്തത്തിലായിക്കാണും. ആ പെണ്ണ് എന്നും വൈകുന്നേരം ഇതുവഴിയാണ് തിരിച്ചുപോകാറുള്ളത്. അങ്ങനെയെങ്കിൽ ലിസമ്മയുടെ സഹായത്തോടെ അവരുടെ വീട്ടുമുറ്റത്തുള്ള ഒരു പൂച്ചെടിയുടെ തണ്ട് സംഘടിപ്പിക്കാൻ പറ്റുമോ എന്നു ഞാൻ ചിന്തിച്ചു. നക്ഷത്രാകൃതിയിൽ കുഞ്ഞു പൂക്കളുള്ള ആ ചെടി എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. പറ്റിയാൽ പഴയതിലും ഭംഗിയുള്ള ഒരു പൂന്തോട്ടംതന്നെ െവച്ചുപിടിപ്പിക്കണമെന്നും ഞാൻ പദ്ധതിയിട്ടു.
പിറ്റേ ആഴ്ച പതിവിലും വൈകിയാണ് അൻജിത്ത് വന്നത്. അന്ന് ഉച്ച മുതൽതന്നെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി വെളിച്ചം മങ്ങിയിരുന്നു. അപ്പോൾ മൂടിക്കെട്ടിയ മറ്റൊരു മാനംപോലെ ലിസമ്മയുടെ മുഖഭാവം മാറിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അൻജിത്ത് വരാൻ പോകുന്നതിന്റെ അസ്വസ്ഥതയായിരിക്കും അവർക്കെന്ന് ഞാനൂഹിച്ചു. എന്തുകൊണ്ടാണ് അവർ ഇതിൽ ഇത്രയധികം അസ്വസ്ഥയാകുന്നതെന്ന് എനിക്ക് മനസ്സിലാക്കാനായില്ല. ഒരാൾക്കുകൂടി ഭക്ഷണമുണ്ടാക്കേണ്ടതിന്റെ അധിക ജോലിഭാരമാണോ അതോ അൻജിത്തിന്റെ സാന്നിധ്യമാണോ ഏതാണ് ലിസമ്മയുടെ പ്രശ്നമെന്ന് എനിക്ക് തീർപ്പുകൽപിക്കാൻ കഴിഞ്ഞില്ല. എന്തായാലും നേരമിരുട്ടുംതോറും ലിസമ്മ കൂടുതൽ അസഹിഷ്ണുത കാട്ടിത്തുടങ്ങി.
സമയം കടന്നുപോയി. അൻജിത്ത് സ്ഥിരമായെത്തുന്ന സമയവും കഴിഞ്ഞിരുന്നു. പെരുമഴ പെയ്തുതുടങ്ങിയത് പെട്ടെന്നായിരുന്നു. വീടിന്റെ മച്ചിന്റെ മേലെ ആലിപ്പഴംപോലെ എന്തോ ഒന്ന് ശക്തമായി വന്നുവീണു. മേൽക്കൂരയുടെ വിടവിലൂടെ ഒന്നോ രണ്ടോ തുള്ളി മഴവെള്ളം അകത്തേക്കു വീണു. ‘‘നാശം...’’ ലിസമ്മ പിറുപിറുത്തു. മഴയോടൊപ്പം ശക്തമായ കാറ്റ് കൂടിയായപ്പോൾ അൻജിത്തിന്റെ സ്കൂട്ടറിന്റെ ഒച്ച ഞങ്ങളിരുവരും കേട്ടില്ല. കാറ്റത്ത് മുറ്റത്തെ മാവിന്റെ ചെറുചില്ലകൾ ഒടിഞ്ഞുവീഴുന്ന ശബ്ദം കേൾക്കാമായിരുന്നു.
പെട്ടെന്ന് വാതിലിലും ജനൽച്ചില്ലുകളിലും മാറിമാറി ആരോ ശക്തമായി തട്ടുന്നതു കേട്ടു. അൻജിത്ത് എന്നെ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ‘‘വാതിൽ തുറക്ക്.’’ അൻജിത്തിന്റെ ശബ്ദം ഞാൻ അവ്യക്തമായി കേട്ടു.
ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് വാതിലിന്റെ നേർക്കു നടന്നു.
‘‘വാതിൽ തുറക്കരുത്.’’ തൊട്ടുപിന്നിൽ ലിസമ്മയുടെ അലർച്ച കേട്ട് ഞാൻ പ്രതിമപോലെ നിന്നു. മനസ്സിലാകാത്ത മട്ടിൽ ഞാനവരെ പകച്ചുനോക്കി.
അടുത്ത നിമിഷത്തിൽ അൻജിത്ത് വിളിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു. ഞാൻ വാതിലിന്റെയടുത്തേക്ക് ഒരു ചുവടുകൂടിെവച്ചു.
‘‘തുറക്കരുതെന്നല്ലേ പറഞ്ഞത്?’’ ലിസമ്മ രൗദ്രഭാവത്തിൽ എന്റെയടുത്തേക്കു പാഞ്ഞുവന്നു.
‘‘നീ വാതിൽ തുറന്നാൽ പിന്നെയൊരു നിമിഷംപോലും ഞാനിവിടെ ഉണ്ടാവില്ല.’’ ലിസമ്മ നിർദാക്ഷിണ്യം പ്രസ്താവിച്ചു.
ഞാൻ പിന്തിരിഞ്ഞു. കരച്ചിലും പേടിയും അടക്കിപ്പിടിച്ച് ഞാൻ നിസ്സഹായയായി അവരെ നോക്കി. വാതിൽക്കൽ അൻജിത്ത് മുട്ടിവിളിക്കുന്നതു തുടർന്നു.
‘‘അൻജിത്ത് വിഷമിക്കും. മഴ നനഞ്ഞാൽ ശ്വാസംമുട്ടലുണ്ടാകുന്ന ആളാണ്.’’ ഞാൻ ദയനീയമായി പറഞ്ഞു. ലിസമ്മയുടെ മനസ്സിന് അലിവുണ്ടായില്ല. അൻജിത്ത് വീണ്ടും വീണ്ടും വിളിക്കുന്നതു കേട്ടു. ഞാൻ വാതിൽ തുറന്നില്ല. ക്രമേണ മഴ ശമിച്ചു. പിന്നീട് ഏറെ സമയം കഴിഞ്ഞ് ഞാൻ ജനൽപ്പാളി പാതി തുറന്നുനോക്കി. വരാന്തയിൽ അൻജിത്ത് ഉണ്ടായിരുന്നില്ല.
പിറ്റേന്ന് ഞാൻ പതിവിലും വൈകിയാണെഴുന്നേറ്റത്. രാത്രിയിൽ ഉറക്കമില്ലാതിരുന്നതുകൊണ്ട് തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഞാൻ ജനാല തുറന്ന് പുറത്തേക്ക് നോക്കി കുറെ സമയം നിന്നു. ചുറ്റുപാടുകൾക്ക് യാതൊരു മാറ്റവും കണ്ടില്ല. അപ്പോൾ തലേദിവസം രാത്രിയിൽ നടന്നതൊക്കെ യഥാർഥത്തിൽ സംഭവിച്ചതാണെന്നു വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു ലിസമ്മയുടെ പെരുമാറ്റം. അൻജിത്തിന്റെ പേര് പോലും അവർ ഉച്ചരിച്ചില്ല.
ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ലിസമ്മയുടെ മക്കൾ അവരെ കാണാനായി വീട്ടിലെത്തുന്നത്. തിരക്കുള്ള ഒരു പ്രഭാതത്തിൽ ജോലിസ്ഥലത്തേക്കു പോകാനായി ഒരുങ്ങുകയായിരുന്നു ഞാൻ.
‘‘പിള്ളേരു രണ്ടും ഇങ്ങോട്ടൊന്നു വരുന്നുണ്ടെന്നു പറഞ്ഞു.’’ ലിസമ്മ അറിയിച്ചു.
