ശാലിനിയും കുഞ്ഞിപ്പെണ്ണും മലയടിവാരത്തിലൂടെ നിറകുടങ്ങളുമായി വീട്ടിലേക്കു നടന്നു. നരിമൻപൂമലയിലേക്ക് ചാഞ്ഞുപതിച്ച സൂര്യനെ അപ്പോഴേക്കും കാട്ടുമരങ്ങൾ വാട്ടയിലകളിൽ പൊതിഞ്ഞെടുത്തു. അതിനു ചുവട്ടിലായി മൂവന്തി തീയിട്ടു. നടപ്പിൽ കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് ബ്ലൗസിൽ തുടച്ച് കുഞ്ഞിപ്പെണ്ണ് മലങ്കഥയുടെ മണ്ടയെരന്നു: ‘നരിമൻപൂമലയിൽനിന്ന് ചെമ്മണ്ണിളക്കി ഒഴുകിയിറങ്ങിയ പുഴയിൽ പണ്ട് ഏതോ കാർന്നോൻമാര് ചിറകെട്ടീത്രെ; പെരുഞ്ചിറ. പറക്കണക്കിന് നെല്ലും ഇടവിളയായി വെള്ളരിയും ആർക്കും പണയം വയ്ക്കാത്ത മാറും താറുമായി പെണ്ണുങ്ങൾ വിളഞ്ഞാടിയ കാലമായിരുന്നുവത്. അതുകൊണ്ടാവും പുറത്തുനിന്ന് ഒരു ഭരണവും നരിമൻപൂമല കടന്നുവന്നില്ല.
മലചുറ്റി, തെക്കും വടക്കുമുള്ള കാട്ടീന്ന് മൃഗങ്ങള് പോലും നാട്ടിലിറങ്ങില്ലായിരുന്നൂന്ന് കേട്ടിട്ടുണ്ട്. പണിയെടുത്ത് പടിഞ്ഞാട്ട് വാണിഭം നടത്തിപ്പോന്ന പെണ്ണുങ്ങള് കൃഷിയ്ക്ക് കാവൽ കിടക്കാൻ വേണ്ടി മാത്രം പടിഞ്ഞാറൂന്ന് തിരഞ്ഞെടുത്ത ആമ്പറന്നോൻമാരെ കൊണ്ടുനിർത്തിയിരുന്നു. കണ്ടത്തിൽകരയിലെ മാടങ്ങളിൽ ചെന്ന് അവരിൽ ചിലരോടൊപ്പം മാറിമാറി കിടന്നപ്പോഴാണ് അവരെക്കൊണ്ടുതന്നെ പെരുഞ്ചിറയും കെട്ടിക്കാം എന്ന ബുദ്ധി പെണ്ണുങ്ങൾക്ക് ഉദിച്ചത്. അങ്ങനെ പെണ്ണുങ്ങളുടെ വാക്കുകേട്ട് ആണുങ്ങൾ ചിറകെട്ടി.
അവരുടെ കൈക്കരുത്തിൽ ഭ്രമിച്ച് താറും മാറും പണയംവച്ചു. പുഴവറ്റി, വിളതെറ്റി, പെണ്ണുങ്ങടെ കുളിതെറ്റി, പെരുഞ്ചിറ മാത്രം ബാക്കിയായി. ഒടുക്കം ആണുങ്ങള് ചിറ താഴ്ത്തി, വറുതി മാറ്റി, പേറെടുത്ത് അധികാരികളായി. വെള്ളരിക്കണ്ടങ്ങളിൽ മൂടോളം പൊന്നുവിളഞ്ഞു. വെള്ളരിനാടകങ്ങള് ആമ്പെറന്നോൻമാരുടെ അധികാരക്കൈമാറ്റത്തിനുള്ള ഇടമായി. കാലംകൂടി... കണക്കറായിയപ്പന്റെ കാലമായപ്പഴേക്കും പെരുഞ്ചിറ പടുത്ത് പെരുങ്കിണറാക്കി. അക്കാലംതൊട്ട് ആയെന്ന ചുവപ്പിലേക്കു വിരല് തൊട്ടും ആയില്ലെന്ന വെളുപ്പ് തോണ്ടിയും പെണ്ണുങ്ങള് നിത്യം കൈകഴുകി.’
കുഞ്ഞിപ്പെണ്ണ് വെള്ളം കലത്തിലേക്ക് പകർന്ന് അടച്ചുവച്ചു. നനഞ്ഞ കൈകൾ മൂട്ടിൽതുടച്ചുകൊണ്ട് പറഞ്ഞു: ‘‘ആ കാർന്നോൻമാരുടെ ബാക്കിയാണല്ലോ എന്റെ ചേപ്പൻ. പിടിച്ചപിടിയാണ് ഇയാളും.’’
കേട്ടിരുന്ന ശാലിനിയ്ക്ക് അതിചിന്ത കയറി... ചേപ്പന്റെ കാൽച്ചുവട്ടിൽ കുമ്പിട്ടിരുന്ന് മൂളിയിരുന്നവളുടെ അടിവയർ പൊട്ടി! കെട്ടിപ്പൊക്കിയ മോഹങ്ങൾ വീശിയെറിഞ്ഞ്, അടിഞ്ഞുകൂടിയ നിരാശകൾ തുടച്ചെടുത്ത് ഒരു ചെമ്പുഴ ചേപ്പന്റെ പെരുങ്കിണറിലേക്ക് ഒഴുകി. കലങ്ങിമറിഞ്ഞ് ചുവന്നുപൊങ്ങി കവിയുന്ന കിണർ നോക്കി ആളുകൾ ആർത്തുവിളിച്ചു. ആവോളം ചോര കോരിക്കുടിച്ചു....
ആ ചിന്ത വിട്ട്, ഇരുന്നുവിയർത്തിടം പൊക്കി ശാലിനി വിരലിട്ട് തപ്പിനോക്കി. ആയി. വിരൽ തുടച്ച്, മുടിവാരിക്കെട്ടി അവൾ ഉമ്മറത്തേക്ക് നടന്നു. ബീഡിയുടെ പുകച്ചുരുളുകൾക്കിടയിലേക്ക് മോറ്* താഴ്ത്തി ഉമ്മറത്തൂണിൽ ചാരിയിരിക്കുന്നുണ്ട് ചേപ്പൻ.
ശാലിനി അടുത്തേക്കുചെന്ന് ഒച്ച താഴ്ത്തി:
‘നമ്മടെ വീട്ടിലേക്കെങ്കിലും ഒരു പൈപ്പിട്ട് മോട്ടറ് വയ്ക്കായിരുന്നു. ആൾമറ തീരെ ചെറുതായോണ്ട് നിന്നുകോരാനും നല്ല ബുദ്ധിമുട്ടാണ്.’
‘ബുദ്ധിമുട്ടുള്ളോർക്കൊക്കെ ഇവിടുന്ന് അവനോന്റോടയ്ക്ക് പോവാം.’ -ചേപ്പൻ.
‘ഇയ്ക്ക് വേണ്ടി മാത്രല്ല. എല്ലാർക്കും വേണ്ടിയാണ്.’
‘ആരാ ഈ എല്ലാരും? സംസാരിക്കുന്നോർക്ക് എല്ലാർക്കും ഇവിടുന്ന് പോവാം’ -ചേപ്പൻ.
ശബ്ദം കേട്ട് വാതിൽക്കൽ വന്ന കുഞ്ഞിപ്പെണ്ണ്, ചേപ്പൻ കാണാതെ ശാലിനിയെ അകത്തേക്കു വലിച്ചു.
‘ആരുടേം ഉപദേശോം അഭിപ്രായോം ഇവിടെ വേണ്ട. വെള്ളരി വിളഞ്ഞുകിടക്കണ പാടത്ത് നനയ്ക്ക് കൂടേണ്ടോറ്റങ്ങൾക്ക് വീട്ടിലിക്കിള്ളതുങ്കൂടി കോരിക്കൊണ്ടോരാൻ വയ്യാത്രെ. അവരാതികൾ! ത്ഫൂ...’
ചേപ്പന്റെ വാക്കുകൾ മൂന്ന് പെണ്ണുങ്ങൾ അടുക്കളയിലിരുന്ന് കേട്ടു.
നെടുകെ പിളർത്തിയ വലിയൊരു പച്ചച്ചക്കയ്ക്കു ചുറ്റും കുഞ്ഞിപ്പെണ്ണും രേണുകയും ശാലിനിയും കുന്തിച്ചിരുന്നു. കുഞ്ഞിപ്പെണ്ണ് പതിഞ്ഞ ശബ്ദത്തിൽ ഒരു കഥ പറയാൻ തുടങ്ങി.
