തീ​റ്റ​ബാ​ക്കി

ഇ​ന്ന​ലെ മു​ത​ൽ അ​ച്ഛ​ൻ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​ടു​ത്ത കാ​ല​ത്താ​യി തെ​ളി​ഞ്ഞു​കാ​ണാ​ത്ത മു​ഖ​ത്ത് ആ ​ചി​രി ക​ണ്ട​പ്പോ​ഴേ ഊ​ഹി​ച്ചു. സ​ന്തോ​ഷ​ത്തി​ന്റെ വ​ലു​തെ​ന്തോ വ​രാ​നി​രി​ക്കു​ന്നു. വ​യ​റി​ങ്ങി​ന്റെ പ​ണി​ക​ഴി​ഞ്ഞ് ടൗ​ണി​ൽ​നി​ന്ന് വ​ന്ന​യു​ട​ൻ അ​ടു​ക്ക​ള​യി​ൽ കാ​പ്പി തി​ള​പ്പി​ച്ചുകൊ​ണ്ടു​നി​ന്ന അ​മ്മ​യെ തൊ​ട്ടു പി​ന്നി​ൽ​ച്ചെ​ന്ന് ഒ​ച്ച​യി​ട്ട് അ​ച്ഛ​ൻ പേ​ടി​പ്പി​ച്ചു. നി​ന്ന​നി​ൽ​പി​ൽ അ​മ്മ ചാ​ടി​പ്പോ​യി. ബ​ഹ​ളം കേ​ട്ട് സോ​ഫ​യി​ൽ മ​യ​ങ്ങി​ക്കി​ട​ക്കു​ന്ന പ്രി​യ​ച്ചേ​ച്ചി ഞെ​ട്ടി​യു​ണ​ർ​ന്ന് ചു​റ്റും മി​ഴി​ച്ചുനോ​ക്കി. ഒ​ന്നു​മി​ല്ലെ​ന്ന്...

ഇ​ന്ന​ലെ മു​ത​ൽ അ​ച്ഛ​ൻ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

അ​ടു​ത്ത കാ​ല​ത്താ​യി തെ​ളി​ഞ്ഞു​കാ​ണാ​ത്ത മു​ഖ​ത്ത് ആ ​ചി​രി ക​ണ്ട​പ്പോ​ഴേ ഊ​ഹി​ച്ചു. സ​ന്തോ​ഷ​ത്തി​ന്റെ വ​ലു​തെ​ന്തോ വ​രാ​നി​രി​ക്കു​ന്നു. വ​യ​റി​ങ്ങി​ന്റെ പ​ണി​ക​ഴി​ഞ്ഞ് ടൗ​ണി​ൽ​നി​ന്ന് വ​ന്ന​യു​ട​ൻ അ​ടു​ക്ക​ള​യി​ൽ കാ​പ്പി തി​ള​പ്പി​ച്ചുകൊ​ണ്ടു​നി​ന്ന അ​മ്മ​യെ തൊ​ട്ടു പി​ന്നി​ൽ​ച്ചെ​ന്ന് ഒ​ച്ച​യി​ട്ട് അ​ച്ഛ​ൻ പേ​ടി​പ്പി​ച്ചു. നി​ന്ന​നി​ൽ​പി​ൽ അ​മ്മ ചാ​ടി​പ്പോ​യി. ബ​ഹ​ളം കേ​ട്ട് സോ​ഫ​യി​ൽ മ​യ​ങ്ങി​ക്കി​ട​ക്കു​ന്ന പ്രി​യ​ച്ചേ​ച്ചി ഞെ​ട്ടി​യു​ണ​ർ​ന്ന് ചു​റ്റും മി​ഴി​ച്ചുനോ​ക്കി. ഒ​ന്നു​മി​ല്ലെ​ന്ന് ഞാ​ൻ ആം​ഗ്യംകാ​ണി​ച്ചു. ഉ​റ​ങ്ങി​ക്കോ​ട്ടെ. അ​മ്മ ചീ​ത്ത പ​റ​ഞ്ഞെ​ങ്കി​ലും അ​തൊ​ന്നും തീ​രെ കൂ​സാ​തെ അ​ച്ഛ​ൻ മൊ​ബൈ​ൽ തു​റ​ന്ന് എ​ന്നെ കാ​ണി​ച്ചു.

‘‘കൊ​ച്ചേ ക​ണ്ടോ… ഇ​താ​രാ വ​രു​ന്നേ​ന്ന്... ഒ​രു ഡോ​ക്ട​ർ ഫാ​മി​ലി. താ​ഴ​ത്തെ നെ​ല മു​ഴു​വ​ൻ വേ​ണം. അ​തും ര​ണ്ടു ദി​വ​സ​ത്തേ​ക്ക്.’’

അ​ച്ഛ​ന്റെ തു​ള്ളി​ച്ചാ​ട്ട​ത്തി​ന് കാ​ര​ണ​മ​താ​ണ്.

ഇ​ത്ത​വ​ണ​ത്തെ സീ​സ​ൺ തു​ട​ങ്ങി ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ങ്ങോ​ട്ട് മാ​ത്രം ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ലും ആ​ളു കു​റ​വാ​യി​രു​ന്നു.

റോ​ഡി​ൽ​നി​ന്നു​മാ​റി കാ​ടി​ന്റെ തു​ട​ക്ക​ത്തി​ൽ കൈ​പ്പ​ത്തിപോ​ലെ പ​ര​ന്ന ഒ​രു പൊ​ക്ക​ത്ത​ട്ടി​ലാ​യി​രു​ന്നു ‘ഫോ​റ​സ്റ്റ് ബ്ലൂ’ ​എ​ന്ന ഞ​ങ്ങ​ളു​ടെ ഹോം​സ്റ്റേ. വി​ജ​ന​മാ​യ ചു​റ്റു​പാ​ടു​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടും. മൂ​ന്നു മു​റി​ക​ളാ​ണ് താ​ഴെ. ഹാ​ളും ബാ​ൽ​ക്ക​ണി​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു മു​റി​ക​ൾ മു​ക​ളി​ലും. താ​ഴെ വ​രാ​ന്ത​യി​ലെ ക​ണ്ണാ​ടി അ​ല​മാ​ര​യി​ൽ ഗെ​സ്റ്റി​നു കാ​ണാ​ൻ പാ​ക​ത്തി​ൽ വൈ​ൻ കു​പ്പി​ക​ൾ നി​ര​ത്തി​വെ​ച്ചി​ട്ടു​ണ്ട്. വേ​ണ​മെ​ങ്കി​ൽ മു​റ്റ​ത്ത് ഒ​രു ക്യാ​മ്പ് ഫ​യ​ർ ഒ​രു​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

പ​തി​വു​പോ​ലെ സീ​സ​ൺ തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ മ​റ്റു പ​ല ഹോം​സ്റ്റേ​ക​ളും ചെ​യ്യു​ന്ന​തു​പോ​ലെ റോ​ഡി​ൽനി​ന്ന് ഇ​ങ്ങോ​ട്ട് ക​യ​റി​വ​രു​ന്ന വ​ഴി​യി​ലെ മ​ര​ങ്ങ​ളൊ​ക്കെ ഇ​ലു​മി​നേ​ഷ​ൻ ബ​ൾ​ബു​ക​ൾകൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രു​ന്നു.

‘‘കൊ​ച്ചേ ആ ​ലൈ​റ്റ് ഒ​ന്നി​ട്‌...’’ ഇ​രു​ട്ടു​ന്ന​തി​നു​മു​മ്പ് ഇ​ലു​മി​നേ​ഷ​നൊ​ക്കെ വേ​ണോ എ​ന്ന് അ​മ്മ പി​റു​പി​റു​ത്തെ​ങ്കി​ലും ഞാ​ൻ സ്വി​ച്ചി​ട്ടു.

‘‘ന​മ്മ​ൾ ര​ണ്ടു​മൂ​ന്ന് റി​വ്യൂ​സ് ഒ​ക്കെ ജെ​യ്ക്കി​നെ​ക്കൊ​ണ്ട് ഇ​ടീ​ച്ചി​ല്ലേ..? അ​തി​ന്റെ ഗു​ണ​മാ...’’ അ​ച്ഛ​ന്റെ ശ​ബ്ദ​ത്തി​ൽ ആ​വേ​ശം.

‘‘ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ ഗെ​സ്റ്റാ... കൂ​ടി​യ ക​ക്ഷി​ക​ളാ...’’ സോ​ഫ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ്രി​യ​ച്ചേ​ച്ചി​യെ അ​ച്ഛ​ൻ ത​ട്ടിവി​ളി​ച്ചു.

ചേ​ച്ചി ക​ണ്ണു​തു​റ​ന്ന് ക്ഷീ​ണ​ത്തോ​ടെ എ​ഴു​ന്നേ​റ്റി​രു​ന്നു. അ​ച്ഛ​നെ ത​ട​ഞ്ഞു​കൊ​ണ്ട് അ​മ്മ ചേ​ച്ചി​ക്ക് അ​ടു​ത്തി​രു​ന്നു. എ​ന്നി​ട്ടു പ​തു​ക്കെ പ​റ​ഞ്ഞു.

‘‘ന​മ്മ​ക്ക് ഔ​ട്ട് ഹൗ​സി​ലേ​ക്ക് മാ​റ​ണം.’’

