ചേട്ടൻ

കുഞ്ഞിക്കുട്ടികളുടേതുപോലെയായിരുന്നു ചേട്ടന്റെ മുഖം. ചിലപ്പോൾ ഇഷ്ടക്കൂടുതൽകൊണ്ട് എനിക്ക് തോന്നുന്നതാവും. കണ്ണുകൾ എപ്പോഴും ശൂന്യമായിരുന്നു. ആഹാരം എടുത്തു​െവച്ചാൽ അമ്മ കഴിച്ചോ അച്ഛൻ കഴിച്ചോ പിള്ളേര് കഴിച്ചോ എന്നൊക്കെയാണ് ചേട്ടൻ ആദ്യം ചോദിക്കുക. മുഖം കുട്ടികളുടേതുപോലെയാണെങ്കിലും വലിയവരെപ്പോലെ ആകുലതകൾ വിട്ടൊഴിയാത്ത മനുഷ്യൻ...വളരെ സാവധാനമാണ് ചേട്ടൻ ആഹാരം കഴിച്ചിരുന്നത്. ചേട്ടനോട് സ്നേഹമുള്ളതുകൊണ്ടുമാത്രം ആ കഴിപ്പ് നോക്കിയിരിക്കുമ്പോൾ എനിക്ക് ബോറടിച്ചില്ല. കുഞ്ഞുങ്ങളെപ്പോലെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പിണങ്ങും എന്നതായിരുന്നു വേറൊരു കുഴപ്പം. പിണക്കം കുഞ്ഞുങ്ങളെപ്പോലെ ആയതോണ്ട്...

കുഞ്ഞിക്കുട്ടികളുടേതുപോലെയായിരുന്നു ചേട്ടന്റെ മുഖം. ചിലപ്പോൾ ഇഷ്ടക്കൂടുതൽകൊണ്ട് എനിക്ക് തോന്നുന്നതാവും. കണ്ണുകൾ എപ്പോഴും ശൂന്യമായിരുന്നു. ആഹാരം എടുത്തു​െവച്ചാൽ അമ്മ കഴിച്ചോ അച്ഛൻ കഴിച്ചോ പിള്ളേര് കഴിച്ചോ എന്നൊക്കെയാണ് ചേട്ടൻ ആദ്യം ചോദിക്കുക. മുഖം കുട്ടികളുടേതുപോലെയാണെങ്കിലും വലിയവരെപ്പോലെ ആകുലതകൾ വിട്ടൊഴിയാത്ത മനുഷ്യൻ...

വളരെ സാവധാനമാണ് ചേട്ടൻ ആഹാരം കഴിച്ചിരുന്നത്. ചേട്ടനോട് സ്നേഹമുള്ളതുകൊണ്ടുമാത്രം ആ കഴിപ്പ് നോക്കിയിരിക്കുമ്പോൾ എനിക്ക് ബോറടിച്ചില്ല. കുഞ്ഞുങ്ങളെപ്പോലെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പിണങ്ങും എന്നതായിരുന്നു വേറൊരു കുഴപ്പം. പിണക്കം കുഞ്ഞുങ്ങളെപ്പോലെ ആയതോണ്ട് അതും എനിക്ക് രസിച്ചു.

എനിക്ക് രസിക്കാത്ത ഒരേയൊരു ശീലമേ ചേട്ടനിൽ ഉണ്ടായിരുന്നുള്ളൂ. ആ ശീലത്തെക്കുറിച്ച് ആരും ഒന്നും പറയുന്നത് ചേട്ടന് ഇഷ്ടവുമല്ലായിരുന്നു. ഇഷ്ടമില്ലാത്ത ശീലങ്ങളുടെ പോലും അടിമകളാണ് മനുഷ്യർ. ചേട്ടനും അങ്ങനെതന്നെയാകുമെന്ന് കരുതി, വെറുപ്പിലോ ദേഷ്യത്തിലോ തൊട്ട് മുമ്പ് പറഞ്ഞ കാര്യം അടുത്തനിമിഷം മറക്കും. ദേഷ്യപ്പെട്ട് പറഞ്ഞ വാക്കുകൾ ഓർമിപ്പിക്കുന്ന രീതിയിൽ വല്ലപ്പോ ഴും ഞാൻ തിരിച്ചടിച്ചാൽ ഞാനിതൊക്കെ എപ്പോ പറഞ്ഞെന്നറിയാതെ എന്നെ നോക്കും. കള്ളത്തരം അല്ലെന്നു മനസ്സിലാവുന്നതിനാൽ അപ്പോഴും എനിക്ക് ചേട്ടനോട് സ്നേഹം തോന്നി.

