ഒരു ഉച്ചമയക്കത്തിനിടയിലാണ് സ്വപ്നംപോലെ എന്തോ മനസ്സില്‍ തെളിയുന്നു. കഴുത്തില്‍ നുകംെവച്ചു ചക്കിനു ചുറ്റും കറങ്ങുന്ന കാള! കാളക്ക് തലകറങ്ങില്ലേ എന്നായി ചിന്ത. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോര്‍ഡ് എവിടെയോ എന്നോ വായിച്ചതൊഴിച്ചാല്‍ ചക്കും കാളയും ഒന്നും കണ്മുന്നില് വന്നിട്ടില്ല. എന്തേ ഇങ്ങനൊരു സ്വപ്നം എന്നാലോചിച്ച് ഒന്നുകൂടി മയങ്ങുമ്പോള്‍ സ്വപ്നത്തിന്റെ രൂപം മാറി. കാലം നിരന്തരം ഇടം മാറ്റിയടിക്കുന്ന ദേശീയതയുടെ പെരുംകുറ്റികള്...
ഒരു ഉച്ചമയക്കത്തിനിടയിലാണ് സ്വപ്നംപോലെ എന്തോ മനസ്സില്‍ തെളിയുന്നു. കഴുത്തില്‍ നുകംെവച്ചു ചക്കിനു ചുറ്റും കറങ്ങുന്ന കാള! കാളക്ക് തലകറങ്ങില്ലേ എന്നായി ചിന്ത. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോര്‍ഡ് എവിടെയോ എന്നോ വായിച്ചതൊഴിച്ചാല്‍ ചക്കും കാളയും ഒന്നും കണ്മുന്നില് വന്നിട്ടില്ല. എന്തേ ഇങ്ങനൊരു സ്വപ്നം എന്നാലോചിച്ച് ഒന്നുകൂടി മയങ്ങുമ്പോള്‍ സ്വപ്നത്തിന്റെ രൂപം മാറി. കാലം നിരന്തരം ഇടം മാറ്റിയടിക്കുന്ന ദേശീയതയുടെ പെരുംകുറ്റികള് ഉയര്‍ന്നുവരുന്നു. വര്ണവര്ഗജ്ഞാന ശാസ്ത്രങ്ങളുടെ മുള്‍പ്പടര്‍പ്പുകളില്‍ കഴുത്തു കുരുങ്ങി മനുഷ്യര്‍ ആ കുറ്റികളില്‍ കറങ്ങുന്നു.
വിചിത്രമായ ഒരു സ്വപ്നം കണ്ടെഴുന്നേറ്റ് ഒരു കട്ടന്‍ തിളപ്പിച്ച് ഊതിക്കുടിച്ചുകൊണ്ട് വരാന്തയിലേക്കു നീങ്ങി. മാവിന്റെയും ചാമ്പയുടെയും കൊമ്പുകള്‍ അച്ചടക്കമില്ലാതെ ആടിയുലയുന്നു. വൈദ്യുതി ബോര്‍ഡിന്റെ കാക്കിയിട്ട ഭടന്മാര് നിർദാക്ഷിണ്യം അവയെ മുറിച്ചിടുകയാണ്. അവരുടെ ഇലവന് കെ.വി ലൈനിന്റെ ആകാശ അതിര്‍ത്തി ആ മരക്കൊമ്പുകള്‍ ലംഘിച്ചതിന്റെ ശിക്ഷയാണ്. അതിര്‍ത്തികള്‍ ലംഘിക്കാന്‍ പാടുള്ളതല്ല. മരങ്ങള്‍ക്ക് അത്രതന്നെ നിയമപരിജ്ഞാനം പോരാ. മുറിച്ചിട്ട കൊമ്പുകള്‍ പൊതുനിരത്തിന്റെയും അതിര്‍ത്തികള്‍ ലംഘിച്ചു കിടന്നു. എന്തുചെയ്യാന്‍. അതും നിയമലംഘനംതന്നെ. കൊമ്പുകളില്‍നിന്നു നൂറുകണക്കിനു പുളിയുറുമ്പുകള്‍ പല ഭാഗത്തേക്കുമായി യുദ്ധസന്നാഹത്തോടെ നീങ്ങുന്നു. അവര്‍ തന്റെ വീട്ടിലേക്കും ശരീരത്തിലേക്കും അതിക്രമിച്ചു കടക്കുകയാണ്.