ചേ​ച്ചി ഒ​ന്നും മ​ന​സ്സി​ലാ​കാ​ത്ത​പോ​ലെ ചു​റ്റും നോ​ക്കി​യ​പ്പോ​ൾ അ​ച്ഛ​ൻ ത​നി​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു.

‘‘മ​ന​സ്സി​ലാ​യി​ല്ലേ..? ഔ​ട്ട് ഹൗ​സി​ലേ​ക്കു മാ​റ​ണം​ന്ന്… ചു​മ്മാ കെ​ട​ന്നൊ​റ​ങ്ങാ​ന​ല്ലേ..? എ​വി​ടാ​യാ​ലെ​ന്നാ...’’

പ്രി​യ​ച്ചേ​ച്ചി​ക്ക് മാ​ത്ര​മ​ല്ല. ആ​ർ​ക്കും ഈ ​സെ​റ്റ​പ്പി​ൽ​നി​ന്ന് ഔ​ട്ട് ഹൗ​സി​ലേ​ക്ക് മാ​റു​ന്ന​ത് ഇ​ഷ്ട​മ​ല്ല. ഔ​ട്ട് ഹൗ​സ് എ​ന്നു​പ​റ​ഞ്ഞാ​ൽ വെ​റും പേ​രു മാ​ത്ര​മേ​യു​ള്ളൂ. കു​ഞ്ഞി​പ്പി​ള്ളേ​ര് വ​ര​ച്ചു​ണ്ടാ​ക്കു​ന്ന വീ​ടു​പോ​ലെ നാ​ല് ചു​വ​രു​ക​ളാ​യി ഒ​രു ച​തു​രം. അ​തി​നു​മു​ക​ളി​ൽ ഒ​രു ത്രി​കോ​ണം. തീ​ർ​ന്നു. അ​തി​ലാ​ണ് അ​ഞ്ചു​പേ​ർ ക​രി​യി​ല തൂ​ത്തു​കൂ​ട്ടി​യ​തു​പോ​ലെ ചു​രു​ണ്ടു​കൂ​ടേ​ണ്ട​ത്.

സ​ന്ധ്യ​ക​ഴി​ഞ്ഞ​പ്പോ​ൾ ഗെ​സ്റ്റി​ന്റെ ഫോ​ൺ വ​ന്നു. അ​തോ​ടെ അ​ച്ഛ​ന്റെ ആ​വേ​ശം കൂ​ടി.

‘‘അ​വ​ർ നാ​ലു​പേ​രു​ണ്ട്. എ​ല്ലാ​വ​രും വെ​ജി​റ്റേ​റി​യ​ൻ. നാ​ള​ത്തേ​ക്ക് ല​ഞ്ച് വേ​ണം​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.’’

അ​ച്ഛ​ൻ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞു. ഗെ​സ്റ്റി​നു ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത് അ​ച്ഛ​ന് വ​ലി​യ സ​ന്തോ​ഷ​മാ​ണ്. പ്ര​ത്യേ​കി​ച്ചും മെ​നു​വി​ൽ മീ​ൻ ഉ​ൾ​പ്പെ​ട്ടാ​ൽ. അ​മ്മ​യൊ​ഴി​കെ ഞ​ങ്ങ​ൾ​ക്കും അ​ത​ങ്ങ​നെ ത​ന്നെ. അ​മ്മ അ​തി​ന്റെ​യൊ​ന്നും ഉ​പ്പു​നോ​ക്കു​കപോ​ലും ചെ​യ്യാ​റി​ല്ല.

‘‘എ​ടീ അ​വ​ര് ര​ണ്ടു​ദി​വ​സ​ത്തെ വാ​ട​ക മു​ൻ​കൂ​റാ​യി ജീ​പേ ചെ​യ്തു.’’

അ​ങ്ങ​നെ സാ​ധാ​ര​ണ പ​തി​വി​ല്ല. വ​ന്നു താ​മ​സി​ക്കു​ന്ന ചി​ല​ർ പോ​കു​മ്പോ​ൾ പേ​ശാ​റു​പോ​ലു​മു​ണ്ട്. ചി​ല​പ്പോ​ൾ വ​ഴ​ക്കു​ണ്ടാ​ക്കും. അ​തി​നു പ്ര​ധാ​ന​കാ​ര​ണം ചൂ​ടു​വെ​ള്ള​ത്തി​ന്റെ സെ​റ്റ​പ്പ് നി​ന്നു​പോ​കു​ന്ന​താ​ണ്. ചി​ല​രു​ടെ പ്ര​ശ്നം കി​ട​പ്പു​മു​റി​യി​ലും ബാ​ത്റൂ​മി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വ​ലി​യ ഒ​ച്ചു​ക​ളാ​ണ്. പേ​ടി​ച്ച് പാ​തി​രാ​ത്രി ത​ന്നെ വീ​ട് കാ​ലി​യാ​ക്കി​യ ഒ​രു ബാം​ഗ്ലൂ​ർ ഫാ​മി​ലി എ​ഴു​തി​യ റി​വ്യൂ ആ​ണ് ക​ഴി​ഞ്ഞ സീ​സ​ൺ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്.

പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് അ​ന്ന​ത്തെ പ​ണി ക​ഴി​ഞ്ഞ് സു​ജ​ച്ചേ​ച്ചി എ​ത്തി​യ​തോ​ടെ എ​ല്ലാ​വ​ർ​ക്കും ഉ​ത്സാ​ഹ​മാ​യി. മു​റി​ക​ൾ ഓ​രോ​ന്നാ​യി വൃ​ത്തി​യാ​യി വ​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് അ​മ്മ​ക്ക് ന​ടു​വെ​ട്ടി​യ​തു​മു​ത​ൽ പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ സു​ജ​ച്ചേ​ച്ചി ചോ​റ് വാ​ർ​ത്തു​വെ​ക്കു​മാ​യി​രു​ന്നു. ഉ​ണ​ക്ക​മീ​ൻ കൊ​ണ്ടൊ​രു ഒ​ഴി​ച്ചു​കൂ​ട്ടാ​നും.

‘‘അ​ടു​ത്ത സീ​സ​ണ് മു​മ്പെ​ങ്കി​ലും ഈ ​ക​ർ​ട്ട​ൻ മാ​റ​ണം.’’ സു​ജ​ച്ചേ​ച്ചി പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ ത​ല​യാ​ട്ടി.

ചേ​ച്ചി​യെ അ​ച്ഛ​ന് വ​ക​വെ​പ്പു​ണ്ടാ​കാ​ൻ കാ​ര​ണം മാ​സാ​മാ​സം പെ​ട്രോ​ൾ പ​മ്പി​ൽനി​ന്ന് ചെ​റു​താ​ണെ​ങ്കി​ലും സ്ഥി​ര​മാ​യ ഒ​രു തു​ക ശ​മ്പ​ള​മാ​യി കി​ട്ടു​ന്ന​തി​നാ​ലാ​ണ്. അ​ത് ക​ണ്ട​റി​ഞ്ഞ് ഞാ​നും പ്ല​സ് ടു ​എ​ക്സാം തീ​ർ​ന്ന​യു​ട​ൻ സു​ജ​ച്ചേ​ച്ചി ചെ​യ്ത​തു​പോ​ലെ ഡാ​റ്റ എ​ൻ​ട്രി കോ​ഴ്സി​ന് ചേ​ർ​ന്നി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം ഒ​രു പ​ണി ത​ര​പ്പെ​ടു​ത്ത​ണം.

ഗെ​സ്റ്റ്, വെ​ജി​റ്റേ​റി​യ​നാ​ണെ​ന്ന് കേ​ട്ട​പ്പോ​ൾ സു​ജ​ച്ചേ​ച്ചി​യു​ടെ മു​ഖം മ​ങ്ങി. അ​ഞ്ചോ ആ​റോ പേ​ർ​ക്കു വേ​ണ്ടി ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ബാ​ക്കി​യു​ള്ള​വ​ർ​ക്ക് അ​ൽ​പ​സ്വ​ൽ​പ​മൊ​ക്കെ​ക്കി​ട്ടും. അ​ത്ര​ത​ന്നെ. അ​മ്മ​ക്കും വെ​ജി​റ്റേ​റി​യ​ൻ വേ​വി​ച്ചു​ണ്ടാ​ക്കാ​ൻ ന​ല്ല പാ​ടാ​ണ്. ഇ​റ​ച്ചി വി​ള​മ്പു​മ്പോ​ൾ എ​ന്തെ​ങ്കി​ലും ത​ട്ടു​കേ​ട് പ​റ്റി​യാ​ലും എ​രി​വും മ​സാ​ല​യും കൊ​ണ്ടൊ​ക്കെ നി​ന്നു​പി​ഴ​യ്ക്കാം. വെ​ജി​റ്റേ​റി​യ​നാ​ണെ​ങ്കി​ൽ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ പി​ടി​വീ​ഴും. ക​ഴി​ച്ചു ശീ​ലി​ച്ച​വ​ർ​ക്ക് ചെ​റി​യൊ​രു രു​ചി​മാ​റ്റം പോ​ലും വേ​ഗം ക​ണ്ടു​പി​ടി​ക്കാം.

