തിമിരം
അച്ഛന് എന്തേലും അസുഖം വന്നാല്‍ അമ്മേടെ പെടപ്പ് കാണണം. ആശുപത്രിയില്‍ കൂട്ടിപ്പോകലും പഥ്യം നോക്കലും രാത്രിയെങ്ങാന്‍ ഒന്നു ചുമച്ചുപോയാല്‍ പുലരും വരെ നെഞ്ചുതടവിക്കൊടുക്കലുമൊക്കെയായി അമ്മയൊരു തത്രപ്പാടുകാരിയാവും. അമ്മക്ക് അതെല്ലാം കടമയാണ്. ആധിയാണ്. അസുഖം മാറുന്നതുവരെ അമ്മ ഉറങ്ങില്ല. ഒരുപക്ഷേ, അച്ഛന് അമ്മയെ അനുസരിക്കുന്ന സമയം മാത്രമായിരിക്കും അത്. ഇനി അമ്മക്കാണ് അസുഖമെങ്കിലോ. അച്ഛന് അപ്പോ തുടങ്ങും ദേഷ്യം. രാത്രി മുട്ടിവന്ന...
അച്ഛന് എന്തേലും അസുഖം വന്നാല്‍ അമ്മേടെ പെടപ്പ് കാണണം. ആശുപത്രിയില്‍ കൂട്ടിപ്പോകലും പഥ്യം നോക്കലും രാത്രിയെങ്ങാന്‍ ഒന്നു ചുമച്ചുപോയാല്‍ പുലരും വരെ നെഞ്ചുതടവിക്കൊടുക്കലുമൊക്കെയായി അമ്മയൊരു തത്രപ്പാടുകാരിയാവും. അമ്മക്ക് അതെല്ലാം കടമയാണ്. ആധിയാണ്. അസുഖം മാറുന്നതുവരെ അമ്മ ഉറങ്ങില്ല. ഒരുപക്ഷേ, അച്ഛന് അമ്മയെ അനുസരിക്കുന്ന സമയം മാത്രമായിരിക്കും അത്.
ഇനി അമ്മക്കാണ് അസുഖമെങ്കിലോ. അച്ഛന് അപ്പോ തുടങ്ങും ദേഷ്യം. രാത്രി മുട്ടിവന്ന ചുമ അമര്ത്തിവെക്കുന്നതിനിടെ പുറത്തേക്കുതെറിച്ചുപോയാല് പ്രാകിക്കൊണ്ട് അടുത്ത റൂമീപോയി വാതില്‍ വലിച്ചടച്ച് അച്ഛന് കിടന്നുറങ്ങും.
ഇപ്പോ അമ്മക്കാണ് അസുഖം. അതുകൊണ്ട് പറയേണ്ടല്ലോ. കുറച്ചു പഴകിയ അസുഖാണ്. കണ്ണിനൊരു വലച്ചില്. പലപ്പോഴായി പറയുന്നു. അതിനൊന്നും ചെവികൊടുക്കാതെ വലച്ചിലങ്ങ് വളര്‍ന്നു. ഇപ്പോ തീരെ കാണാന്‍ വയ്യാതായതുപോലെ. കണ്ണില്‍ പാട കെട്ടിയിട്ടുണ്ട്. നല്ല കറുത്തുരുണ്ട കണ്ണാണ് അമ്മേടെ. ഇപ്പോ വെണ്ണീരിന്റെ കളറാ.
‘തിമിരാന്ന്’
അമ്മ തന്നെ കണ്ടെത്തിയതാ. ചെറിയൊരു ഓപ്രേഷന് മതി. ആസ്പത്രിയില്‍ കിടക്കൊന്നും വേണ്ട. പൊലച്ചക്ക് പോയാല്‍ മൈമ്പിന് വീട്ടിക്കേറാം. കുറച്ചുനാള്‍ വെയില് കൊള്ളിക്കറ്. അത്രമാത്രം. അതിനൊരു കൂളിങ് ഗ്ലാസ് തരും. അതിട്ടു നടന്നാമതി.
ഇത്തറയൊക്കെ അമ്മ ഗ്രഹിച്ചുവെച്ചിട്ടുണ്ട്.
എനക്കൊന്നും കയ്ല എന്ന അച്ഛന്റെ നിരുത്തരവാദിത്തത്തില്‍ നിന്നാണ് അത് വളര്‍ന്നത്. ഒരുദിവസം അച്ഛന്റെ അടുത്ത ബന്ധു വീട്ടില്‍ വന്നപ്പോള്‍ നിനക്കെന്നെ മനസ്സിലായില്ലേ ഗിരിജേ എന്നു അതിശയിച്ചപ്പോഴാണ് അച്ഛന് മെല്ലെ തല കുമ്പിടുന്നത് അവന് കണ്ടത്. അന്ന് അമ്മയുടെ മുഖത്തെ നനഞ്ഞ ചിരിയൊരു ചിരിയായിരുന്നു.
പിറ്റേന്ന് ആസ്പത്രിയില്‍ പോകാമെന്ന ധാരണയുണ്ടായി. കുട്ടിയായ തന്നെ വീട്ടില്‍ ഒറ്റക്ക് നിര്‍ത്തില്ലെന്നും ആസ്പത്രിയിലേക്ക് കൂടെ കൂട്ടുമെന്നും അമ്മേടെ കണ്ണിന്റെ സൂക്കേട് മാറുമെന്നുമൊക്കെയുള്ള സന്തോഷം ഉറങ്ങുമ്പോഴും അവന്റെയുള്ളില്‍ ഉറങ്ങാതെ കിടന്നു.
