പുഴുപ്പല്ല്
മിഥുന്റെ കല്യാണ റിസപ്ഷന് പോയി തിരിച്ചുവരുമ്പോൾ ഇമക്കുട്ടി നടുറോഡിൽ കേറി കുത്തിയിരുന്ന് സമരം പ്രഖ്യാപിച്ചു. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ലാന്ന മട്ടിൽ. സുനിത കുറേ തവണ പോയി അനുനയിപ്പിക്കാൻ നോക്കി. ഞാനങ്ങനെ ഇമ്മാതിരി കാര്യങ്ങളിലൊന്നും നേരിട്ട് ഇടപെടാത്തതാണ്. ‘‘എണീറ്റ് വാ. എന്താണ് പ്രശ്നം?’’ ഒടുവിൽ ഞാൻ ഇമക്ക് മുന്നിൽ മുട്ടുകുത്തി. കുഞ്ഞുങ്ങൾ സൂത്രശാലികളാണ്. ഏത് കൊമ്പനെയും താഴെയിറക്കാനുള്ള വഴികൾ അവരുടെ അടുത്തുണ്ട്. അവൾ വന്നവഴി ചൂണ്ടി ഉച്ചത്തിൽ...
മിഥുന്റെ കല്യാണ റിസപ്ഷന് പോയി തിരിച്ചുവരുമ്പോൾ ഇമക്കുട്ടി നടുറോഡിൽ കേറി കുത്തിയിരുന്ന് സമരം പ്രഖ്യാപിച്ചു. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ലാന്ന മട്ടിൽ. സുനിത കുറേ തവണ പോയി അനുനയിപ്പിക്കാൻ നോക്കി. ഞാനങ്ങനെ ഇമ്മാതിരി കാര്യങ്ങളിലൊന്നും നേരിട്ട് ഇടപെടാത്തതാണ്. ‘‘എണീറ്റ് വാ. എന്താണ് പ്രശ്നം?’’ ഒടുവിൽ ഞാൻ ഇമക്ക് മുന്നിൽ മുട്ടുകുത്തി. കുഞ്ഞുങ്ങൾ സൂത്രശാലികളാണ്. ഏത് കൊമ്പനെയും താഴെയിറക്കാനുള്ള വഴികൾ അവരുടെ അടുത്തുണ്ട്.
അവൾ വന്നവഴി ചൂണ്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇട്ടിരുന്ന റോസ് നിറമുള്ള രാജകുമാരി ഫ്രോക്കിന്റെ മുത്തും കല്ലുകളും പൊട്ടിച്ചുകളഞ്ഞു. ‘‘ആ വയി’’ അവൾ കട്ടായം പറഞ്ഞു.
‘‘എന്ത്?’’ എനിക്കൊന്നും പിടികിട്ടിയില്ല.
‘‘നമ്മൾ പാലത്തിന്റെ അടുത്തുള്ള ഇടവഴി കേറിയല്ലേ റിസപ്ഷന് വന്നത്. വന്ന വഴിതന്നെ തിരിച്ചുപോണമെന്നാണ് കുഞ്ഞ് പറയുന്നത്.’’ സുനിത എനിക്ക് വിശദമാക്കിത്തന്നു. സുനിതയാണ് ഞങ്ങൾക്കിടയിലെ പാലം. ഇമക്കുട്ടിയുടെ ഭാഷ എളുപ്പം ഉൾക്കൊള്ളുന്നത് അവളാണ്.
കുറച്ചുനേരം കൂടി ഇമക്കുട്ടി നിലത്ത് കിടന്നുരുണ്ടു. മുടിയിൽ തിരുകിയിരുന്ന ഹെയർ ബോ വലിച്ചിളക്കി ദൂരെ എറിഞ്ഞു. ‘‘ആ വയി’’ എതിരെ കിടക്കുന്ന വഴിചൂണ്ടി ചിണുങ്ങിനിന്നു. ‘‘അങ്ങനെ വിട്ട് കൊടുത്താൽ പറ്റൂല്ല. ഇതുവച്ച് തലയിൽ കേറും. നീ വേഗം പോയി അവളെ എടുത്തോണ്ട് വാ’’ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. കുട്ടികളെ കൊഞ്ചിക്കുന്നതും കവിളിൽ പിടിച്ച് ഓമനിക്കുന്നതും കുതിര കളിക്കുന്നതും എനിക്ക് ഇഷ്ടമേയല്ല. കുട്ടികളോട് തോറ്റുകൊടുക്കാൻ ഒട്ടും ഇഷ്ടമില്ല. സുനിത വീണ്ടും വന്ന് കെഞ്ചി. കണ്ണുനിറച്ച് കാല് പിടിച്ചു. ‘‘മഹേഷേട്ടാ ഇങ്ങനെ വാശിപിടിക്കല്ലേ. അതൊരു കൊച്ചുകുട്ടിയല്ലേ. നമുക്ക് വന്നവഴി തന്നെ തിരിച്ച് പോവാം. വെറുതെ കുഞ്ഞിനെ പിണക്കണ്ട.’’ വന്ന വഴിയിലോട്ട് തന്നെ ബൈക്ക് തിരിക്കുമ്പോൾ നിതിൻ ഇമക്കുട്ടിയെ കൈയിലെടുത്ത് സുനിതക്ക് നീട്ടി. ‘‘എന്തായാലും വന്ന വഴി മറക്കുന്നവളല്ല നമ്മുടെ ഇമൂസ്, അല്ലേ ടാ’’ നിതിന്റെ കൈയിലിരുന്ന് ഇമക്കുട്ടി ഒന്നുമറിയാത്ത ഭാവത്തിൽ പൊട്ടിച്ചിരിച്ചു. ഓന്തിനെ പോലെ പെട്ടെന്ന് അവളുടെ ഭാവം മാറിയതുകണ്ട് ഞാനും അറിയാതെ ചിരിച്ചുപോയി.