അ​വ​സാ​ന​മാ​യി പ്രി​യ​ച്ചേ​ച്ചി​യു​ടെ മു​റി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു അ​മ്മ. ആ ​മു​റി​യാ​ണ് ഏ​റ്റ​വും അ​ഴു​കി​ക്കി​ട​ക്കു​ന്ന​ത്. ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്കാ​ൻ വി​ളി​ച്ചാ​ൽ ഒ​രി​ക്ക​ലും എ​ഴു​ന്നേ​ൽ​ക്ക​ത്തി​ല്ല. തി​ന്നാ​നു​ള്ള​ത് മു​റി​യി​ലേ​ക്ക് കൊ​ടു​ക്ക​ണം. അ​ത് വാ​രി​വ​ലി​ച്ച് തി​ന്നു​മ്പോ​ൾ കി​ട​ക്ക​യി​ലും ത​റ​യി​ലു​മൊ​ക്കെ വീ​ഴും. ചേ​ച്ചി കി​ട​ക്കു​ന്ന ആ ​മു​റി​യി​ലെ ബാ​ത്ത്റൂ​മി​ലേ​ക്കാ​ണെ​ങ്കി​ൽ കാ​ലെ​ടു​ത്തു കു​ത്താ​ൻ വ​യ്യ. ചൂ​ലു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ലും ത​റ​യി​ലെ വെ​ള്ളം അ​ടി​ച്ചു ക​ള​യ​ത്തി​ല്ല. എ​ല്ലാം ചേ​ർ​ന്ന് അ​ളി​പു​ളി​യാ​യി കി​ട​ക്കും. അ​തൊ​ക്കെ വൃ​ത്തി​യാ​ക്കു​ന്ന​ത് അ​മ്മ ത​ന്നെ​യാ​ണ്.

മ​ണി​പ്പാ​ലി​ലെ ലോ ​കോ​ള​ജി​ൽ ചേ​ർ​ന്ന് മൂ​ന്നാം വ​ർ​ഷം അ​വ​സാ​ന​മാ​യ​പ്പോ​ഴാ​ണ് പ്രി​യ​ച്ചേ​ച്ചി ഇ​ങ്ങ​നെ​യാ​യ​ത്. കോ​ള​ജി​ലേ​ക്ക് ന​ട​ന്നു​പോ​കാ​വു​ന്ന ദൂ​ര​ത്തി​ലു​ള്ള ഒ​രു പ്രൈ​വ​റ്റ് ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു ചേ​ച്ചി​യും കൂ​ട്ടു​കാ​രും താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ത്ത​വ​ണ സ്റ്റ​ഡി ലീ​വി​ന്‌ വീ​ട്ടി​ലേ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു രാ​ത്രി ഹോ​സ്റ്റ​ലി​ൽനി​ന്ന് അ​ച്ഛ​ന് ഫോ​ൺ വ​ന്നു. ഒ​ട്ടും വൈ​കാ​തെ ജെ​യ്ക്ക​ങ്കി​ളി​ന്റെ കാ​റു​മാ​യി അ​ച്ഛ​ൻ ചെ​ന്ന​പ്പോ​ൾ ആ​കെ​യൊ​രു പു​ക​മ​റ​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​രും കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ല്ല. ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് ഡി​സ്‌​ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി​യ പ്രി​യ​ച്ചേ​ച്ചി പ​ഴ​യ ആ​ളാ​യി​രു​ന്നി​ല്ല. സ്റ്റ​ഡി ലീ​വി​ന് പ​ല​രും ഹോ​സ്റ്റ​ൽ വി​ട്ടു​പോ​യ​പ്പോ​ൾ അ​വ​ളും ഇ​ങ്ങുപോ​ന്നാ​ൽ മ​തി​യാ​രു​ന്നു എ​ന്ന് അ​ച്ഛ​ൻ അ​ക്കാ​ല​ത്ത് എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. അ​ന്ന് പ്ല​സ് വ​ണ്ണി​ലാ​യി​രു​ന്ന ഞാ​ൻപോ​ലും അ​ച്ഛ​നോ​ട് ചോ​ദി​ച്ചു. ശ​രി​ക്കും ചേ​ച്ചി​ക്കെ​ന്താ പ​റ്റി​യ​ത്..? അ​ച്ഛ​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ. അ​ന്നും ഇ​ന്നും. എ​ന്തോ ക​ണ്ട് അ​വ​ള് പേ​ടി​ച്ചു.

കോ​ള​ജി​ൽ​നി​ന്നു ക​ത്തു വ​ന്നി​ട്ടും കൂ​ട്ടു​കാ​ർ വി​ളി​ച്ചി​ട്ടും, അ​ച്ഛ​നൊ​ഴി​കെ ഞ​ങ്ങ​ളൊ​ക്കെ നി​ർ​ബ​ന്ധി​ച്ചി​ട്ടും ചേ​ച്ചി തി​രി​കെ​പ്പോ​കാ​ൻ ത​യാ​റാ​യി​ല്ല.

ഒ​രി​ക്ക​ൽ ആ​രും കേ​ൾ​ക്കാ​തെ ഞാ​ൻ പ്രി​യ​ച്ചേ​ച്ചി​യോ​ട് ചോ​ദി​ച്ചു .

‘‘ഹോ​സ്റ്റ​ലി​ൽ ആ​രാ ചേ​ച്ചി​യെ പേ​ടി​പ്പി​ച്ച​ത്?’’

ആ ​ചോ​ദ്യം കേ​ട്ട​പ്പോ​ൾ ത​ന്നെ ചേ​ച്ചി പേ​ടി​ച്ചെ​ന്നു തോ​ന്നി.

എ​ന്നെ തു​റി​ച്ചു​നോ​ക്കി​യ ശേ​ഷം ചേ​ച്ചി പ​തു​ക്കെ​പ്പ​റ​ഞ്ഞു.

‘‘ഒ​ന്നും ഓ​ർ​ക്കാ​ൻ പ​റ്റു​ന്നി​ല്ല.’’

ര​ണ്ടു​മാ​സം മു​മ്പ് ആ ​ഹോ​സ്‌​റ്റ​ലി​നെ​തി​രെ അ​ച്ഛ​നും ജെ​യ്ക്ക​ങ്കി​ളും കൂ​ടി മ​ണി​പ്പാ​ൽ സ്റ്റേ​ഷ​നി​ൽ പോ​യി പ​രാ​തികൊ​ടു​ത്തു. ആ​റു​മാ​സ​ത്തി​ലേ​റെ വൈ​കി​യ​തി​നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​ൻപോ​ലും ആ​ദ്യ​മൊ​ന്നും അ​വ​ർ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ ജെ​യ്ക്ക​ങ്കി​ൾ ഏ​തൊ​ക്കെ​യോ വ​ഴി​ക​ളി​ൽ ശ്ര​മി​ച്ചി​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ​നി​ന്ന് പ​ല​ത​രം വി​ളി​ക​ൾ വ​ന്നെ​ങ്കി​ലും അ​ച്ഛ​ൻ കേ​സു​മാ​യി മു​ന്നോ​ട്ടു​ത​ന്നെ പോ​യി. അ​തി​നു​ശേ​ഷം അ​ച്ഛ​ന്റെ മു​ഖം എ​പ്പോ​ഴും വ​ലി​ഞ്ഞു​മു​റു​കി​യാ​ണ് ക​ണ്ട​ത്. പ​ക്ഷേ, ഇ​ന്ന് അ​തൊ​ക്കെ മാ​റി. പു​തി​യ ഗെ​സ്റ്റ് ഒ​രു ചാ​ക്ക് സ​ന്തോ​ഷ​വു​മാ​യാ​ണ് വ​രു​ന്ന​തെ​ന്ന് തോ​ന്നി.

‘‘മ​തി... ഇ​ത്രേം മ​തി...’’

പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​ട്ടും അ​മ്മ​യു​ടെ വൃ​ത്തി​യാ​ക്ക​ൽ നീ​ണ്ടു​പോ​യ​പ്പോ​ൾ സു​ജ​ച്ചേ​ച്ചി ദേ​ഷ്യ​പ്പെ​ട്ടു.

എ​ല്ലാം തീ​ർ​ത്തെ​ന്നു​റ​പ്പാ​ക്കി അ​മ്മ വീ​ട് പൂ​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​സാ​നം ഇ​റ​ങ്ങി​യ പ്രി​യ​ച്ചേ​ച്ചി ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. തി​രി​ഞ്ഞുനോ​ക്കി​യ​പ്പോ​ൾ ത​റ​യി​ൽ വ​ലി​യൊ​രു മ​ഞ്ഞ ഒ​ച്ച്. കൊ​മ്പും കി​ളു​കി​ളു​ത്ത പൊ​ണ്ണ​ൻദേ​ഹ​വു​മാ​യി അ​ത​ങ്ങ​നെ വ​രാ​ന്ത​യി​ൽ. പെ​ട്ടെ​ന്ന് ഔ​ട്ട് ഹൗ​സി​ൽനി​ന്ന് കു​റ​ച്ച് ഉ​പ്പു​പൊ​ടി​യു​മാ​യി സു​ജ​ച്ചേ​ച്ചി ഓ​ടി​വ​ന്നു. ഒ​ച്ചി​ന്റെ വ​ഴു​വ​ഴു​പ്പു​ള്ള ശ​രീ​രം ഉ​പ്പി​ന്റെ ത​രി​ക​ൾ ഉ​രു​ക്കി​ക്ക​ള​യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്. ആ ​ത​റ വൃ​ത്തി​യാ​ക്കി ചേ​ച്ചി തി​രി​കെ എ​ത്തി​യ​പ്പോ​ൾ രാ​ത്രി ഒ​ന്ന​ര ക​ഴി​ഞ്ഞു.

