അമ്മ

പോസ്റ്റ് ഓഫീസിന്റെ പടിക്കെട്ട് ഇറങ്ങി റോഡിലേക്ക് കടക്കുംമുമ്പ് ലില്ലി ടീച്ചർ ഒന്ന് തിരിഞ്ഞുനോക്കി. ഒരുപക്ഷേ ഇനി ഇങ്ങോട്ട് വരവുണ്ടാകില്ല എന്നോർത്തപ്പോൾ ഒരു മൂളിപ്പാട്ട് പാടണം എന്ന് ടീച്ചർക്ക് തോന്നി. ബാഗിൽനിന്ന് മൊബൈൽ ഫോൺ എടുത്ത് പോസ്റ്റ് ഓഫീസിനെ പശ്ചാത്തലമാക്കി ഒരു സെൽഫി എടുക്കുമ്പോൾ ഗൃഹാതുരമായ ഒരു ഊഷ്മളത ഉള്ളിൽ ഊറുന്നുണ്ടായിരുന്നു. വാട്‌സ്ആപ്പിൽ നീല വരക്കായി കാത്തിരിക്കുമ്പോൾ ലീന ഏത് ഇമോജിയാകും അയക്കുക എന്ന് ഓർത്തപ്പോൾ ടീച്ചറുടെ ഉള്ളിൽ ഒരു ചിരി പൊടിഞ്ഞു. പത്തു കൊല്ലം മുമ്പ് ഈ പടിക്കെട്ടു കയറുമ്പോഴുണ്ടായ പടപടപ്പും വിറയലും ഇന്നലെയുണ്ടായതുപോലെ ഒരാന്തലോടെയാണ് ടീച്ചറപ്പോൾ ഓർത്തത്....

പോസ്റ്റ് ഓഫീസിന്റെ പടിക്കെട്ട് ഇറങ്ങി റോഡിലേക്ക് കടക്കുംമുമ്പ് ലില്ലി ടീച്ചർ ഒന്ന് തിരിഞ്ഞുനോക്കി. ഒരുപക്ഷേ ഇനി ഇങ്ങോട്ട് വരവുണ്ടാകില്ല എന്നോർത്തപ്പോൾ ഒരു മൂളിപ്പാട്ട് പാടണം എന്ന് ടീച്ചർക്ക് തോന്നി. ബാഗിൽനിന്ന് മൊബൈൽ ഫോൺ എടുത്ത് പോസ്റ്റ് ഓഫീസിനെ പശ്ചാത്തലമാക്കി ഒരു സെൽഫി എടുക്കുമ്പോൾ ഗൃഹാതുരമായ ഒരു ഊഷ്മളത ഉള്ളിൽ ഊറുന്നുണ്ടായിരുന്നു. വാട്‌സ്ആപ്പിൽ നീല വരക്കായി കാത്തിരിക്കുമ്പോൾ ലീന ഏത് ഇമോജിയാകും അയക്കുക എന്ന് ഓർത്തപ്പോൾ ടീച്ചറുടെ ഉള്ളിൽ ഒരു ചിരി പൊടിഞ്ഞു.

പത്തു കൊല്ലം മുമ്പ് ഈ പടിക്കെട്ടു കയറുമ്പോഴുണ്ടായ പടപടപ്പും വിറയലും ഇന്നലെയുണ്ടായതുപോലെ ഒരാന്തലോടെയാണ് ടീച്ചറപ്പോൾ ഓർത്തത്. മഴ ഇല്ലാതിരുന്നിട്ടും അന്ന് വലിയ മഴയത്തുനിന്നും കയറിവന്നതുപോലെ കുടകൊണ്ട് മുഖം മറച്ചാണ് അന്ന് വരാന്ത കഴിഞ്ഞുള്ള കൗണ്ടറിലേക്ക് നടന്നുവന്നത്. സാരി തലയിലൂടെയിട്ട് പാതി മുഖംമറച്ച നിലയിലും ആയിരുന്നു. അവിടെ ഒന്നുരണ്ടാളുകളേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടപ്പോൾ ടീച്ചർക്ക് സമാധാനമായി. അന്നത്തെ ഒരു പരിഭ്രമവും നെഞ്ചിടിപ്പും ഇപ്പോഴും ടീച്ചറെ പൊതിഞ്ഞു നിന്നിരുന്നു.

അന്ന് പെട്ടെന്നുള്ള അങ്കലാപ്പിൽ പോസ്റ്റ് ഓഫീസ് സേവിങ് അക്കൗണ്ടിന്റെ കാര്യമാണ് പോസ്റ്റ് മാസ്റ്ററെപ്പോലെ തോന്നിച്ച ഉദ്യോഗസ്ഥനോട് ചോദിച്ചത്. എന്തോ ഗൗരവമായ കാര്യം ചെയ്യുന്നതുപോലെ കമ്പ്യൂട്ടറിന്റെ മോണിറ്ററിൽനിന്ന് കണ്ണെടുക്കാതെയാണ് അദ്ദേഹം ഫോം തന്നത്. ടീച്ചർ അത് പൂരിപ്പിച്ചു കൊടുത്തതിൽ കണ്ണോടിച്ച് കുറച്ചുസമയം ടീച്ചറുടെ മുഖത്ത് നോക്കിയിരുന്നു. വീടിന്റെ തൊട്ടുതന്നെ മറ്റൊരു പോസ്റ്റ് ഓഫീസ് ഉണ്ടല്ലോ എന്നോ മറ്റുമായിരിക്കും അയാൾ ചോദിക്കാൻ പോകുന്നതെന്ന് കരുതി അതിന് മറുപടി പറയാൻ ടീച്ചർ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ ഒന്നുംപറയാതെ അയാൾ ആ ഫോമുംകൊണ്ട് അകത്തേക്ക് പോയി.

കൗണ്ടറിന്റെ തൊട്ടുപിന്നിൽ പോസ്റ്റ്മാനെപ്പോലെ വേഷം ധരിച്ച ഒരാൾ വേറൊന്നും ശ്രദ്ധിക്കാതെ ഊക്കോടെ കവറുകളിൽ സീൽ പതിപ്പിച്ചുകൊണ്ടേയിരുന്നു. ഈ ദൗത്യത്തിന് ഇറങ്ങുമ്പോൾ മുമ്പാലോചിച്ച രംഗങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഈ വെറുതെയിരിക്കൽ ഇനിയെങ്ങനെയാകും മുന്നോട്ടുപോകുക എന്നാലോചിച്ചിരിക്കുമ്പോഴാണ് അകത്തുപോയയാൾ ഒരു പെൺകുട്ടിയുമായി കൗണ്ടറിനു പുറത്തുവന്ന് ടീച്ചർ ഇരുന്ന കസേരയുടെ അപ്പുറവും ഇപ്പുറവുമായി ഇരുന്നത്. സാമാന്യം ഉയരമുള്ള ആ പെൺകുട്ടിക്ക് ആളുകളെ ആകർഷിക്കുന്ന എന്തോ മുഖത്ത് ഉണ്ടായിരുന്നു. ടീച്ചർ പൂരിപ്പിക്കാതെ വിട്ട കോളങ്ങൾ പൂരിപ്പിക്കുമ്പോൾ പരീക്ഷ എഴുതുന്ന കുട്ടിയുടെ ഏകാഗ്രത അവൾക്കുണ്ടെന്ന് ടീച്ചർക്ക് തോന്നി.