‘പഠിത്തോം പത്രാസുമൊന്നുമില്ലാത്ത അക്കാലത്ത് ചെറുപ്പക്കാരുടെ വമ്പ് തെളിയുക വെള്ളരിവള്ളിയിലെ പൂവലിന്റെ മൂപ്പിലാണ്.* കണിവെള്ളരിയും സാലഡ് വെള്ളരിയും ഉണ്ടെങ്കിലും കറിവെള്ളരിയ്ക്കയാണ് കൂടുതൽ. പലജാതി ജന്തുക്കളെയാട്ടാനും വെള്ളരിക്കള്ളൻമാരെ പിടിക്കാനും കണ്ടങ്ങളിൽ നിത്യം കാവലുണ്ട്. രാത്രി കാവലിരിക്കുന്നോർക്ക് മടുപ്പുമാറണല്ലൊ... അതിന് കൂട്ടംകൂടും. കണ്ടത്തിനോട് ചേർന്ന് ചെറിയ ഓലപ്പുരകൾ ഉണ്ടാക്കും. ചൂട്ട് കത്തിച്ചുവച്ച് വെളുക്കുവോളമിരുന്ന് ഓരോരൊ കഥ മെനയും. അക്കഥ ഒരാള് മറ്റേ ആളോട് പറഞ്ഞ് പറഞ്ഞ് പഠിക്കും. എന്നിട്ട്, വിളവെടുക്കുന്ന രാത്രിയിൽ അവതരിപ്പിക്കും. അതിനുവേണ്ടി കണ്ടത്തിൽതന്നെയാണ് സ്റ്റേജ് കെട്ടുക. പഠിച്ചതും അപ്പൊ തോന്നിയതും എല്ലാങ്കൂടി തട്ടിക്കൂട്ടി ഒരു നാടകമായി സ്റ്റേജിൽ കാണിക്കും. പെണ്ണുങ്ങളും കുട്ട്യോളും വയസ്സായോരുമൊക്കെണ്ടാവും കാണാൻ.
അങ്ങനെ ഒരിക്കൽ വെള്ളരി നാടകം നടക്കുന്നതിനിടയിൽ ആരുമറിയാതെ മണി എന്നൊരുത്തൻ സുമിത്ര എന്നൊരുവളുമായി പോയി. ഇരുട്ടിൽ, നാടകക്കണ്ടത്തിന്റെ അങ്ങേത്തലയ്ക്കലൂടെ ഒരുമിച്ചോടിയ മണിയും സുമിത്രയും പിടിക്കപ്പെട്ടു. മണിയുടെ അമ്മാവന്മാർ, നാണക്കേടിന്റെ പേരിൽ പിറ്റേന്നുതന്നെ നിർബന്ധപൂർവം രണ്ടാളുടെയും കല്യാണം നടത്തി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ചെല്ലം എന്നൊരു സ്ത്രീ ഒരു കുട്ടിയോടൊപ്പം കോയമ്പത്തൂരുന്ന് മണിയെ അന്വേഷിച്ചുവന്നു. അത് മണിയ്ക്ക് കോയമ്പത്തൂരുള്ള ഭാര്യയായിരുന്നു. ചെല്ലത്തിനെ കണ്ടപ്പോൾ മണി കരഞ്ഞ് അവളുടെ കാലിൽ വീണത്രെ. നിൽക്കാനും വയ്യ; എങ്ങും പോവാനും ഇല്ല എന്ന് മനസ്സിലാക്കിയ സുമിത്ര ഉടനെ അടുക്കളവാതിലിലൂടെ ഇറങ്ങിയോടി.
ചാവാൻവേണ്ടി പെരുങ്കിണറിൽ ചാടി. എത്തിനോക്കിയ ആളുകൾ കണ്ടത് ഒരു പോറലുപോലുമേൽക്കാതെ പെരുങ്കിണറിൽ പൊങ്ങിക്കിടക്കുന്ന അവളെയാണ്. നീന്തലറിയാത്ത സുമിത്രയെ പൊക്കിക്കിടത്തിയ പെരുങ്കിണറിലെ രഹസ്യമെന്തെന്നറിയാതെ ആളുകൾ അതിശയിച്ചു. അവളെ കോരി പുറത്തെത്തിച്ച ആളുകൾ കിണറ്റിനകത്തെ അത്ഭുതം എന്താന്ന് ചോദിച്ചു. അത് പറയാൻ ശ്രമിച്ചപ്പോൾ സുമിത്രയ്ക്ക് വിക്കുവന്നു. അവളുടെ സമനിലതെറ്റി. പിന്നെയാരും അവളെ ഈ നാട്ടിൽ കണ്ടിട്ടില്ല.’ പറഞ്ഞുനിർത്തിയ കുഞ്ഞിപ്പെണ്ണ്, വറക്കാൻ അരിഞ്ഞുകൂട്ടിയ ചക്കച്ചുളകൾ മാടിയൊതുക്കി.
കഥ കേട്ടു മരവിച്ച രേണുകക്ക് പിച്ചാത്തി കൈമാറിയ ശാലിനി എഴുന്നേറ്റുപോയി മൊബൈലെടുത്ത് അവളുടെ അമ്മയുടെ നമ്പറിലേക്കു വിളിച്ചു. ‘ഇയ്യായിട്ട് വരുത്തിവച്ച ബന്ധല്ലേ. പഠിക്കാൻ വിട്ടപ്പോൾ പഠിക്കണായിരുന്നു. ഓൻ ടൊവിനോയെപ്പോലെ ണ്ടെന്ന് പറഞ്ഞല്ലേ യ്യ് ഇറങ്ങിപ്പോയത്. നിന്റെ പൂതി മതിയാവട്ടെ. അവട, നിക്ക്.’ അമ്മയുടെ ശബ്ദം കനത്തപ്പോൾ ഇനിയൊന്നും പറയേണ്ടതില്ലെന്ന് ശാലിനിക്കു തോന്നി. അവൾ കാൾ കട്ട് ചെയ്ത് വീണ്ടും അടുക്കളയിലേക്കു ചെന്നു.
അപ്പോഴേക്കും കുഞ്ഞിപ്പെണ്ണ് മറ്റൊരു കഥയുടെ മധ്യത്തിൽ എത്തിയിരുന്നു:
‘ചൂട്ടിന്റെ വെളിച്ചമെത്തുന്ന ദിക്കിലെല്ലാം മുളകൊണ്ടുള്ള അറ്റക്കഴായ*. രാവിലെ ഉരുക്കുകമ്പനിയിലേക്ക് പോകുമ്പോളില്ലാത്ത കഴലുകൾ* രാത്രിയിൽ എങ്ങനെ വരമ്പിൽ വന്നെന്ന് ശങ്കരന് ഒരു പിടിയും കിട്ടിയില്ല. വരമ്പിന്റെ നടുക്ക് ആർക്കും കഴൽ കെട്ടേണ്ട കാര്യല്ല്യല്ലോ. പേടി തോന്നിയെങ്കിലും ജപിച്ചുകൊണ്ട് ഉടുത്ത തുണികൾ ഓരോന്നായി അയാൾ ഊരി. അരയിൽ കരുതിയിരുന്ന കത്തി താഴേയ്ക്കുവീണു. അവസാനം കോണകവും ഊരി. കത്തുന്ന ചൂട്ടിൽനിന്ന് വലിച്ചൂരിയ ഓലക്കൊടി അയാൾ അരയിലേക്കടുപ്പിച്ചു. അരയിൽ കിടന്ന ചരടറ്റു. അയാള് ചൂട്ട് പൊക്കി നോക്കിയപ്പോൾ മുന്നിൽ കഴലല്ല; ഒടിയൻ താമി. ശങ്കരൻ നൂൽബന്ധമില്ലാതെ നിൽക്കുന്നതിനാൽ, ഒടിയൻതാമി കൈകാലുകൾ മണ്ണിൽക്കുത്തി പുറംപരത്തി നിൽക്കുന്നതാണ് കണ്ടത്. താമി, ശങ്കരനെ നോക്കി ഒന്ന് ചിരിച്ചു.
വെറ്റിലക്കറ പിടിച്ച പല്ലുകളിലേക്ക് ശങ്കരൻ സൂക്ഷിച്ചുനോക്കി. ഉടനെ കത്തിയെടുത്ത് താമിയുടെ പുറത്തേക്കെറിഞ്ഞു. പുറത്തുതറച്ച കത്തിയുമായി പറന്ന ആ കഴൽ പെരുങ്കിണറിൽ വീണ് താഴ്ന്നുപോയി. കിണറ്റിൽനിന്ന് അനക്കമൊന്നും കേൾക്കാത്തതിനാൽ, അയാൾ മരിച്ചെന്നു കരുതി ശങ്കരൻ വീട്ടിലേക്കുപോയി. പിറ്റേദിവസം പുലർച്ചെ ശങ്കരൻ താമിയുടെ പുരയിലേക്ക് ചെന്നു. മുറ്റത്തിരുന്ന് കലം കഴുകുന്ന താമിയുടെ പെണ്ണിനോട് ഒന്നും അറിയാത്തതുപോലെ, ‘താമി എവിടെ... അവനെ വിളിക്ക്...’ എന്ന് ആവശ്യപ്പെട്ടു. എഴുന്നേറ്റില്ലെന്നും പനിക്കോളാണെന്നും പെണ്ണ് മറുപടി പറഞ്ഞതുകേട്ട് അന്തംവിട്ടു തിരിഞ്ഞുനടന്ന ശങ്കരനെ താമി പുറകിൽനിന്ന് വിളിച്ചു.