എ​ല്ലാ​വ​രും ക്ഷീ​ണ​ത്തി​ലാ​യി​രു​ന്ന​തു​കൊ​ണ്ട് ഔ​ട്ട്‌ ഹൗ​സ് എ​ന്ന ഷെ​ഡ് വൃ​ത്തി​യാ​ക്കു​വാ​നു​ള്ള സ​മ​യം കി​ട്ടി​യി​ല്ല. എ​ങ്ങോ​ട്ടെ​ങ്കി​ലും ഒ​ന്ന് ഉ​റ​ങ്ങി​വീ​ഴ​ണ​മെ​ന്നേ തോ​ന്നി​യു​ള്ളൂ. ഇ​തു​പോ​ലെ​യു​ള്ള​പ്പോ​ൾ കി​ട​ക്കാ​ൻ പാ​ക​ത്തി​ന് ചു​രു​ട്ടി​വെ​ച്ച പാ​യും ത​ല​യ​ണ​യും എ​ടു​ത്തു വി​രി​ച്ചു. പ്രി​യ​ച്ചേ​ച്ചി​യോ​ടു ചേ​ർ​ന്ന് അ​മ്മ കി​ട​ന്നു. ചേ​ച്ചി​ക്കു​റ​ങ്ങാ​ൻ അ​മ്മ അ​ടു​ത്ത് വേ​ണം. തൊ​ട്ട​ടു​ത്ത് സു​ജ​ച്ചേ​ച്ചി​യും ഞാ​നും. ഏ​റ്റ​വും അ​റ്റ​ത്ത് അ​ച്ഛ​ൻ. ഉ​റ​ങ്ങി​ത്തു​ട​ങ്ങി​യാ​ൽ പി​ന്നെ അ​ച്ഛ​ന് വെ​ളി​വി​ല്ല. ഈ ​പ്രാ​യ​ത്തി​ലും ഉ​രു​ളും. കൈ​യും കാ​ലും പൊ​ക്കി അ​ടു​ത്തു​കി​ട​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്തി​ടും. ഏ​ത് പു​ത​പ്പു​കൊ​ണ്ട് പു​ത​ച്ചാ​ലും കാ​ര്യ​മി​ല്ല. അ​ച്ഛ​ന്റെ ത​ണു​പ്പ് മാ​റ​ണ​മെ​ങ്കി​ൽ ഉ​ടു​മു​ണ്ട് ത​ന്നെ ഉ​രി​ഞ്ഞു പു​ത​ക്ക​ണം. ചി​ല​പ്പോ​ൾ അ​ത് സ്ഥാ​നം മാ​റി​ക്കി​ട​ക്കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് പ​തി​വു​പോ​ലെ അ​ച്ഛ​നും എ​നി​ക്കും ഇ​ട​യി​ൽ ത​ല​യ​ണ എ​ടു​ത്തു​വ​ച്ചു. ഗെ​സ്റ്റ് ഉ​ള്ള​പ്പോ​ൾ ഇ​തു​ത​ന്നെ​യാ​ണ് കി​ട​പ്പു​രീ​തി.

ഒ​രു​കാ​ല​ത്ത് ഇ​ന്ദ്ര​ഭാ​നു ക​ർ​ത്ത​യു​ടെ എ​സ്റ്റേ​റ്റി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ക്കാ​ണു​ന്ന​തൊ​ക്കെ. സ​ന്തോ​ഷം തോ​ന്നു​ന്ന ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ച്ഛ​ൻ പ​ഴ​യ​കാ​ല​ത്തെ​പ്പ​റ്റി കൊ​തി​പ​റ​യാ​റു​ണ്ട്. അ​ടു​പ്പി​ച്ച് കു​റെ ദി​വ​സം ഗെ​സ്റ്റ് വ​ന്നു​പോ​വു​കേം അ​വ​ർ​ക്കു​വേ​ണ്ടി വേ​വി​ച്ചു​ണ്ടാ​ക്കി​യ​തൊ​ക്കെ അ​ധി​കം വ​രു​കേം ചെ​യ്താ​ൽ അ​ന്ന് അ​ച്ഛ​ന്റെ സ​ന്തോ​ഷ ദി​വ​സ​മാ​ണ്. രാ​ത്രി​യി​ൽ ഔ​ട്ട് ഹൗ​സി​ൽ ക​ണ്ണും​മി​ഴി​ച്ച് കി​ട​ന്നു​കൊ​ണ്ട് പ​ഴ​യ​തോ​രോ​ന്നു പ​റ​യും.

കു​ടി​ച്ച​തി​ന്റെ ബാ​ക്കി​യാ​യി ആ​ദ്യം തോ​ന്നാ​മെ​ങ്കി​ലും, ഒ​ന്നു ശ്ര​ദ്ധി​ച്ചാ​ൽ അ​തെ​ല്ലാം ക​ർ​ത്താ സാ​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണെ​ന്നു മ​ന​സ്സി​ലാ​കും. വ​ലു​പ്പ​ച്ചെ​റു​പ്പ​മോ പ്രാ​യ​ത്തി​നി​ള​പ്പ​മോ ഒ​ന്നും നോ​ക്കാ​തെ എ​പ്പോ​ഴും കൂ​ടെ​ക്കൂ​ട്ടി​യ ക​ർ​ത്താ​ സാ​റി​നെ​പ്പ​റ്റി ഇ​രു​പ​ത്തി​യ​ഞ്ചി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളു​ടെ മ​ട​ക്കു​ക​ളി​ൽനി​ന്ന് ത​പ്പി​യെ​ടു​ത്ത് അ​ച്ഛ​ൻ പു​റ​ത്തി​ടും. സാ​റി​ന് എ​വി​ടെ​പ്പോ​കു​മ്പോ​ഴും അ​ച്ഛ​ൻ കൂ​ടെ വേ​ണം. അ​വ​സാ​നം കി​ട​പ്പി​ലാ​യ​പ്പോ​ൾ അ​ച്ഛ​ൻ സാ​റി​ന്റെ മു​റി​യി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു. അ​രി​സോ​ണ​യി​ൽ പ​ഠി​ക്കാ​ൻ പോ​യ മ​ക​ൻ തി​രി​ച്ചു​വ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വി​ല​ക്കി​യ​തും അ​ച്ഛ​ൻ ത​ന്നെ​യാ​ണ്.

അ​വ​സാ​നം സു​ജ​ച്ചേ​ച്ചി ഒ​ച്ച​യി​ടും.

‘‘ഒ​ന്നു നി​ർ​ത്താ​മോ... പ​ഴ​യ​തി​ന്റെ കൊ​തി​ പ​റ​ച്ചി​ൽ.’’

ഓ​രോ​ന്നോ​ർ​ത്തു കി​ട​ന്ന് എ​പ്പോ​ഴോ മ​യ​ങ്ങി​പ്പോ​യി.

പി​റ്റേ​ന്ന് അ​തി​രാ​വി​ലെ അ​ച്ഛ​ൻ മ​ടു​ക്കേ​രി ച​ന്ത​യി​ൽ സ്കൂ​ട്ട​റു​മാ​യി പോ​യി ഗെ​സ്റ്റി​ന് ഊ​ണൊ​രു​ക്കാ​ൻ വേ​ണ്ട സാ​ധ​ന​ങ്ങ​ൾ വാ​ങ്ങിവ​ന്നു. എ​ട്ടു​മ​ണി വ​രെ സു​ജ​ച്ചേ​ച്ചി അ​മ്മ​യെ സ​ഹാ​യി​ച്ചു. ക​മ്പ്യൂ​ട്ട​ർ സെ​ന്റ​റി​ന് അ​വ​ധി​യാ​യ​തു​കൊ​ണ്ട് ക​ഴു​കി​യും അ​രി​ഞ്ഞും വെ​ന്തു​വ​രു​ന്ന​ത് ഇ​ള​ക്കി​യും ഞാ​നും അ​ടു​പ്പി​ന​ടു​ത്ത് നി​ന്നു​തി​രി​ഞ്ഞു.

ഉ​ച്ച ആ​യ​പ്പോ​ൾ നെ​യ്യി​ൽ മൊ​രി​ഞ്ഞ പാ​ല​ക് പ​നീ​റി​ന്റെ​യും മ​ഷ്റൂം മ​സാ​ല​യു​ടെ​യും ഗോ​പി മ​ഞ്ചൂ​രി​യ​ന്റെ​യും ദാ​ൽ ഫ്രൈ​യു​ടെ​യും മ​ണം എ​ന്നെ മ​ത്തു​പി​ടി​പ്പി​ച്ചു. അ​മ്മ കാ​ണാ​തെ പ​നീ​റി​ന്റെ ചാ​റ് ഒ​രു കു​ടു​വ​ൻ പ്ലേ​റ്റി​ലേ​ക്ക് കോ​രി​യെ​ടു​ത്ത് ഇ​ന്ന​ല​ത്തെ ബാ​ക്കി​യി​രു​ന്ന പ​ച്ച​റൊ​ട്ടി മു​ക്കി ഞാ​ൻ തി​ന്നു​തു​ട​ങ്ങി. ഉ​റ​ക്കം തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും ചാ​റി​ൽ മു​ക്കി​യ ചെ​റി​യൊ​രു റൊ​ട്ടി​ക്ക​ഷ്ണം ചേ​ച്ചി​യു​ടെ വാ​യി​ൽ വെ​ച്ചു​കൊ​ടു​ത്തു. അ​തു ച​വ​ച്ചു​കൊ​ണ്ട് എ​ന്നെ നോ​ക്കി ഒ​ന്നു ചി​രി​ച്ച​ശേ​ഷം വീ​ണ്ടും ചേ​ച്ചി മ​യ​ങ്ങി​ത്തു​ട​ങ്ങി.