ആ പെൺകുട്ടിയെ പ്രമീളയെന്നു വിളിക്കണമെന്നാണ് ടീച്ചർക്ക് തോന്നിയത്. എല്ലാ മാസവും വീട്ടിൽ വന്ന് തുക പതിപ്പിച്ചോളാം എന്നായിരിക്കും അടുത്തതായി അവൾ പറയാൻ പോകുന്നത് എന്ന് ടീച്ചർ പ്രതീക്ഷിച്ചു. ഇവിടെ തൊട്ടടുത്ത് സ്ഥലം ഉണ്ടെന്നും അത് നോക്കുന്നതിനായി സ്ഥിരമായി വരാറുണ്ടെന്നും ഒക്കെ പറയാൻ ടീച്ചർ തയാറെടുത്തിരുന്നുവെങ്കിലും അതേ ജാഗ്രതയോടെ അവരുടെ ഇടതുകൈയിന്റെ തള്ളവിരൽ സ്റ്റാമ്പ് പാഡിൽ കൈപിടിച്ച് അമർത്തി ഫോമിൽ പതിപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ. ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതിരുന്നതിന്റെ കൃതജ്ഞതയോടെ അവളെ ടീച്ചർ ഒന്നു നോക്കി. തിരിച്ചുള്ള കരുണാർദ്രമായ ഒരു മുഖഭാവത്തിൽ അവളെ കണ്ടപ്പോഴുള്ള ആത്മവിശ്വാസത്തിലാണ് മണിയോർഡർ ഫോം ചോദിച്ചത്.

അയക്കേണ്ട വിലാസം കണ്ടു ആ പെൺകുട്ടി ടീച്ചറെ കുറച്ചുനേരം സൂക്ഷ്മമായി നോക്കിയിരുന്നു. അതിനുശേഷം മുമ്പ് കണ്ട ഉദ്യോഗസ്ഥനോട് കുശുകുശുക്കുകയും കമ്പ്യൂട്ടറിൽ എന്തോ പരതുകയും ചെയ്തശേഷം രണ്ടുപേരും അകത്തേക്ക് പോയി. പോസ്റ്റ്മാന്റെ സീലടിക്കൽ അപ്പോഴേക്കും കഴിഞ്ഞിരുന്നു. പൂർണ നിശ്ശബ്ദതയുടെ ഒരാവരണം അവിടെ മൂടിക്കിടന്നിരുന്നു. അൽപസമയം കഴിഞ്ഞ് നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ലാൻഡ് ഫോണിന്റെ ബെല്ലടി മുഴങ്ങി. അകത്തെ ഇരുളടഞ്ഞ മൂലകളിൽനിന്ന് ആരുടെയൊക്കെയോ അജ്ഞാത നോട്ടങ്ങൾ തന്നിൽ പതിക്കുന്നതായി ടീച്ചർക്ക് തോന്നി.

വരാൻ പോകുന്ന നിരവധി വർഷങ്ങളിൽ അതേ സീറ്റിൽ ഭീതിദമായ നിശ്ശബ്ദതയുടെ പാട മൂടിക്കെട്ടിയ ആ ഓഫീസിൽ ഇനിയും ഇരിക്കേണ്ടിവരുമെന്നും ലാൻഡ് ഫോണിന്റെ നിർത്താത്ത മണിയൊച്ചയിൽ അസ്വസ്ഥയാകുമെന്നും ടീച്ചർ അപ്പോൾ മനസ്സിലാക്കിയിരുന്നില്ല. അന്ന് അവിടെനിന്നും ഇറങ്ങി ആദ്യം കണ്ട ഓട്ടോയിൽ കയറുമ്പോൾ അകത്തെ ഇരുളടഞ്ഞ ഇടങ്ങളിൽനിന്നും നീണ്ടുവന്ന അജ്ഞാത നോട്ടങ്ങളും ഓട്ടോയിൽ തന്നോടൊപ്പം കയറിയതായി അന്ന് ടീച്ചറിന് തോന്നിയിരുന്നു.

‘‘എന്താ എച്ച് എമ്മേ നല്ല ഗ്ലാമറിൽ ആണല്ലോ? ഒരു കൂളിങ് ഗ്ലാസിന്റെ കുറവേയുള്ളൂ.’’ ലീനയുടെ ഇമോജികൾ ടീച്ചറെ കണ്ണിറുക്കി കാണിച്ചു. പഠിക്കുന്ന സ്കൂളിന്റെ ഹെഡ്മിസ്ട്രസ് അമ്മ തന്നെയായാൽ മക്കൾ മുതിർന്നാലും അത് ഇരട്ടപ്പേരായി വിളിക്കുന്നതാണെന്ന് ചിലപ്പോഴൊക്കെ ടീച്ചർ മറന്നുപോകും.

‘‘ഞാനൊരു 2000 രൂപ കൂടുതലങ്ങ് അയച്ചെടീ...’’

യാത്ര പറയും മുമ്പ് കൂട്ടത്തിലുള്ളവർക്ക് സ്വീറ്റ്സ് ഒക്കെ വാങ്ങി കൊടുക്കേണ്ടി വരത്തില്ലയോ?’’ ടീച്ചർ അൽപം ആവേശത്തിലായിരുന്നു. നീണ്ടകാലമായി അവൻ ഒറ്റക്കാണെന്ന കാര്യം ഓർക്കാതെയാണോ എന്ന് ലീന ഒരുനിമിഷം സംശയിച്ചു എങ്കിലും എന്തായാലും അവിടെ കുറെ ആൾക്കാർ ഉള്ളത് അമ്മ ഓർത്തിട്ടുണ്ടാകുമെന്ന് സമാശ്വസിച്ചു.

ഇതുകേട്ടാൽ തോന്നും മകന് ഐ.എ.എസ് കൺഫർ ചെയ്ത് കിട്ടിയെന്ന് എ​െന്നാരു കുസൃതി ചോദ്യം ലീനയുടെ നാക്കിൻതുമ്പിൽ വന്നുവെങ്കിലും ഇത്ര സന്തോഷത്തിൽ എച്ച്.എമ്മിനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലല്ലോ എന്നോ മറ്റോ ആയിരുന്നു പറഞ്ഞത്.

‘‘ഞാനവന് രണ്ടു ജീൻസും രണ്ടു പ്രിന്റ് ഷർട്ടും വാങ്ങിയിട്ടുണ്ട്.’’ അവന് പലപ്പോഴായി വാങ്ങിയ വസ്ത്രങ്ങൾ അലമാരയുടെ ഒരു തട്ട് നിറഞ്ഞിരുന്നത് ഓർത്തപ്പോൾ ലീനയുടെ കണ്ണുനിറഞ്ഞത് വീഡിയോ കോൾ ആയിട്ടും ടീച്ചർ കണ്ടിരുന്നില്ല.

‘‘ബെന്നിച്ചൻ എസ്.പി ഓഫീസിൽ പോയിരിക്കുകയാണ്. തിരിച്ചുവരുമ്പോൾ അവിടെ കയറുമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ പഴയ ലൈസൻസ് എടുക്കാനാണ്. പുതുക്കാൻ കൊടുക്കണമെന്ന് പറയുന്നുണ്ടായിരുന്നു.’’ ഈ സമയത്ത് കടന്നുപോയ സ്കൂൾബസിലെ കുട്ടികളുടെ കലപില ശബ്ദങ്ങൾകൊണ്ട് അവസാനം പറഞ്ഞ കാര്യങ്ങൾ ടീച്ചർ കേട്ടിരുന്നില്ല.

റോഡ് മുറിച്ചുകടക്കാനായി ലീനയുടെ ഫോൺ കട്ട്ചെയ്തപ്പോഴാണ് സുധീഷിന്റെ വോയിസ് മെസേജ് കണ്ടത്. അവന്റെയൊപ്പം വിദ്യാർഥി സംഘടനയിൽ ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് സുധീഷിനെ ടൗണിൽ കാണാറുണ്ടായിരുന്നു. കാണുമ്പോഴൊക്കെ അടുത്തുവന്ന് കുശലം പറയും. അയാളും കൂട്ടുകാരും തുടങ്ങിയ ബ്ലാക്ക് ബുക്സിന്റെ പുതിയ പുസ്തകങ്ങളുടെ കാറ്റലോഗ് നീണ്ടകാലമായി അവന്റെ അഡ്രസിൽ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. പിന്നീടത് ടെക്സ്റ്റ് മെസേജിലും വോയിസ് നോട്ടിലുമൊക്കെ ടീച്ചറുടെ ഫോണിൽ എത്തിക്കൊണ്ടിരുന്നു.