‘‘ഇമക്കുട്ടിക്ക് വല്ലാതെ വാശി കൂടുന്നുണ്ടല്ലേ’’ അന്ന് രാത്രി ഇമക്കുട്ടിയെ ഉറക്കിക്കിടത്തിയിട്ട് സുനിത അടുത്തുവന്നപ്പോൾ ചോദിച്ചു. ‘‘ഒന്ന് പോ. കുട്ടികളുടെ കളിയൊന്നും നിങ്ങൾ ആണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവൂല്ല. അവൾ അങ്ങോട്ട് പോയപ്പോൾ ആ വഴി എന്തെങ്കിലും കണ്ടുവെച്ചിട്ടുണ്ടാവും. ഏതെങ്കിലും വീടിന് മുന്നിലെ ചെടിയോ വീടിനുള്ളിലെ കളിപ്പാട്ടമോ അങ്ങനെ എന്തെങ്കിലും. അത് ഒരിക്കൽകൂടെ കാണാൻ കൊതി തോന്നിക്കാണും. പലഹാരക്കൊതി പോലെ. അത്രേ ഉള്ളു കാര്യം. പിന്നെ നിങ്ങളുടെ അല്ലേ മോള്, വാശി കാണാതിരിക്കുമോ’’ സുനിതയെ ഉമ്മവെച്ചപ്പോൾ ഇമക്കുട്ടിമണം വന്നു. കുട്ടികളുടെ സോപ്പിന്റെ, പൗഡറിന്റെ, സെറിലാക്കിന്റെ മണം. രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ഇമക്കുട്ടി ഉണർന്നെന്ന് തോന്നുന്നു എന്നുപറഞ്ഞ് സുനിത പിടഞ്ഞ് നൈറ്റി വാരിപ്പുതച്ച് ബേബിബെഡിലേക്ക് ഓടി.
പിറ്റേന്ന് രഞ്ജിത്തിന്റെ ഫ്ലാറ്റിലായിരുന്നു ഒത്തുകൂടൽ. മിഥുനും ശരത്തും നിധിനും നേരത്തെ എത്തിയിരുന്നു. വൈകി സംഭവിച്ച ഒരു ബാച്ചിലർ പാർട്ടിയായിരുന്നു അത്. മിഥുൻ ഇപ്പോൾ, ഈ നേരം ബാച്ചിലറല്ല. ഞങ്ങളുടെ ആൺസംഘത്തിലെ അവസാന ബാച്ചിലറായിരുന്നു അവൻ. ‘‘എന്നാലും മൂപ്പ് നിനക്ക് തന്നെ. നീയല്ലേ നമ്മുടെ ഗ്രൂപ്പിലെ ആദ്യത്തെ ‘ഫാദർ’. മഹേഷച്ഛൻ.’’ കുപ്പി തുറക്കും മുമ്പേ ശരത്ത് കവിത ചൊല്ലാനും മിക്സ്ചർ തിന്നാനും തുടങ്ങി. ‘‘ഇതൊരു ഫോർപ്ലേയാണ്. ചുമ്മാതെയെടുത്ത് വീശിയാൽ ഒരു രസമില്ല’’ കലാപരിപാടികൾ കഴിഞ്ഞ് കുപ്പി പൊട്ടിക്കുന്നതിന് തൊട്ടുമുമ്പേ സുനിത വിളിച്ചു, ‘‘മഹേഷേട്ടാ ഇമക്കുട്ടിക്ക് ചെറിയ ചൂടുണ്ട്. ഒന്ന് ഡോക്ടറുടെ അടുത്ത് പോണം. പെട്ടന്ന് വാ.’’ അവിടന്ന് ഇറങ്ങിയോടിയപ്പോൾ, ഇമക്കുട്ടി ഇട്ടോടിച്ച നൂറുനൂറ് ജീവിതയോട്ടങ്ങൾ മനസ്സിലോർത്തു.