‘‘അവരിവിടെ വന്നിട്ടില്ലല്ലോ. ഞാനവന്മാരെ കണ്ടിട്ടും കുറച്ചു നാളായി.’’
കൂടുതൽ ആലോചിക്കാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. അവർക്കായി എന്തു ഭക്ഷണമാണ് ഉണ്ടാക്കേണ്ടതെന്ന് ഞാൻ ലിസമ്മയോടു ചോദിച്ചു. അടുക്കളയിൽ പച്ചക്കറികളും പലചരക്കു സാമഗ്രികളും തീർന്നുതുടങ്ങിയിരുന്നു.
‘‘ഏയ്, ഇവിടെ ഒന്നും ഉണ്ടാക്കേണ്ട. പിള്ളേർക്കു വേണ്ടതൊക്കെ അവന്മാർ സൊമാറ്റോയിൽ ഓർഡർ ചെയ്തോളും.’’ ലിസമ്മ ഒരു ഔദാര്യംപോലെ അറിയിച്ചു.
‘‘ആ കാശൊക്കെ നീ പിന്നീട് എനിക്കു തന്നാൽ മതി.’’
മാസാവസാനമായതുകൊണ്ട് എന്റെ അക്കൗണ്ടിൽ അത്രയും പണം ഉണ്ടാകുമോ എന്നുറപ്പില്ലായിരുന്നെങ്കിലും ഞാൻ തലയാട്ടി.
വൈകുന്നേരം ഞാൻ തിരിച്ചെത്തുമ്പോഴേക്കും അവർ പോയിട്ടുണ്ടാകും എന്നാണു ഞാൻ കരുതിയത്. പക്ഷേ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങളുടെ കിടപ്പെന്ന് വീട്ടിലേക്കു കാലെടുത്തുെവച്ചപ്പോൾത്തന്നെ എനിക്കു മനസ്സിലായി. അടുക്കളയിലും ഡൈനിങ് ഹാളിലും ഭക്ഷണാവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നു. മദ്യത്തിന്റെ മണം തിരിച്ചറിയാതിരിക്കാനായി രൂക്ഷഗന്ധമുള്ള ഒരു പെർഫ്യൂം എല്ലായിടത്തും അടിച്ചിരുന്നു. ഓക്കാനവും ശ്വാസംമുട്ടലുംകൊണ്ട് എനിക്കു പൊറുതിമുട്ടി. ടീ ഷർട്ടും ബർമുഡയുമിട്ട കുറെ ചെറുപ്പക്കാർ എല്ലായിടത്തും മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ ലിസമ്മയുടെ മകനെന്നു തോന്നിച്ച ഒരുവൻ എന്റെ ഭാവമാറ്റത്തെ കളിയാക്കി,
‘‘ചേച്ചിക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ലെന്നു തോന്നുന്നല്ലോടാ. കണ്ടോ... കണ്ടോ... തുറിച്ചുനോക്കുന്നതു കണ്ടോ?’’
‘‘അതൊക്കെ വെറുതെ തോന്നുന്നതാടാ.’’ ഊശാൻതാടിയും മയങ്ങിയ കണ്ണുകളുമുള്ള മറ്റൊരുവൻ പറഞ്ഞു.
‘‘ചേച്ചിക്കിതൊന്നും ഒരു പ്രശ്നവുമല്ല. നമ്മുടെ സന്തോഷമാ ചേച്ചിയുടെയും സന്തോഷം.’’ അവൻ പെട്ടെന്ന് മുന്നോട്ടു വന്ന് എന്റെ തോളിലൂടെ കയ്യിട്ടുകൊണ്ട് അങ്ങനെയല്ലേ എന്ന അർഥത്തിൽ എന്റെ മുഖത്തേക്കു നോക്കി. ലിസമ്മയുടെ ഇളയ മകനായിരുന്നു അത്.