കൊല്ലങ്ങൾക്കു മുമ്പ് അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’ വാങ്ങാനായി പോകുമ്പോൾ അയാളുടെ മുടി ഇത്രയും കൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് ടീച്ചർ ഓർത്തു. രണ്ടുതവണ സാധാരണ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ബാഗിന്റെ ഉള്ളറയിൽ പൂഴ്ത്തിെവക്കുമ്പോൾ അന്ന് ഒരു ചെറിയ പരിഭ്രമം ഉണ്ടായിരുന്നു. പിന്നീട് ആഴ്ചകളോളം ടീച്ചറിന്റെ കട്ടിലിനടിയിൽ അത് ഒളിവിൽ കഴിഞ്ഞിരുന്നു. ബില്ല് കൊടുത്ത് കറുപ്പിലും വെള്ളയിലും നന്നായി ഡിസൈൻ ചെയ്ത ബ്ലാക്ക് ബുക്സിന്റെ പുസ്തക കവർ വാങ്ങുന്ന സമയത്ത് ഇനിയൊരു പക്ഷേ താൻ ആയിരിക്കില്ല പുസ്തകങ്ങൾ വാങ്ങാൻ വരികയെന്ന് സുധീഷിനോട് പറയണമെന്ന് ടീച്ചർ കരുതിയിരുന്നുവെങ്കിലും ‘‘ടീച്ചറെന്താ നല്ല ഉത്സാഹത്തിലാണല്ലോ’’ എന്ന സുധീഷിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിമാത്രം പുറത്തുകാണിച്ച് ടീച്ചർ അവിടെ നിന്നിറങ്ങി.

പോർച്ചിൽ ബെന്നിയുടെ സ്വിഫ്റ്റ് കാർ കണ്ടപ്പോഴാണ് ഈ മാസത്തെ ലോൺ അടച്ചതിന്റെ മെസേജ് വന്നില്ലല്ലോ എന്നോർത്തത്. ട്രഷറിയിൽനിന്ന് പെൻഷൻ ബാങ്കിലേക്ക് മാറിയപ്പോൾ മെസേജ് വരുമ്പോഴാണ് കാറിന്റെ ലോൺ ഓരോ ഗഡുവും അടച്ചത് ഓർക്കുക.

‘‘നീയെന്താ വിളിക്കാതിരുന്നത്? കുറെ നേരമായോ വന്നിട്ട്?’’ ഒരു പരാതി പറയുംപോലെയാണ് ടീച്ചറത് പറഞ്ഞത്. പൂമുഖത്ത് ഇരുന്നിരുന്നയാൾ പെട്ടെന്ന് എഴുന്നേറ്റ് നിന്നപ്പോൾ ടീച്ചർ ബെന്നിയുടെ മുഖത്തേക്ക് നോക്കി.

‘‘ഇത് രാജീവ്, എന്റെയൊപ്പം കോളേജിൽ ഒരുമിച്ച് പഠിച്ചതാണ്. കുറേക്കാലമായി കണ്ടിട്ട്. എസ്.പി ഓഫീസിൽ പോയപ്പോഴാ ഇങ്ങോട്ട് ജോലി മാറ്റം ആയത് അറിഞ്ഞത്.’’ അയാൾ കൈകൂപ്പി. അപ്പോഴും അയാളുടെ കണ്ണ് പുസ്തക കവറിലായിരുന്നു എന്ന് ടീച്ചർ ശ്രദ്ധിച്ചു.

‘‘അവിടെ കുറച്ചു ഫോർമാലിറ്റികൾ ഉണ്ടായിരുന്നു.’’

‘‘എവിടെ, എസ്.പി ഓഫീസിലോ?’’ ടീച്ചറുടെ മുഖം മങ്ങി.

‘‘അതിനവനിവിടെ..?’’

‘‘വേറെ കുഴപ്പമൊന്നുമില്ല ടീച്ചറെ,’’ അയാൾ ഇടക്ക് കയറി പറഞ്ഞു. ‘‘ചില റിപ്പോർട്ടുകൾ അയക്കാനുള്ള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് ബെന്നിയെ വിളിപ്പിച്ചത്. ചില ഔപചാരിക നടപടിക്രമങ്ങൾ...’’

കൂടുതൽ കേൾക്കാൻ നിൽക്കാതെ ചായ എടുക്കാം എന്ന് പറഞ്ഞ് ടീച്ചർ അടുക്കളയിലേക്ക് കടന്നു. ഈ സമയത്തും അയാളുടെ കണ്ണുകൾ പുസ്തക കവറിൽ തന്നെയാണെന്ന് ടീച്ചർ മനസ്സിലാക്കിയിരുന്നു. ചായ രണ്ടു ഗ്ലാസിലേക്ക് ഒഴിക്കുമ്പോൾ ബെന്നി അടുക്കളയിലേക്ക് വന്ന് ഷെൽഫിൽനിന്ന് ട്രേ എടുത്തു​െവച്ചു. ഈ സമയം ടീച്ചർ ഒരു കളിമണ്ണ് പ്ലേറ്റിൽ ബിസ്കറ്റുകൾ നിരത്തിവെച്ചു. രാജീവന്റെ നോട്ടങ്ങൾ അവിടെയായി ചുറ്റിത്തിരിയുന്നതുപോലെ ടീച്ചർക്ക് തോന്നി.

ചായ ഗ്ലാസ് നീട്ടുമ്പോൾ അയാൾ ഒരു മാഗസിൻ ശ്രദ്ധയോടെ വായിക്കുകയായിരുന്നു. ‘‘ടീച്ചർ നല്ലൊരു വായനക്കാരിയാണെന്ന് തോന്നുന്നു,’’ ഒരൽപം ആത്മഗതമായി കൂടിയാണ് അയാൾ അത് പറഞ്ഞതെങ്കിലും ആരും അതിന് മറുപടി പറഞ്ഞില്ല. അവന്റെ നിറം മങ്ങിയ ലൈസൻസ് ബെന്നി എടുക്കുന്നതിനുമുമ്പ് അയാൾ അതിന്റെ ഒരു ഫോട്ടോ മൊബൈലിൽ എടുത്തത് ടീച്ചർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രാജീവിന്റെ സഹോദരൻ ഡ്രൈവിങ് സ്കൂൾ നടത്തുകയാണ് എന്നോ അതല്ലെങ്കിൽ ആർ.ടി.ഒ ഓഫീസിൽ ജോലിയാണെന്നോ മറ്റോ ആയിരിക്കും ബെന്നി പറയാൻ പോകുന്നത് എന്ന് ടീച്ചർ ആ സമയം മനസ്സിലാലോചിച്ചു.

ഗേറ്റടച്ച് വരാന്തയിലേക്ക് കയറുമ്പോൾ എന്തോ ഒരു കാരണത്താൽ അയാൾ തിരിച്ചുവരുമെന്നും അവനെപ്പറ്റി ചില കാര്യങ്ങൾ ചോദിക്കുമെന്നും ടീച്ചർക്ക് ഒരു ഉൾവിളിയുണ്ടായി. അയർലൻഡിൽ നഴ്സായ സോഫിയുടെ കല്യാണാലോചന വന്ന കാര്യം ഇതിനകം ബെന്നി അയാളോട് പറഞ്ഞിരിക്കുമെന്ന് ടീച്ചർ കരുതി. വിവാഹമോചിതയാണെങ്കിലും സോഫിക്ക് അവനെക്കാൾ നാലു വയസ്സ് കുറവായിരുന്നു. ലീന എതിർത്തതുകൊണ്ടാണെന്നു തോന്നുന്നു ബെന്നി വീണ്ടുമത് പറയുകയുണ്ടായില്ല.