രാവിലെ ഉണര്‍ന്നു.
ഈ ഗ്രാമപ്രദേശത്തുനിന്ന് അവന് ടൗണിലേക്ക് അധികം പോയിരുന്നില്ല. നിറയെ വണ്ടികള്‍ ചീറിപ്പായുന്നതും വലിയ വലിയ കെട്ടിടങ്ങളും ബേക്കറി കടകളും തട്ടുകടകളിലെ ഓംപ്ലയിറ്റിന്റെ മണവും സിനിമാ പോസ്റ്ററുകളും ബസിലെ പാട്ടും സൈഡ് സീറ്റിലിരുന്നാല്‍ വന്നടിക്കുന്ന കാറ്റും കാഴ്ചകളും അവനെ രാവിലെ തന്നെ തട്ടിയെഴുന്നേൽപിച്ചു.
പല്ലുതേക്കാന്‍ നിന്നാല്‍ അവിടെ തന്നെ നിന്നുപോകുന്ന, കക്കൂസില്‍ കയറിയാല്‍ ഇരുന്നുറങ്ങുന്ന, കുളിക്കാന്‍ കിണറ്റിന് ചോട്ടില് ചെന്നാല്‍ കുമിളകളിക്കുന്ന അവന് ഇന്ന് എല്ലാം തന്നത്താനായി. അമ്മയുടെ നീട്ടിവിളി ഇടക്കിടെ വീട് പരതിയില്ല.
അരയില്‍ രണ്ടുവട്ടം ചുറ്റിയാലും തീരാത്ത തോര്‍ത്തുടുത്ത്, തണുത്ത വെള്ളത്തില്‍ പതിവില്ലാതെ കുളിച്ചതിന്റെ വെളിച്ചപ്പാടന്‍ തുള്ളിക്കൊണ്ട് അവന് വന്നു. മുറിയില്‍ കയറി യൂണിഫോമല്ലാത്ത ചുകപ്പില്‍ വെള്ള പൂക്കളുള്ള കുപ്പായവും കറുത്ത ട്രൗസറും വലിച്ചുകേറ്റി കണ്ണാടിക്ക് മുന്നില്‍ അവന് നിന്നു. അച്ഛന്റെ വട്ടച്ചീര്പ്പെടുത്ത് മുടി മുകളിലേക്ക് ചീകി. ചെന്നിയിലൂടെ തലയിലെ വെള്ളം താഴേക്കൊഴുകി. തിമിരമായിരുന്നിട്ടും അമ്മയത് കണ്ടുപിടിച്ചു. അവനെ വലിച്ചടുപ്പിച്ച് നന്നായി തോര്‍ത്തിക്കൊടുത്തു.
‘‘മതി’’ അമ്മയെ അരയടക്കം കെട്ടിപ്പിടിച്ച് അവന് പിടഞ്ഞു.
‘‘ഇപ്ലേ മേലേക്ക് വാരണ്ട. നെറ്റികേറും’’ ഇടത് ചെന്നിക്കേ പകുപ്പെടുത്ത് അമ്മ അവന് ചീകിക്കൊടുത്തപ്പോള് അവന് എനഞ്ഞു.
‘‘കിട്ടും നിനക്ക്. പോയി ചായ കുടിക്ക്. മേശമേ വെച്ചിട്ടുണ്ട്.’’
അവന് അടുക്കളയിലേക്കോടി. പ്ലെയ്റ്റില്‍ ചുട്ടുവെച്ച ദോശ വായില്‍ പോകുന്നതിനിടെ അപ്പുറത്ത് അമ്മയും അച്ഛനും ഉറക്കെ സംസാരിക്കുന്നത് കേട്ടു. അതൊരു സാധാരണ സംസാരമല്ലെന്ന് അവന് തോന്നി. അവന് ചവ പതുക്കെയാക്കി ശ്രദ്ധിച്ചു. വായില്‍ നിറച്ച ദോശയുമായി അവന് അപ്പുറത്തേക്ക് പോയി കട്ടിളപ്പടിക്ക് പിടിച്ച് നോക്കി. മുടിയില്‍ ചീര്‍പ്പ് ഉപേക്ഷിച്ച് അമ്മ മിണ്ടാതെ നില്ക്കുന്നു. അമ്മയുടെ കണ്ണില്‍ വെള്ളം കെട്ടിനില്‍പ്പുണ്ട്. പോകാനായി ഇട്ടിരുന്ന ഷര്‍ട്ട് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് അച്ഛന് ഉമ്മറത്തേക്ക് നടന്നു. എന്ത് ചെയ്യണമെന്നറിയാതെ അമ്മ അവനെ നോക്കി. ചവച്ചുകഴിഞ്ഞിട്ടും ഇറക്കാന്‍ പറ്റാത്ത ദോശ അവന്റെ വായില്‍ കിടന്ന് വീര്‍ത്തു.
ജീവന്‍വെച്ചതുപോലെ അമ്മ പെട്ടെന്ന് ഒരുങ്ങിത്തുടങ്ങി. പാതിചീകിയ മുടി കോതിയിട്ടു. ഏറക്കുറെ കൊഴിഞ്ഞുപോയ മുടിവാലുകള് ബ്ലൗസിന്റെ പിന്‍കഴുത്ത് നനച്ചു. കുട്ടിക്കൂറ പൗഡറെടുത്ത് മുഖത്ത് വാരിപ്പൂശി. കണ്ണാടിയില്‍നിന്ന് ഒരു പൊട്ട് നുള്ളിയെടുത്ത് സ്ഥാനംതെറ്റി വെച്ചു. ചുളിഞ്ഞൊരു കുടയും കൈബേഗുമെടുത്ത് മുറിവിട്ടിറങ്ങി. അവനെയും വിളിച്ചു.