മഞ്ചാടിക്കുരുവെടുത്ത് മൂക്കിൽ തിരുകിക്കേറ്റി, എന്നിട്ട് ചിരിച്ചോണ്ടിരുന്നു. സുനിതയുടെ തൈറോയ്ഡിന്റെ ഗുളികയെടുത്ത് വായിൽ കൊണ്ടിട്ട് തുപ്പിക്കളഞ്ഞു. ചുവന്ന കളർ പെൻസിലെടുത്ത് വെള്ളയുടുപ്പിൽ കുത്തിവരച്ചതുകണ്ട് രക്തമാണെന്ന് തോന്നി സുനിത തലചുറ്റിവീണു. ഡേ കെയറിൽനിന്നും ആരുമറിയാതെ തിരക്കുള്ള റോഡ് മുറിച്ച് അപ്പുറത്തേക്കുപോയി. ഒരിക്കൽ കട്ടിലിന്റെ താഴെ പോയി കിടന്നുറങ്ങി. സുനിത അവളെ അന്വേഷിച്ച് ലോകം മുഴുവനും തിരഞ്ഞ് ഭ്രാന്തിയെ കണക്ക് അലമുറയിട്ട് തിരിച്ചുവന്നപ്പോൾ ഇമക്കുട്ടിയതാ കാർട്ടൂൺ കണ്ടോണ്ടിരിക്കുന്നു. പുഴുപ്പല്ല് പിഴുതു കളയാൻ ഡോക്ടറുടെ ക്ലിനിക്കിലേക്ക് പലതവണ പോയെങ്കിലും ഒന്നും നടന്നില്ല, ഐസ്ക്രീം വാങ്ങിച്ച് തിരികെ വരേണ്ടി വന്നു. ‘‘ഇനി അമ്മയും മോളും കൂടെ പോയാൽ മതി ഈ പല്ല് പറി നാടകത്തിന്. എനിക്ക് വേറെ പണിയുണ്ട്’’ എന്ന് അടക്കംപറയേണ്ടി വന്നു. കുട്ടികൾ തന്ത്രശാലികളാണ്. വലിയവരെ വിരട്ടാൻ പല അടവും കാണിക്കും. പലജാതി കുരുക്കുകൾ ഉണ്ടാക്കും, പല കുഴികളിലും ചാടിക്കും. അങ്ങനെ വളർന്ന് വലുതാവാൻ കുട്ടികൾ നമ്മളെ വിടില്ല.
ഒരുപാട് നാളുകൾക്കുശേഷം ഇന്ന് ജിതയും ശ്രീകാന്തും വീഡിയോക്കോളിൽ വന്നു. ‘‘ഇമക്കുട്ടനെ കാണിക്ക്.’’ അവർ തിരക്കുകൂട്ടി. അവരുടെ പിറക്കാതെ പോയ കുഞ്ഞാണ് ഇമക്കുട്ടി. ഇമയെ തിരഞ്ഞ് അവളുടെ മുറിയിൽ ചെന്നപ്പോൾ അവൾ ബേബീഹൗസിൽ തന്നെയുണ്ടായിരുന്നു. ജിത കൊടുത്ത പുതുവർഷ സമ്മാനമാണ് ആ കുട്ടി വീട്. ഒരു വീടിനുള്ളിൽ എന്തെല്ലാം സംവിധാനങ്ങളുണ്ടോ അതെല്ലാം ഈ കുഞ്ഞുവീട്ടിലുണ്ട്. കുളിമുറി, അടുക്കള, ടോയ്ലറ്റ്, പൂന്തോട്ടം അങ്ങനെയെല്ലാം. ഒരു വീടിനെ നയിക്കുന്ന ജോലികളിലേർപ്പെടാൻ ഈ വീട്ടിലേക്ക് കയറുന്ന ഒരാൾക്ക് ബാധ്യതയുണ്ട്. തിരക്കുള്ള ഒരു വീട്ടമ്മയായി ഇമ അടുക്കിപ്പെറുക്കികൊണ്ടിരിക്കുന്നു. ഇപ്പോളൊന്ന് ഹി പറയാൻ പോലും അവൾക്ക് സമയമില്ല. അവളുടെ ബേബീഹൗസിന് ഒരു പേര് കണ്ടുപിടിക്കണമെന്ന് സുനിത പറഞ്ഞിരുന്നു. ബേബീഹൗസ് വൃത്തിയായി സൂക്ഷിക്കാൻ ഇമക്ക് ഇഷ്ടമായിരുന്നു. ഈ വീട് അവളുടെ ഭാവനയെ വികസിപ്പിച്ച് അവളെയൊരു മുതിർന്ന കുട്ടിയാക്കി മാറ്റും.