ഗ്ലാസുകൾ കഴുകി ഷെൽഫിൽ വെക്കുമ്പോഴാണ് ഹരിക്കൊച്ചൻ ഇന്ന് വരാതിരുന്നത് നന്നായി എന്ന് ടീച്ചർക്ക് തോന്നിയത്. ആദ്യമൊക്കെ ഹരിക്കൊച്ചൻ വിളിക്കുമ്പോൾ പരമാവധി ഒഴിവാക്കാനാണ് ടീച്ചർ ശ്രമിച്ചിരുന്നത്. ‘‘അതൊന്നും എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളാണ്’’ എന്ന് ടീച്ചർ ഫോൺചെയ്ത സമയത്ത് അവനോടുതന്നെ പറഞ്ഞിരുന്നു. അവന്റേതായ എല്ലാ കാര്യത്തിനും ഹരിക്കൊച്ചൻ തന്നെയാണ് ഓടിനടന്നിരുന്നത് എന്ന് മനസ്സിലായപ്പോഴാണ് ടീച്ചർ ഒന്ന് അയഞ്ഞത്. പിന്നെ, പിന്നെ അവന്റെ എല്ലാ കാര്യങ്ങൾക്കും ടീച്ചർ ഹരികൊച്ചനെയാണ് വിളിക്കാറ്.

ഇനി ഒരാഴ്ചയേയുള്ളൂ... കോയമ്പത്തൂർ പോക്കിനെ കുറിച്ച് സംസാരിക്കാനാണ് ഹരിക്കൊച്ചൻ വരാമെന്ന് പറഞ്ഞിരുന്നത്. അത് ആലോചിച്ചപ്പോഴാണ് കടന്നുപോയ വർഷങ്ങളേക്കാൾ ദൈർഘ്യം ഈ ഒരാഴ്ചക്കാണെന്ന് ടീച്ചർക്ക് തോന്നിയത്.

മുൻ വാതിൽ അടച്ചതിനുശേഷം ടീച്ചർ നേരെ കിടപ്പുമുറിയിലേക്കാണ് പോയത്. പുസ്തകത്തിന്റെയും വസ്ത്രങ്ങളുടെയും കവറുകൾ ധൃതിയിൽ അവിടെ വെച്ചിരുന്നു. പുസ്തകങ്ങളുടെ പുതുമണം ടീച്ചർക്ക് വലിയ ഇഷ്ടമാണ്. കവറിൽനിന്ന് പുസ്തകം എടുത്ത് ചേർത്തുവെച്ചു വിടർത്തുമ്പോൾ വല്ലാത്ത അനുഭൂതിയാണ്. പോൾ ലിഞ്ചിന്റെ ‘പ്രോഫെറ്റ് സോങ്ങി’ന് ബുക്കർ കിട്ടി എന്നറിഞ്ഞ ഉടൻതന്നെ ടീച്ചർ അതിന്റെ റിവ്യൂകൾ വായിച്ചിരുന്നു. റിവ്യൂ വായന തുടങ്ങിയിട്ട് അഞ്ചാറു വർഷമായി. സത്യം പറഞ്ഞാൽ അവനു വേണ്ട പുസ്തകങ്ങൾ കണ്ടെത്തുന്നതിനാണ് ടീച്ചർ റിവ്യൂകൾ വായിക്കുന്നത്. സഫീറ ആണ് അതു പറഞ്ഞുതന്നത്. സഫീറ ടീച്ചറുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്. കാസർകോട് ഉള്ള സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഗവേഷകയാണ്. ഇടക്ക് ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ അയച്ചുതരും. അവൻ വന്ന് അങ്ങോട്ട് ഒക്കെ യാത്രപോകണം എന്നൊക്കെ ടീച്ചർ ഓർത്തു​െവച്ചിട്ടുണ്ട്.

പുറത്ത് കാറിന്‍റെ ഹോണടി ശബ്ദവും ചെറിയ ഇടവേളക്കു ശേഷം കാളിങ് ബെല്ലടിയും കേട്ട് ഒരു നിമിഷം ടീച്ചർ സ്തംഭിതയായി. പെട്ടെന്നൊരു ഉൾപ്രേരണയിൽ പുസ്തകങ്ങൾ കിടക്കയുടെ അടിയിലേക്ക് വെച്ചു. ബുക്ക് സ്റ്റാളിന്റെ കവർ പത്രങ്ങൾക്കിടയിൽ തിരുകി കയറ്റുമ്പോഴാണ് താനെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും എന്തിനാണ് പരിഭ്രമിക്കുന്നത് എന്നും ടീച്ചർ സ്വയം ആലോചിച്ചത്.

വാതിൽ തുറക്കാനായുമ്പോൾ ടീച്ചറുടെ മുഖത്ത് നിഗൂഢമായ ഒരു മന്ദസ്മിതം ഉണ്ടായിരുന്നു. കുറച്ചുകാലമായി കാര്യങ്ങൾ അങ്ങനെയാണ്. പല തോന്നലുകളും യാഥാർഥ്യംപോലെ അടുത്തുവരും. നീണ്ടകാലത്തെ ചോദ്യങ്ങളും പറച്ചിലുകളും അതിജീവിച്ച് ടീച്ചർക്ക് ഇനിവരാനുണ്ടെന്ന് കരുതിയ ചോദ്യങ്ങൾ വലിയ കാര്യമുള്ളതായി തോന്നിയില്ല.

എന്നാൽ, ടീച്ചറുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ബെന്നി ആയിരുന്നു തൊട്ടുമുന്നിൽ. ടീച്ചർ കാറിലേക്ക് ഒന്നു പാളിനോക്കി. അയാൾ മുൻ സീറ്റിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

“മൊബൈൽ ഇവിടെവെച്ച് മറന്നു,’’ ബെന്നി ചമ്മിയ ചിരിയോടെ പറഞ്ഞു.

“എന്നിട്ട് ഇവിടെയൊന്നും കാണുന്നില്ലല്ലോ?’’ ടീച്ചർ സംശയഭാവത്തോടെ ബെന്നിയെയും അയാളെയും മാറിമാറി നോക്കി. “നിങ്ങൾക്ക് ഒന്ന് ബെല്ലടിപ്പിക്കാമായിരുന്നില്ലേ?’’ പലതവണ രാജീവന്റെ ഫോണിൽനിന്ന് വിളിച്ചിരുന്നു. ഈ സമയം കാറിൽ ഇരുന്നയാൾ ഒരിക്കൽ കൂടി ആ നമ്പറിൽ ഫോൺ ചെയ്യുന്നുണ്ടായിരുന്നു.

‘‘ഇതെവിടെ പോയി? ഞാൻ ഇതും കൊണ്ട് അകത്തു കയറിയതാണല്ലോ?’’ ബെന്നി പറഞ്ഞു.

ടീച്ചർ എന്തോ ആലോചിച്ച് അടുക്കളയിലേക്ക് പോയി ബെന്നിയുടെ ഫോണുമായി തിരിച്ചുവന്നു. “അടുക്കളയിൽ വച്ച് ബെന്നിയുടെ കൈയിൽ ഫോൺ ഉണ്ടായിരുന്നു,’’ ഒരൽപം ശബ്ദം താഴ്ത്തി ടീച്ചർ പറഞ്ഞു.

“എസ്.പി ഓഫീസിൽ വച്ച് ഞാനിത് സൈലന്റ് മോഡിലേക്കാക്കിയത് ഓർത്തില്ല,’’ ഒരു ക്ഷമാപണത്തിലൂടെയാണ് ബെന്നി അത് പറഞ്ഞത്.

അയാൾ കാറിൽനിന്ന് ഇറങ്ങിയതേയില്ല. കാർ റോഡിലേക്ക് ഇറക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞ് കൈ ഉയർത്തി കാണിച്ചു.