ചേട്ടന് പലതരം ഭ്രാന്തുകളുണ്ടായിരുന്നു, അതിലൊന്നായിരുന്നു ദിവസവുമുള്ള മീൻ വാങ്ങൽ. തലേദിവസത്തേത് ബാക്കിയുണ്ട് ഇന്നിനി മീൻ വാങ്ങി വരണ്ട എന്ന് പറഞ്ഞുവിട്ടാലും തിരിച്ചു വരുമ്പോൾ ചേട്ടന്റെ കൈയിൽ ഒരു കവർ നിറയെ മീനുണ്ടാകും. തട്ടിൽ മീൻ നിരന്നുകിടക്കുന്നത് കണ്ടാൽ ചേട്ടൻ അറിയാതെ വാങ്ങിപ്പോകും. ചേട്ടനാണെങ്കിൽ മീൻ കഴി ക്കുകയുമില്ല.

പൊരിച്ച മീൻ അമ്മക്ക് വല്യ ഇഷ്ടാണ്.., നന്നായി മൊരിച്ചു വച്ചോളൂ. മീൻ നിനക്കും കുട്ട്യോൾക്കും നല്ലതാണ്. അത്രയും പറഞ്ഞു മീൻ നിറച്ച കവർ കൈമാറുമ്പോൾ ചേട്ടന്റെ മുഖത്തുണ്ടാവുന്ന സംതൃപ്തി കാണേണ്ടതുതന്നെയാ യിരുന്നു. അമ്മ കഴിക്കും ബാക്കിയെല്ലാവരും കഴിക്കും എങ്കിലും ചേട്ടൻ മാത്രം ആ വീട്ടിൽ മീൻ കഴിച്ചില്ല. കഴിപ്പിക്കുന്നതിലായിരുന്നു അങ്ങേരുടെ ആനന്ദം. നിങ്ങളിങ്ങനെ സ്വന്തം കാര്യം നോക്കാതെ ജീവിക്കരുത്. ഇടക്ക് ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടു കൊണ്ട് അങ്ങനെയൊക്കെ പറയാറുണ്ടായിരുന്നു.

മിക്കപ്പോഴും ചേട്ടൻ എന്നോട് തിരിച്ചും ദേഷ്യപ്പെടും ചിലപ്പോൾ തലകുനിച്ചു മിണ്ടാതിരിക്കും. അതും സങ്കടകരമായതിനാൽ പിന്നെ കുറച്ചുനാളത്തേക്ക് അക്കാര്യത്തിൽ ഞാൻ മൗനംപാലിക്കും. ചിലപ്പോൾ എന്റെ ഭാഗമാണെന്നു കാണിക്കാൻ വീട്ടുകാരെ മൊത്തം ചീത്തവിളിക്കും. ഞാനത് ആസ്വദിക്കുന്നതായി ഭാവിക്കുകയും ചെയ്തു. പിന്നെ സന്തോഷിപ്പിക്കാനായി എന്നെയും കൂട്ടി സിനിമ കാണാൻ പോകും, നല്ല ഏതെങ്കിലും ഹോട്ടലിൽ കയറി ഇഷ്ടമുള്ള ആഹാരം വാങ്ങിത്തരും. ചേട്ടൻ അപ്പോഴും ഒരു ജ്യൂസോ മറ്റോ വാങ്ങി ഞാൻ കഴിക്കുന്നത് നോക്കിയിരിക്കും.

 

ചേട്ടനൊപ്പം സിനിമ കാണുന്നതേ വേറിട്ടൊരു അനുഭവമായിരുന്നു. സങ്കടം നിറഞ്ഞ രംഗങ്ങൾ കണ്ടാൽ ചേട്ടനും കരയും, കരച്ചിൽ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കും. സ്‌ക്രീനിൽ അനീതി കണ്ടാൽ ചേട്ടന്റെ നാഡി ഞരമ്പുകൾ വലിഞ്ഞുമുറുകും. തമാശ രംഗങ്ങൾ കണ്ടാലാകട്ടെ ലക്കും ലഗാനുമില്ലാതെ ചിരിക്കും. ചിരി നിർത്താൻ ചേട്ടൻ പിന്നെ നന്നേ പാട് പെടും.

ഞാനൊന്നും പറയാൻ പോകാറില്ല. ചേട്ടൻ ചേട്ടന് ഇഷ്ടമുള്ള പോലെ പടം കാണട്ടെ എന്നങ്ങു കരുതും.