‘‘അച്ഛാ, പൂച്ചാണ്ടിക്കഥ പറ,’’ അവൾ എന്റെ താടിയിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു. പൂച്ചാണ്ടിക്കഥ പറയുമ്പോൾ പൂച്ചാണ്ടിയായി അഭിനയിക്കേണ്ടി വരാറുമുണ്ട്. ഞാൻ എപ്പോഴും അവൾക്ക് പറഞ്ഞുകൊടുക്കുന്ന കഥ അതാണ്. ഞാനങ്ങനെ കഥ പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ആളൊന്നുമല്ല. പൂച്ചാണ്ടിക്കഥ കേട്ടാൽ പേടി വരുമോന്നൊന്നും എനിക്കറിയാൻ വയ്യ. പക്ഷേ, എന്റെ കുട്ടിക്കാലത്ത് എനിക്കാരോ പറഞ്ഞുതന്ന കഥയാണ് അത്. ഈ ഭൂമിയിൽ എനിക്കറിയാവുന്ന ഏക കഥയും അതാണ്. കഠിനമായ ജീവിതസന്ദർഭങ്ങളിൽ കഥകൾ കൊണ്ട് ഉത്തരം പറയേണ്ടി വരുമ്പോഴെല്ലാം ഞാൻ ഈ കഥയെടുത്ത് പുണരും. അതിൽ പൊടിപ്പും തൊങ്ങലുംവെച്ച് ഞാനതിനെ ഇമക്കുട്ടിക്കുവേണ്ടി അണിയിച്ചൊരുക്കി. ഉവ്വാവു വരുമ്പോൾ പൂച്ചാണ്ടിക്കഥ പറയാൻ പാടില്ല. ചോറ് തിന്നാൻ നേരത്ത് ആഹാരം തുപ്പിക്കളഞ്ഞാൽ പൂച്ചാണ്ടി വന്ന് പിടിച്ചോണ്ട് പോവും. ചീത്തവാക്ക് പറഞ്ഞാലും കുളിക്കാൻ മടിപിടിച്ചാലും പൂച്ചാണ്ടിയിങ്ങ് വരും. ഹോംവർക്ക് ചെയ്യാൻ വയ്യാന്ന് പറഞ്ഞാൽ പൂച്ചാണ്ടി ബുക്കിൽ നിന്നിറങ്ങി നേരെ മുന്നിൽവന്ന് എഴുന്നുനിൽക്കും. ആവർത്തിച്ചാവർത്തിച്ച് പലപല സന്ദർഭങ്ങളിൽ പറഞ്ഞും കേട്ടും ആ കഥ എന്നെയും ഇമക്കുട്ടിയെയും ചേർത്തുനിർത്തുന്ന ഒന്നായി മാറി.
അന്നെനിക്ക് ഇരുപതോ ഇരുപത്തിയൊന്നോ വയസ്സേ പ്രായം കാണൂ. ഞാനും മിഥുനും ഒരു ദിവസം നാട്ടിൽ ബസ് കേറാൻ നിൽക്കുകയാണ്. ഐസ്ക്രീം തിന്നുകൊണ്ട് ഒരു കുട്ടി ഞങ്ങളുടെ എതിരെ വന്നുനിന്നു. അവൻ അവന്റെ അമ്മയുടെ കൂടെ എങ്ങോട്ടോ യാത്രപോകാൻ വന്നതാണ്. ഇനിയും ഐസ്ക്രീം വേണമെന്നുപറഞ്ഞ് അവൻ വാശിപിടിച്ച് കരഞ്ഞു. അമ്മയെ അലട്ടി. ഞങ്ങൾ നോക്കുന്നതുകണ്ട് അവൻ അമ്മയുടെ സാരി വാരി അവന്റെ മുഖം പുതച്ചു. അവന്റെ അമ്മ ഐസ്ക്രീം വാങ്ങിച്ച് കൊടുത്തുമില്ല അവിടെയിട്ട് നല്ല രണ്ടടി വെച്ചുകൊടുക്കുകയും ചെയ്തു. ‘‘കൊച്ചിനെ അടിക്കല്ലേ ചേച്ചീ...’’ മിഥുൻ ശിപാർശയും കൊണ്ട് ചെന്നു. ചേച്ചി ഞങ്ങളെ വിരട്ടിയോടിച്ചു. ‘‘എന്ത് നല്ല കൊച്ച്. ഒരു റോസാപ്പൂവ് പോലിരിക്കുന്നു,’’ മിഥുൻ പറഞ്ഞു. ‘‘എനിക്കതിന്റെ കഴുത്ത് ഞെക്കിക്കൊല്ലാൻ തോന്നുന്നു.’’ ബസിലിരുന്ന് അന്ന് അങ്ങനെ പറഞ്ഞതിന് മിഥുനെന്നെ ഇപ്പോഴും കൊല്ലാക്കൊല ചെയ്യാറുണ്ട്. ‘‘എന്തൊരു ദുഷ്ടനാണെടാ നീ.’’