‘അതങ്ങനെ വെറും കിണറല്ലട്ടൊ...’ എന്നുപറഞ്ഞ് പുരയിലേക്കു തിരിച്ചുകയറിയ താമിയുടെ പുറത്തെ കത്തിപ്പാട് അയാൾ കണ്ടു. കത്തി പെരുങ്കിണറിന്റെ ആഴത്തിൽ ചോരതീണ്ടി കിടക്കുന്നത് ശങ്കരനെ ഭയപ്പെടുത്തി. രണ്ടു ദിവസത്തോളം കിണറിന്റെ ചുറ്റുവട്ടത്തൊക്കെ ശങ്കരൻ ഉണ്ടായിരുന്നത്രെ. ശേഷം ആരും അയാളെ കണ്ടിട്ടില്ല.’
കുഞ്ഞിപ്പെണ്ണ് കഥ നിർത്തി; കയ്യിൽ പറ്റിയ ചക്കമുളഞ്ഞിലേക്ക് വെളിച്ചെണ്ണ ഇറ്റിച്ചു. പേടിയ്ക്കൊന്നും വേണ്ട. കല്യാണം കഴിച്ച് എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്നപ്പോൾ തൊട്ട് കേട്ട കഥകളാണ്; എന്റെ അമ്മായിയമ്മ പറഞ്ഞു തന്നത്.’ പമ്പിങ് നിലച്ച ഒരു കിണർ കാരണം പെട്ടെന്ന് ഒരമ്പതു വർഷം പുറകോട്ടുപോയതിന്റെ ആന്തൽ പടർന്നുപിടിയ്ക്കാതിരിക്കാൻ കുഞ്ഞിപ്പെണ്ണ് തന്റെ ജീവിതത്തീ പിരിച്ചുവച്ചു.
‘ആവാറായാൽ നാലീസം സ്വന്തം വീട്ടിലേക്ക് പോയിരുന്ന പണ്ടത്തെ അമ്മായിമാരുടെ അവസ്ഥയിലേക്കാണല്ലൊ കാര്യങ്ങൾ പോവുന്നത്. പോവാൻ ഇടമില്ലാത്തതുകൊണ്ട് എനിയ്ക്ക് പ്രത്യേകിച്ച് പേടിയൊന്നുമില്ല’ -ശാലിനി.
‘ആരും എവിടെയും പോണ്ട. എങ്ങനെയാണോ ഇത്രകാലം ഇതിന്റുള്ളില് നമ്മള് കഴിഞ്ഞത് അങ്ങനെത്തന്നെ ഇനിയും കഴിയാ നമുക്ക്.’
മാസങ്ങൾക്കു മുമ്പ്, കായ്ക്കറിക്കണ്ടത്തിലെ പെരുങ്കിണറിൽ പന്നി വീണ് ചത്തതോടെയാണ് വീട്ടിലും നാട്ടിലും പ്രശ്നങ്ങൾ തുടങ്ങിയത്. കിണറിലെ വെള്ളം മൊത്തം അടിച്ചുകളഞ്ഞശേഷം കർഷകസംഘം സെക്രട്ടറി, ചന്ദ്രൻ കിണറ്റിലിറങ്ങി. കിണറ്റിലെ വങ്കിനോട് ചേർന്നുള്ള ചരിവിൽ വീർത്തുകിടന്ന പന്നിയെ ഒറ്റയ്ക്ക് കെട്ടിമുറുക്കാൻ പറ്റാത്തതിനാൽ സഹായികൾ കൂട്ടിനിറങ്ങി. പന്നിയെ ഒത്തുകൂടി വലിച്ചുകയറ്റി പാടത്തിന്റെ ഒത്തനടുക്ക് കുഴിവെട്ടി മൂടി. വെള്ളത്തിന്റെ സ്ഥിതിയറിഞ്ഞശേഷം ഒരു കമ്പിവല ഉണ്ടാക്കി മുകളിലിടാം എന്ന തീരുമാനമായി.
ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. പെരുങ്കിണറിൽ വിചാരിച്ചവിധം വെള്ളമൂറിയില്ല. ഉറവയുണ്ട്; മോട്ടർ വച്ച് അടിയ്ക്കാനുള്ളതില്ല. ഊറുന്നവെള്ളം ചുവട്ടിലെ വങ്കിലൂടെ വലിയുന്നുണ്ടെന്ന് കണ്ടവർ പറഞ്ഞു. കോരിയെടുക്കാൻമാത്രം വെള്ളമായപ്പോൾ, വേച്ചുനടന്നിരുന്ന ഒരു പട്ടി വലയ്ക്കുള്ളിലൂടെ കിണറ്റിൽവീണു. എടുത്തപ്പൊഴേക്കും പട്ടി തീർന്നുപോയി. വീണ്ടും വറ്റിച്ചു. അതോടെ അഞ്ചെട്ട് ഏക്കർ വെള്ളരിപ്പാടങ്ങളിലേക്കുള്ള പമ്പിങ് നിലച്ചു. പുതുവെള്ളം കിനിഞ്ഞെങ്കിലും കിണറിന്റെ ഉടമസ്ഥനായ ചേപ്പൻ കിണറുവിലക്കി. ഈ വിലക്ക് അയാളുടെ വീട്ടിലെ പെണ്ണുങ്ങളെയും നാട്ടിലെ പെണ്ണുങ്ങളെയും ബാധിച്ചു. ചേപ്പന്റെ മുത്തപ്പായിയായ കണക്കറായിയപ്പൻ കുത്തിച്ചതാണ് പെരുങ്കിണറെന്നും മണ്ണും കിണറും ആമ്പെറപ്പെന്നും അപ്പനായ കണ്ണപ്പൻ ചേപ്പന് ഓതിക്കൊടുത്തിട്ടുണ്ട്.
‘യ്യ് ഒന്ന് പോയാ... അന്റെ മുത്തപ്പായി മാത്രെ ഭൂമില് കെണറ് കുത്തീട്ട്ള്ളൂ ന്നാ അന്റെ വിചാരം’ എന്ന് നാട്ടുകാർ അയാളോട് പറയാറുണ്ടെങ്കിലും വീട്ടുകാർ ഒരക്ഷരം മിണ്ടാറില്ല. മിണ്ടിയാൽ പടിയ്ക്കു പുറത്താവും. ഭാര്യ കുഞ്ഞിപ്പെണ്ണും ആൺമക്കളായ അനീഷും വിനീഷും പരസ്പരം കുശുകുശുക്കും എന്നല്ലാതെ മറുപടികൊടുക്കാനോ ചോദ്യംചെയ്യാനോ പോവാറില്ല. അനീഷിന്റെ ഭാര്യ രേണുകയും മക്കളും ആ വഴക്കത്തിലേക്കു ലയിച്ചു ചേർന്നിട്ടുണ്ട്. വിനീഷ് വീട്ടിലെ കാര്യങ്ങൾ അധികം അറിയിക്കാതെയാണ് ശാലിനിയുമായി കൂട്ടായത്. അവളുടെ വീട്ടുകാർക്ക് കല്യാണത്തിന് സമ്മതക്കുറവുള്ളതിനാൽ, കോളേജിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അവൾ അവനൊപ്പം പോന്നു. ചെന്നുകയറിയത് ചേപ്പന്റെ മുന്നിലേക്ക്. പെണ്ണ് സുന്ദരിയായതിനാൽ ചേപ്പൻ തടഞ്ഞില്ല.