ഉ​ണ്ടാ​ക്കി​യ​ത് മു​ഴു​വ​ൻ വ​രു​ന്ന​വ​ർ തി​ന്നു​തീ​ർ​ക്കാ​നൊ​ന്നും പോ​കു​ന്നി​ല്ല. ഞാ​ൻ ആ ​വി​ചാ​ര​ത്തി​ൽ പാ​ത്രം ക​ഴു​കി നി​ന്ന​പ്പോ​ഴാ​ണ് പു​തി​യൊ​രു ഇ​ന്നോ​വ ക്രി​സ്റ്റ, വ​ള​വു​തി​രി​ഞ്ഞു​വ​രു​ന്ന റോ​ഡി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ടു​ള്ള ക​യ​റ്റം ക​യ​റി ഹോം​സ്റ്റേ​യു​ടെ മു​ന്നി​ൽ എ​ത്തി​യ​ത്. അ​വ​ർ നാ​ലു​പേ​രു​ണ്ടാ​യി​രു​ന്നു. മു​ടി ന​ര​ച്ച ഒ​രു പു​രു​ഷ​നും സ്ത്രീ​യും കൂ​ടെ ഒ​രു ചെ​റു​പ്പ​ക്കാ​ര​നും. അ​വ​രു​ടെ മ​ക​നാ​യി​രി​ക്ക​ണം. വ​ണ്ടി​യോ​ടി​ച്ച നാ​ലാ​മ​നും അ​വ​രു​ടെ സ്വ​ന്ത​ക്കാ​ര​നാ​ണെ​ന്നു തോ​ന്നു​ന്നു. അ​യാ​ളു​ടെ ന​ര​ച്ച മു​ടി​യും ക​റു​പ്പി​ച്ച ക​ട്ടി​മീ​ശ​യും ത​മ്മി​ൽ തീ​രെ ചേ​ർ​ച്ച തോ​ന്നി​യി​ല്ല.

അ​ക്കൂ​ട്ട​ത്തി​ലെ ചെ​റു​പ്പ​ക്കാ​ര​ൻ വ​രാ​ന്ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക​ണ്ണാ​ടി അ​ല​മാ​ര​യി​ലെ കു​പ്പി​ക​ളോ​രോ​ന്നും സൂ​ക്ഷി​ച്ചു​നോ​ക്കി​യ​ശേ​ഷം അ​തി​ലൊ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ഏ​റ്റ​വും വി​ല​കൂ​ടി​യ വൈ​ൻ ആ​യി​രു​ന്നു അ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ല​മാ​ര തു​റ​ക്കാ​ൻ താ​ക്കോ​ലു​മാ​യി ഞാ​ൻ ഓ​ടി​ച്ചെ​ന്ന​പ്പോ​ൾ അ​യാ​ൾ എ​ന്നെ നോ​ക്കി ചി​രി​ച്ചു. ഞ​ങ്ങ​ളെ​ല്ലാം വീ​ട്ടി​ൽ പ​റ​യു​ന്ന അ​തേ മ​ല​യാ​ള​ത്തി​ലാ​ണ് അ​വ​രും പ​ര​സ്പ​രം സം​സാ​രി​ച്ച​ത്. ഭ​ക്ഷ​ണം ത​യാ​റാ​യി​ട്ടു​ണ്ടെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പ്രാ​യ​മു​ള്ള സ്ത്രീ ​പ​റ​ഞ്ഞു.

‘‘ഞ​ങ്ങ​ൾ ഫ്ര​ഷ് ആ​ക​ട്ടെ.’’

മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് അ​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. സാ​ധാ​ര​ണ​യാ​യി ഗെ​സ്റ്റ് സ്വ​യം വി​ള​മ്പി​ക്ക​ഴി​ച്ചോ​ളും. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഡൈ​നി​ങ് ടേ​ബി​ളി​ൽ ഭ​ക്ഷ​ണ​പ്പാ​ത്ര​ങ്ങ​ൾ നി​ര​ത്തി​വെ​ച്ച ശേ​ഷം അ​ച്ഛ​ൻ വെ​റു​തെ ചോ​ദി​ച്ചു.

‘‘ഷാ​ൽ വി ​സെ​ർ​വ്വ്...?’’

‘‘വൈ ​നോ​ട്ട്?’’

ചെ​റു​പ്പ​ക്കാ​ര​ന്റെ ചി​രി കാ​ണാ​ൻ ന​ല്ല ഭം​ഗി​യു​ണ്ട്. ഞാ​നും അ​മ്മ​യും വി​ള​മ്പാ​ൻ കൂ​ടി. വി​ള​മ്പി​ക്കൊ​ടു​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ൽ ന​ന്നാ​യി. അ​ൽ​പം പി​ടി​ച്ചു വി​ള​മ്പി​യാ​ൽ ബാ​ക്കി എ​ന്തെ​ങ്കി​ലും പാ​ത്ര​ങ്ങ​ളി​ൽ കാ​ണു​മ​ല്ലോ. അ​വ​ർ ക​ഴി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ആ ​വി​ചാ​രം വെ​റു​തെ​യാ​ണെ​ന്ന് ബോ​ധ്യ​മാ​യി. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള പാ​ല​ക് പ​നീ​ർ ചെ​റു​പ്പ​ക്കാ​ര​ൻ തോ​പ്പം വാ​ങ്ങി. അ​യാ​ളു​ടെ പേ​ര് രോ​ഹി​ത് എ​ന്നാ​ണെ​ന്ന് സം​സാ​ര​ത്തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​യി.

സ​ന്ധ്യ​യോ​ട​ടു​ത്ത് ചേ​ച്ചി വ​ന്ന​പ്പോ​ൾ ഓ​രോ​രു​ത്ത​ർ​ക്കും മു​മ്മൂ​ന്നു പൊ​റോ​ട്ട വെ​ച്ച് 15 പൊ​റോ​ട്ട​യും ര​ണ്ടു പ്ലേ​റ്റ് ചി​ക്ക​ൻ ക​റി​യും വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നു. ഇ​തി​നി​ട​യി​ൽ ഗെ​സ്റ്റി​ന് രാ​ത്രി ക്യാ​മ്പ് ഫ​യ​റി​നു​ള്ള സ​ജ്ജീ​ക​ര​ണ​വും അ​ച്ഛ​ൻത​ന്നെ​യാ​ണ് ഒ​രു​ക്കി​യ​ത്. പാ​തി​രാ​ത്രി​യി​ൽ ഞാ​ൻ ഞെ​ട്ടി​യു​ണ​ർ​ന്ന​പ്പോ​ൾ പു​റ​ത്ത് ഉ​റ​ക്കെ​യു​റ​ക്കെ​യു​ള്ള ശ​ബ്ദം കേ​ൾ​ക്കാം. എ​ഴു​ന്നേ​റ്റ​പ്പോ​ൾ അ​ച്ഛ​ന്റെ ഉ​ടു​മു​ണ്ട് മാ​റി​ക്കി​ട​ക്കു​ക​യാ​ണെ​ന്നു​ക​ണ്ട് അ​ങ്ങോ​ട്ടു​ള്ള നോ​ട്ടം പി​ൻ​വ​ലി​ച്ചു.

 

ജ​ന​ൽ അ​ൽ​പം തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ മു​റ്റ​ത്ത് രോ​ഹി​ത്തും വ​ണ്ടി​യോ​ടി​ച്ച​യാ​ളും കൈ​കോ​ർ​ത്തു​പി​ടി​ച്ച് ഡാ​ൻ​സ് ചെ​യ്യു​ക​യാ​ണ്.

‘‘അ​വ​ന്റെ​യൊ​ക്കെ ഡാ​ൻ​സും കൂ​ത്തും...

വ​ന്ന് കി​ട​ക്കെ​ടീ...’’

ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന സു​ജ​ച്ചേ​ച്ചി ദേ​ഷ്യ​പ്പെ​ട്ടു.

രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ചേ​ച്ചി അ​ച്ഛ​ന്റെ നേ​രെ​യും ചീ​റി.

‘‘അ​വ​രോ​ട് പ​റ​ഞ്ഞേ​ക്ക​ണം... പാ​തി​രാ​ത്രി ബ​ഹ​ളം വെ​ക്ക​രു​തെ​ന്ന്. പ​ക​ലു മു​ഴു​വ​ൻ പ​ണി​യെ​ടു​ക്ക​ണ്ട​താ...’’

സു​ജ​ച്ചേ​ച്ചി പ​റ​ഞ്ഞ​ത് അ​ച്ഛ​ൻ അ​വ​രെ​യ​റി​യി​ച്ചോ എ​ന്ന് അ​റി​യി​ല്ല. രാ​വി​ലെ അ​വ​ർ ത​യാ​റാ​യി പു​റ​ത്തു​പോ​കാ​നി​റ​ങ്ങി​യ​പ്പോ​ൾ പ​തി​വു​പോ​ലെ ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ അ​ച്ഛ​ൻ അ​വ​ർ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്തു.

എ​ല്ലാം കേ​ട്ടു​ക​ഴി​ഞ്ഞ് രോ​ഹി​ത് പ​റ​ഞ്ഞു.