ഞങ്ങളന്ന് എ പടം കണ്ടു. സിഗരറ്റ് വലിച്ചു. തുണിയില്ലാതെ നിൽക്കുന്ന പെണ്ണുങ്ങളുടെ പടമുള്ള മാസികകൾ നോക്കി വെള്ളമിറക്കി. പകലിൽ ഊര് തെണ്ടി നടന്നു. എങ്ങോട്ടോ പോകുന്ന ട്രെയിനിൽ ടിക്കറ്റെടുക്കാതെ കേറി ഇടക്കേതോ സ്റ്റോപ്പിലിറങ്ങി. സ്കൂള് വിടുന്ന സമയമായപ്പോൾ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ പോയി വായുംനോക്കി നിന്നു. രാത്രി ഏറെ വൈകി വിശന്നുവലഞ്ഞ് ഒരു ഹോട്ടലിൽ കേറി മൂക്കുമുട്ടെ തിന്നു. ‘‘എന്നാലും ദുഷ്ടാ നീയാ പൊന്നോമന പോലിരിക്കുന്ന കൊച്ചിനെ കൊല്ലുമെന്ന് പറഞ്ഞില്ലേ’’ മിഥുൻ അന്ന് മുഴുവനും എന്നെ അതുംപറഞ്ഞ് കളിയാക്കിക്കൊണ്ടിരുന്നു.
മിഥുന്റെ കല്യാണത്തലേന്ന് ഞങ്ങളവന്റെ കിടപ്പുമുറി ആക്രമിച്ചു. അവൻ ഞങ്ങളുടെ കൂട്ടത്തിൽ കല്യാണമേ വേണ്ടാ എന്നുപറഞ്ഞ് ഉഴപ്പിനടക്കുകയായിരുന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും കടമയായിരുന്നു മിഥുന്റെ കല്യാണം. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരവരുടെ ഭാവനയിൽ കൊരുത്ത കാര്യങ്ങൾ മിഥുന്റെ വീട്ടിൽ നടപ്പാക്കിയിരുന്നു. ഇമക്കുട്ടി അറിയാതെ അടിച്ചുമാറ്റിയ പാവകൾ ഞാനൊരു ചാക്കിൽ കെട്ടി മിഥുന്റെ വീട്ടിലെത്തിച്ചു. കിയോ കിയോ വിളിക്കുന്ന പാവകൾ, ഞെക്കിയാൽ കരയുന്ന ജീവികളുടെ പാവകൾ, ശബ്ദമുണ്ടാക്കുന്ന റബർജീവികൾ, വയറ്റിൽ തൊട്ടാൽ ചിരിക്കുന്ന ചട്ടമ്പി, തൊപ്പി ഊരിയാൽ തോക്കെടുത്ത് വെടിവെക്കുന്ന വേട്ടക്കാരൻ, തലയിൽ തടവിയാൽ ഇഴയുന്ന അരണ.
ഇതിനെയെല്ലാം സുനിത യുടെയും ഇമക്കുട്ടിയുടെയും കണ്ണിൽപ്പെടാതെ ചാക്കിൽ കേറ്റാൻ കുറേ പാടുപെട്ടു. ചാക്ക് ബൈക്കിലെടുത്ത് വെച്ചപ്പോൾ ഒരു കാടിൽ നിന്നെന്നപോലെ പലജാതി ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ബുദ്ധിമുട്ടി അത് മിഥുന്റെ വീടിന്റെ വരാന്തയിൽ കൊണ്ടുെവച്ചു. അവിടെയുള്ള മുഴുവൻ മനുഷ്യരുടെയും കണ്ണുതെറ്റിച്ച് അത് ബെഡ്റൂമിൽ എത്തിച്ചു. മിഥുനെ നേരത്തെതന്നെ ആ റൂമിൽ നിന്നും പുറത്താക്കിയിരുന്നു. ബെഡിന്റെ വശങ്ങളിലും അടിയിലും പുതപ്പിനകത്തും തലയിണക്കകത്തും താറാവിനെയും മുയലിനെയും കലപിലാ ഒച്ചയുണ്ടാക്കുന്ന കിളികളെയും തിരുകിക്കേറ്റി. ആരെങ്കിലും കട്ടിലിൽ ഇരുന്നാലോ കിടന്നാലോ ഉരുണ്ടാലോ മൃഗങ്ങളും കിളികളും ശബ്ദമുണ്ടാക്കിക്കൊള്ളും. മിഥുനും ഭാര്യക്കും കൂട്ടുകാർ കൊടുക്കുന്ന ഒരു വിരുന്ന്.