തങ്ങളുടെ ഭർത്താക്കൻമാർ ഒരിക്കലും ചേപ്പനെപ്പോലെയാവില്ലെന്ന് രേണുകയും ശാലിനിയും കരുതുന്നുണ്ട്. നൂറ്റമ്പതുരൂപയുടെ പോളിസ്റ്റർ സാരിയിൽ കോലുടൽ പിണച്ചുനിർത്തി; ആരോടും അപരാധം ചെയ്യാതെ കഴിഞ്ഞുകൂടുന്ന പഞ്ചപാവമായ കുഞ്ഞിപ്പെണ്ണിനെ അവരാതീ എന്നല്ലാതെ ചേപ്പൻ വിളിച്ച് മരുമക്കൾ കേട്ടിട്ടില്ല. അനീഷും വിനീഷും തടിമില്ലിൽ പണിയ്ക്കുപോവാൻ തുടങ്ങിയതിനുശേഷമാണ് കുഞ്ഞിപ്പെണ്ണ് കാലിടയിലെ ചേറ് തേച്ചുകളഞ്ഞ് നടുനിവർത്താൻ തുടങ്ങിയത്. അതിരാവിലെ എണീക്കണം പണിയ്ക്ക് പോണം എന്നല്ലാതെ മക്കൾ രണ്ടാൾക്കും കുനുട്ടുവിചാരങ്ങൾ ഒന്നുമില്ല. കൂലി കിട്ടുന്നത് കൊണ്ടുവന്ന് അമ്മയുടെ കയ്യിൽ കൊടുക്കും. മക്കളുടെ കാശുവാങ്ങി അവരുടെ ചൊൽപ്പടിയ്ക്കു നിൽക്കാൻ തന്നെ കിട്ടില്ലെന്ന് പ്രഖ്യാപിച്ചു ജീവിക്കുന്നതിനാൽ ചേപ്പൻ അയാളുടെ വട്ടച്ചിലവിനുള്ളത് കൃഷി ചെയ്താണ് സംഘടിപ്പിക്കുന്നത്. മാത്രമല്ല, താൻ കൃഷിചെയ്ത സാധനങ്ങൾക്കു മാത്രമേ രുചിയുള്ളൂ എന്ന വിചാരം തൊട്ടുകൂട്ടിയാണ് അയാൾ ഉണ്ണുന്നത്. മക്കളുടെ കാശുകൊണ്ട് കുഞ്ഞിപ്പെണ്ണ് വീട്ടുകാര്യം നടത്തുന്നത് ചേപ്പന് പുച്ഛമാണ്.
പമ്പിങ് നിലച്ചതോടെ ചേപ്പന്റെയടക്കം നാലഞ്ചു വീട്ടിലെ പെണ്ണുങ്ങൾ കുടവുമായി പെരുങ്കിണറിലേക്ക് വരിപിടിച്ചു. മുപ്പതുവർഷമായി ഒരേ കിണറ്റിലെ വെള്ളം കുടിച്ചിരുന്നവരൊക്കെ, സ്വന്തമായി കിണറ് കുത്താതിരുന്നതിൽ ആദ്യമായി സങ്കടപ്പെട്ടു. അടുത്ത് കിണറോ കുഴൽക്കിണറോ വന്നാൽ പെരുങ്കിണറിൽ വെള്ളം കുറയുമെന്ന ദുർവിചാരത്താൽ, ‘നിങ്ങള് കുത്തണ്ട പെരുങ്കിണറ് ണ്ടല്ലൊ നമ്മക്ക്’ എന്ന് ചുറ്റുവട്ടത്തുള്ളവരോട് ചേപ്പൻ പറയുമായിരുന്നു. പണ്ട് വെള്ളരിക്കണ്ടങ്ങളിലേക്ക് കൊട്ടകെട്ടി തേവിയിരുന്ന കാലത്ത് ചേപ്പന്റെ അച്ഛനും മുത്തപ്പായിയും ചില നിബന്ധനകളോടെ നാട്ടുകാരെ കോരാൻ അനുവദിച്ചിരുന്നു. അതൊക്കെയോർക്കുമ്പോൾ ചേപ്പന് മൂപ്പത്തരം ഉണരാറുണ്ട്.
കാലം മാറി. കർഷകസംഘം രൂപീകരിച്ചു. ത്രീഫേസ് കണക്ഷൻ കിട്ടി. മോട്ടോർവച്ച് പമ്പിങ് തുടങ്ങി. വെള്ളരിപ്പാടത്തേക്കുള്ള വാൽവ് അടച്ചാൽ വീടുകളിലേക്കുള്ള വാൽവ് തുറക്കും. അതോടെ കിണറിന്റെ നിയന്ത്രണം ചേപ്പന് നഷ്ടമായി. പുരോഗമനവും സാങ്കേതികതയും തട്ടിത്തെറിപ്പിച്ച തന്റെ അധികാരത്തെ തിരിച്ചുപിടിക്കാൻ അയാൾ ആവത് ശ്രമിച്ചെങ്കിലും നടന്നില്ല. കാർഷിക ആവശ്യത്തിൽ പെടുത്തിയതിനാൽ കറണ്ടു ബില്ലടയ്ക്കുന്നത് സർക്കാറാണ്. അതോടെ, പൂർണമായും അന്യമാക്കപ്പെട്ട കിണറധികാരത്തെയാണ് ചേപ്പനിപ്പോൾ കിണറുവിലക്കി തിരിച്ചുപിടിച്ചത്. ദുർനിമിത്തങ്ങൾ ഉണ്ടെന്ന് കർഷകസംഘത്തിൽ സംസാരം വന്നതോടെ മോട്ടോർപുരയുടെ തിണ്ണയിൽ വിളക്കു കത്തിച്ചുവച്ച് പ്രശ്നം വച്ചു.
‘മീനംരാശിയിലെ കിണറ് വറ്റിയത് വാലായ്മപ്പെണ്ണുങ്ങടെ തൊട്ടുതീണ്ടൽകൊണ്ട്’ -ജ്യോത്സ്യൻ വിധിച്ചു. ‘അതിന് പന്നി ചാടുംമുമ്പ് തീണ്ടലുള്ളവര് പോയിട്ട്, ആരുംതന്നെ വെള്ളം കോരിയിട്ടില്ല’ -പ്രസിഡന്റ് പറഞ്ഞു. പ്രശ്നക്കാരൻ കരുക്കൾ വാരി സഞ്ചിയിലാക്കി സ്ഥലംവിട്ടു. ഇതൊക്കെ ഒരു പ്രശ്നമാക്കണൊ; കൃഷിക്കിറങ്ങിയ ചെക്കൻമാർ നരച്ചവരെ നോക്കി. വീടുകളിൽ ചർച്ചയായി.
മൂർക്കോത്തെ, അറുപതു തികഞ്ഞ അമ്മാള്: ‘മണ്ണില് വെള്ളംണ്ടാവില്ല, അയിന് നാട്ടിലെ പെണ്ണുങ്ങളെന്തു പിഴച്ചു?’ എന്ന് ഉറക്കെ ചോദിച്ചു. എയറുമാത്രം വരുന്ന ബാത്ത്റൂം പൈപ്പിനു മുന്നിൽ ഉടലിൽനിന്നൂരിയ ചോരക്കപ്പുമായി രമ്യ നിന്നു. കെട്ട്യോൻ രതീഷ്, കോരി ഏറ്റിക്കൊണ്ടുവച്ച വെള്ളത്തിലേക്ക് ഏത് കപ്പ് മുക്കണം എന്നറിയാതെ അവൾക്ക് തല തരിച്ചു.
കുഞ്ഞിപ്പെണ്ണ് വെള്ളം കോരിനിറയ്ക്കും. കിണറ്റുകരയിൽനിന്ന് തൊടിയിലേക്കുള്ള വരമ്പിലൂടെ രേണുക കുടമേറ്റും. നടത്തയുടെ രസം മൂന്നാംനാൾ ആയപ്പോഴേക്കും ശമിച്ചു. കുഞ്ഞിപ്പെണ്ണിന് കൈപൊക്കാൻ വയ്യ. രേണുകയ്ക്ക് ഇടുപ്പുവേദനയും തണ്ടൽവേദനയും. ശാലിനിയ്ക്ക് വലിയ കുഴപ്പമില്ല. ‘നിനക്കിപ്പൊഴും ഇളംദേഹമല്ലേ... ഞങ്ങളൊക്കെ പെറ്റുപോയില്ലേ’ കുഞ്ഞിപ്പെണ്ണ് ശാലിനിയുടെ തലമുടിയിൽ വിരലോടിച്ച് പറഞ്ഞു. അടുത്തദിവസം മുതൽ ശാലിനിക്ക് രാവിലെയും വൈകീട്ടും വെള്ളക്കടത്ത് മാത്രമായി.
കോരിനിറച്ച്, വരമ്പുകയറി തൊടികടന്ന് വീടിന്റെ വടക്കുപുറത്തു നിരത്തിയ ചെമ്പുകൾ അവൾ നിറച്ചുകൊണ്ടിരുന്നു. പത്താംനാൾ അവൾക്ക് ജീവിതം മടുത്തു. അനീഷും വിനീഷും കുറിയുംതൊട്ട് പണിയ്ക്കിറങ്ങിപ്പോയാൽ അവരും മറ്റുള്ളവരും ഊരിയിട്ട വിഴുപ്പും പുതപ്പും വിരിയും വാരി രേണുക കിണറ്റുകരയിൽ ചെല്ലും. ശാലിനി കോരും. കുഞ്ഞിപ്പെണ്ണ് അടുക്കളപ്പണി തീർക്കും. ഇരിക്കപ്പൊറുതി കിട്ടാത്തതിനാൽ മരുമക്കളെ അന്വേഷിച്ചു പിന്നാലെ ചെല്ലും. പിഴിഞ്ഞതുണി നിറച്ച ബക്കറ്റുകൾ തലയിലും തോളത്തും വച്ച് മൂന്നാളും കയറിപ്പോരും.