ടീച്ചർ രണ്ടാമത് ഗേറ്റടിച്ചു കൊളുത്തിടുമ്പോഴേക്കും പുറത്ത് ഇരുൾ പരത്താൻ തുടങ്ങിയിരുന്നു. ലൈറ്റുകൾ എല്ലാമിട്ട് വീണ്ടും പുറത്തെ വാതിലുകൾ അടച്ചു കുറ്റിയിട്ട് പുതുതായി വാങ്ങിയ പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത് ടീച്ചർ കിടപ്പുമുറിയുടെ എതിർവശത്തുള്ള മുറിയിലേക്ക് കടന്നു. അതും ഒരു കിടപ്പുമുറിയായിരുന്നു. ആ മുറിയുടെ ഒരുഭാഗത്ത് രണ്ടു വലിയ ഇരുമ്പ് ഷെൽഫുകൾ മുഴുവൻ പുസ്തകങ്ങളായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടയിൽ ആ ഷെൽഫുകളുടെ തട്ടുകൾ മിക്കവാറും നിറഞ്ഞിരുന്നു.

ടീച്ചർ ഒരിക്കൽകൂടി പുസ്തകങ്ങൾ എടുത്തും മറിച്ചുമൊക്കെ നോക്കി. ചില പുസ്തകങ്ങളെ ഓമനിക്കുംപോലെയാണ് എടുത്തു തിരികെ ​െവച്ചത്. എന്നത്തേയും പോലെ ഷെൽഫിന്റെ മുകൾത്തട്ടിൽനിന്ന് ആ പഴക്കംചെന്ന കൊച്ചു കോമ്പോസിഷൻ പുസ്തകം എടുത്തു. വൃത്തിയില്ലാത്ത കുഞ്ഞക്ഷരങ്ങളിൽ എഴുതി നിറച്ച പുസ്തകം നിവർത്തിയപ്പോൾ ടീച്ചറിന്റെ ചുണ്ടുകൾ വിറച്ചു. കണ്ണിൽനിന്ന് കണ്ണുനീരിറ്റു വീണു.

അദ്ദേഹത്തിനെയും കൊണ്ടുള്ള തുടർച്ചയായ ആർ.സി.സി യാത്രകളും ഇടവിട്ടുള്ള കീമോതെറപ്പിയും സ്കൂളിന്റെ ചുമതലകളും ടീച്ചറെ വല്ലാത്ത സന്ദർഭത്തിലാക്കിയ കാലംകൂടിയായിരുന്നു അത്. 10 വയസ്സുണ്ടായിരുന്ന അവന്റെ കാര്യമായിരുന്നു ഏറ്റവും കഷ്ടം. അവനെക്കാൾ ഏഴു വയസ്സു മാത്രം കൂടുതൽ ഉണ്ടായിരുന്ന ലീനക്ക് അമ്മയില്ലാത്ത വീടിന്റെ ജോലിഭാരവും പഠനവും അനുജന്റെ കാര്യങ്ങളും ഒപ്പം കൊണ്ടുപോകാൻ എളുപ്പമല്ലല്ലോ. അവനെ ബോർഡിങ് സ്കൂളിൽ അയക്കാനുള്ള തീരുമാനത്തിൽ ഏറ്റവും വേദനിച്ചത് ടീച്ചർതന്നെയായിരുന്നു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു പ്ലസ് ടുവിന് അവൻ പാസാകാതിരുന്നത്. പത്താം ക്ലാസിൽ കണക്കിനും സയൻസിനും ഉന്നതമാർക്ക് ഉണ്ടായിരുന്നതിനാൽ ബെന്നി തന്നെയായിരുന്നു അവനെ പോളിടെക്നിക്കിൽ ചേർത്തത്. ബെന്നി ആയിടക്ക് ലീനയുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടായിരുന്നേയുള്ളൂ. പോളിടെക്നിക്കിലെ വിദ്യാഭ്യാസവും പാതിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ ടീച്ചറെ സമാധാനിപ്പിച്ചതും ബെന്നിയായിരുന്നു.

‘‘യുവജന സഖ്യത്തിന്റെ യോഗങ്ങൾക്ക് അവനെ കാണാറില്ലല്ലോ’’ എന്ന് ഞായറാഴ്ച കുർബാനക്കു ശേഷം വാഴക്കാല അച്ചൻ ഓർമപ്പെടുത്തുമായിരുന്നു. എന്നാൽ, റിട്ടയർചെയ്ത് നാട്ടിലെ വയസ്സൻ സെറ്റ് മുതൽ അവന്റെ സമപ്രായക്കാർ വരെ അവനോട് അടുപ്പവും വൈകാരിക ബന്ധവും പുലർത്തിയിരുന്നത് ടീച്ചറെ അതിശയപ്പെടുത്തുകയും ഒപ്പം സമാശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

അന്നൊരു ദിവസം സന്ധ്യക്ക് ഒരു കെട്ട് പുസ്തകം വരാന്തയിലേക്ക് ഇട്ട് ‘‘ഇനി ഇത്തരം പുസ്തകങ്ങൾ ഒന്നുംതന്നെ ഈ വീട്ടിൽ കണ്ടുപോകരുത്’’ എന്ന് പറയുമ്പോൾ പഴയ 10 വയസ്സുകാരന്റെ ദൈന്യത അവന്റെ മുഖത്തുണ്ടായിരുന്നു. ആ പുസ്തകങ്ങളെക്കാൾ ടീച്ചറെ പ്രകോപിപ്പിച്ചത് താൻ ഇല്ലാത്ത ദിവസം അവിടെ കുറെ ചെറുപ്പക്കാർ താമസിച്ചതിനെ കുറിച്ച് അയൽക്കാർ പറഞ്ഞ കാര്യങ്ങളും മുറ്റത്തുനിന്നും പെറുക്കിക്കളഞ്ഞ സിഗരറ്റ് കുറ്റികളുമായിരുന്നു.

പിന്നീടാ അമ്മയും മകനും കൂടുതൽ അകലേക്കാണ് സഞ്ചരിച്ചത്. അവൻ എപ്പോഴൊക്കെയോ വരികയും എപ്പോഴൊക്കെയോ പോകുകയും ചെയ്തു. പല രാത്രികളിലും എടുത്തുവെച്ച ഭക്ഷണം രാവിലെ എടുത്തുകളയാൻ വല്ലാത്ത വിഷമം തോന്നിയിരുന്നു. അക്കാലത്ത് നാട്ടുകാരുടെ ഇടയിൽ തന്നോടുള്ള സമീപനത്തിൽ വന്ന മാറ്റം വൈകിയാണ് ടീച്ചർ ശ്രദ്ധിച്ചത്. മുമ്പുണ്ടായിരുന്ന ഔപചാരികമായ ഒരു ബന്ധം മാറിവരുന്നതായും ആളുകൾ വളരെ അടുപ്പത്തോടെയും ആദരവോടെയും തന്നോട് ഇടപെടുന്നതും ഒക്കെ ആദ്യമൊന്നും മനസ്സിലായില്ല. അവന്റെ അമ്മയെന്ന പേരിലാണല്ലോ മിക്കവാറും എല്ലാവരും തന്നോട് ഇടപെടുന്നത് എന്ന് ടീച്ചർ പിന്നീട് മനസ്സിലാക്കിയിരുന്നു. ഇടക്കുവെച്ച് അവരും അവന്റെ വിശേഷങ്ങൾ തന്നോട് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് അവന്റെ വരവിന് നീണ്ട ഇടവേളകളായ കാര്യം ടീച്ചർ തിരിച്ചറിഞ്ഞത്. പിന്നെ പിന്നെ അത് മൂന്നുമാസവും ആറുമാസവുമൊക്കെയായി. രണ്ടു കുപ്പി ചെറുതേനും വെള്ള കുന്തിരിക്കവുമായി ലീനയുടെ വീട്ടിൽ വന്നതിനുശേഷം പിന്നെ അവനെ ആരും കണ്ടിട്ടില്ലായിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി അവന്റെ ഒഴിഞ്ഞ ആ മുറിയിൽ ഇരുന്നാണ് ടീച്ചർ ബൈബിൾ വായിക്കാറ്. പതിവുപോലെ ടീച്ചർ ആ ഇളം വയലറ്റ് നിറമുള്ള വിരിയിട്ട് കട്ടിലിലിരുന്നു. അവർ ഒരുമിച്ചുള്ള കുറേ യാത്രകൾ ടീച്ചർ ഓർത്തു​െവച്ചിട്ടുണ്ടായിരുന്നു. അവൻ നന്നായി പാചകം ചെയ്യുമെന്ന് ലീനയാണ് പറഞ്ഞത്. ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഒക്കെ ഉണ്ടാക്കുന്നത് കണ്ടാൽ ഏതോ ഹോട്ടലിലാണ് അവന് ജോലിയെന്ന് തോന്നുമത്രേ.