‘‘ബാ.’’
അവന് നിലത്തുരച്ചുകൊണ്ട് പിന്നാലെ നടന്നു.
ഉമ്മറത്ത് കസേരയില്‍ ശ്രദ്ധമുഴുവന്‍ അകത്തേക്കിട്ട് അച്ഛന് പത്രം വായിക്കുന്നതായി കൽപിച്ചു. അമ്മ കുറച്ചുനേരം കാത്തുനിന്നു. വരുവോ എന്ന് യാചിക്കുന്നതുപോലെ അവന് തോന്നി.
ഇഴഞ്ഞിഴഞ്ഞ് അമ്മയുടെ സാരിത്തുമ്പിലെത്തി. മുന്താണിയില്‍ എഴുന്നുനില്ക്കുന്ന ഒരു നൂലുകണ്ടെത്തി അവനതിന്റെ വാലേപിടിച്ച് കുറച്ചുനേരം കൂടി നിന്നു. അമ്മ വിദൂരതയിലേക്കും. പെട്ടെന്ന് അവന്റെ കൈവലിച്ച് അമ്മ നടന്നു.
‘‘വാ നമ്മക്ക് പോകാ. വരുന്നോര് വരണ്ട.’’
പത്രം മടക്കിക്കുത്തി ടീപ്പോയിലെറിഞ്ഞ് അച്ഛന് ആകാശംമുട്ടെ എഴുന്നേറ്റു. ഒരു കൽപന പുറപ്പെടുവിച്ചുകൊണ്ട് നിലംകുലുക്കി അകത്തേക്ക് പോയി.
‘‘ഒറ്റക്കങ്ങ് പോയാമതി. ഓന കൂട്ടണ്ട.’’
അമ്മയുടെ കൈ അയഞ്ഞുപോയി. വാടിയ വാഴത്തണ്ടുപോലെ അതങ്ങ് താണു. അമ്മ അവനെ നോക്കി കണ്ണടച്ചു. മെല്ലെ വിളിച്ചു.
‘‘കലമ്പൂല, വാ.’’
അവന് അനങ്ങാന്‍ കഴിഞ്ഞില്ല. അനങ്ങുന്നുണ്ടോന്ന് നോക്കി അകത്ത് തീക്കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നുണ്ടെന്ന് അവനറിയാം.
അമ്മ അവനെ കുറേ നേരം കൂടി നോക്കിനിന്നു.
അവന്റെ നെഞ്ചുങ്കുടം കനത്തു. അവന് കേള്‍ക്കാന്‍ മാത്രമായി അമ്മ പറഞ്ഞു.
‘‘അമ്മ ഒറ്റക്കായിപ്പോവൂടാ... വാ... ഓറഞ്ച് വാങ്ങിത്തരാ.’’
എന്നിട്ടും അവന് അനങ്ങാന്‍ കഴിഞ്ഞില്ല. മുറ്റത്തിറങ്ങി അമ്മ ചെരിപ്പിട്ട് നടന്നുപോകുന്നതിനിടെ അവനെ രണ്ടുമൂന്നുവട്ടം തിരിഞ്ഞുനോക്കി. റോഡിലിറങ്ങി കാഴ്ച മറയുന്നതിനിടെയും പിന്നാലെ അവന് ഓടിവരുന്നുണ്ടെന്ന് വിചാരിച്ച് അമ്മ നടന്നു. ഇനിയൊരിക്കലും അമ്മയെ കാണാന്‍ കഴിയില്ലെന്നതുപോലെ അവന് സ്തബ്ധനായി നില്‍ക്കുവായിരുന്നു. അമ്മ മറഞ്ഞപ്പോള്‍ അവന് പൊട്ടിയൊലിച്ചു. വായില്‍ നിന്ന് ദോശച്ചാറ് ചുവന്ന ഷര്ട്ടിലേക്കുറ്റി.
02
അമ്മ ഒരിടത്തും തനിച്ച് പോകുന്നത് ഇതുവരെ കണ്ടിട്ടില്ല. അമ്മ പോയിരുന്നത് സംഘത്തോടെയാണ്. ബന്ധുക്കളുടെ കല്ല്യാണത്തിന് പോകുമ്പോ ഒരുകൂട്ടം ആളുണ്ടാവും. അവര്‍ക്കിടയില്‍ അമ്മയൊരു തലവത്തിയാണ്. തെയ്യത്തിനോ പൂരത്തിനോ ഉത്സവത്തിനോ പോകുമ്പോഴും കാണും ഒരു സംഘം. അച്ഛന്റെ കൂടെ പോയത് എവിടേക്കാണെന്ന് അവന് ഓർമയില്ല. പക്ഷേ, അന്നേരം അമ്മ ഒറ്റക്കായിരുന്നു. അച്ഛന്റെ കൂടെ അമ്മ നടന്നെത്താറില്ല. ഒരു പത്തടി പിന്നില്‍. അമ്മ അതിന് ശ്രമിക്കാറുമില്ല. അമ്മ കൂടെ നടക്കുന്നത് അച്ഛനിഷ്ടമായിരുന്നില്ല. ഒന്നു വേം നടക്കെന്നുപറഞ്ഞ് ഇതുവരെ തിരിഞ്ഞുനിന്ന് കാത്തുനിന്നിട്ടില്ല. അച്ഛന്റെ കൂടെ എത്താതെയും അമ്മയെ ഉപേക്ഷിക്കാതെയും അവര്‍ക്കിടയിലെ പത്തടിക്കുള്ളിലായിരുന്നു അവന്റെ യാത്രയത്രയും.