ചേട്ടനെ സ്നേഹിക്കാനും ചേട്ടൻ എന്നെ സ്നേഹിക്കാനും കാരണങ്ങൾ പലതും കണ്ടെത്തിക്കൊണ്ടേയിരുന്നു. സ്നേഹം പ്രതിസന്ധികളിൽ അകപ്പെട്ടാൽ പിന്നെ തീർന്നില്ലേ.

മൊത്തത്തിൽ ചേട്ടൻ അടിച്ചുപൊളി ജീവിതത്തിന്റെ ആളായിരുന്നു. നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങൾ. കൂടക്കൂടെയുള്ള യാത്ര... അങ്ങനെ ചേട്ടൻ വീടാകെ സന്തോഷത്തിലാക്കാൻ നോക്കിയിരുന്ന ആളായി രുന്നു. എല്ലാ മാസവും പുതിയ വസ്ത്രങ്ങൾ, പുതിയ സിനിമകൾ.., ദിവസവും സമൃദ്ധമായ ആഹാരം, ജീവിതം നാളെ തീരുമെന്ന മട്ടിലായിരുന്നു ചേട്ടൻ ജീവിച്ചതും ജീവിക്കാൻ പ്രേരിപ്പിച്ചതും.

കിടന്നാൽ ഉടനെയൊന്നും ഉറക്കം വരില്ല എന്നതായിരുന്നു വേറൊരു കുഴപ്പം. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള എല്ലാ പ്രവൃത്തികളും പാതിര കഴിഞ്ഞാലും ചെയ്തുകൊണ്ടിരിക്കും, രാവിലെ എണീക്കാനാകട്ടെ മടിയോടു മടിയാണു താനും. അസ്വസ്ഥതകൾക്കൊടുവിൽ ചേട്ടൻ കുറെനേരം തിരിഞ്ഞും മറിഞ്ഞും കിടക്കും. പിന്നെ പതിയെ ഉറങ്ങാൻ തുടങ്ങും. ഉറക്കം കണ്ടുപിടിച്ച ദൈവമേ... നീ മനുഷ്യർക്ക് പ്രിയപ്പെട്ടവനാകുന്നു. ഞാൻ ഉള്ളിൽ പറയും.

ഉറക്കം മരിച്ചുകിടക്കാനുള്ള പരിശീലനമാണെന്ന് ചേട്ടൻ എപ്പോഴും പറയുമായിരുന്നു. ഡ്രൈവിങ് ആയിരുന്നു ചേട്ടന്റെ മറ്റൊരു കമ്പം. ആഴ്ചയിൽ വീട്ടുകാരുമായി ചെറിയ യാത്രകൾ, ചെറുതെന്ന് പറഞ്ഞാൽ രാവിലെ പോയാൽ രാത്രി ഉറങ്ങാൻ നേരത്തേ വീട്ടിൽ തിരിച്ചെത്തുമായിരുന്നുള്ളൂ. ആ ഒരു ദിവസത്തെ കറക്കത്തിൽ വേറാരെയും സ്റ്റിയറിങ്ങിൽ കൈവെക്കാൻ ചേട്ടൻ സമ്മതിക്കില്ല. എല്ലാവരും ഇഷ്ടമുള്ള ആഹാ രം വയറുനിറച്ചു കഴിച്ചോളണം എന്നായിരുന്നു ചേട്ടന്റെ മറ്റൊരു നിർബന്ധം.

വേണ്ടാ എന്ന് പറഞ്ഞാലും കൂട്ടത്തിൽ ആരുടെയെങ്കിലും വയർ നിറഞ്ഞില്ല എന്ന് ചേട്ടന് തോന്നിയാൽ നിർബന്ധിപ്പിച്ചു കഴിപ്പിക്കും. ഈറ്റ്, ഡ്രിങ്ക് ആൻഡ് ബി മെറി, കാപ്ച്ചർ ദി മൊമന്റ്... ചേട്ടൻ എല്ലാവരോടുമായി പറയും. രണ്ട് ‘ആ’കൾ ചേർന്നതാണ് ചേട്ടന്റെ ജീവിതം എന്നെനിക്ക് തോന്നിയിട്ടുണ്ട്, ആഘോഷവും ആനന്ദവും. അതില്ലാതെ ചേട്ടനില്ലായിരുന്നു.