‘‘എല്ലാവരും ഇപ്പോൾ ഇറങ്ങിക്കൊള്ളണം ഇവിടെനിന്ന്.’’ അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ഞാൻ ദേഷ്യത്തോടെ അലറി. അവൻ എന്നെ അലസമായി ഒന്നു നോക്കിയിട്ട് സോഫയിലേക്ക് ചാഞ്ഞു.
ഞാൻ ലിസമ്മയുടെയടുത്തേക്കു പാഞ്ഞുചെന്നിട്ട് സംഭവിച്ചതൊക്കെ വിവരിച്ചു. ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നതിനിടയിൽ അവർ ഞാൻ പറഞ്ഞതൊക്കെ മൂളിക്കേട്ടു.
‘‘മക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം.’’ ഞാൻ അവരോട് ഒച്ചയുയർത്തിപ്പറഞ്ഞു. ഇത്തവണ ലിസമ്മയുടെ വിരോധത്തെ ഞാൻ ഭയന്നില്ല.
‘‘ഓ... പിന്നെ! എന്റെ കൊച്ച് ഒന്നു തൊട്ടെന്നുവച്ച് എന്താ കുഴപ്പം? ഉരുകിപ്പോകുമോ?’’ ലിസമ്മ എന്നെ പരിഹസിച്ചു.
‘‘അവനു വെറും ഇരുപതു വയസ്സേയുള്ളൂ.’’ അവർ കൂട്ടിച്ചേർത്തു.
ലിസമ്മയുടെ മക്കളും സുഹൃത്തുക്കളും പിറ്റേ ദിവസം രാവിലെയാണു മടങ്ങിയത്. രാത്രി മുഴുവൻ ഉച്ചത്തിലുള്ള സംസാരവും പാട്ടും ആർപ്പുവിളികളും കേൾക്കാമായിരുന്നു. ലിസമ്മ വീടിന്റെ അധികാരം പിടിച്ചെടുത്തുവെന്ന് എനിക്ക് ഉറപ്പായി. എന്റെ സമാധാനം മുഴുവനായും നഷ്ടപ്പെട്ടു. അൻജിത്ത് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്നു ഞാനാശിച്ചുപോയി. ഞാൻ ഉടൻതന്നെ മൊബൈലെടുത്ത് അൻജിത്തിന്റെ നമ്പറിൽ വിരലമർത്തി. അയാൾ പരിധിക്കു പുറത്താണെന്ന സന്ദേശം അപ്പോൾ കേട്ടു. ഞാൻ കടുത്ത നിരാശയോടെ മൊബൈൽ ചേർത്തുപിടിച്ചുകൊണ്ട് കുറെ സമയം ഇരുന്നു.
പിറ്റേ ദിവസം ലിസമ്മ എന്നോട് അകലം പാലിച്ചു. പകൽ മുഴുവനും അവർ മുറിയടച്ചിരിക്കുകയായിരുന്നുവെന്ന് ഞാൻ ഊഹിച്ചു. വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞെത്തുമ്പോൾ അവർ വീടിന്റെ പുറകുവശത്ത് നേരിയ ചാറ്റൽ മഴ വകവെക്കാതെ ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം നിൽക്കുന്നതാണു കണ്ടത്. അടുത്ത വീട്ടുകാരെയൊന്നും പുറത്തേക്കു കാണാനില്ലാതിരുന്നതിനാൽ ലിസമ്മ എന്തിനാണവിടെ നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. ഇതിനിടയിൽ മഴച്ചാറൽ ശക്തമായി. അപ്പുറത്തെ വീട്ടുജോലിക്കാരി പെൺകുട്ടി പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നത് ഞങ്ങൾ മഴയുടെ മറവിലൂടെ കണ്ടു.