ഇരുപത്തിയൊന്നാം വയസ്സിൽ ഞാനും മിഥുനും അഴിഞ്ഞാടിയ പകലിന് ഒരു രാത്രി കൂടിയുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ ഉത്സവം കഴിയുന്ന ദിവസമാണ്. ഉത്സവപറമ്പിൽ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കള്ളും കുടിച്ച് വീട്ടിൽപോയി കിടക്കാൻ പറ്റില്ല. ഞങ്ങളെത്തുമ്പോൾ പറമ്പ് ശൂന്യമായിരുന്നു. കച്ചവടക്കാർ ഒഴിഞ്ഞുപോയിരുന്നു. സ്റ്റാളുകളിലൊന്നും ആരുമില്ല. ഒഴിഞ്ഞ മുറ്റത്ത് ഒരാൾ ഇരുട്ടിൽ തപ്പിത്തടഞ്ഞ് നിൽക്കുന്നു. അയാൾ പൈസക്കുവേണ്ടി നാണംമറന്ന് കൈനീട്ടി. ഞങ്ങൾ തിരിച്ച് കൈനീട്ടി യാചിച്ചു. പെട്ടെന്നാണ് അയാൾ ചോദിച്ചത് ‘‘എന്നെയൊന്ന് ചിരിപ്പിക്കാമോ? ചിരിച്ചിട്ട് ഒരുപാട് നാളായി. ചിരിപ്പിച്ചാൽ പൈസ അങ്ങോട്ട് തരാം. ചിരിപ്പിച്ചില്ലെങ്കിൽ ഇങ്ങോട്ട് തരണം കാശ്.’’ അയാൾ ഒരു പഴഞ്ചൊല്ല് പോലെ ചോദിച്ചു. ഞങ്ങളേറ്റു. അയാളൊരുങ്ങി. കോട്ടും സൂട്ടും ഷൂസും എടുത്തിട്ടു. മുഖത്ത് പൗഡറും ലിപ്സ്റ്റിക്കും പൂശി. ഓടാത്ത ഒരു പഴഞ്ചൻ വാച്ചെടുത്ത് കെട്ടി. ഞങ്ങളെ നോക്കി കണ്ണുകൊണ്ട് വെല്ലുവിളിച്ചു.
ഞാനും മിഥുനും ചില ഗോഷ്ഠികൾ കാണിക്കാൻ തുടങ്ങി. അയാൾ ചിരിച്ചില്ല. ശരീരംകൊണ്ട് ചില കസർത്ത് നടത്തി. ചില വളിപ്പുകൾ പറഞ്ഞു. മിമിക്രി കാണിച്ചു. ചില സിനിമാ നടിമാരെ അനുകരിച്ചു. കോക്രി കാണിച്ചു. ഒന്നുമങ്ങോട്ട് ഏശുന്നില്ല. ‘‘വീട്ടിൽ പോണ്ടേ. ഇയാളെ തോൽപിച്ചാലല്ലേ വീട് പിടിക്കാൻ പറ്റൂ.’’ മിഥുൻ തലകുത്തിമറിഞ്ഞു.
‘‘വാശിയാണ് ഇയാൾക്ക് ചിരിക്കൂല്ലാന്ന്. ഞാനെത്ര തമാശ പറഞ്ഞതാണ്. ഇവനെയൊക്കെ ചിരിപ്പിക്കാനാവുമോന്ന് നമുക്കൊന്ന് നോക്കട്ടെ.’’ ഞാൻ മിഥുനെ എരികേറ്റി. ഞങ്ങളയാളെ കൈകാര്യം ചെയ്തു. അയാളുടെ കവിളുകൾ പിടിച്ചുപറിച്ചു. ചുണ്ടുകൾ വലിപ്പിച്ച് ചിരി വരുത്താൻ നോക്കി. നാവിനെ ഉന്തിച്ച് മുഖം വലിച്ചു. താടിയെല്ലിൽ കൈകുത്തി മുഖം കോടിച്ചു. ഒന്നും സംഭവിച്ചില്ല. അയാൾ ഞങ്ങളെ തടഞ്ഞത് പോലുമില്ല. ‘‘വിട്ട് കള മഹേഷേ. നമുക്ക് വീട്ടിൽ പോകാം. അയാളെ ചിരിപ്പിക്കണമെങ്കിൽ കൊന്ന് കളയണം,’’ ഞാൻ മിഥുനെ സൂക്ഷിച്ച് നോക്കി. ചിരിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ ഞങ്ങളുടെ കൈ വിടുവിച്ച് ആ മണ്ണ് വഴിയിൽ കിടന്നുരുണ്ടു. പൂത്തിരി വാട്ടത്തിൽ കൊണ്ട ആകാശം സർവതിനും സാക്ഷ്യം പറഞ്ഞ് ഞങ്ങൾക്ക് മീതെ വിശാലമായി വിടർന്നുകിടന്നു. ഞങ്ങൾക്കും അയാൾക്കുമിടയിൽ ഇപ്പോളൊരു വീട്ടാക്കടമുണ്ട്-ഒരു ചിരി. കല്ലിൽ രാകി രാകി ഒരു കത്തി അതിന്റെ മൂർച്ച കൂട്ടുന്നു. ഞങ്ങൾ അന്ന് രാത്രിയിൽതന്നെ അയാൾക്കൊരു പേരുമിട്ടുകൊടുത്തു –‘പൂച്ചാണ്ടി’. ഞാനും മിഥുനും കനമുള്ള ആ വിളിപ്പേര് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു. കഥയില്ലാത്ത ആ മനുഷ്യന് കഥകളെഴുതിക്കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. തോറ്റ മത്സരത്തിന്റെ കടുപ്പം അയാൾക്ക് ചാർത്തിക്കൊടുക്കുന്ന കള്ളക്കഥകൊണ്ട് മായ്ച്ച് കളയാൻ ഞങ്ങൾ തീരുമാനിച്ചു.