കൊല്ലത്തിൽ കുറഞ്ഞത് മൂന്ന് വലിയ യാത്രകൾ വേണം മനുഷ്യർക്ക് എന്ന ചേട്ടന്റെ വാദത്തിൽ ആർക്കും എതിർപ്പില്ലായിരുന്നു. ചേട്ടൻതന്നെ എല്ലാം ആസൂത്രണം ചെയ്യും, സന്ദർശിക്കേണ്ട സ്ഥലങ്ങൾ, താമസിക്കേണ്ട ഹോട്ടലു കൾ, ആഹാരം കഴിക്കേണ്ട ഇടങ്ങൾ…

 

കാശുള്ളവരുടെ ധൂർത്ത് എന്നുപോലും കാണുന്നവർക്ക് തോന്നും. സംഗതി അങ്ങനെയൊന്നുമല്ലെങ്കിലും.

എല്ലാവരോടും അഭിപ്രായം ചോദിക്കുമെങ്കിലും ചേട്ടനോളം കൃത്യമായി സ്ഥലങ്ങളെക്കുറിച്ച് കൂട്ടത്തിൽ ആരും പഠിക്കാത്തതുകൊണ്ടാവണം, ചെറിയ ചില നിർദേശങ്ങളും ഭേദഗതികളും മാത്രമേ മറ്റുള്ളവരുടേതായി ഉണ്ടാകാറുള്ളൂ.

ഒരേയൊരു ദുശ്ശീലമേ ചേട്ടന് ഉണ്ടായിരുന്നുള്ളൂ. അതിലാരും കൈകടത്തുന്നതും ഉപദേശിക്കുന്നതും ഇഷ്ടമായിരുന്നില്ല.

ചോദിക്കുമ്പോൾ മുഖത്ത് അസ്വസ്ഥത നിറയും. അങ്ങനെയൊക്കെ ആയിപ്പോയി എന്ന മൗനസമ്മതമാണത്.

അതെന്റെ രതിപോലെ ഞാൻ ആസ്വദിക്കുന്ന സ്വകാര്യതയാണ്.., ആരും ഇടപെടേണ്ടതില്ല. ചേട്ടൻ കർക്കശമായി ഒന്നോ രണ്ടോ വട്ടം അത് പറഞ്ഞതോടെ പിന്നീടാരും അതിൽ തലയിടാൻ പോയില്ല.

നീ അമ്മക്കും അച്ഛനും മരുന്ന് കൊടുത്തില്ലേ.., പിള്ളേർ ഉറങ്ങിയോ... ഇങ്ങനെ ചില ചോദ്യങ്ങൾ കൊണ്ട് ചേട്ടനെക്കുറിച്ചുള്ള ചിന്തകൾ മുറിഞ്ഞു പോവാറാണ് പതിവ്.

അവരൊക്കെ എല്ലാം കഴിഞ്ഞുറക്കമായി ചേട്ടാ, ചേട്ടന് പാതിര ആയാലും ഉറക്കമില്ലേ... സ്വരത്തിൽ മുഷിപ്പൊട്ടും വരുത്താതെ ഞാൻ ചോദിക്കും. മുഷിപ്പിന്റെ ചൂര് എങ്ങാനും അടിച്ചാൽ ചേട്ടൻ പിണങ്ങുമെന്ന് എനിക്കുറപ്പായിരുന്നു.

ഉറക്കം വരണ്ടേ... എന്നും പറഞ്ഞ് ചേട്ടൻ സോഫയിൽ ചുരുണ്ടുകൂടി കിടക്കും.

നീ കിടന്നോ ഞാൻ വരാം എന്നും പറയും. വരവൊക്കെ കണക്കാണ് എന്നെനിക്കറിയാം. ചേട്ടനും അറിയാം.

ഹാളിൽ വലുതും ചെറുതുമായ അക്വേറിയങ്ങൾ ഉണ്ടായിരുന്നു. ഗപ്പികൾ, ബ്ലാക്ക് മോളികൾ, ഗൗരാമികൾ, ഗോൾഡ് ഫിഷുകൾ...അങ്ങനെ എനിക്ക് പേരറിയാവുന്നതും അല്ലാത്തതുമായ മീനുകളായിരുന്നു നിറയെ.

വരാന്തയിൽ ലവ്ബേഡ്സും പ്രാവുകളും തത്തകളും ചേട്ടൻ വളർ ത്തിയിരുന്നു. ഇതൊന്നും പോരാഞ്ഞിട്ടായിരുന്നു പൂച്ചസ്നേഹം.

വീട് മുഴുവൻ ജന്തുക്കളുടെ മണമാണ്. ഇടക്കൊക്കെ ദേഷ്യം വരുമെങ്കിലും ഞാൻ ചേട്ടന്റെ

ശ്രദ്ധതിരിക്കും.

ഉറക്കം വരാതാവുമ്പോൾ ചേട്ടൻ അവറ്റകളോട് മിണ്ടിയും പറഞ്ഞു മിരിക്കും.