അവനിപ്പോൾ പാചകമൊക്കെ മറന്നുപോയിരിക്കും. ടീച്ചർ യൂട്യൂബിൽനിന്ന് നിരവധി പാചക വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടായിരുന്നു. നിരവധി റെസിപ്പികളും ഡൗൺലോഡ് ചെയ്തതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒരു മൈക്രോവേവ് ഓവൻ ഓൺലൈനിൽ ഓർഡർ കൊടുത്തിട്ടുണ്ടായിരുന്നു. പാസ്തയും കേക്കുകളും ഒക്കെ പരീക്ഷിക്കാൻ ടീച്ചർക്കും ഒരു കൗതുകം ഉണ്ടായിരുന്നു. ആലോചനകളിൽ മുങ്ങിത്താഴ്ന്ന് ടീച്ചർ എപ്പോഴോ ഉറങ്ങി. ഏതോ വിശാലമായ പുലിമേട്ടിൽ തനിയെ നടക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നുവെങ്കിലും വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

പോകേണ്ട ദിവസം രാവിലെ തന്നെ ഹരിക്കൊച്ചൻ എത്തിയിരുന്നു. പത്തുവർഷമായി ഈ ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നതെങ്കിലും ‘‘ടീച്ചർ വരാതിരിക്കുകയായിരിക്കും നല്ലത്’’ എന്ന് നിർദേശംവെച്ചത് ഹരിക്കൊച്ചനായിരുന്നു. പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തെങ്കിലും കാരണത്താൽ ഒരുദിവസം നീണ്ടുപോയാൽ ഏറ്റവും ബുദ്ധിമുട്ടുകൾ ടീച്ചർക്കായിരിക്കുമെന്ന് ആരെക്കാളും ടീച്ചർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ഇതു കൂടാതെ വല്ലാതെ അനിശ്ചിതത്വവും മാനസിക സമ്മർദവും ഒക്കെകൊണ്ട് ടീച്ചർ വീട്ടിൽതന്നെ കഴിയാൻ തീരുമാനിച്ചു.

ആലിയയും അബിയും അവരുടെ കൂടെ പോകാൻ വാശിപിടിച്ചു എങ്കിലും അവരെ ടീച്ചറുടെ അടുത്താക്കിയതിൽ രണ്ടുപേരും മുഖംവീർപ്പിച്ചിരിക്കുകയായിരുന്നു.

“എച്ച് എമ്മേ... കൂടി വന്നാൽ അഞ്ചര മണിക്കൂർ. നാളെ ഇത്തിരി വൈകിയാലും ഇവിടെ വന്നേ ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കൂ.’’ ലീന സമാധാനിപ്പിക്കാൻ പറയുകയാണെന്ന് ടീച്ചറിന് അറിയാമായിരുന്നു. പോകുമ്പോൾ ലീനയാണ് കാറെടുത്തത്. തിരിച്ചുവരുമ്പോൾ ഉള്ള എക്സൈറ്റ്മെന്റിൽ വണ്ടിയോടിക്കാൻ കഴിയാത്തതുകൊണ്ടാണ് പോകുമ്പോൾ വണ്ടിയെടുക്കുന്നത് എന്നായിരുന്നു പറഞ്ഞത്.

കുട്ടികൾ ലീനയുടെ കിടപ്പുമുറിയിലാണ് കിടന്നത്. വല്ലപ്പോഴും അവർ വരുമ്പോൾ മാത്രമേ അത് ഉപയോഗിക്കാറുള്ളൂ. ഒരു കണക്കിന് കുട്ടികൾ അവിടെ കിടക്കാൻ പോയത് നന്നായി. ചിലപ്പോൾ ലീന പറഞ്ഞിട്ടാകും. ലീനയുടെ പഴയ സ്കൂൾ യൂനിഫോമുകളും പാഠപുസ്തകങ്ങളും ഒക്കെ അവിടെ ഭദ്രമായി എടുത്തുെവച്ചിട്ടുണ്ട്. ആ കോമ്പോസിഷൻ പുസ്തകം അല്ലാതെ അവന്റെ വേറൊന്നും ആ വീട്ടിൽ ഇല്ലാതായിരുന്നതിനെപ്പറ്റി ടീച്ചർ അപ്പോഴാണ് ഓർത്തത്. അവന്റെ മുറിയിൽ അവന്റേതായി ഒന്നുമില്ലെന്ന് ടീച്ചർ ഓർത്തു.

ഷെൽഫിലെ പുസ്തകങ്ങൾ ടീച്ചർ സുസൂക്ഷ്മം പരിശോധിച്ചു. ചില പുസ്തകങ്ങളെ അരുമയോടെ തൊട്ടു. വർഷങ്ങൾക്കുമുമ്പ് ടീച്ചർ പടിക്കുപുറത്താക്കിയ പുസ്തകങ്ങൾ തിരിച്ചുകിട്ടാൻപെട്ട ബുദ്ധിമുട്ട് ആലോചിച്ചപ്പോൾ ഒരു ദീർഘനിശ്വാസം ഉയർന്നുവന്നു. തലേന്ന് വാങ്ങിയ പുസ്തകങ്ങൾ മേശപ്പുറത്ത് അടക്കിവെച്ചു. മേശപ്പുറത്തുണ്ടായിരുന്ന ഇളം വയലറ്റ് നിറത്തിലുള്ള സ്ഫടികത്തിന്റെ ആഷ് ട്രേയിലെ സ്റ്റിക്കർ ഉരിച്ചുകളഞ്ഞു. അതിനപ്പുറത്ത് പെൻ ഹോൾഡറും ഫ്ലവർവെയ്സും ഒതുക്കിവെച്ചു. മേശ തുറന്ന് അതിൽ ഭദ്രമായി വെച്ചിരുന്ന വെൽവെറ്റ് തുണിയുടെ കവറിൽ ആമസോണിൽനിന്ന് ഓൺലൈനായി വരുത്തി​െവച്ച ഇ-റീഡർ (e-reader) ഒന്ന് തൊട്ടുനോക്കി. വീണ്ടും അത് പൊതിഞ്ഞ് സൂക്ഷ്മമായി വെൽവെറ്റ് കവറിലാക്കി തിരിച്ച് മേശവലിപ്പിൽതന്നെ വെച്ചു. ബാത്റൂമിൽ പുതിയ ബ്രഷും പേസ്റ്റും ടർക്കി ടവലും ഒന്നുകൂടെ നോക്കി. ആ ക്ലോസറ്റു മാറ്റി യൂറോപ്യൻ ആക്കണമെന്ന് ലീന കഴിഞ്ഞമാസം ഓർമിപ്പിച്ചിരുന്നുവെങ്കിലും അവൻ വന്നിട്ട് മതിയെന്ന് ടീച്ചർതന്നെയാണ് പറഞ്ഞത്.