കണ്ണില്‍ ജലം നിറഞ്ഞ് തളം കെട്ടിയ കാഴ്ചയില്‍ അവന് കുറേനേരം ഉമ്മറത്തുതന്നെ നിന്നു. മുറ്റത്തെ കാഴ്ചകള്‍ ഒന്നും തെളിയുന്നില്ല. പച്ചമരങ്ങളുടെ നിഴല്‍. ഇങ്ങനെയായിരിക്കുമോ അമ്മയുടെ കാഴ്ചകള്‍. അമ്മക്ക് വഴിതെറ്റുമോ? ബസ് തെറ്റുമോ? മടങ്ങിവരില്ലേ..?
അച്ഛന് വന്ന് അവനെ അകത്തേക്ക് വലിച്ചുകൊണ്ടുപോയി. മുറിയില്‍ കട്ടിലില്‍ കിടത്തി. അനുസരണയോടെ അവന് കിടന്നു. അച്ഛനും അരികില്‍ കിടന്നു. ചുവന്ന ഷര്‍ട്ടിനുള്ളില്‍ നിന്ന് അപ്പോഴും ഏങ്ങല് ഉയര്‍ന്നുതാണു.
‘‘നിനക്ക് സാവിത്രിയാന്റിയെ ഓര്‍മ്മീണ്ടാ..?’’
കുറേനേരം മിണ്ടാതെ കിടക്കേ അച്ഛന് ചോദിച്ചു.
ഏത് സാവിത്രിയാന്റിയെന്ന് അവന് ചോദിച്ചില്ല. അച്ഛന് അവനെ തലചരിച്ചുനോക്കി. കവിളിലൂടെ വറ്റിയ കണ്ണീര് ചാലിലൂടെ അപ്പോഴും വറ്റാത്ത പുഴയൊഴുകുന്നത് അയാള്‍ കണ്ടു. അയാളത് തുടച്ചുകൊടുത്ത് സമാധാനിപ്പിച്ചു.
‘‘അമ്മയിങ്ങ് വന്നോളും.’’
ഏങ്ങലടി കുറഞ്ഞ് അവന് തിരിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ അച്ഛന് വീണ്ടും ചോദിച്ചു.
‘‘ഓര്‍മ്മീണ്ടാ..?’’
‘‘ഉം... ഉം’’ ഇല്ലെന്ന് അവന് രണ്ടുവട്ടം മുക്കി.
‘‘ചേച്ചീടെ കല്ല്യാണത്തിന് വന്നത് ഓര്മ്മീല്ലേ... വെളുത്തിട്ട്, പാട് മുടിയുള്ള, ഉയരം വെച്ച്. നിന്നെ എടുത്ത് നടന്നിനല്ല കുറേനേരം. ഓര്മ്മീല്ലാ..?’’
‘‘ഉം...’’
അവന് ഓർമ വന്നു. കാക്കപ്പൂവിന്റെ നിറമുള്ള സാരിയുടുത്ത ഒരു ചേച്ചി. വീടുമുഴുവന്‍ ഓടിനടന്ന് മിണ്ടീം പറഞ്ഞും കൊണ്ടിരുന്ന ഒരാള്‍. പോയ വഴിനിറയെ വാസന. അമ്മയെ കാണുന്നിടത്തുനിന്നൊക്കെ അവര്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്ന് അനങ്ങി നടക്കെന്റെ ഗിരിജേ... ഒരു അനങ്ങ്യാമ്മയായിപ്പോയല്ലോ നിന്റോളെന്ന് അച്ഛനോടും പരാതിപറയുന്നത് കേട്ടു. തന്നെയന്ന് എടുത്തുയര്‍ത്തി ഉമ്മതന്നു.
‘‘അവസാനായിട്ടെങ്കിലും ഒരു ചെക്കനെ കിട്ടിയല്ലോ’’ ഒരു കള്ളക്കണ്ണിട്ട് അച്ഛനെ അവര്‍ നോക്കുന്നതും അവന് ഓർമിച്ചു.
അന്നും അതിനുശേഷവും അവരെ കണ്ടത് ഓർമിച്ചെടുക്കാന് ശ്രമിക്കുന്നതിനിടെ അച്ഛന്റെ ഒരു ദീര്‍ഘനിശ്വാസം കേട്ടു.
‘‘ആ ആന്റീടെ മോനായി ജനിക്കണ്ടോനാ നീ...’’
അവന് ആലോചിച്ചു. നന്നായിരിക്കും. സുന്ദരിയായ ഒരമ്മ. ആ അമ്മയുടെയും അച്ഛന്റെയും കൂടെ കൈയും പിടിച്ച് നടക്കുന്നു. അങ്ങാടിയില്‍ പോയി പുതിയ കുപ്പായങ്ങള്‍ വാങ്ങുന്നു. കല്യാണത്തിന് ഇതെന്റെ മോനെന്ന് കണ്ടവരോടൊക്കെ വിളിച്ചുപറയുന്നു. അച്ഛന് സ്നേഹത്തോടെ തലോടുന്നു. അസൂയയോടെ മറ്റുള്ളവര്‍ നോക്കുന്നു. അമ്മയുടേതുപോലെ ക്രമംതെറ്റി വൃത്തിയില്ലാത്ത തന്റെ പല്ല് ഒളിപ്പിച്ചുവെക്കാന്‍ ചുണ്ട് കൂട്ടിയുള്ള ഈ ചിരി മാറി. ആന്റിയുടെ നുണക്കുഴിച്ചിരി കിട്ടി.
ആളുകള്‍ പറയുമായിരിക്കും.