‘‘നിങ്ങളിന്നലെ രാത്രി കിടന്നുറങ്ങിയോ’’ കല്യാണപ്പിറ്റേന്നത്തെ റിസപ്ഷന്റെ അന്ന് ഞാനും സുനിതയും ഇമക്കുട്ടിയും നിൽക്കുമ്പോൾ ശരത്ത് ആ ഇക്കിളി ചോദ്യമെടുത്തിട്ടു. ‘‘കിടക്കും മുമ്പേ മൃഗവേട്ട നടത്തി ഞങ്ങൾ പാവകളെയെല്ലാം ഒരു ചാക്കിലാക്കിയതുകൊണ്ട് അവറ്റകളുടെ ശബ്ദമൊന്നുമില്ലാതെ നല്ല സുഖമായി കിടന്നുറങ്ങി അല്ലേടീ.’’ മിഥുൻ പുതുപ്പെണ്ണിനെ നോക്കി. എല്ലാരുമൊത്ത് ചിരിച്ചു. ‘‘നീ പൂച്ചാണ്ടിയെ ചിരിപ്പിച്ചില്ല. എന്നേം പെണ്ണിനേം കളിപ്പിക്കാനുമൊത്തില്ല’’ മിഥുൻ എന്റെ ചെവിയിൽ പതുക്കെ മിണ്ടി. ‘‘നിനക്ക് എന്താണിത്ര *പുനൂതം?’’ എന്നൊരു കഥ കാലങ്ങൾക്ക് അപ്പുറമെവിടെയോ നിന്ന് പഴക്കമുള്ള ഒരു കൂട്ടുകാരനോട് മിണ്ടുന്നതുപോലെ എന്റെ മനസ്സിൽ അലയടിച്ചു.
അന്ന് വീടെത്തിയപ്പോൾ ഇമക്കുട്ടി എന്തോ മനസ്സിലാക്കിയതുപോലെ വീടിനുള്ളിലാകെ തിരഞ്ഞുനടന്നു. പിന്നെ ബേബീഹൗസിൽ പോയി ഒരുപാട് നേരം ചിന്തിച്ചിരുന്നു. ചിന്തിക്കുന്ന മനുഷ്യരെ, വിശേഷിച്ച് കുട്ടികളെ സൂക്ഷിക്കണം. അവളുടെ ബേബീഹൗസിൽ അവൾക്കൊരു കുഞ്ഞുണ്ട്. ജിത അത് സമ്മാനമായി തരുമ്പോൾ തന്നെ പറഞ്ഞിരുന്നു, ‘‘കൊച്ചുകുട്ടികൾ കളിക്കുന്നത് ഒളിഞ്ഞിരുന്ന് നോക്കിയാൽ ഞെട്ടിക്കുന്ന പലതും കണ്ടു പിടിക്കാൻ പറ്റും.’’ ഇന്ന് ഞാൻ ഇമക്കുട്ടിയുടെ കുഞ്ഞുവീട്ടിൽ ഒളിഞ്ഞുനോക്കാൻ തീരുമാനിച്ചു. അവൾ അവളുടെ കുഞ്ഞിനെ ഉറക്കുകയാണ്. പൂച്ചാണ്ടിക്കഥ പറഞ്ഞാണ് അവൾ കുഞ്ഞിനെ ഉറക്കാൻ നോക്കുന്നത്. കുഞ്ഞ് വാശിപിടിക്കുന്നുണ്ടെന്ന് തോന്നുന്നു. ഒരേ കഥ അവൾ പലതവണ പറഞ്ഞു. പല ഭാവത്തിൽ പലപല രീതികളിൽ നീട്ടിയും ഈണത്തിൽ ചൊല്ലിയും പറഞ്ഞ് മനസ്സിലാക്കാൻ പാടുപെടുന്നു.