ആ വീട്ടിൽമാത്രം തത്തകളും പൂച്ചകളും എങ്ങനെ ഒരുമിച്ചു വാണു എന്നെനിക്ക് പിടികിട്ടിയില്ല.

ദേ... ചേട്ടാ ഈ ഈ അമ്മ മരുന്ന് കഴിക്കാൻ കൂട്ടാക്കുന്നില്ലാട്ടോ.., അച്ഛന് പ്രഷർ ഇച്ചരെ കൂടുതലാട്ടോ.., വീട് മുഴുവൻ ഓടിനടക്കുന്ന തിനിടയിൽ ഞാൻ പരാതിക്കെട്ടഴിക്കും.

ചേട്ടൻ എന്നെ നോക്കി മൃദുവായി ചിരിക്കും.

നീ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലേ എന്ന് ചോദിക്കുമ്പോൾ മുഖത്ത് ആ ചിരി ഉണ്ടാവില്ല.

വല്ലാതെ ഇളിക്കണ്ട... ഇങ്ങളും ഇങ്ങടെ ആരോഗ്യം തീരെ നോക്കു ന്നില്ല എന്ന് ഞാൻ ശുണ്ഠിയെടുക്കുമ്പോൾ ചേട്ടന്റെ മുഖത്ത് വീണ്ടും ചിരി കാണാം.

ചിരിക്കണ്ട... പ്രഷറും ഷുഗറും കൊളസ്ട്രോളും... ഒക്കെ കൂടുതലാണ്. മൂട്ടിൽ വെയില് തട്ടും വരെ കിടന്നുറങ്ങുന്ന നേരം രാവിലെ കുറച്ചുനേരം എഴുന്നേറ്റ് നടന്നൂടെ ചേട്ടാ..., ഞാൻ ദേഷ്യം വരുത്തി ചോദിക്കും.

ഈ ഉറക്കംകൂടിയില്ലെങ്കിൽ എന്നെ എന്തിനുകൊള്ളാം. ഈ ഉറക്കമാണ് ജീവിതത്തോടുള്ള എന്റെ കലഹം.

ഉറങ്ങുംതോറും ഒന്നും കാണാതിരിക്കാം... ഓർക്കാതിരിക്കാം. അങ്ങനെ പറയുമ്പോഴെക്കെ ഞാൻ മുഖം മറച്ചുപിടിക്കാറാണ് പതിവ്.

അതും ഒരർഥത്തിൽ ശരിയാണെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് പിന്നെ കൂടുതലൊന്നും പറയാറില്ല.

ഉറക്കത്തിലാണ് മനുഷ്യന് മനസ്സമാധാനം കിട്ടുന്നതെങ്കിൽ എന്തിനാണത് ഇല്ലാണ്ടാക്കുന്നതെന്നാണ് ഞാൻ ചിന്തിച്ചത്.

ഒരു ദിവസം ഞാൻ വീട്ടിലെത്തിയപ്പോൾ കക്ഷി ആകെ ചൂടിലായി രുന്നു. അത്യാവശ്യം ചിലകാര്യങ്ങൾ ശരിയാക്കാനുള്ളതുകൊണ്ട് ഞാനാണെങ്കിൽ അൽപം വൈകിയിരുന്നു.

 

അമ്മ ആശുപത്രിയിലാണ്. നിനക്ക് നേരത്തിനും കാലത്തിനും വീട്ടിൽ വന്നൂടെ... വിളിച്ചാൽ ഫോൺ എടുത്തൂടെ... അത്യാവശ്യത്തിനു വിളിക്കാനാണ് ഈ കുന്ത്രാണ്ടം... എന്താ എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവാത്തെ.

ചേട്ടൻ ഉറഞ്ഞുതുള്ളുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ദേഷ്യം വന്നു. ഞാനും വായിൽ തോന്നിയതൊക്കെ വിളിച്ചുപറയാൻ തുടങ്ങി.

അതോടെ ചേട്ടൻ അടങ്ങുമെന്നാണ് ഞാൻ കരുതിയത്. കലി മൂത്ത് കൈയിൽ കിട്ടിയതെല്ലാം അ​േങ്ങര് വലിച്ചെറിയാൻ തുടങ്ങിയപ്പോഴാണ് പണി പാളി എന്ന് ഞാൻ മനസ്സിലാക്കിയത്.

ദേഷ്യം അടങ്ങിയപ്പോൾ ചേട്ടൻ പിടുത്തംവിട്ട് കരയാൻ തുടങ്ങി. കരച്ചിലിന്റെ ആഘാതത്തിൽ ശ്വാസംകിട്ടുന്നില്ല എന്നായപ്പോൾ ഞാൻ ചേട്ടനെ വാരിപ്പുണർന്നു.