‘‘അമ്മേടെ അതേ ചിരി.’’
പക്ഷേ...
പക്ഷേ, ഇപ്പോഴുള്ള തന്റെ അമ്മ എവിടെയായിരിക്കും? മുടിയഴിഞ്ഞ് സാരിത്തലപ്പ് വലിച്ചുകൊണ്ട് ബസ് സ്റ്റാൻഡിലൂടെ അലറിനടക്കുന്ന അമ്മയെ അവൻ മനസ്സില്‍ കണ്ടു. നളിനി ടീച്ചര്‍ ക്ലാസില്‍ പഠിപ്പിച്ച ഉണ്ണിയെ തിരയുന്ന നങ്ങേലിയെപ്പോലെ അമ്മ തന്നെ കാറിവിളിച്ചുകൊണ്ട് നടക്കുന്നു.
അവന് ആന്റിയുടെ കൈയില്‍നിന്നും കുതറാന്‍ ശ്രമിച്ചു. ഓലയെഴുത്താണികള് കാട്ടിലെറിഞ്ഞപോലെ അവന് കെണിയില്‍ പെട്ടിരുന്നു. ആന്റി പിടിമുറുക്കി. അവന് അനങ്ങാന്‍ കഴിഞ്ഞില്ല. അവന്റെ ഹൃദയം പടപടാ മിടിച്ചു.
പുലരിച്ചെന്താമര മാതിരി കണ്ണുചൂഴ്ന്ന് അമ്മ നിലവിളിച്ചു. തെച്ചിക്കോല് പറിച്ചുണ്ടാക്കിയ മറ്റൊരുണ്ണിയെ ആന്റി കൊടുത്തുനോക്കി. അമ്മ അവനെ തടവി. അമ്മ തിരിച്ചറിഞ്ഞില്ലെങ്കിലോ... അവന് വീണ്ടും കരച്ചില് വന്നു.
‘‘എനിക്കമ്മയെ കാണണം.’’
03
ആസ്പത്രിയില്‍ ഡോക്ടറെ കാണാന്‍ ഇനിയും കാത്തിരിക്കണം. ആസ്പത്രി കണ്ടെത്തി ടോക്കണ്‍ എടുക്കാന്‍ ഗിരിജ നന്നേ വൈകിയിരുന്നു. കുറച്ചുനേരം ഇരുന്നുനോക്കി. കയറിപ്പോയവരൊക്കെ ഇറങ്ങിവരാന്‍ അധികം സമയമെടുക്കുന്നതുപോലെ. നമ്മള് കയറിയാല്‍ മാത്രം വേഗം ഇറങ്ങുന്നു. എല്ലാര്ക്കും അങ്ങനെയൊക്കെയായിരിക്കും തോന്നുവ എന്ന് വിചാരിച്ച് അടുത്തുള്ളയാളോട് നമ്പര്‍ ചോദിച്ചു.
‘‘മുപ്പത്തഞ്ച്.’’
‘‘കയറിയതെത്രയാ...’’
‘‘ഡോക്ടറിപ്പല്ലേ വന്നേ.’’
ഗിരിജ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. രാവിലെ ഒന്നും കഴിച്ചിട്ടില്ല. എവിടേലും തലചുറ്റി വീണാല്‍ വീണിടത്തുതന്നെ കുഴിച്ചിടേണ്ടിവരും. ആരോട് പറയാന്‍. ആരെ വിളിക്കാന്‍.
കാന്റീന് ബോര്‍ഡ് കണ്ട് അങ്ങോട്ട് കേറി. ഒഴിഞ്ഞ ഒരു മൂലയിലിരുന്ന് വയസ്സന് വെയിറ്ററോട് ചായക്കും പഴമ്പൊരിക്കും പറഞ്ഞു. അയാളത് മുന്നില്‍ കൊണ്ടുവെച്ചു. പഴമ്പൊരിക്ക് നിറയെ എണ്ണ. കൈയിലെടുത്തപ്പോള്‍ എണ്ണയുറ്റുന്നു. കൈയില്‍ പറ്റിയത് ആരുംകാണാതെ കാലിലൊരച്ചു. ആരെങ്കിലും കണ്ടോന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പിറകിലെ സീറ്റിലിരുന്ന് ഒരാള്‍ മുറുമുറെ നോക്കുന്നു.
കാലിലൊരക്കല് കണ്ടിട്ടാവുമോ അയാളിങ്ങനെ നോക്കുന്നത്. ഗിരിജക്ക് ജാള്യം തോന്നി. പിന്നെ അങ്ങോട്ട് നോക്കിയില്ല. പെട്ടെന്ന് എന്തോ അടുത്തുവന്ന് നില്ക്കുന്നതുപോലെ തോന്നിയപ്പോള്‍ ഗിരിജ തലയുയര്‍ത്തി. അയാളന്നെ.
‘‘ഗിരിജയല്ലേ...’’ അയാള്‍ ചോദിച്ചു.
വായിലുണ്ടായിരുന്ന പഴമ്പൊരി വിഴുങ്ങി തൊണ്ടക്ക് പിടിച്ചു. അതേന്ന് പറയാന്‍ ബുദ്ധിമുട്ടി. കേട്ടപാടേ അയാള്‍ ഗിരിജക്ക് അഭിമുഖമായി ഇരുന്നു.
‘‘എന്നെ മനസ്സിലായോ..?’’
മറ്റൊരു ജാള്യത്തോടെ ഗിരിജ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി.
‘‘നല്ലോണം നോക്കീട്ട് പറ.’’