ഞാൻ പറഞ്ഞുകൊടുത്ത പൂച്ചാണ്ടിക്കഥയിൽനിന്നും അടർത്തിമാറ്റി അവൾ മറ്റൊരു കഥ മെനഞ്ഞിരിക്കുന്നു! കഥ കേട്ടിട്ടും അവളുടെ പാവക്കുഞ്ഞ് ഉറങ്ങുന്ന ലക്ഷണമില്ല. ‘‘ഉറങ്ങാത്ത കുഞ്ഞിനെ കഥപറഞ്ഞ് ഉറക്കാൻ നോക്കണ്ട. അതിനെ അതിന്റെ പാടിന് വിട്’’ എന്ന് ഇമക്കുട്ടിയുടെ ചെവിയിൽ പറയണമെന്നെനിക്കുണ്ട്. പക്ഷേ, ഇമക്കുട്ടി അതേ പൂച്ചാണ്ടിയുടെ കഥ തന്നെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കഥയില്ലാത്ത ഒരു കഥയാണോ അത്? അവളുടെ വാശിയെ എനിക്ക് വാക്കുകൊണ്ടോ നോട്ടം കൊണ്ടോ തുടച്ച് മാറ്റാനാവില്ല. എന്നെ പോലെതന്നെ വാശിക്കാരിയാണ് അവളെന്നും അവളെ പോലെ തന്നെ വാശിക്കാരിയാണ് അവളുടെ പാവയുമെന്ന് ഞാൻ ഞെട്ടലോടെ കണ്ടെത്തി. പാവ കേൾക്കാൻ ഉദ്ദേശിച്ച പൂച്ചാണ്ടിക്കഥ തന്നെയാവുമോ ഇമക്കുട്ടി അതിന് പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക? ഞാൻ അവരെ അവരുടെ പിടിവാശികളുടെ ലോകത്തുവിട്ട് കിടപ്പുമുറിയിലേക്ക് പോയി.
അവിടെ ഒരു സർപ്രൈസ് വെച്ചിട്ടുണ്ടെന്ന് സുനിത രാവിലെ പറഞ്ഞിരുന്നു. ‘‘ഉറങ്ങും മുമ്പേ അത് പൊളിച്ച് നോക്കണേ’’ സുനിത പറഞ്ഞേൽപിച്ചിരുന്നു. ഡ്രെസിങ് ടേബിളിന് മുന്നിൽ പേപ്പറിൽ പൊതിഞ്ഞ് എന്തോ ഇരിപ്പുണ്ട്. ആ സമ്മാനപ്പൊതി തുറന്നു. ഒരു ചെറിയ വെളുത്ത മുത്ത്. അതോ കല്ലോ. അത് എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. തിരിച്ചും മറിച്ചും നോക്കി. തൊട്ടുനോക്കി. മണത്തുനോക്കി. താഴോട്ടിട്ട് നോക്കി. ശ്രമിക്കും തോറും പിടികിട്ടാതെ അത് കൈയിലിരുന്ന് തിളങ്ങി. എനിക്കും ഇമക്കുട്ടിക്കുമിടയിലെ പൂച്ചാണ്ടിക്കഥ പോലെ സത്യങ്ങൾ വെളിപ്പെടുത്താതെ അത് നീണ്ടുനിവർന്ന് കിടന്നു. കൽപന കൊണ്ട് മാത്രം നിറയ്ക്കാവുന്ന ഒരു പഴഞ്ചൊല്ല് അവിടെ പൊടിച്ചുനിന്നു. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിൽ ഞാൻ എന്നെന്നേക്കുമായി തോറ്റുപോകും.
തലച്ചോറ് കലങ്ങുന്നു. നാവ് വരളുന്നു. ഞാനൊരു നായയെ കണക്ക് കിതച്ചു. ജീവിതമെന്ന ഒരിക്കലും പിടിതരാത്ത ആ മഹാകഥക്ക് മുന്നിൽ ഞാൻ മുട്ടുകുത്തി. പെട്ടെന്ന് പിന്നിൽനിന്നും ഒരു കുഞ്ഞുകൈ എന്നെ പിടിച്ചുവലിച്ചു. ഇമക്കുട്ടി. ഏറെനേരം പരിശ്രമിച്ചിട്ട് പാവക്കുഞ്ഞിനെ കഥപറഞ്ഞ് ഉറക്കിയതിന്റെ ആശ്വാസം ഇമക്കുട്ടിയുടെ മുഖത്തുണ്ട്. ശ്രമംകൊണ്ട് കിട്ടിയ വിജയത്തിൽ ഇമക്കുട്ടി മതി മറന്ന് ചിരിച്ചു. വാശികളുടെ ഒരു കലക്കമാണ് മനുഷ്യജീവിതം. കഥകൾ പറഞ്ഞുപറഞ്ഞ് പൊലിപ്പിച്ച് അതിന് പുറത്താണ് ഞാനിങ്ങനെ ഭാരമില്ലാതെ പൊന്തിക്കിടക്കുന്നത്. വാശികളുടെ വിഴുപ്പലക്കാൻ ഇനി ഏറെനാൾ കഥകളെ കൂട്ടുപിടിക്കാനാവില്ല. എനിക്ക് കരയണമെന്നുണ്ട്. ഇമക്കുട്ടി ചിരിച്ചു. എനിക്ക് വെളിവ് വന്നു. ഉത്തരം കിട്ടി. വെളുപ്പിൽ കറുപ്പ് പടർന്ന മുത്ത്. ഇമക്കുട്ടിയുടെ പല്ല്. ഒരിക്കലുമിളക്കാൻ അവള് സമ്മതിക്കാതിരുന്ന പുഴുപ്പല്ല്. ഞാനും ചിരിച്ചു.
===============
*പളവ് നിറഞ്ഞ പുതുക്കം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.