‘‘ശ​രി​ക്കും പ​റ​ഞ്ഞാ​ൽ പ​ണ്ടു മു​ത​ൽ​ക്കേ​യു​ള്ള ചി​ല എ​സ്റ്റേ​റ്റു​ക​ൾ കാ​ണാ​നാ​ണ് ഞ​ങ്ങ​ൾ വ​ന്ന​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത് പ​ല​തും മു​റി​ച്ചു​വി​റ്റു ക​ള​​െഞ്ഞന്ന്.’’

അ​യാ​ൾ പ​റ​ഞ്ഞ പേ​രു​ക​ൾ കേ​ട്ട​പ്പോ​ൾ അ​ച്ഛ​ൻ പ​റ​ഞ്ഞു

‘‘ഈ ​പേ​രു​ക​ളി​ൽ എ​സ്റ്റേ​റ്റ് ഉ​ള്ള​താ​യി എ​നി​ക്ക​റി​യി​ല്ല. ഒ​രു പ​ക്ഷേ വാ​ങ്ങി​യ​വ​ർ അ​തി​ന്റെ​യൊ​ക്കെ പേ​ര് മാ​റ്റി​യി​ട്ടു​കാ​ണും. പ​ല​ത​വ​ണ വി​റ്റു​പോ​കു​ക​യും പേ​ര് മാ​റു​ക​യും ഒ​ക്കെ ചെ​യ്തു കാ​ണും.’’

അ​വ​ർ പോ​യി​ക്ക​ഴി​ഞ്ഞ് അ​ച്ഛ​ൻ അ​മ്മ​യോ​ട് ചോ​ദി​ക്കു​ന്ന​തു കേ​ട്ടു.

‘‘ക​ർ​ത്താ സാ​റി​ന്റെ മു​റി​ച്ചു​വി​റ്റ എ​സ്റ്റേ​റ്റി​നെ​പ്പ​റ്റി അ​വ​രെ​ന്തി​നാ​യി​രി​ക്കും ചോ​ദി​ച്ച​ത് ? അ​റി​യി​ല്ലെ​ന്നാ പ​റ​ഞ്ഞ​ത്.’’

‘‘അ​ത് ന​ന്നാ​യി.’’ അ​മ്മ പ​റ​ഞ്ഞു

വൈ​കു​ന്നേ​രം ചേ​ച്ചി വ​ന്ന​പ്പോ​ൾ അ​മ്മ നാ​മം ജ​പി​ക്കു​ക​യാ​യി​രു​ന്നു.

‘‘ഇ​ന്നെ​ന്താ അ​മ്മ​ക്ക് ഭ​ക്തി​മ​യം..?’’

‘‘എ​ന്തോ ഒ​രാ​ധി.’’

‘‘ഒ​ന്നി​നേം പേ​ടി​യി​ല്ലാ​ത്ത അ​മ്മ​ക്കോ..?’’

വൈ​കു​ന്നേ​രം പു​റ​ത്തു​നി​ന്ന് ക​ഴി​ച്ചോ​ളാം എ​ന്ന് ഗെ​സ്റ്റ് പ​റ​ഞ്ഞ​താ​ണ് അ​ച്ഛ​നെ വി​ഷ​മി​പ്പി​ച്ച പ്ര​ശ്‍നം. ഇ​ട​ക്ക് അ​മ്മ​യെ കു​റ്റ​പ്പെ​ടു​ത്തും​വി​ധം അ​ച്ഛ​ൻ പി​റു​പി​റു​ത്തു.

‘‘ന​ല്ലോ​ണം മ​സാ​ലേം എ​രി​വും എ​ണ്ണ​യും ചേ​ർ​ത്ത് വ​റു​ത്തും പൊ​രി​ച്ചും കൊ​ടു​ക്ക​ണം… എ​ന്നാ​ലേ ഭ​ക്ഷ​ണം പി​ടി​ക്കൂ.’’

രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​വ​ർ തി​രി​കെ​യെ​ത്തി​യ​ത്.

അ​ച്ഛ​ൻ പ​റ​യാ​ഞ്ഞി​ട്ടാ​ണോ എ​ന്ന​റി​യി​ല്ല അ​ന്ന് രാ​ത്രി​യി​ലും പു​റ​ത്ത് പാ​ട്ടും കൂ​ത്തും ബ​ഹ​ള​വും ആ​യി​രു​ന്നു. സു​ജ​ച്ചേ​ച്ചി ഉ​റ​ക്കം വ​രാ​തെ തി​രി​ഞ്ഞും മ​റി​ഞ്ഞും കി​ട​ന്ന​ത് ശ​ബ്ദം​കൊ​ണ്ട് മ​ന​സ്സി​ലാ​യി.

പി​റ്റേ​ന്നു രാ​വി​ലെ രോ​ഹി​ത് ഔ​ട്ട് ഹൗ​സി​ന​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ അ​ച്ഛ​ൻ ഇ​റ​ങ്ങി​ച്ചെ​ന്നു.

‘‘ഒ​രു ദി​വ​സംകൂ​ടി ത​ങ്ങു​ന്നു​ണ്ട്. ക​ണ്ടുതീ​ർ​ന്നി​ല്ല.’’

ഗെ​സ്റ്റ് അ​ന്ന് വൈ​കു​ന്നേ​രം പോ​കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ചെ​ക്ക് ഔ​ട്ട് ഡേ ​തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റി​യെ​ങ്കി​ലും പ​തി​വു​ള്ള സ​ന്തോ​ഷം അ​ച്ഛ​ന്റെ മു​ഖ​ത്ത് ക​ണ്ടി​ല്ല.

അ​ങ്ങ​നെ ഓ​രോ​ന്ന് വി​ചാ​രി​ച്ച് ഉ​ച്ച​യാ​യ​പ്പോ​ൾ അ​ച്ഛ​ന്റെ വാ​ട്സാ​പ്പി​ലേ​ക്കു ഗെ​സ്റ്റി​ന്റെ മെ​സ്സേ​ജ് എ​ത്തി.

വൈ​കു​ന്നേ​രം മൈ​സൂ​രി​ൽ​നി​ന്ന് ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾകൂ​ടി എ​ത്തും. അ​വ​ർ​ക്ക് മു​ക​ളി​ല​ത്തെ നി​ല​കൂ​ടി വേ​ണം. പു​തി​യ​താ​യി എ​ത്തു​ന്ന​വ​ർ നോ​ൺ വെ​ജി​റ്റേ​റി​യ​ൻ ആ​ണ്. അ​താ​യ​ത്, രാ​ത്രി​യി​ലേ​ക്ക് നാ​ലു​പേ​ർ​ക്ക് വെ​ജി​റ്റേ​റി​യ​നും ര​ണ്ടു​പേ​ർ​ക്ക് നോ​ൺ വെ​ജി​റ്റേ​റി​യ​നും. മ​ട്ട​ൺ ക​റി വേ​ണ​മെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​ത്തി​നും ചേ​ർ​ത്ത് ന​ല്ലൊ​രു തു​ക ജീ​പേ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ച്ഛ​ൻ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

‘‘ഗെ​സ്റ്റ് ആ​ണേ​ൽ ഇ​ങ്ങ​നെ വേ​ണം. സ​ർ​പ്രൈ​സ് ത​ര​ണം.’’ അ​ച്ഛ​ൻ പി​റു​പി​റു​ത്തു.

ഉ​ച്ച​ക്കു​ശേ​ഷം മ​ട്ട​ൺ​ക​റി വെ​ച്ച​പ്പോ​ൾ മ​ണം കി​ട്ടാ​നാ​യി ഞാ​ൻ അ​ടു​ക്ക​ള​യി​ൽ​ത​ന്നെ ത​ങ്ങി​നി​ന്നു. പ​ച്ച റൊ​ട്ടി ഉ​ണ്ടാ​രു​ന്നേ​ൽ... ഏ​തു ക​റി​യു​ടെ കൂ​ടെ​യും അ​തു ചേ​രു​മ​ല്ലോ... തി​ള​ച്ചു നി​ൽ​ക്കു​ന്ന ക​റി അ​മ്മ കാ​ണാ​തെ വാ​ഴ​യി​ല​യി​ൽ അ​ൽ​പം കോ​രി​യെ​ടു​ത്ത് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ നേ​രെ മു​ന്നി​ൽ അ​ച്ഛ​ൻ.

‘‘റൊ​ട്ടി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ന​മു​ക്കു​ള്ള​ത് മാ​റ്റി​വെ​ച്ചി​ട്ടേ അ​വ​ർ​ക്കു വി​ള​മ്പൂ.’’

ചി​ല​പ്പോ​ൾ അ​ച്ഛ​ൻ അ​ങ്ങ​നെ​യാ​ണ്. സ്നേ​ഹി​ച്ചാ​ൽ ന​ക്കി​ക്കൊ​ന്നു​ക​ള​യും.

വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് അ​വ​ർ തി​രി​കെ​യെ​ത്തി​യ​ത്. ഇ​ന്നോ​വ​ക്ക് പി​ന്നി​ലാ​യി ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​റി​ൽ പു​തി​യ ഗെ​സ്റ്റും ഡ്രൈ​വ​റും. ഞ​ങ്ങ​ളെ​ല്ലാ​വ​രുംകൂ​ടി ഇ​റ​ങ്ങി​ച്ചെ​ന്ന് ഗെ​സ്റ്റി​നെ സ്വീ​ക​രി​ച്ചു. ഏ​റ്റ​വും പി​ന്നി​ലാ​യി ഉ​റ​ക്കം തെ​ളി​ഞ്ഞ പ്രി​യ​ച്ചേ​ച്ചി​യും ചേ​ർ​ന്നു. ഫോ​ർ​ച്യൂ​ണ​റി​ൽ നി​ന്നി​റ​ങ്ങി​യ ന​ര​ച്ച ബു​ൾ​ഗാ​ൻ താ​ടി​ക്കാ​ര​നെ നോ​ക്കി അ​ച്ഛ​ൻ അ​മ്മ​യോ​ട് പ​തു​ക്കെ പ​റ​യു​ന്ന​തു​കേ​ട്ടു.