അവരുടെ അനന്തര തലമുറക്കായുള്ള വീടും കൂടുമാണ് ബോര്‍ഡുകാര്‍ മുറിച്ചിട്ടിരിക്കുന്നത്. ഉറുമ്പുകള്‍ ന്യായമായും പ്രകോപിതര്‍. അവരിലെ സൈന്യാധിപന്മാര് വന്നു കടിച്ചുതുടങ്ങി. ഞൊടിവേഗത്തില്‍ വസ്ത്രങ്ങളുടെ ഉള്ളിലേക്കു കടന്ന് അവര്‍ ആക്രമിച്ചു തുടങ്ങുന്നു. കഴിയുന്നതുപോലെ അവരെയൊക്കെ നേരിട്ട് രക്ഷപ്പെട്ട് അകത്തുകയറി കതകടച്ചു. അവരുടെ ചിന്തയും ന്യായംതന്നെ. ആവാസവ്യവസ്ഥയിലേക്കുള്ള അധിനിവേശമാണ് മനുഷ്യന് ചെയ്തത്. മുമ്പൊരിക്കലും ഇതുണ്ടായിട്ടുണ്ട്. അമ്മ വീട്ടില്‍ ചെന്നതാണ്. പ്ലാവില്‍ ഒരു ചക്ക തൂങ്ങിക്കിടക്കുന്നു. പണിക്കാര് ആരെങ്കിലും വന്നിരുന്നെങ്കില്‍ ആ ചക്ക ഇടാമായിരുന്നെന്ന് അമ്മാമ്മ പറഞ്ഞു. കേട്ടപാടെ പ്ലാവില്‍ കയറി അത് ഇടാം എന്നു തീരുമാനിച്ചു. മരത്തില്‍ കയറി ഏറെ പരിചയമൊന്നുമില്ലെങ്കിലും അതില്‍ കയറി ഒരു വീരസാഹസം കാട്ടാം എന്നതായിരുന്നു ചിന്ത. ആയാസപ്പെട്ടു കയറി ചക്കയുടെ അടുത്തെത്തി.
പുളിയുറുമ്പുകള്‍ ഇളകി. അവര്‍ ഒരു ഔചിത്യവുമില്ലാതെ എല്ലായിടത്തും ആക്രമിച്ചു തുടങ്ങി. കൈയിലും കാലിലും മുഖത്തും കടിച്ചതുവരെ സഹിച്ചു. സൈനികതാവളത്തില്‍ ബോംബിടുംപോലെ കളസത്തിനുള്ളില്‍ ആക്രമണമായി. അതോടെ സകലനിയന്ത്രണങ്ങളുംവിട്ട് താഴേക്കു പതിച്ചു. കാല്പാദത്തിലും മുട്ടിലും കൈവെള്ളയിലും നല്ല പരിക്കുകളേറ്റു. നെഞ്ചിലെ തൊലി പോയി. ലാടഗുരുവില്നിന്നു വൈദ്യം പഠിച്ച കുഞ്ഞേലിച്ചേടത്തിയെന്ന നാട്ടിലെ ചീഫ് ഫിസിഷ്യന്‍ കം സര്‍ജനെ അമ്മാമ്മ ഉടന്‍ വിളിപ്പിച്ചു. അവര്‍ തൈലങ്ങളും മുറിവിനു പുരട്ടുന്ന മരുന്നുകളുമായി വന്നു. ‘‘മാന്റെ എവിടെയൊക്കെ കടിച്ചു’’ എന്ന് അവര്‍ ചോദിക്കുമ്പോള്‍ വീരസാഹസികദൗത്യം പരാജയപ്പെട്ടു വിഷണ്ണനായി നിന്നു. പരാജയത്തില്‍ ആനന്ദം പൂണ്ട ഒരു വെകിടനായ കസിന് കളസത്തിലേക്കു ചൂണ്ടിക്കാട്ടി കുഞ്ഞേലിച്ചേടത്തിയോട് അവന്റെ മിഡില്‍ സ്റ്റമ്പില്വരെ കടികിട്ടി എന്നു പറഞ്ഞുകൈ കൊട്ടി ചിരിച്ചു.
ഇംഗ്ലീഷ് ഭാഷയോ ക്രിക്കറ്റോ അറിയാത്ത കുഞ്ഞേലിച്ചേടത്തിക്കും കാര്യം പിടികിട്ടി. അവര്‍ക്കും ചിരിവന്നു. ചൂടുള്ള കപ്പക്കഷണം വിഴുങ്ങുന്ന ഒരാള്‍ പൊള്ളലേല്ക്കുമ്പോള് കാട്ടുന്ന ചേഷ്ടയോടെ അവര്‍ ആ ചിരി അടക്കുകയോ വിഴുങ്ങുകയോ ചെയ്തു. ഒക്കെ ഓര്‍ത്തുകൊണ്ടാണ് അകത്തിരുന്നത്. ഒന്നുകൂടി മിഡില്‍ സ്റ്റമ്പില്‍ കടിമേടിക്കാന്‍ മാത്രമുള്ള പ്രായമല്ല, പുളിയുറുമ്പുകള്‍ ചെയ്യുന്നത് അത്ര ന്യായമല്ല എന്ന വാദങ്ങള്‍ കണ്ടുപിടിച്ചു. തന്റെ അപ്പൂപ്പന്റെ അപ്പന് വാങ്ങിയ ഭൂമിയാണ്. അവിടെ തന്റെ അപ്പന് നട്ട മരങ്ങളും. അവിടെ കേറിക്കൂടുെവച്ചതും അതിക്രമിച്ചു ജീവിച്ചുതുടങ്ങിയതും അവരാണ്. മറുവാദങ്ങളും ആലോചിച്ചു അമേരിക്കയിലെ റെഡ് ഇന്ത്യന്‍സിന്റെ നേതാവായ ചീഫ് സിയാറ്റില്‍ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്ത് ഓർമ വന്നു.