ഇനിമുതൽ തനിക്ക് ഈ മുറിയിൽ ഇത്രയും സ്വാതന്ത്ര്യത്തോടെ വന്നിരിക്കാൻ കഴിയുമായിരിക്കില്ല എന്ന് വിചിത്രമായ ഒരാധിയോടെ ടീച്ചർ ഓർത്തു. പത്തുകൊല്ലത്തെ കാത്തിരിപ്പും തയാറെടുപ്പുകളും ഇന്നത്തോടെ അവസാനിക്കുകയാണല്ലോ എന്നോർത്തപ്പോൾ ടീച്ചർക്ക് വല്ലാത്ത ശൂന്യത തോന്നി. നാളെ മുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തത് ആലോചിച്ചും മനസ്സ് കാറ്റുപോയ ബലൂൺപോലെയായിട്ടുണ്ടായിരുന്നു. വർഷങ്ങളും മാസങ്ങളും ആഴ്ചകളും എണ്ണി എണ്ണിയാണ് ഈ ദിവസത്തിലേക്ക് എത്തിയത്. ഇന്നത്തോടെ ഇതവസാനിക്കുകയാണ്. വലിയ ഭാരം ഇറക്കിവെച്ചതിനേക്കാൾ പെട്ടെന്ന് മുന്നിലുണ്ടായ ഒരു ശൂന്യതയെ എങ്ങനെ നേരിടും എന്നറിയാതെ ടീച്ചർ ഒന്ന് പകച്ചു. അൽപനേരം വിങ്ങിക്കരഞ്ഞപ്പോൾ ടീച്ചർക്ക് ഭാരമില്ലായ്മ തോന്നി.

ഒരു അഞ്ചുമിനിറ്റ് അവന്റെ കിടക്കയിൽ ടീച്ചർ കിടന്നു. വർഷങ്ങളായി ആ മുറിയിൽ ടീച്ചറിന്റേതായി ഉണ്ടായിരുന്ന ബൈബിൾ എടുത്ത് സ്വന്തം കിടപ്പുമുറിയിലേക്ക് വന്നു. മേശപ്പുറത്തെ പ്ലാസ്റ്റിക് കവറിൽ നിന്നെടുത്ത ക്ലോണാസെപാം (Clonazepam) ഗുളികകളിലൊന്നെടുത്ത് കഴിച്ചു. കാറും കോളും നിറഞ്ഞ പല ദിവസങ്ങളിലും ഈ വെള്ള ഗുളികകളാണ് ടീച്ചറിന് തുണയായിരുന്നത്. ഓർമകൾ കറുപ്പും വെളുപ്പുമുള്ള നരച്ച ചിത്രങ്ങളായി ആടിയുലഞ്ഞ് മുന്നിലൂടെ കടന്നുപോകുന്നത് ഉറക്കത്തിൽ ​െവച്ചും ടീച്ചർ അറിഞ്ഞിരുന്നു.

രാവിലെതന്നെ തോമസ് ചേട്ടൻ രണ്ട് കിലോ പോത്തിറച്ചി കൊണ്ടുവന്നു തന്നിരുന്നു.

“എച്ച് എമ്മിന്റെ അടുക്കള ഒരു യുദ്ധക്കളം ആക്കിയിട്ടുണ്ടല്ലേ?’’ ലീനയുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്യുമ്പോൾ ടീച്ചർ വിന്താലുവിനായി കടുകും മുരിങ്ങത്തോലും വിനാഗിരിയിൽ അരക്കുകയായിരുന്നു. തൊട്ടപ്പുറത്ത് മല്ലിയും മുളകും വറുത്ത്, ഇതിൽ ഇറച്ചി, മസാല ചേർത്ത് അൽപം വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് കുഴച്ചുവെച്ചതിൽ വിരൽതൊട്ട് ടീച്ചർ ഉപ്പു നോക്കിക്കൊണ്ട് തന്നെയാണ് ‘‘ഞാൻ അവിടെ എന്തായി?’’ എന്ന് ചോദിച്ചത്.

‘‘ഒൻപത് മണിക്ക് ഹരി വരാമെന്നു പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് മുറിയെടുത്തു തന്ന് അയാൾ രാത്രിതന്നെ പോയിരുന്നു. ബെന്നിച്ചൻ ഒരു മുറികൂടി എടുക്കാം എന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത് കൂട്ടുകാർ താമസിക്കുന്നുണ്ടെന്ന് പറഞ്ഞുപോയി. രാവിലെ ബാലമുരുകൻ വക്കീലിനെയും കൊണ്ടുവരാം എന്നു പറഞ്ഞാണ് പോയത്. നടപടിക്രമങ്ങൾ തീരുമ്പോഴേക്കും പത്തുമണി ആകുമെന്ന് തോന്നുന്നു.’’

‘‘എച്ച് എമ്മിന്റെ അവിടത്തെ യുദ്ധം കഴിഞ്ഞ് ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തുമെന്നേ...’’ മുടി ചീകിക്കൊണ്ടാണ് ലീന അതു പറഞ്ഞത്. ഇതിനിടയിൽ ആലിയ ഫോണുമായി പുറത്തേക്ക് പോയി. അബിയും ഫോണിനുവേണ്ടി കൈ നീട്ടുന്നുണ്ടായിരുന്നു.

പതിനൊന്നര മണിയായിട്ടും ലീനയുടെ ഫോൺ വരാത്തതുകൊണ്ട് ഒരൽപം നീരസത്തോടെയാണ് ടീച്ചർ വിളിച്ചത്.

“അമ്മേ... ആ ഉത്തരവിലെ ഏതോ ഒരു പിഴവുണ്ടെന്നും ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് ക്ലാരിഫിക്കേഷൻ മെയിൽ അയച്ചിട്ടുണ്ടെന്നും ഉച്ചയോടെ എല്ലാം ശരിയാകും എന്നും ഇപ്പോൾ ബാലമുരുകൻ സാർ പറഞ്ഞതേയുള്ളൂ. അദ്ദേഹം അകത്തേക്ക് പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് അമ്മയെ വിളിക്കാം എന്ന് കരുതിയതാണ്. ബാലമുരുകൻ സാർ കോടതിയിലേക്ക് പോയി. ഒരു അർജന്റ് മാറ്റർ ഉണ്ടെന്നാണ് പറഞ്ഞത്. ഒരു മണിക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്.” ലീന ഒറ്റശ്വാസത്തിലാണ് ഇത്രയും പറഞ്ഞത്. ടീച്ചർ ഒന്നും പറയാതെ ഫോൺ ചെവിയിൽ വെച്ച് തന്നെയിരുന്നു.

“ഇവിടെ ഇങ്ങനെ കാത്തുനിൽക്കാതെ ഞങ്ങളോട് റൂമിൽ പോയി ഉച്ചയ്ക്ക് വന്നാൽമതിയെന്നാണ് ഹരി പറഞ്ഞത്. ബെന്നിച്ചൻ ഹരിയോടൊപ്പം നിൽക്കാമെന്നു പറഞ്ഞെങ്കിലും റൂമിലേക്ക് തനിയെ പോകണമല്ലോ എന്നുപറഞ്ഞ് ഞങ്ങളോട് ഒരു മണിക്ക് വന്നാൽ മതിയെന്നാണ് പറഞ്ഞത്...’’ ലീന ഒരു സംശയഭാവത്തിലായിരുന്നു. അതായിരിക്കും നല്ലതെന്ന് ടീച്ചറും പറഞ്ഞു. ഹരി അവിടെയുണ്ടാകുമല്ലോ. അവിടെയാണെങ്കിൽ സ്ത്രീകൾക്ക് ഒന്നു മൂത്രമൊഴിക്കാൻകൂടി സൗകര്യമില്ലല്ലോ. ‘‘അവൻ എത്തിയാൽ ഉടൻ വിളിക്ക്...’’ ടീച്ചർ ഫോൺ വെച്ച് കസേരയിൽ കുറെനേരം വെറുതെയിരുന്നു.