നല്ല കാറ്റും മഴയും മിന്നലുമുള്ള ഒരു തുലാമാസ രാത്രിയായിരുന്നു അത്. ആകാശം നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച കറുത്ത ജലാശയമാണെന്നു തോന്നി. മുട്ടവിരിഞ്ഞു പുറത്തുവന്ന വെള്ളിനാഗങ്ങളെപ്പോലെ ആകാശത്ത് മിന്നൽപ്പിണരുകൾ പുളഞ്ഞു. മുറ്റത്തെ കൂറ്റൻമാവിന്റെ ചില്ലകളിൽനിന്നും മഴത്തുള്ളികൾ മറ്റൊരു ആകാശത്തിൽ നിന്നെന്നവണ്ണം കോരിച്ചൊരിയുന്നതു കണ്ടു. അപ്പോൾ കറുത്ത കുടകൾപോലെ അസംഖ്യം വവ്വാലുകൾ ശിഖരങ്ങളിൽ നിരന്നിരിക്കുന്ന കാഴ്ച കണ്ട് ഞാൻ ഞെട്ടലോടെ ജനാല ചേർത്തടച്ചു. തൊട്ടടുത്ത നിമിഷംതന്നെ വവ്വാലുകളിലൊരെണ്ണം പാറിവന്ന് ശക്തിയോടെ എന്റെ ജനാലച്ചില്ലിൽ തട്ടി.
ചില്ലുകൾ തകർത്ത് അത് മുറിക്കുള്ളിൽ കടന്നെന്ന് ഞാൻ ഭയന്നു. ഞാൻ ഒരു നിലവിളിയോടെ പുറത്തേക്കോടി. അപ്പോൾ ലിസമ്മയുടെ മുറിയിൽ ഇരുട്ടത്ത് പതിഞ്ഞ സംസാരം കേൾക്കാമായിരുന്നു. പറയുന്നതെന്തെന്നു വ്യക്തമായില്ലെങ്കിലും അതെന്തോ ഗൗരവമുള്ള കാര്യമാണെന്ന് സംസാരരീതികൊണ്ട് ഞാൻ ഊഹിച്ചു. ഞാൻ ഭീതിയോടെ എന്റെ മുറിയിലേക്ക് കടന്നു. എന്നെ വിട്ടൊഴിഞ്ഞിരുന്ന ആകുലതകൾ ഒരു തിരമാലപോലെ പാഞ്ഞുവന്ന് എന്നെ ചുഴറ്റിയെറിയാൻ തുടങ്ങി. ഞാൻ വെപ്രാളത്തോടെ മൊബൈലെടുത്ത് അൻജിത്തിനെ വിളിച്ചു. ഇത്തവണ മൊബൈൽ റിങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ആരും അറ്റൻഡ് ചെയ്തില്ല. അൻജിത്ത് പെരുമഴയത്ത് വാതിലിൽ മുട്ടിവിളിച്ചുകൊണ്ട് വരാന്തയിൽ കാത്തുനിന്നത് ഞാൻ അപ്പോൾ ഓർമിച്ചു. രാത്രി മുഴുവൻ ഞാൻ അശരണയായി അൻജിത്തിനെ മൊബൈലിൽ വിളിച്ചുകൊണ്ടിരുന്നു. മറുപടി ഉണ്ടായില്ല.
വെളുപ്പാൻകാലത്തെപ്പോഴോ ഒന്നു മയങ്ങിപ്പോയിരിക്കണം. വലിയ ബഹളവും വാഹനങ്ങളുടെ ഹോൺവിളികളും കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. നേരം വെളുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുറകുവശത്തെ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് ആരൊക്കെയോ ഓടിപ്പോകുന്നത് ഞാൻ ജനാല തുറന്നപ്പോൾ കണ്ടു. ഞാൻ തിടുക്കത്തിൽ താഴേക്കു ചെന്ന് അടുക്കളവാതിൽ തുറന്നപ്പോൾ അവിടെ ഒരു വലിയ ആൾക്കൂട്ടം രൂപപ്പെട്ടിരിക്കുന്നതു കണ്ടു. ലിസമ്മ എല്ലാം വീക്ഷിച്ചുകൊണ്ട് അടുക്കളവാതിലിൽ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ റോഡിലൂടെ ഏതാനും സ്ത്രീകൾ നിലവിളിച്ചുകൊണ്ട് അങ്ങോട്ടേക്കു പാഞ്ഞുപോയി.