‘‘അ​യാ​ളെ ഞാ​ൻ മു​മ്പ് ക​ണ്ടി​ട്ടു​ണ്ട​ല്ലോ.’’

‘‘അ​ഡ്വ​ക്കേ​റ്റ് ജ​യി​ൻ തോ​മ​സ്… ടി.​വി​യി​ൽ ക​ണ്ടി​ട്ടു​ണ്ട്.’’ സു​ജ​ച്ചേ​ച്ചി പ​തു​ക്കെ​പ്പ​റ​ഞ്ഞു.

അ​തു​കേ​ട്ട​തോ​ടെ പ്രി​യ​ച്ചേ​ച്ചി ഔ​ട്ട് ഹൗ​സി​ലേ​ക്കു ക​യ​റി​പ്പോ​യി. പി​ന്നാ​ലെ ചെ​ന്ന​പ്പോ​ൾ ചേ​ച്ചി പ​തി​വി​ല്ലാ​തെ പു​ത​ച്ചു​കി​ട​ക്കു​ക​യാ​ണ്.

കൃ​ത്യം എ​ട്ടു​മ​ണി​ക്ക് അ​വ​ർ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഭ​വ​ങ്ങ​ൾ പാ​ത്ര​ങ്ങ​ളി​ലാ​ക്കി ഞാ​നും അ​മ്മ​യും അ​ച്ഛ​നുംകൂ​ടി അ​ങ്ങോ​ട്ട് എ​ത്തി. മ​ട്ട​ൺക​റി​യു​മാ​യി പി​ന്നാ​ലെ വ​ന്ന സു​ജ​ച്ചേ​ച്ചി എ​ന്റെ ചെ​വി​യി​ൽ പ​റ​ഞ്ഞു.

‘‘ഇ​ത് ഞാ​ൻ വി​ള​മ്പും. നോ​ക്കീം ക​ണ്ടും.’’

ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഹി​ത് ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

‘‘ഇ​ത്ര ന​ല്ല ഭ​ക്ഷ​ണം അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല.’’

‘‘എ​ന്നും ഈ ​ഭ​ക്ഷ​ണം കി​ട്ടാ​ൻ എ​ന്താ വ​ഴി?’’ രോ​ഹി​ത്തി​ന്റെ അ​മ്മ ചോ​ദി​ച്ചു.

‘‘ന​മു​ക്കി​വി​ടെ​ത്ത​ന്നെ താ​മ​സി​ച്ചാ​ലോ?’’ രോ​ഹി​ത് ചോ​ദി​ച്ചു

അ​ച്ഛ​ൻ ആ ​ത​മാ​ശ ആ​സ്വ​ദി​ച്ചു ചി​രി​ച്ചു.

‘‘ഇ​വ​രെ പ​രി​ച​യ​പ്പെ​ട്ടോ? രോ​ഹി​ത് ബി​ൽ​ഡേ​ഴ്‌​സ് എ​ന്നു കേ​ട്ടി​ട്ടി​ല്ലേ?’’

ജ​യി​ൻ തോ​മ​സി​ന്റെ ചോ​ദ്യ​ത്തി​ന് അ​ച്ഛ​ൻ വെ​റു​തെ ത​ല​യാ​ട്ടി.

‘‘രോ​ഹി​ത്താ​ണി​ത്.’’ അ​തു കേ​ട്ട​പ്പോ​ൾ അ​ച്ഛ​ൻ ആ ​ചെ​റു​പ്പ​ക്കാ​ര​നെ നോ​ക്കി ചി​രി​ച്ചു.

പി​ന്നെ​യ​ങ്ങോ​ട്ട് ആ ​ഭ​ക്ഷ​ണ​മു​റി​യു​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​വും ജ​യി​ൻ തോ​മ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

‘‘ഇ​ന്ദ്ര​ഭാ​നു ക​ർ​ത്ത​യു​ടെ മ​ക​ൻ ആ​ദി​ത്യ​യെ നി​ങ്ങ​ൾ​ക്കോ​ർ​മ​യു​ണ്ടോ?’’

‘‘ഉ​വ്വ്. എ​ല്ലാം വി​റ്റു​ക​ള​ഞ്ഞു. ആ​ളി​പ്പോ​ൾ യു.​എ​സിലാ​ണ​ല്ലോ...’’ അ​ച്ഛ​ൻ ദു​ർ​ബ​ല​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു.

‘‘ഐ.​കെ എ​സ്റ്റേ​റ്റ് വി​റ്റെ​ന്നു​ള്ള​ത് ശ​രി​ത​ന്നെ. പ​ക്ഷേ, ഈ ​കെ​ട്ടി​ടം ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ട്.’’

‘‘ഇ​ത് ക​ർ​ത്താ സാ​ർ എ​നി​ക്ക് ത​ന്ന​താ​ണ്.’’

‘‘ഇ​ഷ്ട​ദാ​ന​മാ​ണോ..?’’ ജ​യി​ൻ തോ​മ​സാ​ണ് ചോ​ദി​ച്ച​ത്.

 

ആ ​ചോ​ദ്യ​ത്തി​ന് അ​ച്ഛ​ൻ ഉ​ത്ത​ര​മൊ​ന്നും പ​റ​ഞ്ഞി​ല്ല. പ​ക്ഷേ, അ​ച്ഛ​ൻ ഓ​ർ​ക്കാ​നി​ട​യു​ള്ള​തെ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം. ക​ർ​ത്താ സാ​റി​ന് സ്ട്രോ​ക്ക് വ​ന്നു​കി​ട​പ്പാ​യ സ​മ​യ​ത്ത് ആ​ദി​ത്യ സ്ഥി​രം വാ​ട്സ്ആ​പ്പി​ൽ വി​ളി​ച്ചി​രു​ന്ന​ത് അ​ച്ഛ​ന്റെ ഫോ​ണി​ലേ​ക്കാ​ണ്. ആ ​സ​മ​യ​ത്തൊ​രി​ക്ക​ൽ അ​ച്ഛ​ൻ കേ​ൾ​ക്കെ​ത്ത​ന്നെ ക​ർ​ത്താ​ സാ​ർ ആ​ദി​ത്യ​യോ​ട് ഇ​തെ​ല്ലാം പ​റ​യു​കപോ​ലും ചെ​യ്ത​താ​ണ്. അ​ങ്ങ​നെ അ​തൊ​രു വി​ശ്വാ​സംപോ​ലെ ഉ​റ​ച്ചു. വി​ശ്വാ​സ​മാ​യി മാ​റി​യ​തി​ന് ആ​രും തെ​ളി​വ് അ​ന്വേ​ഷി​ക്കു​ക​യി​ല്ല​ല്ലോ. ക​ർ​ത്താ​ സാ​റി​ന്റെ മ​ര​ണം ക​ഴി​ഞ്ഞ് കു​റെ വ​ർ​ഷം ക​ഴി​ഞ്ഞ് എ​സ്റ്റേ​റ്റ് മു​റി​ച്ചു​വി​റ്റ​പ്പോ​ഴും ആ​ദി​ത്യ ഈ ​കെ​ട്ടി​ട​വും ഔ​ട്ട്‌ ഹൗ​സും ഒ​ഴി​വാ​ക്കി. അ​തു​വ​രെ​യു​ള്ള വി​ശ്വാ​സ​ത്തെ അ​ത് കൂ​ടു​ത​ൽ മു​റു​ക്കി​ക്കെ​ട്ടി.

ഇ​തെ​ല്ലാം അ​ച്ഛ​ൻ പ​റ​ഞ്ഞ​റി​ഞ്ഞ​താ​ണ്. ഇ​നി അ​തെ​ല്ലാം ക​ള്ള​മാ​യി​രു​ന്നോ..?

അ​ച്ഛ​ൻ അ​തൊ​ക്കെ വി​ളി​ച്ചു​പ​റ​യു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഒ​ന്നും മി​ണ്ടി​യി​ല്ല. എ​ന്താ​യാ​ലും സു​ജ​ച്ചേ​ച്ചി അ​തൊ​ക്കെ ഉ​റ​ക്കെ പ​റ​ഞ്ഞു. ആ​ദി​ത്യ അ​ച്ഛ​നോ​ട് പ​റ​ഞ്ഞ​തൊ​ക്കെ നേ​രി​ട്ട് കേ​ട്ട​തു​പോ​ലെ. പ​ക്ഷേ, ജ​യി​ൻ തോ​മ​സ് ഒ​രൊ​റ്റ​ച്ചോ​ദ്യംകൊ​ണ്ട് ചേ​ച്ചി​യു​ടെ വാ​യ​ട​ച്ചു.

‘‘വാ​ക്കാ​ൽ ത​ന്ന​ത​ല്ലേ? രേ​ഖ​യൊ​ന്നും കൈ​യി​ലി​ല്ല​ല്ലോ?’’