കണ്ടത്തിലും തൊടിയിലും മടവാളും കൈക്കോട്ടുമായി നടക്കുന്ന ചേപ്പൻ ചില നേരങ്ങളിൽ പെരുങ്കിണറിന്റെ കരയിൽ ലഹള നടത്തും. തൂവിയ വെള്ളത്തിന്റെ കണക്ക് കോരുകാരികൾ കേൾക്കാൻ അയാൾ ഉറക്കെ വിളിച്ചുപറയും. മെലിഞ്ഞ്, മണ്ണിന്റെ നിറമുള്ള അയാളുടെ ഉടലിലപ്പോൾ പാറക്കൂട്ടങ്ങളുയരും. പെരുക്കുന്ന അവയ്ക്കിടയിൽ കറുത്തമണ്ണിരകൾ നുരയ്ക്കുന്നത് പെണ്ണുങ്ങൾ അറപ്പോടെ നോക്കും. ചേപ്പൻ ഉടൽവടിച്ച് വിയർപ്പ് അയാളുടെ നാക്കിൽ തിരുകും. നരകലർന്ന മീശയും താടിയും കലർന്നു മൂടിക്കളഞ്ഞ വായ്ക്കുള്ളിലപ്പോൾ നിരതെറ്റിയ പല്ലുകളാടും. അയാളുടെ വായിലെ കാറ്റുപിടിച്ച് പെണ്ണുങ്ങൾക്ക് ഓക്കാനം കുത്തും.
വെള്ളരിക്കണ്ടങ്ങൾ നനയ്ക്കാനുള്ള അടിയന്തര പരിഹാരമായി, കണക്കറായിയപ്പന്റെ കാലത്തെ തേവുകൊട്ട ചേപ്പന്റെ മേൽനോട്ടത്തിൽ തേച്ചുകഴുകി പെരുങ്കിണറ്റിൽ സ്ഥാപിച്ചു. ചേപ്പൻ കോരുകമ്പ് തൊട്ട് കണ്ണിൽവച്ചു. ആണുങ്ങൾ മാത്രം പ്രജകളാവുന്ന ഒരു നാടകത്തിലെ രാജാവിന്റെ ഡയലോഗുകൾ അയാൾ സദാ ഉരുവിട്ടുകൊണ്ടിരുന്നു. തേവ് നിർത്തി ആണുങ്ങൾ പോയാൽ, കോരാൻ വരുന്ന പെണ്ണുങ്ങളോട് അയാൾ വെള്ളക്കണക്ക് പറയും. കേട്ടുകേട്ട് നാട്ടിലെ പെണ്ണുങ്ങൾക്ക് മടുപ്പ് തുടങ്ങി.
‘വല്ലാത്ത എടങ്ങറ്’ കുഞ്ഞിപ്പെണ്ണ് ഒരു ദിവസം പറഞ്ഞുപോയി. വിളമ്പിക്കൊടുത്ത ആഹാരത്തിനു മുന്നിൽനിന്ന് എഴുന്നേറ്റുപോയാണ് ചേപ്പൻ ആ ഇടങ്ങറ് വീട്ടിയത്. കുഞ്ഞിപ്പെണ്ണ് പിന്നെയൊന്നും പറയാതെയായി.
‘വെള്ളംവലിച്ച് നടുവേദന. ഇനി സാധിക്കൂല്ല ട്ടൊ’ -ഒരു രാത്രി തിരിഞ്ഞുകിടക്കുമ്പോൾ രേണുക അനീഷിനോട് പറഞ്ഞു.
‘പെരുങ്കിണറിന്റെ ആൾമറ ആകെ ഒരടിയല്ലെയുള്ളൂ. അതിന്റെ ഉയരമെങ്കിലും ഒന്ന് പടുത്തുയർത്തിത്താ, ചാരിനിന്ന് കോരാൻ. അതിന് ങ്ങടെ അച്ഛനോട് തല്ലുകൂടണ്ട കാര്യമൊന്നും ഇല്ലല്ലൊ’ എന്ന് കേട്ടപ്പോൾ കണ്ണുകൾ നിറച്ച വിനീഷിനോട് കൂടുതൽ ഒന്നും പറയാതെ ശാലിനി അടുക്കളയിലേക്കു പോയി. ആ വീട്ടിലെ ഏറ്റവും വലിയ ചെപ്പുകുടം ഒരൽപം നിരങ്ങി അവൾക്കായി സ്ഥലമൊരുക്കി.
ചേപ്പൻ തൊടിയുടെ മൂലയ്ക്കുനിന്ന് വായിൽ തോന്നിയത് പറയുന്നുണ്ടെന്ന് കോരുകാരിയൊരുത്തി കെട്ട്യോനോട് പരാതി പറഞ്ഞു. ‘മൂപ്പര്ക്ക് ഇപ്പൊ അത്ര ലെവലില്ല തോന്നുന്നു’ എന്ന് കെട്ട്യോൻ ആശ്വസിപ്പിച്ചു.
‘ലെവലില്ലാത്തതല്ല, അയാള്ടെ മൂശേട്ട സ്വഭാവം ഇപ്പൊ വീട്ടിന്റുള്ള്ന്ന് പുറത്തേയ്ക്ക് എടുക്കാൻ തൊടങ്ങീതാണ്. അയാള് ഒറ്റത്തോർത്ത് ഉടുത്ത് നാണമില്ലാതെ തൊടീടെ മൂലയ്ക്കുവന്ന് നിൽക്കും’ എന്ന് കെട്ട്യോൾ ദേഷ്യപ്പെട്ടു.
‘എന്നാ നീ പോയി അയാളെ മര്യാദ പഠിപ്പിക്ക്, അയാള് അയാടെ തൊടീല് നിക്കണത് വെലക്കാൻ നമ്മക്കെന്താ കാര്യം!’ താൻ കുഴിച്ചിട്ടും വെള്ളം കിട്ടാതെ വർഷങ്ങളായി ചപ്പും വേസ്റ്റും നിറഞ്ഞുകിടക്കുന്ന പൊട്ടക്കിണറു നോക്കി പിറുപിറുത്തുകൊണ്ട് കെട്ട്യോൻ പടികടന്നുപോയി.
‘അയാളെ വെച്ചുപൊറുപ്പിക്കുന്ന കുഞ്ഞിപ്പെണ്ണു ചേച്ചിയേം ആ മരുമക്കളേം പത്ത് കയ്യോണ്ട് തൊഴണം’ -കെട്ട്യോള് ആരോടെന്നില്ലാതെ പറഞ്ഞു.
ഇതൊന്നുമറിയാതെ, രണ്ടു കുടവുമായി കുഞ്ഞിപ്പെണ്ണ് വീണ്ടും ഇറങ്ങി.
‘വായൊ ശാല്വോ... രണ്ട് കുടംകൂടി കൊണ്ടു വച്ചാൽ ചെക്കൻമാർക്ക് രാത്രിവന്ന് കുളിച്ചു കിടക്കാലൊ. പാതിരയ്ക്ക് അവര് കിണറ്റുകരയിൽ പോവണ്ടല്ലൊ.’
‘സന്ധ്യകഴിഞ്ഞാൽ കോരാമ്പാടില്ലെന്ന് നിയമം വയ്ക്കാൻ ആളുണ്ടായി. അതിനൊക്കെ പരിഹാരണ്ടാക്കാൻ ആരുംല്ല.’ പിറുപിറുത്തുകൊണ്ട് അവൾ കുഞ്ഞിപ്പെണ്ണിന്റെ പിന്നാലെ നടന്നു.
ഉമ്മറത്തു നിൽക്കുന്ന ചേപ്പൻ കേൾക്കുമൊ എന്ന ആശങ്കയിൽ കുഞ്ഞിപ്പെണ്ണ് തിരിഞ്ഞു നിന്നു.
‘നീ ഒന്ന് പതുക്കെ പറയൊ! അയാള്ടെ മുഷ്ക് എടുപ്പിക്കാതെ...’ ഏക്കറു കണക്കിന് വെള്ളരി വിളഞ്ഞു കിടക്കുന്നതിന്റെ നടുവരമ്പിലൂടെ അവർ കുടവുമായി നടന്നു.
‘ഇനി വെള്ളരിയ്ക്കുള്ള തേവലൊന്നും വേണ്ട. ഈ നനവ് മതി.’ കുഞ്ഞിപ്പെണ്ണ് തുടർന്നെങ്കിലും മറുപടിയൊന്നും പറയാതെ ശാലിനി പിന്നാലെ ചെന്നു.