അറിയാത്തൊരാളുടെ മുഖത്ത് അങ്ങനെ നോക്കിയിരിക്കാന്‍ ഗിരിജക്ക് കഴിഞ്ഞില്ല. എന്നാലും തന്റെ പേരറിയുന്ന ആള് അപരിചിതനായിരിക്കില്ലല്ലോ എന്ന് സമാധാനിച്ചു.
‘‘എത്ര നോക്കീട്ടും കാര്യൂല്ല. കണ്ണിന് ഇത്തിരി തെളിച്ചം കുറവാ.’’
‘‘എന്റെ കാര്യം അതിലും കഷ്ടാ. ന്നിട്ടും എനിക്ക് മനസ്സിലായല്ലോ...’’
ഭര്‍ത്താവിന്റെ വകയില്പ്പെട്ടവരെയാണ് പരിചയക്കുറവ്. അല്ലെങ്കില്‍ പരിചയപ്പെടുത്താതിരുന്നത്. ചിന്ത ആ വഴിക്കാണ് പോയത്. സ്വന്തം ആള്ക്കാരെയൊക്ക ഒച്ചകൊണ്ടെങ്കിലും ഗിരിജ പിടിച്ചെടുക്കുമായിരുന്നു.
കുറച്ചുനേരം ആ കളിയങ്ങനെ തുടര്‍ന്ന് കഷ്ടപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചിട്ടുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ അയാള്‍ സ്വയം പരിചയപ്പെടുത്തി.
‘‘സുരേന്ദ്രനാ.’’
അങ്ങനെയൊരാള്‍ ഓർമയിലേക്ക് പെട്ടന്ന് ഇടിച്ചുകേറിയില്ല. കാഴ്ചയോടൊപ്പം മറവിയും ബാധിച്ചുതുടങ്ങിയോ. ഏത് സുരേന്ദ്രനായിരിക്കും. അങ്ങനെ ചോദിച്ചാല്‍ മേശല്ലേ...
‘‘ക്ലാസീ പഠിച്ചേ...’’
‘‘അയ്യോ... ’’ ഗിരിജ ക്രമംതെറ്റിയ പല്ല് കാണിക്കാതെ വാ പൊത്തി പരിസരം മറന്ന് ചിരിച്ചുപോയി. ‘‘നീയാ...’’ ഗിരിജ അയാളുടെ കൈവിരലില്‍ കയറിപ്പിടിച്ചു. കണ്ണ് മുറുക്കെ ചിമ്മിത്തുറന്ന് തെളിച്ചാക്കി അയാളെ തുറിച്ചുനോക്കി.
‘‘സുരേന്ദ്രാ...’’ ഗിരിജ വിളിച്ചു. ‘‘നീയങ്ങ് തൊണ്ടനായിപ്പോയല്ലാ...’’
ഗിരിജയുടെ കൈയിലേക്ക് അയാള്‍ ഇടത്തെ കൈ പൊത്തിവെച്ച് തലോടി. ഗിരിജയുടെ മുഖത്തെ അതിശയം ഇനിയും തീര്‍ന്നില്ല.
‘‘എന്ന് കണ്ടതാ നിന്നെ. അന്ന് നീ എങ്ങോട്ടാ പോയേ? ഞാന്‍ വിചാരിച്ചു നീ പേടിച്ചുതൂറി ചത്തുകാണൂംന്ന്.’’
സുരേന്ദ്രന് അതിനൊന്നും മറുപടി പറയാതെ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. ഗിരിജക്ക് കേക്കണം.
‘‘പറ.’’
‘‘അതൊക്കെ നിക്കട്ടെ. നിനക്ക് എന്തു പറ്റിയതാ?’’
ഗിരിജ കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു. ചിരിച്ചിട്ടാണോന്നറിയില്ല കണ്ണ് നനഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.
‘‘ഒരു വലച്ചില്... തിമിരാരിക്കും.’’
‘‘ഒറ്റക്കാ വന്നേ...’’ സുരേന്ദ്രന് ചുറ്റും നോക്കി.
‘‘ഉം.’’
അടുത്ത വായിക്ക് കുടുംബത്തെ കുറിച്ചാണ് ചോദിക്കേണ്ടിവരിക. അങ്ങനെ ചോദിക്കാനായി ആഞ്ഞതാണ്, അയാള്‍ വേണ്ടെന്ന് വെച്ചു. അറിഞ്ഞെന്നോണം ഗിരിജ മറുപടി പറഞ്ഞു.
‘‘മൂപ്പര് വീട്ടിലുണ്ട്.’’ മറ്റൊന്നും ചോദിക്കേണ്ടെന്ന ധ്വനി അതിലൊളിപ്പിച്ചപോലെ സുരേന്ദ്രന് തോന്നി. കുറച്ച് നിശ്ശബ്ദതക്ക് ശേഷം ഗിരിജ തുടര്‍ന്നു. ‘‘എനിക്ക് മൂന്ന് മക്കളാ... രണ്ട് പെണ്ണും ഒരാണും. പെമ്മക്കളെ കല്ല്യാണൊക്കെ കഴിഞ്ഞ് വിദേശത്ത് കൊണ്ടോയി. പിന്നൊരു മോനാ.’’
അയാള്‍ ഒന്നും ചോദിച്ചില്ല. പക്ഷേ ഗിരിജക്ക് എന്തോ പിന്നീട് നാണം വന്ന് ചിരിച്ചുപോയി.
‘‘എന്തിനാ ചിരിക്ക്ന്നേ.’’
‘‘അവന് ചെറ്തത്രേ. എട്ടീ പഠിക്ക്ന്ന്.’’
‘‘ഓ അയിനെന്നാ.... അവനെ കൂട്ടാര്ന്നില്ലേ...’’