‘‘എന്താ? എന്തുപറ്റി?’’ ഞാൻ ഉദ്വേഗത്തോടെ ഒരു സ്ത്രീയോടു ചോദിച്ചു.
‘‘ദാ... അവിടെ...’’ അവർ മുഴുമിപ്പിക്കാതെ ഭീതിയോടെ അടുത്ത വീടിന്റെ നേർക്ക് കൈചൂണ്ടി.
‘‘അവിടത്തെ അച്ഛനെയും അമ്മയെയും ആരോ...’’
‘‘അലമാരയൊക്കെ കുത്തിത്തുറന്നുവത്രെ.’’ പിന്നാലെ വന്ന ഒരു പുരുഷൻ അറിയിച്ചു.
ആ വീടിന്റെ ഉമ്മറത്ത് പേടിച്ചരണ്ട മുഖവുമായി ജോലിക്കാരിപ്പെണ്ണ് നിൽപുണ്ടായിരുന്നു. അവൾക്കുചുറ്റും കുറെ അയൽക്കാരും പൊലീസുകാരും. മുറ്റത്ത് പൊലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് ഞാൻ അപ്പോഴാണ് കാണുന്നത്. ടി.വി ചാനലുകാരുടെ കാമറകൾ അവർക്കുനേരെ കണ്ണു തുറന്നിരിക്കുന്നു.
അപ്പോൾ കുറച്ചു പൊലീസുകാർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത് ഞാൻ അമ്പരപ്പോടെ കണ്ടു. മീഡിയാസംഘം അവരെ അനുഗമിക്കുന്നുണ്ട്.
‘‘നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. ദയവായി ഞങ്ങളോട് സഹകരിക്കുക. എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്.’’
എസ്.ഐ എന്റെ കൈകളിൽ വിലങ്ങു വെക്കുന്നതിനിടയിൽ പറഞ്ഞു, എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ ഞാൻ നിലവിളിയോടെ ശബ്ദമുയർത്താൻ ശ്രമിച്ചു.
‘‘ഒച്ച വച്ചിട്ട് കാര്യമില്ല.’’ എസ്.ഐ പറഞ്ഞു.
‘‘എല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സാക്ഷിമൊഴികളും മറ്റു തെളിവുകളുമുണ്ട്.’’
ഞാൻ നടുക്കത്തോടെ ചുറ്റിലും നോക്കി. എന്റെ സ്കൂട്ടിയും ഹെൽമെറ്റും മുറ്റത്ത് മഴ നനഞ്ഞിരിക്കുന്നത് ഞാൻ അപ്പോഴാണു കാണുന്നത്. എന്റെ റെയിൻകോട്ടും ചുരിദാറും അയയിൽ നനഞ്ഞുകിടക്കുന്നുണ്ട്. അടുക്കള വാതിലിലും പടികളിലും എന്റെ ഷൂസിട്ടു ചവിട്ടിയ ചെളിയടയാളങ്ങൾ... ഇതെങ്ങനെ സംഭവിച്ചു? ഞാൻ ഇന്നലെ രാത്രി മഴയത്ത് പുറത്തിറങ്ങിയില്ലല്ലോ! അമ്പരപ്പോടെ ഞാൻ ലിസമ്മയെ നോക്കി. ചുവരിൽ ചാരിനിന്നുകൊണ്ട് അവർ രംഗം വീക്ഷിക്കുകയാണ്. അവരുടെ ചുണ്ടുകളിൽ അർഥഗർഭമായ ഒരു ചിരി മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
കൈകളിൽ വിലങ്ങുമായി പൊലീസ് ജീപ്പിലേക്കു കയറുന്നതിനു മുമ്പ് ഞാൻ ലിസമ്മയെ തിരിഞ്ഞുനോക്കി. അപ്പോൾ ലിസമ്മ എനിക്ക് മുഖം മറയ്ക്കുന്നതിനായി ഒരു കറുത്ത ഷാൾ എറിഞ്ഞുതന്നു. പിറകിൽ ഞങ്ങളുടെ വീടിന്റെ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.