‘നമ്മടെ ആവശ്യത്തിനുള്ള വെള്ളം വിതരണം ചെയ്യാനുള്ള ഒരു സംവിധാനം താമസിയാതെ ഉണ്ടാക്കാം എന്നൊക്കയാണ് മെമ്പറ് ഇന്നലെ പറഞ്ഞത്.’ മൂർക്കോത്ത് അമ്മാളുടെ മരുമകളായ രാധിക കാര്യമറിയിച്ച്, വന്നവർക്കു കോരാനായി മാറിക്കൊടുത്തു. കോരാൻ പകുതി വഴി വരെ വന്ന രേഷ്മ സംശയം തോന്നി വീട്ടിലേക്കു തിരിച്ചുപോയി, അടിവസ്ത്രത്തിലെ ഇരുമ്പുമണം കഴുകിക്കളഞ്ഞു. വെള്ളം കോരാൻ കിണറ്റുകരയിൽ ചെന്നില്ലെങ്കിൽ മുറിപ്പെടുന്ന തന്റെ സ്വകാര്യതയെ കുറിച്ച് രേഷ്മ അവിടെക്കിടന്ന് ആലോചിച്ചു.
‘വെള്ളം കിട്ടും. എഴുനൂറ്റമ്പത് രൂപയ്ക്ക് രണ്ടായിരം ലിറ്റർ, മിനിലോറിയിൽ സെപ്ലെ ചെയ്യുന്നവർ പാടത്തിന്റെ അക്കരെയുണ്ട്. പക്ഷേ, നമ്മുടെ അവിടേക്കുള്ള പുഞ്ചപ്പാലം കടക്കില്ല എന്നാണവര് പറയുന്നത്. ജീപ്പിൽ വെള്ളരി ലോഡ് പാലം കടത്തുംപോലെയല്ല ലോറിയിലെ വെള്ളക്കനം എന്ന മുട്ടാത്തർക്കമാണ് അവർക്ക്.’
‘എന്നാ വേണ്ട.’ ചെറിയച്ഛന്റെ കോൾ കട്ട് ചെയ്ത് രേഷ്മ ബെഡിൽ വയർ അമർത്തിക്കിടന്നു.
അന്ന് വൈകീട്ട്, ടൗണിൽ ജോലിയ്ക്കുപോയ ആണുങ്ങൾ തിരികെ കവലയിൽ ബസ് ഇറങ്ങിയപ്പോൾ ചേപ്പൻ ഒപ്പം കൂടി.
‘നിങ്ങടെ ഭാര്യമാർ ദിവസവും കോരാൻ വരുന്നുണ്ടല്ലൊ! പെണ്ണുങ്ങൾക്ക് തൊട്ടുതീണ്ടാനല്ല എന്റെ മുത്തപ്പായി കിണറ് കുത്തിയത്.’
ചേപ്പനെ കേട്ട ആണുങ്ങൾ തൊണ്ടയിൽ കൊണ്ടത് ഉമിനീര് തട്ടാതെ വിഴുങ്ങി. പറഞ്ഞതിന്റെ സമാധാനത്തിൽ ചേപ്പൻ വീട്ടിലേക്കു കയറി, ഉമ്മറത്തെ ചാരുകസേരയിലേക്ക് ഇരുന്ന് കാലുകൾ കൈപ്പലകയിലേക്ക് പരത്തിവച്ചു. ചുവരിൽ ചിത്രമായിരിക്കുന്ന മുത്തപ്പായിയെ തല ചെരിച്ചൊന്ന് നോക്കി. കണക്കറായിയപ്പൻ പുഞ്ചിരിച്ചു. ചേപ്പനും ചിരിച്ചു. രാത്രിയും അവർക്കൊപ്പം കൂടി.
ആ ഒറ്റ രാത്രികൊണ്ട് ഒരു പാമ്പേരി വെള്ളം കൂടിയതായി രാവിലെ കോരാൻ ചെന്ന പെണ്ണുങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ
തൽക്കാലം ചെറിയൊരു മോട്ടറും ടാങ്കും കിണറ്റുകരയിൽ സ്ഥാപിക്കാമെന്ന് ആണുങ്ങൾ കണക്കുകൂട്ടി. കാര്യങ്ങൾ കുഞ്ഞിപ്പെണ്ണ് വഴി നടപ്പിലാക്കാമെന്ന ധാരണയിലെത്തി. കുഞ്ഞിപ്പെണ്ണ് നാട്ടുകാരുമായി സ്നേഹത്തിലാണ് എന്നതിനാൽ ചേപ്പൻ എതിർത്താലും സാരമില്ല എന്ന തീരുമാനത്തിലെത്തി.
ആണുങ്ങളെയും കുട്ടികളെയും ആഹാരം കൊടുത്ത് പണിയ്ക്കും പഠിക്കാനുമായി വിട്ടശേഷം പെണ്ണുങ്ങൾ ഒത്തുകൂടി ചേപ്പന്റെ വീട്ടിലേയ്ക്കു നടന്നു.
‘ഇന്നിവ്ടേണൊ കുടുംബശ്രീ?’
തന്നെ ഗൗനിക്കാതെ മുറ്റത്തൂടെ പോയ പെണ്ണുങ്ങളെ തിരിഞ്ഞുനോക്കി ചേപ്പൻ ചോദിച്ചു.’
‘നിങ്ങള് സമ്മതിക്കാത്തോണ്ട് ഇന്നുവരെ ഈ വീട്ടിൽ കൂടിയിട്ടില്ലല്ലൊ. പിന്നെന്തിനാ ആളെ കളിയാക്കാൻ അമ്മാതിരി ഒരു ചോദ്യം?’ പെണ്ണുങ്ങളിൽ ആരൊ മറുപടി കൊടുത്തു.
‘ചെലക്കാണ്ട് പൊയ്ക്കോളിയൊക്കെ.’ എന്ന് കേട്ടെങ്കിലും ചേപ്പൻ പറഞ്ഞതിന് എതിര് കൊടുക്കാതെ അവർ പിന്നാമ്പുറത്തേയ്ക്കു നടന്നു. വലിയാനിട്ട പച്ചരി കോരിവാരിക്കൊണ്ടിരുന്ന കുഞ്ഞിപ്പെണ്ണ്, മുറം രേണുകയുടെ കയ്യിൽ കൊടുത്ത് പെണ്ണുങ്ങളുടെ അടുത്തേയ്ക്കുവന്നു... ചേപ്പനൊപ്പം കഴിഞ്ഞുപോന്ന കാലത്തിന്റെ ചവർപ്പുപറ്റിയ കൈകളാൽ അവൾ ചെവി തുടച്ചു.
‘നമ്മക്ക് എല്ലാവർക്കും ഉപകരിക്കുന്ന കാര്യമാണല്ലോ. വേണ്ടതുപോലെ ചെയ്തോളു. ഇതിന്റെ പേരിൽ എന്ത് വന്നാലും ഞാൻ ഏറ്റെടുത്തോളാം.’ ജീവിതത്തിലാദ്യമായി കുഞ്ഞിപ്പെണ്ണ് നിലപാടെടുത്തു.
ആ ഉറപ്പുമായി പെണ്ണുങ്ങൾ തിരിച്ചുപോന്നു. അന്ന് രാത്രി കുഞ്ഞിപ്പെണ്ണ് കണ്ട സ്വപ്നത്തിൽ, ചേപ്പൻ ഒറ്റക്കൊമ്പുള്ള പോത്തായി. പോത്ത് ചോരയൊലിപ്പിച്ച്, വെള്ളരിക്കണ്ടങ്ങളെ ചവിട്ടിമെതിച്ച് പെരുങ്കിണറ് ലക്ഷ്യമാക്കി കുതിച്ചു. വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിപ്പെണ്ണ് വയറ്റിൽ തറച്ച പോത്തിൻകൊമ്പ് വലിച്ചൂരി. വായിലും വയറിലും ചോരനിറഞ്ഞ് പ്രാണൻ കയ്യിൽപിടിച്ച് ഞെട്ടിയുണർന്ന അവൾ നേരം വെളുക്കും വരെ ഉരുവിട്ടിരുന്നു.
വെള്ളരിപ്പാടത്ത് കാവലിനു പോയവർ വരമ്പത്തെ കറുകപ്പുല്ലിൽ വീണ മഞ്ഞുതുള്ളികളിൽ കൈനനച്ച് മുഖംതുടച്ച് അവരവരുടെ വീടുകളിലേയ്ക്കു നടന്നു. വീട്ടിൽ വന്നുകയറിയ ചേപ്പൻ ലുങ്കിയിൽ കെട്ടിക്കൊണ്ടുവന്ന സാമ്പിൾ വെള്ളരികൾ അടുക്കളത്തിണ്ണയിൽ കുടഞ്ഞിട്ടു. അതിൽനിന്ന് സ്വർണ നിറമുള്ള ഒരെണ്ണമെടുത്ത് കുഞ്ഞിപ്പെണ്ണ് തേങ്ങയരച്ച മോരു കൂട്ടാൻ വച്ചു. ഉറക്കപ്പിച്ചിലിരുന്ന ചേപ്പൻ തെറിയൊന്നും ചവച്ചുതുപ്പാതെ ഉണ്ടെണീറ്റുപോയതിനാൽ എച്ചിലായെന്ന് തോന്നാത്ത ഒരു കിണ്ണം അന്നുച്ചയ്ക്ക് കുഞ്ഞിപ്പെണ്ണ് കഴുകിക്കമഴ്ത്തി. നാളത്തെ വെള്ളരിവിളവെടുപ്പിന് നാട്ടിൽ എല്ലാ വീട്ടിലും സദ്യയൊരുക്കമുണ്ട്.