പൊരയടക്കം തന്നെയും കടലെടുത്ത് പോകുമ്പോള്‍ കരക്ക് നിന്ന് നിർന്നിമേഷനായി കരയുന്ന കുഞ്ഞിനെ കണ്ടപോലെ ഉമ്മറത്ത് നില്ക്കുന്ന ഒരോർമ ഗിരിജയെ പെട്ടന്ന് നിലത്തിട്ടടിച്ചു. അവനതേ നില്‍പ്പോടെ തന്നെ കാത്തിരിക്കുന്നത് ഗിരിജ കണ്ടു.
സുരേന്ദ്രന് അവളുടെ മുഖത്തെ മൂടിക്കെട്ടിയ ഇരുട്ടിലേക്ക് നോക്കി. അലസമായി കോതിയൊതുക്കിയ മുടിയിഴകളില്‍ അഗാധമായ ദുഃഖനരകള് തെളിഞ്ഞുതുടങ്ങിയിരിക്കുന്നു.
‘‘നിനക്കൊരു മാറ്റൂല്ലല്ലോ ഗിരിജേ...’’ വിഷയത്തീന്ന് മാറാനായി അയാള്‍ തുടര്‍ന്നു. ‘‘പത്താംക്ലാസ് കഴിഞ്ഞേപ്പിന്നെ നീ വളന്നില്ലേ...?’’
ഗിരിജ തന്നെത്താന്‍ ഒന്നളന്നു. ‘‘മൂപ്പരെന്നെ ഇടക്ക് അയ്യാറെട്ടെന്നാ വിളിക്കല്.’’
‘‘അതെന്ത് കണക്കാ..?’’
‘‘ആദ്യൊന്നും എനിക്ക് തിരിഞ്ഞില്ല. പിന്നെ മനസ്സിലായി. അത് ചെറിയ നെല്ലിന്റെ വിത്താ.’’
ഗിരിജയുടെ ചിരിയോടൊപ്പം സുരേന്ദ്രന് പാതി പങ്കുചേര്‍ന്നു.
‘‘നീയും ഏന്തേലും ബദല്‍ വിളിച്ചുകാണും.’’
‘‘ഞാന്‍ നീളപ്പാന്ന് വിളിക്കും. അത് കേക്കുമ്പോ അയാക്ക് സന്തോഷാ... അതൊക്കെ പോട്ടെ. നിന്റെ വിശേഷങ്ങള്‍ പറ. അന്ന് മുങ്ങിയതിനുശേഷം ഏട്യാര്ന്നു.’’
‘‘വഴിയേ പറയാം. എണീക്ക്. ഡോക്ടറെ കാണിക്കാ...’’
സുരേന്ദ്രന് എഴുന്നേറ്റു. ഗിരിജ എണീറ്റില്ല. കസേരയിലേക്ക് ചാഞ്ഞു.
‘‘നിന്നെ കണ്ടപ്പോള്‍ കാഴ്ചയൊക്കെ ശരിയായ പോലെ. ഡോക്ടറെയൊക്കെ ഇനിയും കാണിക്കാലോ.’’
എഴുന്നേറ്റ സുരേന്ദ്രന് പഴയതുപോലെ ഇരുന്നു. ഗിരിജ സാരിത്തലപ്പുകൊണ്ട് കണ്ണൊന്ന് അമര്‍ത്തിത്തുടച്ച് സുരേന്ദ്രനെ നോക്കി.
‘‘ഈ ലോകം എന്തായിരുന്നെന്നും ഇപ്പോള്‍ എന്താണെന്നും നാളെ എന്തൊക്കെയാകുമെന്നും മനസ്സിലായിക്കഴിഞ്ഞാല്‍ നമ്മടെ കാഴ്ചക്ക് വലിയ പ്രാധാന്യൊന്നൂല്ല.’’
ഗിരിജയുടെ മനസ്സില്‍ വീണ്ടും കടലിരമ്പി. പഴയ കടലല്ല. ശാന്തമായ പുതിയൊന്ന്. ഒരിക്കലും കാണാത്ത കടല്‍. പതഞ്ഞ കുമിളകള്‍ കാലുകളില്‍ വന്നുപൊട്ടുന്ന ശബ്ദം കേട്ട് ഗിരിജയുടെ മുഖം വിടര്‍ന്നു.
‘‘കടലുകാണിക്കാന്ന് പറഞ്ഞ് കൊണ്ടുപോയത് ഓര്‍മ്മീണ്ടാ? ഒണ്ടേന്‍ ഹോട്ടലീന്ന് ബിരിയാണി വാങ്ങിത്തരാന്ന് പറഞ്ഞ് കൊതിപ്പിച്ചതോര്മ്മീണ്ടാ..?’’
ഓര്മ്മീണ്ടെന്ന് സുരേന്ദ്രന് തലയാട്ടി.
‘‘ന്നിട്ടെന്തായിനി? രണ്ടാളീം ബസീന്ന് കൈയോടെ പിടിച്ചു. നാട്ടീക്കൊണ്ടന്ന് തെങ്ങിന് കെട്ടി പൊതിരെ തല്ലി. എനിക്ക് പേരുദോഷവും തന്ന് നീ നാടുവിട്ടു. അയിനോടെ ആ ബെറിയും തീര്‍ന്നു.’’
ഗിരിജ ചിരിച്ച് കുഴഞ്ഞു. ഈ വിഷയത്തില്‍ സാമാന്യത്തിലധികം കുറ്റബോധത്തോടെയാണ് സുരേന്ദ്രന് ഇരിക്കുന്നതെങ്കിലും ഗിരിജക്ക് മുന്നില്‍ പ്രകടമാകാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു.