ഉള്ളടക്കം ലളിതമാണ്. ആശയം ഗംഭീരവും. താന്‍ എങ്ങനാടോ ആരുടേതുമല്ലാത്ത ഈ ഭൂമിയും ആകാശവും വാങ്ങുന്നത്. വാങ്ങിയാല്‍തന്നെ അതു തന്റേതാകുമോ. അതും ശരിയാണ്. അപ്പന്റെ അപ്പൂപ്പന്റെ ഭൂമി അതില്‍ അപ്പന്വെച്ച മരങ്ങള്‍. അതൊക്കെ സ്വന്തമെന്നു കരുതാന്‍ എന്തവകാശം. കാര്യങ്ങളൊക്കെ അങ്ങനെയാണ്. എങ്കിലും സ്വന്തം മുറ്റത്തെ അധിനിവേശക്കാരെ തുരത്താതെ മാർഗമില്ല. ജീവിതവ്യവസ്ഥ അങ്ങനെയാണ്. അതിജീവനം. അത് അവകാശമാണ്. വാദപ്രതിവാദങ്ങള്‍ മനസ്സില്‍ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടു പഠിച്ച ഷേക്സ്പിയര് ക്വട്ടേഷന്‍ ഓര്‍ത്തു. –ദേര്‍ ആര് മോര് തിങ്സ് ഇന്‍ ഹെവന്‍ ആന്‍ഡ് ഓണ്‍ എര്‍ത്ത് ഹൊറേഷ്യോ ദാന്‍ യുവര്‍ ഫിലോസഫി ഹാസ് എവര്‍ ഡ്രെംറ്റ് ഓഫ്– ഭൂമിയിലും സ്വര്‍ഗത്തിലും മനുഷ്യന്റെ തത്ത്വശാസ്ത്രത്തിനു കാണാന്‍ പറ്റാത്തതുപോലെ ഒരുപാടു കാര്യങ്ങളുണ്ടുപോലും.
സന്ധ്യയാകുന്നു. മരക്കൊമ്പുകള്‍ മാറ്റണം. അവയെ വലിച്ചൊരു മൂലക്കു കൂട്ടണം. കത്തിക്കണം. ഇറങ്ങി നോക്കി. പുളിയുറുമ്പുകള്‍ പ്രകോപനപരമായ അധിനിവേശവും യുദ്ധവും തുടരുകയാണ്. മണിക്കൂറുകള്‍കൊണ്ട് തന്റെ ലൗ ബേര്‍ഡ്സിനെ കടിച്ചു കൊന്നിരിക്കുന്നു; പ്രാവിന്കുഞ്ഞുങ്ങളെയും. അവര്‍ സമാധാനപരമായ ഒരു അധിനിവേശത്തിനല്ല കോപ്പുകൂട്ടുന്നത്. അതിജീവനം. അതൊരു വലിയ പ്രശ്നമാണ്. അതവര്‍ക്കു പ്രശ്നമായിരിക്കുന്നതുപോലെ ഇപ്പോള്‍ തനിക്കും പ്രശ്നമാണ്. തന്റെ വളര്‍ത്തു പക്ഷിമൃഗാദികള്‍ക്കു പ്രശ്നമാണ്. അവരെ നേരിടാന്‍ വടിയും വാളും തോക്കും ഒന്നും പോരാ. നിരോധിക്കപ്പെട്ട രാസായുധംതന്നെ രക്ഷ. സങ്കടമാണ്, സ്വന്തം സഹജീവികള്‍ക്കും കുട്ടികള്‍ക്കുമായി പൊരുതുന്നവരാണ് അവര്‍. പക്ഷേ, അതിക്രമം അതിക്രമല്ലേ, അവരെന്തിനാ മിണ്ടാപ്രാണികളെ ഉപദ്രവിച്ചത്. വായിച്ചതില്‍ എവിടെയെങ്കിലും ധര്‍മത്തെ രക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്നാലോചിച്ചു.