 

ഒരുമണിക്ക് തന്നെ ബെന്നിയുടെ കോൾ കണ്ടപ്പോൾ ഒരു നിമിഷം ടീച്ചറിന്റെ ഹൃദയമിടിപ്പു കൂടി. ചിലപ്പോൾ അവനാകും സംസാരിക്കുന്നത്. വെപ്രാളത്തിനിടയിൽ ‘‘മോനേ’’ എന്നും മറ്റും പറയാനായി ടീച്ചർ ആഞ്ഞുവെങ്കിലും ബെന്നിയുടെ ശബ്ദം കേട്ടപ്പോൾ ഇടയ്ക്ക് കയറി ‘‘എന്തായി ബെന്നി?’’ എന്നാണ് ചോദിച്ചത്. ബെന്നിയുടെ ശബ്ദത്തിൽ ഒരു പരിഭ്രമം നിഴലിക്കുന്നുണ്ടെന്ന് ടീച്ചർ ശ്രദ്ധിച്ചിരുന്നു.

ഹരിയെ ഇവിടെയൊന്നും കാണാനില്ലെന്നും വിളിച്ചിട്ട് ബെല്ലടിക്കുന്നതല്ലാതെ എടുക്കുന്നില്ല എന്നുമാണ് ബെന്നി പറഞ്ഞത്. അഞ്ചു മിനിറ്റ് മുമ്പ് ടീച്ചറും ഹരിയെ വിളിക്കാൻ ശ്രമിച്ചത് ടീച്ചർ ആ സമയം പറഞ്ഞില്ല. പകരം ചിലപ്പോൾ ഫോൺ പുറത്തുവെച്ച് അവനെങ്ങാനും അകത്തു പോയിട്ടുണ്ടാകും എന്ന് ടീച്ചർ പറഞ്ഞെങ്കിലും ഒരു നിമിഷം എന്തോ ഓർത്ത് ടീച്ചർ ടി.വി ഓൺചെയ്ത് വാർത്താ ചാനൽ വെച്ചു.

ഇനിയെന്താണ് പറയേണ്ടത് എന്ന് നിശ്ചയമില്ലാത്തതിനാൽ ബെന്നിയും ഒന്നും പറയുന്നുണ്ടായിരുന്നില്ല. വാർത്താചാനലുകൾ മാറ്റി മാറ്റി വെക്കുന്നതിനിടയിൽ ബാലമുരുകൻ സാർ വന്നോ എന്ന് ചോദിച്ചു. ബാലമുരുകൻ സാർ ഇപ്പോൾ അകത്തേക്ക് പോയിട്ടുണ്ടെന്നാണ് ബെന്നി പറഞ്ഞത്. ‘‘ശരി, വിവരങ്ങൾ വിളിച്ചുപറയണേ’’ എന്നുപറഞ്ഞ് ഫോൺ വെക്കുമ്പോൾ ടീച്ചർ നീണ്ട ആലോചനയിലായിരുന്നു.

അരമണിക്കൂർ കഴിഞ്ഞ് ബെന്നി വിളിക്കുമ്പോൾ ഓരോ വാക്കും കഷ്ടപ്പെട്ടാണ് അയാൾ പറയുന്നത് എന്ന് ടീച്ചറിന് തോന്നി. ഉദ്യോഗസ്ഥർ പറഞ്ഞത് കൃത്യം 11.30ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 11.50ന് അവർ പുറത്തെത്തിയിട്ടുണ്ടെന്നാണ്. ബാലമുരുകൻ സാർ രേഖാമൂലം ആവശ്യപ്പെട്ടത് പ്രകാരം ഗേറ്റ് പാസിന്റെയും ഇൻ-ഔട്ട് രജിസ്റ്ററിന്റെയും പകർപ്പുകൾ കൊടുത്തയച്ചിട്ടുണ്ട്. ഹരിയെ ഫോണിലും കിട്ടാത്തതാണ് വല്ലാതെ കുഴക്കുന്നത്. ബാലമുരുകൻ സാർ മദ്രാസ് ഹൈകോടതിയിലെ സീനിയർ ആയ ശങ്കരസുബു വക്കീലിനെ വിളിച്ചിരുന്നു. വേണമെങ്കിൽ ഹേബിയസ് കോർപസ് പെറ്റീഷൻ ഉടനടി ഫയൽചെയ്യാമെന്നാണ് പറഞ്ഞത്.

ഇതു പറയുന്നതിനുമുമ്പ് തന്നെ ടീച്ചർ ടി.വി ഓഫ്ചെയ്ത് കണ്ണുതുടച്ചുകൊണ്ട് അവരോട് റൂം വെക്കേറ്റ് ചെയ്ത് മടങ്ങിവരാൻ പറഞ്ഞു. അത് വിശ്വാസമാകാതെ ലീന ഫോണിൽ എന്താ അമ്മേ അന്വേഷിക്കേണ്ടേ എന്നും, ഇടക്കു നിർത്തുകയും ബാക്കി ഫോർമാലിറ്റികൾ ഇല്ലേ എന്നും വിക്കി വിക്കി പറഞ്ഞു. ഫോർമാലിറ്റി അവിടെയല്ല. ഇവിടെ എന്നുപറയുമ്പോൾ ടീച്ചറിന്റെ മുഖത്ത് ഒരു ഗൂഢമന്ദസ്മിതമുണ്ടായിരുന്നോ, അത് തനിക്ക് തോന്നിയതാണോ എന്ന് സംശയം ലീനക്കുണ്ടായിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അതേ പോസ്റ്റ് ഓഫീസിന്റെ കൗണ്ടറിൽ നിൽക്കുമ്പോൾ പോസ്റ്റ് മാസ്റ്റർ ടീച്ചറെ നോക്കി ആദരവോടെ എഴുന്നേറ്റു. രണ്ടു മണിയോർഡർ ഫോം വാങ്ങുമ്പോൾ ‘കോയമ്പത്തൂർക്ക് തന്നെയല്ലേ?’ എന്ന് ചോദിച്ചു.

‘‘അവിടേക്കല്ല മാഷേ, തൃശ്ശൂർ വിയ്യൂരാണ്...’’ എല്ലാം കഴിഞ്ഞ് തിരിച്ച് പടികളിറങ്ങുമ്പോൾ ടീച്ചർ ഒരു സെൽഫികൂടി എടുത്തു.

വീഡിയോ കോളിൽ ലീന കഷ്ടപ്പെട്ട് പുഞ്ചിരി വരുത്തിയത് ടീച്ചർ ശ്രദ്ധിച്ചു. “മണിയോർഡർ അയച്ചുവല്ലേ?” വേറൊന്നും ചോദിക്കാൻ ലീനയ്ക്ക് തോന്നിയില്ല.

“ഹരിക്കൊച്ചനും കൂടി ഒരു മണിയോർഡർ അയച്ചെടീ... അവന് 2000 രൂപ കൂടുതലയച്ചിട്ടുണ്ട്. അവിടെ അവന്റെ കൂട്ടുകാരൊക്കെ ഉള്ളതല്ലേ..” ഇതു പറയുമ്പോൾ ഒരു സീബ്രാലൈനിലൂടെ ടീച്ചർ റോഡ് ക്രോസ് ചെയ്യാൻ കാത്തുനിൽക്കുകയായിരുന്നു. ഫോൺ കട്ട് ചെയ്യുമ്പോൾ സുധീഷിന്റെ വോയിസ് മെസേജ് ടീച്ചർ കണ്ടു.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-20 05:45 GMT
access_time 2026-07-20 05:15 GMT
access_time 2026-07-20 04:30 GMT
access_time 2026-07-13 04:30 GMT
access_time 2026-07-06 05:30 GMT
access_time 2026-07-06 04:30 GMT
access_time 2026-07-06 02:45 GMT
access_time 2026-06-29 03:00 GMT
access_time 2026-06-29 02:30 GMT
access_time 2026-06-22 03:30 GMT
access_time 2026-06-22 02:00 GMT