പി​ന്നീ​ട് അ​യാ​ൾ പ​റ​ഞ്ഞ​തി​ൽ പ​ല​തും എ​നി​ക്ക് മ​ന​സ്സി​ലാ​യി​ല്ല. പ​ക്ഷേ, സു​ജ​ച്ചേ​ച്ചി​ക്ക് കൃ​ത്യ​മാ​യി തി​രി​ഞ്ഞു. ആ ​പ​റ​ഞ്ഞ​ത് ഏ​താ​ണ്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

‘‘വി​റ്റു​പോ​യ​തൊ​ക്കെ എ​ത്ര​വി​ല​കൊ​ടു​ത്തും തി​രി​കെ​വാ​ങ്ങു​വാ​നും ഐ.​കെ എ​ന്ന പേ​രി​ൽ ത​ന്നെ എ​സ്റ്റേ​റ്റ് റീ ​ബി​ൽ​ഡ് ചെ​യ്യാ​നു​മു​ള്ള ആ​ദി​ത്യ​യു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത് രോ​ഹി​ത് ബി​ൽ​ഡേ​ഴ്‌​സാ​ണ്.’’

‘‘ക​ർ​ത്താ സാ​ർ കെ​ട്ടി​പ്പൊ​ക്കി​യ​തി​ൽ ഇ​നി ഇ​ത് മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. അ​തു​കൊ​ണ്ട് ഇ​വി​ടു​ന്നു​വേ​ണം തു​ട​ങ്ങാ​ൻ. വെ​റു​തെ​യ​ല്ല. നി​ങ്ങ​ൾ​ക്ക് ടൗ​ണി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ പാ​ക​ത്തി​ന് ന​ല്ലൊ​രു കോ​മ്പ​ൻ​സേ​ഷ​ൻ പാ​ക്കേ​ജ് ഉ​ണ്ടാ​വും. ആ​ദി​ത്യ​ക്കു​വേ​ണ്ടി ക​ട​ലാ​സു​ക​ളി​ൽ ഒ​പ്പി​ടാ​നു​ള്ള അ​ധി​കാ​രം രോ​ഹി​ത് ബി​ൽ​ഡേ​ഴ്‌​സി​നാ​ണ്.’’

അ​ച്ഛ​ന്റെ കൈ​യി​ലി​രു​ന്ന മ​ഷ്‌​റൂം മ​സാ​ല​യു​ടെ പാ​ത്രം വി​റ​ച്ചു.

‘‘കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​റ​യു​ന്ന ഒ​രു വോ​യി​സ് മെ​സേ​ജ് ആ​ദി​ത്യ നി​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​യ​ച്ചു​ത​ന്നി​ട്ടു​ണ്ട്. കേ​ൾ​ക്കൂ...’’

അ​തു​വ​രെ പ​റ​ഞ്ഞ​തു​ത​ന്നെ ആ​ദി​ത്യ​യു​ടെ മ​ധു​ര​മാ​യ ശ​ബ്ദ​ത്തി​ൽ വീ​ണ്ടും കേ​ട്ടു.

‘‘ആ​ദി​ത്യ​ക്ക് നി​ങ്ങ​ളോ​ടു വ​ലി​യ സ്നേ​ഹ​മാ​ണ്. നാ​ളെ ഞ​ങ്ങ​ൾ മ​ട​ങ്ങു​ന്ന​തി​നു​മു​മ്പ് പാ​ക്കേ​ജി​നെ​പ്പ​റ്റി വി​ശ​ദ​മാ​യി സം​സാ​രി​ക്കാം.’’ അ​ഡ്വ. ജ​യി​ൻ തോ​മ​സ് പ​റ​ഞ്ഞു.

‘‘വേ​ണ്ട. സ​മ്മ​ത​മ​ല്ല. ഞ​ങ്ങ​ൾ എ​ങ്ങോ​ട്ടും പോ​കു​ന്നി​ല്ല.’’ സു​ജ​ച്ചേ​ച്ചി​യാ​ണ​തു പ​റ​ഞ്ഞ​ത്. ഭ​ക്ഷ​ണ​പ്പാ​ത്ര​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ​വെ​ച്ച് ഞ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി.

ഔ​ട്ട് ഹൗ​സി​ൽ ചെ​ന്നു​ക​യ​റി​യ​ത് അ​ഴി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത ഒ​രു കു​രു​ക്കി​ൽ​പെ​ട്ട​തുപോ​ലെ​യാ​ണ്.

അ​മ്മ ഒ​ന്നും മി​ണ്ടാ​തെ അ​ച്ഛ​നെ​യും സു​ജ​ച്ചേ​ച്ചി​യെ​യും മാ​റി​മാ​റി നോ​ക്കി. അ​തു​വ​രെ പു​ല​ർ​ത്തി​യ ധൈ​ര്യ​മെ​ല്ലാം വെ​റും നാ​ട്യ​മാ​യി​രു​ന്നു എ​ന്ന് തോ​ന്നി​ക്കു​ന്ന വി​ധം സു​ജ​ച്ചേ​ച്ചി കു​നി​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ ഞാ​ൻ പു​റ​ത്തേ​ക്കു നോ​ക്കി. അ​ൽ​പം ദൂ​രെ ‘ഫോ​റ​സ്റ്റ് ബ്ലൂ’ ​എ​ന്നെ​ഴു​തി​യ ബോ​ർ​ഡ് കാ​ണാം. അ​തി​നു​ചു​റ്റും പ​ച്ച​യും ചു​വ​പ്പു​മാ​യി വെ​ളി​ച്ചം മാ​റി​മാ​റി​ത്തെ​ളി​യു​ന്നു.

ജ​ന​ല​ട​ച്ചു തി​രി​ഞ്ഞ​പ്പോ​ൾ സു​ജ​ച്ചേ​ച്ചി എ​ന്തോ കു​ത്തി​ക്കു​റി​ക്കു​ന്ന​തു ക​ണ്ടു. ഏ​തു നി​മി​ഷ​വും പൊ​ട്ടി​പ്പോ​കാ​വു​ന്ന ത​ന്റെ ക​ര​ച്ചി​ലി​നെ അ​ങ്ങ​നെ​യാ​ണ് സു​ജ​ച്ചേ​ച്ചി അ​ട​ക്കി​നി​ർ​ത്തു​ന്ന​ത്. അ​ടു​ത്തു​പോ​യി ഞാ​ന​തു വാ​യി​ച്ചു.

‘‘...ഒ​രി​ക്ക​ൽ മു​ന്നി​ൽ വി​ള​മ്പി​ക്കി​ട്ടി​യ​ത് വി​ഴു​ങ്ങി എ​ഴു​ന്നേ​റ്റ​ശേ​ഷം എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും അ​ന്ന് തി​ന്നു​തീ​ർ​ക്കാ​തെ ബാ​ക്കി​വെ​ച്ച​തി​നോ​ട് ചി​ല​ർ​ക്ക് അ​ട​ങ്ങാ​ത്ത കൊ​തി തോ​ന്നാം. അ​തോ​ർ​ത്ത് നാ​വി​ൻ​തു​മ്പി​ൽ കൊ​തി​വെ​ള്ളം ഇ​റ്റി​ത്തു​ട​ങ്ങി​യാ​ൽ സൂ​ക്ഷി​ക്ക​ണം. ഇ​ട​യി​ൽ​പ്പെ​ടു​ന്ന​വ​രെ ആ ​കൊ​തി ക​ടി​ച്ചു​കു​ട​ഞ്ഞു ക​ള​യും...’’

ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ലും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഏ​താ​ണ്ട് ബോ​ധ്യ​മാ​യി. സ​ങ്ക​ടം സ​ഹി​ക്കാ​ൻ പ​റ്റാ​താ​വു​മ്പോ​ൾ ക​ര​യാ​തി​രി​ക്കാ​നാ​യി സു​ജ​ച്ചേ​ച്ചി മു​മ്പും കട​ലാ​സു​കഷ്ണങ്ങ​ളി​ൽ എ​ഴു​തു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. അ​ച്ഛ​ൻ ജെ​യ്ക്ക​ങ്കി​ളി​നെ വി​ളി​ച്ചു​നോ​ക്കി​യെ​ങ്കി​ലും ഫോ​ണെ​ടു​ത്തി​ല്ല. വീ​ണ്ടും അ​ച്ഛ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

താ​ഴെ വി​രി​ച്ച പാ​യി​ൽ പ്രി​യ​ച്ചേ​ച്ചി ത​ല​വ​ഴി പു​ത​ച്ചു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ചെ​റു​താ​യി വി​റ​ക്കു​ന്ന​തു​പോ​ലെ. പു​ത​പ്പു​മാ​റ്റി നെ​റ്റി​യി​ൽ തൊ​ട്ടു​നോ​ക്കി. പൊ​ള്ളു​ന്ന ചൂ​ട്‌. ഞാ​ൻ ചേ​ച്ചി​യെ കു​ലു​ക്കി വി​ളി​ച്ചു.

പ്രി​യ​ച്ചേ​ച്ചി അ​പ്പോ​ൾ ക​ണ്ണു​തു​റ​ന്ന് ചു​റ്റും നോ​ക്കി​യ​ശേ​ഷം പ​തു​ക്കെ​പ്പ​റ​ഞ്ഞു.

‘‘ആ ​ഹോ​സ്റ്റ​ൽ ജ​യി​ൻ തോ​മ​സി​ന്റേ​താ​ണ്.’’

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.