കുഞ്ഞിമനസ്സുകൾക്ക് താങ്ങാനാവാത്ത ഭാരമുണ്ടെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ടാവും ആളുകൾ അത്തരം മനുഷ്യരെ ഉപേക്ഷിച്ചു പോവുന്നത്.

അതുകൊണ്ടാവും വലുതായാലും കുട്ടികളെപ്പോലെയാണെന്ന് കേൾക്കാൻ മുതിരുമ്പോൾ മനുഷ്യർ ഇഷ്ടപ്പെടാത്തത്.

എന്തായാലും കാര്യങ്ങൾ വരുതിയിലാക്കാൻ ഞാൻ നന്നേ പാടുപെട്ടു.

ഉള്ളിൽ ഒളിപ്പിച്ചത് ചേട്ടൻ പിടിച്ചോ എന്ന് ഞാൻ സംശയിച്ചു. പരസ്പരം അടുത്തുപോയാൽ ഒരാളുടെ അകത്തേക്ക് നോക്കാൻ എളുപ്പമാണല്ലോ.

ചേട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരു ന്നു. സ്നേഹമൊരു മാജിക്ക് മഷ്‌റൂം ആണെന്ന് എനിക്കും ചേട്ടനും അറിയാവുന്നതാണല്ലോ.

എന്റെ പദ്ധതി ചേട്ടന് മനസ്സിലായി കാണുമെന്ന് ഞാൻ ഉറപ്പിച്ചു.

വേറെ ഗതിയില്ലാത്തതുകൊണ്ട് തൽക്കാലം ഒന്നും കണ്ടില്ലെന്ന് കരുതുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

എന്തായാലും വൈകാതെ എല്ലാം പുറത്താകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

പിറ്റേ ദിവസം ചേട്ടൻ പതിവുപോലെ ശാന്തതയേക്കാൾ ശാന്തമായി ഇരിക്കുന്നത് കണ്ടപ്പോൾ പ്രതീക്ഷ എന്ന വാക്കിനെ ഞാൻ അങ്ങേയറ്റം എതിർത്തു.

ഉറങ്ങിക്കിടക്കുന്ന ചേട്ടനെ നോക്കിയിരിക്കുമ്പോൾ ഇയാളൊന്ന് മരിച്ചുപോയെങ്കിൽ എന്ന് തോന്നിപ്പോയി. ഉറക്കം ജീവിതത്തെ കണ്ടില്ലെന്ന് നടിക്കാനുള്ള വിഷാദികളായ മനുഷ്യരുടെ സൂത്രമാണോ എന്നുപോലും ഞാൻ സംശയിച്ചു.

ഉറക്കമാണ് ഏകാകികൾക്ക് പ്രണയവും ധ്യാനവും ഇടക്കാല മരണവുമെന്ന് തോന്നിപ്പോയി എനിക്ക്. ഞാൻ എങ്ങനെയൊക്കെ മറച്ചുവെച്ചാലും ചേട്ടന്റെ നിസ്സംഗത എന്നെ പിടികൂടുമെന്ന് എനിക്കുറപ്പായിരുന്നു. ഒരു മനുഷ്യനിൽ കൗതുകം തീരുംവരെയുള്ള സ്നേഹം ഉഗ്രവി ഷമല്ലാതെ മറ്റൊന്നുമല്ലെന്ന് എനിക്കപ്പോൾ തോന്നി. ഞാൻ വരുമ്പോഴുള്ള വീടിനെക്കുറിച്ച് അറിയാതെ ഓർത്തു. ഇനി മടക്കമില്ലെന്നുറപ്പിക്കുമ്പോൾ ഓർമകൾ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തി. ഒളിച്ചോടുകയാണല്ലേ... എന്ന ചേട്ടന്റെ ചോദ്യത്തിൽ മനുഷ്യരുടെ അന്തർജ്ഞാനത്തിന്റെ ആഴം എന്നെ ഭയപ്പെടുത്തി.