രാത്രി അനീഷും വിനീഷും അത്യാവശ്യ സാധനങ്ങളുമായി എത്തി. അവർ രണ്ടാളും സ്വസ്ഥമായുറങ്ങുന്ന വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. വെളുപ്പാൻകാലത്തെ മയക്കത്തിനിടയിൽ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. പെണ്ണുങ്ങൾ ചാടിയെഴുന്നേറ്റു. അടുക്കളവാതിൽ തുറന്ന് ലഹള കേൾക്കുന്ന ദിക്കിലേക്ക് ഓടി. വടിയൊടിച്ചും ഉന്തിത്തള്ളിയും പെരുങ്കിണറിനു ചുറ്റും വലിയ ബഹളം. ഒരു പുത്തൻ മോട്ടർ മെഷീൻപുരയുടെ തിണ്ണയിൽ മറിഞ്ഞുകിടക്കുന്നു. അതിലേക്കു പിടിപ്പിച്ച പച്ചപൈപ്പ്, നിറയെ വെട്ടുകിട്ടി കണ്ടത്തിൽ കിടക്കുന്നു. മടവാളുമായിനിന്ന് വെല്ലുവിളിക്കുന്ന ചേപ്പനെ ചന്ദ്രൻ പിടിച്ചുവച്ചിരിക്കുന്നു. മൂന്നുനാല് ആണുങ്ങളെ അവരുടെ ഭാര്യമാരും അമ്മമാരും നിലവിളിയ്ക്കൊപ്പം പുറകോട്ട് പിടിച്ചുവലിക്കുന്നുണ്ട്. അതൊന്നും കണ്ടുനിൽക്കാതെ മൂന്ന് പെണ്ണുങ്ങൾ മാത്രം ഉടൻ വീട്ടിലേക്കു മടങ്ങി. പരസ്പരം ഒന്നും മിണ്ടാതെ അരിഞ്ഞും പെറുക്കിയും അവർ ഉച്ചയ്ക്കത്തെ സദ്യയ്ക്കുള്ള വട്ടംകൂട്ടി.
എപ്പഴൊ ലഹള കേൾക്കാതെയായി. അറുത്ത വെള്ളരികളാലുള്ള മഞ്ഞമലകൾ പാടത്തിന്റെ പലയിടങ്ങളിൽ ഉയർന്നു. സാലഡ് വെള്ളരിയുടെ കൂനകൾ കൂടിക്കൂടിവന്നു. എല്ലാം മറന്ന് നാട്ടുകാർ പണിയിൽ തിമിർത്തു. പാടങ്ങളുടെ അങ്ങേയറ്റത്ത് സ്റ്റേജ് കെട്ടിക്കൊണ്ടിരുന്നവർ അത് തീർത്ത് വീടുകളിലേയ്ക്ക് സദ്യയുണ്ണാൻ പോയി. ചേപ്പൻ വൈകിച്ചതിനാൽ കുഞ്ഞിപ്പെണ്ണിനും മരുമക്കൾക്കും വയറ് പൊരിഞ്ഞു.
അയാള് വന്നപ്പോൾ തൂശനിലയിട്ടു. മോട്ടറ് വയ്ക്കാൻ പെണ്ണുങ്ങൾക്ക് അനുവാദം കൊടുത്തത് കുഞ്ഞിപ്പെണ്ണാണെന്ന ബോധ്യത്തിൽ അയാൾ അവളെ രൂക്ഷമായി നോക്കി. കുഞ്ഞിപ്പെണ്ണ് ദഹിച്ചുനിന്നു. മരുമക്കൾ സദ്യവട്ടങ്ങൾ വിളമ്പിക്കൊടുത്തു. അയാൾ വീർത്ത മുഖവുമായി കാത്തിരുന്നു. കുഞ്ഞിപ്പെണ്ണ് ചോറ് നിറച്ച അടുക്കുമായി ചെന്നു. അടുക്ക് മേശയിൽവച്ച് ചോറ് തവിയിൽകോരി ഇലയിലേക്കിടും മുമ്പ് മുഖമടച്ച് അടിപൊട്ടി. എല്ലാ വേദനകളും അടിഞ്ഞുകൂടിയ ചിറയായിരുന്നതിനാൽ പൊട്ടിയൊഴുകാൻ സമ്മതിക്കാതെ പൊത്തി, കലങ്ങിയ കണ്ണുകളോടെ കുഞ്ഞിപ്പെണ്ണ് പിൻവാങ്ങി.
ആ ഞെട്ടലിൽ ഒച്ച പുറത്തുവരാതെ മരുമക്കൾ തരിച്ചുനിന്നു. ചേപ്പൻ ചോറ് സ്വയം വിളമ്പി കറിയൊഴിച്ച് തഴമ്പുകൂട്ടി കുഴച്ചു. മൂന്ന് പെണ്ണുങ്ങളും അടുക്കളവിട്ട് വീടിന്റെ ഏതൊക്കെയൊ മൂലകളിലേക്കു വലിഞ്ഞു. ചേപ്പൻ ഉരുള ഉരുട്ടിയുരുട്ടി വായിലേക്കിട്ടു.
നിറംകെട്ട പകലിനുമേൽ മൂവന്തി മുറുക്കിത്തുപ്പി. ചേപ്പന്റെ വീട്ടിലെ മൂന്ന് പെണ്ണുങ്ങൾ ചുവന്നുനിന്നു. നാടകത്തിനുള്ള ആദ്യ അനൗൺസ്‌മെന്റ് മുഴങ്ങി. മൂന്നാളും വെള്ളരിക്കണ്ടത്തിലേക്കു പോവാനൊരുങ്ങി. കുഞ്ഞിപ്പെണ്ണ്, ഒരു കുഞ്ഞൻ ഡവറയിലേക്ക് കണിവെള്ളരി അരിഞ്ഞിട്ടു. അതിൽ കടുത്ത വിഷമിട്ട് നീലനിറം പടരുംവരേയ്ക്കും ഇളക്കി. രേണുക കുട്ടികളെയൊരുക്കാൻ ഉടുപ്പുകൾ കുടഞ്ഞെടുത്തു. ശാലിനി തന്റെ അളവിനൊത്ത സാലഡ് വെള്ളരി ഒരെണ്ണം കഴുകിയെടുത്ത് മുറിയിൽ കയറി വാതിലടച്ചു. ‘നടന്നോ വരാമെന്ന്’ കേട്ട് കണ്ടത്തിലെത്തിയ രേണുക കടലാസു വിരിച്ച് കുട്ടികൾക്കൊപ്പമിരുന്നു. വേദിയിൽനിന്ന് സിനിമാപാട്ട് ഉച്ചത്തിലായി.
നാടകം തുടങ്ങുന്നെന്ന അനൗൺസ്‌മെന്റ് വന്നു. മറത്തുണി പിടിച്ചവർ വശങ്ങളിലേയ്ക്കു മാറി. വേദിയിൽ ചേപ്പനും കൂട്ടരും...
പുരാണകഥകളിലെ വേഷങ്ങൾ തട്ടിക്കൂട്ടിയണിഞ്ഞ അഭിനേതാക്കൾ കളിതുടങ്ങി. മറ്റുള്ളവർ രസിപ്പിച്ചു പറയുന്നതിനെ കവച്ചുവയ്ക്കുന്ന ഡയലോഗുകളാൽ ചേപ്പൻ പതിവുപോലെ മികച്ചുനിന്നു. മികച്ചവനെ നാടകത്തിലെ രാജാവാക്കുന്ന രംഗമാണ് അടുത്തത്. അതാണ് എല്ലാ വർഷവും അയാളെ ഹരംകൊള്ളിക്കാറുള്ളത്. കാണികൾ ഉറക്കെ ചോദിക്കുന്ന ഇഷ്ടരംഗങ്ങൾ ഓരോന്നായി ചേപ്പനും കൂട്ടരും വേദിയിൽ അവതരിപ്പിക്കാൻ തുടങ്ങി. നരിമൻപൂമല ചരിതവും പെരുഞ്ചിറക്കൂത്തും വെള്ളരിനാടകത്തിൽ പതിവാണ്. ഇടയിൽ, കിളികളെയാട്ടുന്നതിന്റെ പ്രതീകമായ പാട്ടമേൽകൊട്ട് മുറുകി...