‘‘പണ്ടത്തെ വലിയ തെറ്റുകളൊക്കെ പിന്നെയെന്ത് രസാല്ലേ ഓര്‍ക്കാന്‍. രണ്ടാള്‍ക്ക് കടല്‍ കാണണംന്ന് തോന്നി, ബിരിയാണി കഴിക്കണംന്ന് തോന്നി. എന്തുവല്ല്യ തെറ്റാല്ലേ...’’
സുരേന്ദ്രന് മേശക്ക് രണ്ട് കൈമുട്ടും കുത്തി നാലഞ്ചുദിവസം വളര്‍ന്ന നരച്ച താടി തടവി.
‘‘ആയിരിക്കും. അന്ന് കുട്ടികളല്ലേ...’’
സുരേന്ദ്രന്റെ കണ്ണുകളിലേക്ക് ഗിരിജ നോക്കി. കാഴ്ച കൃത്യം. ഒരു വലച്ചിലുമില്ല. ആ കടല്‍ വറ്റിയിട്ടില്ല. സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടക്കുന്ന വൈകുന്നേരങ്ങളില്‍ പലപ്പോഴും ആസൂത്രണം ചെയ്ത അതേ കടല്‍.
ഗിരിജ മേശമേലേക്ക് കൈമുട്ട് കുത്തി സുരേന്ദ്രനോട് അടക്കം പറഞ്ഞു.
‘‘ഇപ്പോ വലുതായില്ലേ... പോയാലോ..? ബിരിയാണിയും വേണം.’’
04
വൈകുന്നേരം കഴിയാറായി. കടലില്‍ സൂര്യന് പാതിമയങ്ങി. ഉടുപ്പില്‍ പറ്റിയ മണല്‍ത്തരികള്‍ കുടഞ്ഞുമാറ്റി തിരിച്ചുപോകാനായി അവര്‍ എഴുന്നേറ്റു. ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ വന്നിറങ്ങി.
തെരുവുകച്ചവടക്കാരന് അവസാനത്തെ കച്ചവടത്തിനായി കൂവിവിളിക്കുന്നു. അവരുടെ അടുത്തുനിന്ന് ഗിരിജ രണ്ടുപൊതി ഓറഞ്ചുകള്‍ വാങ്ങി. കച്ചവടക്കാരന് ഭദ്രമായി പേപ്പറില്‍ രണ്ടുകെട്ടായി പൊതിഞ്ഞുകൊടുത്തു. അതിലൊന്ന് ഗിരിജ അയാളെ ഏൽപിച്ചു.
‘‘ഞാന്‍ വാങ്ങിത്തന്നതാണെന്ന് പറയണം.’’
ബസില്‍ പഴയ പാട്ട് വ്യക്തതയില്ലാതെ പാടിക്കൊണ്ടിരുന്നു. പിന്നോട്ടോടുന്ന പുറംകാഴ്ചകളുടെ ആയുസ്സിനെപ്പറ്റി രണ്ടുപേരും അന്നേരം ഓര്‍ക്കുന്നുണ്ടായിരിക്കണം.
ഗിരിജ തന്റെ ഓറഞ്ചുപൊതിയഴിച്ചു. അതിലൊന്നെടുത്ത് അല്ലികള്‍ ഉരിഞ്ഞ് സുരേന്ദ്രന് കൊടുത്തു. അവര്‍ ഒന്നിച്ച് മധുരിച്ചു. ബസില്‍ ഓറഞ്ചിന്റെ മണം പരന്നു.
നാട്ടില്‍ ബസിറങ്ങി. അവര്‍ നടന്നു. ഒന്നും മിണ്ടിയില്ല. ഗിരിജയുടെ വീടുവരെ സുരേന്ദ്രന് അനുഗമിച്ചു.
‘‘ഗിരിജേ.’’
ഗിരിജ തിരിഞ്ഞുനോക്കി. സുരേന്ദ്രന് തന്റെ കൈയിലെ ഓറഞ്ചുപൊതി ഗിരിജക്ക് നീട്ടി.
‘‘ഇതുകൂടി അവന് കൊടുത്തേക്കൂ...’’
ഗിരിജ അയാളുടെ കടലിലേക്ക് നോക്കിയില്ല. പൊതിവാങ്ങി. സുരേന്ദ്രന് തിരിച്ചുനടക്കുന്നത് നോക്കിനിന്നു. അപ്പോഴാണ് ഗിരിജ ഓര്‍ത്തത്, സുരേന്ദ്രനെ കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ.
ഗെയ്റ്റ് തള്ളിത്തുറന്ന് ഗിരിജ നടന്നു. കണ്ണിന് വീണ്ടും വലച്ചില് മൂടുന്നു. ഉമ്മറത്ത് അമ്മയെ നോക്കിനില്ക്കുന്ന മകന് ഓടിവരുന്ന ശബ്ദം മാത്രമാണ് ആദ്യം കേട്ടത്. അടുത്തെത്തിയെന്നറിഞ്ഞത് അവന് ഊക്കോടെ കെട്ടിപ്പിടിച്ചപ്പോള്‍ മാത്രമാണ്. പിടിത്തത്തില്‍ ഗിരിജയൊന്ന് ആടിയുലഞ്ഞു. ഗിരിജയുടെ ഉലഞ്ഞ സാരിക്കുള്ളിലെ വയറിലെ തണുപ്പില്‍ മുഖമമര്‍ത്തി അവന് ഏങ്ങലിച്ചു.
ഗിരിജ ഓറഞ്ച് പൂത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.