വെറുതെയിരിക്കുന്ന മനുഷ്യരെ അടിമുടി സ്നേഹിക്കുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ട് ആവശ്യം കഴിഞ്ഞാൽ അവരെ ഇട്ടിട്ടുപോരു ന്നതാണ് ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന് ചെയ്യാനാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം. ഒരു നിയമത്താലും ശിക്ഷിക്കപ്പെടാത്ത കുറ്റകൃത്യമാണത്. ഞാനതാണ് ചെയ്തത് എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഇനി വീട്ടിലേക്ക് ഇല്ലെന്നുറപ്പിച്ചു പടിയിറങ്ങുമ്പോൾ ഞാൻ ആദ്യം ആ വീടിനെ കണ്ട ദിവസമോർത്തു. വീടെന്നു പറയാനേ പറ്റില്ലായിരുന്നു. വീടിന്റെ ശിരസ്സ് മുതൽ പാദം വരെ വള്ളികൾ തൂങ്ങിക്കിടന്നു. വീട്ടിലേക്കുള്ള വഴി കണ്ടാൽ കാടിന് നടുക്കാണ് വീടെന്ന് തോന്നിപ്പോവും.

വീടെത്തും മുമ്പ് പാമ്പുകടിയേറ്റ് ചാവുമെന്നോ ഏതെങ്കിലും ജന്തു ക്കൾ ആക്രമിക്കുമെന്നോ തോന്നിപ്പോവും. ഇപ്പോൾ ദൂരെ റോഡിൽ നിന്ന് നോക്കിയാൽ ആ വീട് കാണാം. ഇനിയതൊക്കെ പഴയ പോലെയാകും. എനിക്ക് സങ്കടം വന്നു. എന്നെ ആശ്വസിപ്പിക്കാൻ ഒരു കൈയിൽ ജർമനിയിലേക്കുള്ള വിസയും മറു കൈയിൽ അൽപം പഴകിയ ന്യൂസ് പേപ്പറും ഉണ്ടായിരുന്നു.

ചേട്ടന്റെ ഏക ദൗർബല്യം, രതി പോലെ രഹസ്യമെന്ന് ചേട്ടൻ കരുതിയ ഒരേയൊരു കാര്യം, ഒരൊറ്റ നിമിഷത്തിൽ ജീവിതം തകർത്ത ആത്മവിശ്വാസം അതെല്ലാം ആ പഴയ പത്രത്താളിൽ ഉണ്ടായിരുന്നു. റോഡിലെത്തി ഓട്ടോക്ക് കൈ കാണിക്കുമ്പോൾ സന്തോഷത്തിനും കരച്ചിലിനും ഇടയിലെ സ്ഥലത്തിൽ അകപ്പെട്ടപോലെ തോന്നി. ഓട്ടോയിലിരിക്കുമ്പോൾ ഞാൻ പിടിത്തംവിട്ടു കരഞ്ഞു. ആരെങ്കിലും കണ്ടാലോ എന്ന ജാള്യത ഉണ്ടായിരുന്നുവെങ്കിലും ഉള്ളിലെ സങ്കടം അതിനെയെല്ലാം മറികടന്നു.

ചരമകോളത്തിനോട് ചേർന്ന് ചെറിയൊരു ചതുരത്തിൽ വാഹനാപകടത്തിൽ ഒരാളൊഴികെ കുടുംബം മുഴുവനും മരിച്ചുപോ യ വാർത്തയുടെ ആ കീറ് ഞാൻ ബാഗിൽനിന്നും പുറത്തെടുത്തു. മരിച്ചുപോയവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുള്ള ആ ചെറു വാർത്തയിലേക്ക് ഞാൻ ഒരിക്കൽകൂടി നോക്കി. ആറുവർഷങ്ങൾക്ക് മുമ്പുള്ള ആ പേപ്പർ കട്ടിങ് എനിക്കും ചേട്ടനും മാത്രമായിരുന്നു വലിയ വാർത്ത.

ചേട്ടൻ ആ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരില്ല എന്നെനിക്ക് ഉറപ്പാ യിരുന്നു. അങ്ങനെ വന്നാൽ ചേട്ടൻ ആത്മഹത്യചെയ്യുമെന്നും എനി ക്കുറപ്പായിരുന്നു. ഞങ്ങൾ സൃഷ്ടിച്ചൊരു ലോകത്തിനു പകരം ചേട്ടന് വേറൊരു ലോകം സൃഷ്ടിക്കാൻ കഴിയുമോ? അത് എങ്ങനെയുള്ള ചേട്ടൻ ലോകമായിരിക്കും? എനിക്ക് വിഷമം തോന്നി.

 

സ്വന്തം രതിപോലെ സ്വകാര്യമായതെന്ന് ചേട്ടൻ വിശ്വസിച്ച, ആരെ യും ഇടപെടാൻ ചേട്ടൻ ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു ദൗർബല്യം അതായിരുന്നു ആ അപകടത്തിന്റെ ഹേതു എന്ന് എല്ലാവരും കരുതി. ചേട്ടൻമാത്രം അത് അംഗീകരിച്ചില്ല. ഇടക്കൊക്കെ ദേഷ്യംവരുമ്പോൾ ഞാൻ തന്റെയൊന്നും ആരുമല്ലടോ എന്ന് ചേട്ടന്റെ മുഖത്ത് നോക്കി പറയാൻ തോന്നാറുണ്ടായിരുന്നു. എനിക്ക്. പക്ഷേ അങ്ങനെ പറയാൻ ഒരിക്കൽപോലും തോന്നിയില്ല.