‘അമ്മ നടന്നോ ഞാൻ വരാം’ എന്ന് കേട്ട് ചേപ്പന്റെ വീട്ടിൽനിന്നിറങ്ങിയ കുഞ്ഞിപ്പെണ്ണ് ടോർച്ചുമായി പാടത്തേക്കു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ, അടുക്കള വാതിൽ വെറുതെ ചാരിവച്ച് ശാലിനി നിലാവെളിച്ചത്തിലേക്കിറങ്ങി. വേദിയിലും സദസ്സിലുമുള്ളവരുടെ ആവേശത്തിനിടയിലേക്കുവന്ന കുഞ്ഞിപ്പെണ്ണും ശാലിനിയും രണ്ടിടങ്ങളിലായി ഇരുന്നു. വേദിയിൽ കളിയ്ക്കുന്ന ആണുങ്ങളുടെ പെണ്ണുങ്ങളെല്ലാം വിളവൂട്ടിനായി കാത്തിരുന്നു. അവരുടെ കൈകളിലെ പാത്രങ്ങളിൽ പുതുവെള്ളരിയരിഞ്ഞത് വെളുത്ത നിറത്തിൽ കുളിർന്നു കിടപ്പുണ്ട്. പറഞ്ഞുപറഞ്ഞ് പതിവുപോലെ ജയിച്ചുകയറിയത് ചേപ്പനായിരുന്നു.
ചേപ്പരാജാവിനുള്ള വെള്ളരിയൂട്ടിന് അനൗൺസ്‌മെന്റ് വന്നു. ഏറ്റവും പിൻനിരയിലിരുന്ന കുഞ്ഞിപ്പെണ്ണ് വിറയലോടെ ഡവറയിലെ നീലിച്ച വെള്ളരിയുമായി ആളുകൾക്കിടയിലൂടെ വേദി ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന്, സദസ്സിന്റെ മധ്യഭാഗത്തുനിന്ന് വെള്ളരിനിറച്ച കിണ്ണവുമായി എഴുന്നേറ്റ ശാലിനി കുഞ്ഞിപ്പെണ്ണിനെ മറികടന്ന് മുന്നോട്ടുപാഞ്ഞു. കുഞ്ഞിപ്പെണ്ണ് സ്തംഭിച്ചുനിന്നു.
വേദിയിലേക്കു പ്രവേശിച്ച ശാലിനി, കിണ്ണം ചേപ്പനുനേരെ നീട്ടി. അവരോധിക്കലിന്റെയും അധികാരത്തിന്റെയും ഉന്മാദം തീണ്ടിയ ചേപ്പരാജാവ് വെള്ളരിക്കഷ്ണങ്ങൾ വാരിവാരി വായിലിട്ടു. സമൃദ്ധിയുടെ സൂചകമായ, അക്കൊല്ലത്തെ ആദ്യവെള്ളരിയൂട്ട് കണ്ട് നാട്ടുകാർ കയ്യടിച്ചു. ആരവങ്ങൾക്കിടയിൽനിന്ന് ഇരുട്ടിനെ കൂട്ടുപിടിച്ച് കുഞ്ഞിപ്പെണ്ണ് ചേപ്പരാജാവിന്റെ വീട്ടിലേക്കു മടങ്ങി. തന്റെ ആദ്യത്തെയും അവസാനത്തെയും ആസൂത്രണം തകർന്നുപോയതിൽ അവൾ സ്വയം ശപിച്ചു. ഈ രാത്രിയെ മറികടന്നാലും തനിക്ക് പുലരില്ലെന്ന് തോന്നിയതിനാൽ കുഞ്ഞിപ്പെണ്ണ് നീലിച്ച വെള്ളരിക്കഷ്ണങ്ങൾ വാരിവായിലിട്ടു. പണ്ട്, ആദ്യരാത്രിയിൽ കിടന്ന അതേ കട്ടിലിലേക്ക് വസ്ത്രങ്ങൾ അഴിച്ചുവച്ചു. മോക്ഷം പ്രാപിയ്ക്കാൻ വെറും തറയിലേക്ക് അവളെയവൾ പൂർണ്ണനഗ്നയായി കിടത്തി. വായിലൂടൊഴുകിയ ചോരയിൽ കുതിർന്ന പുഞ്ചിരിയോടെ കുഞ്ഞിപ്പെണ്ണ് സ്വസ്ഥമായി എന്നേക്കുമായി ഉറങ്ങി.
നാടകം കനത്തു. ഇടിവെട്ടിപ്പെയ്ത മഴയിൽ ആളുകൾ ചിതറിയോടി. അർധരാത്രിയിൽ യുദ്ധം ജയിച്ച ചേപ്പരാജാവ് ഇരുകൈകൾ ഉയർത്തി പൊട്ടിച്ചിരിച്ചു. അടുത്തനിമിഷം അയാൾ നുരയും പതയും ഒഴുക്കി വേദിയിൽ കുഴഞ്ഞുവീണു. മുന്നിൽ കണ്ടത് ചേപ്പന്റെ മരണമായിരുന്നു എന്ന് തിരിച്ചറിഞ്ഞവർ വേദിയിലേക്ക് ഓടിക്കയറി. ശാലിനി മാത്രം ചിരിയോടെ ഇരുട്ടിനെ വെട്ടിച്ച് ഉടൻ ചേപ്പന്റെ വീട്ടിലേക്കോടി. അന്നേരം ഉച്ചിയിലൂടെ വായുതിരിച്ചുകയറിയ ഒരു തള്ളക്കിണർ, താൻ സ്വർഗത്തിലെത്തിയെന്നു കരുതി കണ്ണുതുറന്നപ്പോൾ ഉറവപ്പൊട്ടി; ശുദ്ധജലം കവിഞ്ഞൊഴുകി.
ഇരുട്ടിൽ ചേപ്പന്റെ വീട്ടിലേക്കോടിയ ശാലിനിയുടെ കാലിലേക്ക് വെള്ളരിക്കണ്ടത്തിലെ പോക്കാച്ചിത്തവള ചാടി. അവളിലേക്ക് ഓർമ കുഴലിച്ചു...
അളവിനൊത്ത സാലഡ് വെള്ളരി ഒരെണ്ണം കഴുകിയെടുത്ത് മുറിയിൽ കയറി വാതിലടച്ചത്, വെള്ളരിക്കണ്ടത്തിലെ പച്ചത്തവളയെ അനുകരിച്ച് അവൾ നിലത്തിരുന്നത്, കൈകുത്തി കാലുകൾ അകത്തിവച്ച് തവളയായി ധ്യാനിച്ചത്, മൺകാലിനിടയിലെ വ്രണത്തിലേക്ക് സാലഡ് വെള്ളരി കയറ്റിയിറക്കിയത്, പകയുടെ കുത്തുകളേറ്റ് അറ്റം പിളർന്ന വെള്ളരി ചെമ്പട്ടുടുത്തത്, ഉടലിൽനിന്ന് വലിച്ചൂരിയെടുത്ത് അതിനെ അരിഞ്ഞെടുത്ത് നിലാവിലേയ്ക്കിറങ്ങിയത്...
അപ്പോഴേക്കും ചേപ്പനിൽനിന്നുയർന്ന ഒരു വെള്ളരിവള്ളി, ആകാശത്ത് ചിരിച്ചുനിന്ന കണക്കറായിയപ്പനിലേക്ക് പടർന്നുകയറി. ആൾക്കൂട്ടത്തെ തഴഞ്ഞുമാറ്റി വേദിയിലേക്ക് ഓടിക്കയറിയ അനീഷ് ചേപ്പന്റെ തലയെടുത്ത് മടിയിൽവച്ചുകൊണ്ട് ഉറക്കെപ്പറഞ്ഞു:
‘അയ്യോ... തൊട്ടുപോവരുതെന്റെയീ വെള്ളരിവള്ളിയിൽ... പെണ്ണുങ്ങളങ്ങട് മാറിനിക്ക്.’
മാറിയ പെണ്ണുങ്ങൾ നരിമൻപൂമല ഇറക്കിവിട്ട സൂര്യനോടൊപ്പം പുലരാനായി കുഞ്ഞിപ്പെണ്ണിന്റെ വീട്ടിലേക്കു നടന്നു.
===============
*വെള്ളരിനാടകം -വെള്ളരിക്കയുടെ വിളവെടുപ്പിനോട് അനുബന്ധിച്ച്, വടക്കൻ കേരളത്തിലെ വെള്ളരിപ്പാടങ്ങളിൽ നടത്തിയിരുന്ന തട്ടിക്കൂട്ടു നാടകമാണ് വെള്ളരിനാടകം. അന്യംനിന്നുപോയ ഒരു കാർഷിക കലാരൂപം.
*മോറ് -മുഖം
*മൂപ്പ് -മുഴുപ്പ്
*അറ്റക്കഴായ -കഴൽ
*കഴൽ -അതിർത്തിയിൽ കെട്ടുന്ന പടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.