ഞാനില്ലാതാവുന്നതോടുകൂടി ചേട്ടൻ രതിപോലെ സ്വകാര്യമായ ചേട്ടന്റെ വിനോദത്തിലേക്ക് വീണുപോകുമോ എന്നൊരു ഭയം ഉള്ളിലുണ്ടായിക്കൊണ്ടിരുന്നു. അവർക്കുശേഷവും ജീവിച്ചിരുന്നത് ചേട്ടനാണ് എന്ന് തോന്നുമെങ്കിലും അവരെക്കാൾ വലിയ മരണം ചേട്ടന്റേതായിരുന്നു എന്ന് എനിക്കുറപ്പാണ്. ഏതാനും ദിവസത്തിനകം ജർമനിയിലേക്ക് പറക്കും എന്ന സന്തോഷവും ഇനി ചേട്ടനോടൊപ്പമുള്ള ആ ജീവിതമില്ലെന്ന ദുഃഖവും എന്നെ പകുത്തു തുടങ്ങിയിരുന്നു.

ഒരു ഹോം നേഴ്സ് ആണ് നീ, ആരുമല്ലെന്നറിയാം... അങ്ങനെ തോന്നിപ്പിച്ചതിനും ഈ കോപ്രായങ്ങൾക്കൊക്കെ കൂടെനിന്നതിനും നന്ദി. ചുവരിൽ ഫ്രെയിംചെയ്തു വെച്ച ഫോട്ടോകളിലേക്ക് നോക്കി ചേട്ടൻ അങ്ങനെ പറയുന്ന രംഗം സങ്കൽപിച്ചപ്പോൾ അവർ മരിച്ചു പോയ മനുഷ്യരാണെന്നു ആദ്യമായി ഞാൻ ഓർത്തു.

അഭിനയിച്ചു തീർത്ത വേഷം എന്നെ ചുവരിലിരുന്നു നോക്കി. പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നിയപ്പോൾ ബാഗിൽനിന്നും ആ പേപ്പർ കട്ടിങ് പുറത്തെടുത്ത് കുനുകുനാന്നു കീറി തുണ്ടങ്ങളാക്കി. ഒഴിഞ്ഞൊരിടത്ത് എത്തിയപ്പോൾ ഞാനത് ഓട്ടോയിൽനിന്നും പുറത്തേക്കെറിഞ്ഞു. പതിവില്ലാത്ത വിധം ശക്തിപ്രാപിച്ച കാറ്റ് ആ കട ലാസു തുണ്ടങ്ങളെ കുറെനേരം അന്തരീക്ഷത്തിൽ പറത്തി. കാഴ്ച മറ യുവോളം ഞാനത് നോക്കിനിന്നു.

ഒരു തുണ്ട് കടലാസ് കഷണം പോലും ഭൂമിയെ തൊട്ടില്ലെന്ന് ഞാൻ വിശ്വസിച്ചു. ഞാനെന്താണ് ചെയ്തത് എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. കണ്ണുകളടച്ചു ഓട്ടോയിൽ ഇരിക്കുമ്പോൾ ഒരു സഞ്ചി മീനുമായി വീട്ടിലേക്ക് കയറുന്ന ചേട്ടന് പിന്നാലെ വീടിനകത്തേക്ക് കയറുന്ന പൂച്ചകളെ ഞാൻ കണ്ടു. പൂച്ചകളിലൊന്ന് എന്നെ ചൂഴ്ന്നു നോക്കി. അപ്പോഴേക്കും ചേട്ടൻ കതകടച്ചു. ഇനിയെന്തെന്നറിയാതെ ഏകാന്തത ഞങ്ങൾക്കിടയിൽ വീർപ്പുമുട്ടി.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-10 06:00 GMT
access_time 2026-08-10 05:45 GMT
access_time 2026-08-09 02:19 GMT
access_time 2026-07-27 05:45 GMT
access_time 2026-07-27 04:30 GMT
access_time 2026-07-20 05:45 GMT
access_time 2026-07-20 05:15 GMT
access_time 2026-07-20 04:30 GMT
access_time 2026-07-13 04:30 GMT
access_time 2026-07-06 05:30 GMT