വസ്ത്രാക്ഷേപിതയാകുന്ന ദ്രൗപദി ഭീഷ്മരോടു ചോദിച്ചു. ഇതു ശരിയോ, ഇതു ധർമമോ? തെറ്റും നിലനിൽപുമായി ബന്ധപ്പെട്ട സമസ്യകളാണെന്ന തോന്നലില്നിന്നോ ബോധ്യത്തില്നിന്നോ പിതാമഹന് പറഞ്ഞു. നേശേ ബലസ്യേ സുചരേദതി ധർമം. ബലവാന് തീരുമാനിക്കുന്നതുപോലെ ധര്‍മം ചരിക്കുന്നുവെന്ന്. അപ്പോള്‍ കര്‍മങ്ങള്‍ക്കു പിന്നില്‍ ധർമത്തിന്റെ പ്രശ്നങ്ങളുണ്ടോ, ആവോ ആര്‍ക്കറിയാം. ബലമുള്ളവന് ചെയ്യുന്നതെല്ലാം ശരിയെങ്കില്‍ ബലമില്ലാത്തവന് അശരിയാകാം എന്നു ചിന്തിക്കരുതോ. ഉറുമ്പുകള്‍ ചെയ്തതും താന്‍ അവയെ ഭസ്മീകരിച്ചതും എല്ലാം നിലനിൽപിന്റെ പ്രശ്നങ്ങളാണെന്നു സ്വപ്നദൂത്. അതിജീവനത്തിന്റെ യുദ്ധമാണിത്. പഞ്ചഭൂതങ്ങളോടും സകലദൈവങ്ങളോടും ക്ഷമചോദിച്ചുകൊണ്ട് കൊച്ചു പാട്ടയില്‍നിന്ന് പ്രയോഗിക്കാവുന്ന വിഷം ചീറ്റിച്ചു തുടങ്ങി. പുളിയുറുമ്പുകളുടെ ധീരയോദ്ധാക്കള്‍ മരിച്ചുവീഴുന്നു. ധര്‍മയുദ്ധം അവസാനിക്കാറായി. ഏറെ വഴങ്ങാത്ത നടുവു കുനിച്ച് മരക്കൊമ്പുകള്‍ വലിച്ചുകൂട്ടി അവയെ അഗ്നിക്കിരയാക്കിക്കൊണ്ടേയിരുന്നു. പക്ഷികളുടെ മൃതശരീരങ്ങളും സംസ്കരിച്ചു.
രാത്രിയായി. ഉറങ്ങാന്‍ കിടന്നു. അധിനിവേശങ്ങളുടെ ഒടുങ്ങാത്ത തുടര്‍ക്കഥകള്‍. വിദ്വേഷത്തിന്റെ തീഗോളങ്ങളും ആക്രോശങ്ങളുടെ വെടിമുഴക്കവും ഉന്മൂലനത്തിന്റെ വിഷവാതകവും ഒന്നും അടങ്ങുന്നില്ല. എല്ലാം ശമിപ്പിക്കാന്‍ വന്നതൊക്കെ ഇന്ന് ഇന്ധനമാകുന്നതേയുള്ളൂ.
ഇവിടെ പുളിയുറുമ്പാണെങ്കില് അവിടെ മറ്റേതോ ഉറുമ്പായിരുന്നു. കല്‍ക്കട്ടയിലെ സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ നൈറ്റ് ഡസ്കില്‍ ജോലിചെയ്തിറങ്ങി ലോഡ്ജിലേക്കു നടക്കുമ്പോഴാണ് ഒരു കുട്ടിയുടെ ഞരക്കം. ചെറിയ കുറ്റിക്കാട്ടിലെവിടെയോ ആണ്. ജലസേചനത്തിന്റെ പൈപ്പുകളോ മറ്റോ കൂട്ടിയിട്ടിരിക്കുന്ന ഇടത്തുനിന്ന് കാതോര്‍ത്തു. പേടിയായി. രണ്ടു ചുവടുകൂടി മുന്നോട്ടുെവച്ചിട്ട് പോകാനൊരുങ്ങുമ്പോള്‍ വീണ്ടും ഒരു കരച്ചില്. ഏറെയൊന്നും ആലോചിക്കാതെ കൈയിലെ പെന്ടോര്ച്ചുകൊണ്ട് പരതി. ഒരു കൊച്ചുകുട്ടിയാണ്. മണിക്കൂറുകളോ ദിവസങ്ങളോ പ്രായം. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. ഉറുമ്പുകള്‍ ആക്രമിക്കുന്നു. ഒട്ടും ശങ്കിക്കാതെ കുട്ടിയെ കൈയിലെടുത്തു. ഉറുമ്പുകളെയൊക്കെ തൂവാലകൊണ്ടു തൂത്തുമാറ്റി. അതിനെ ചേര്‍ത്തുപിടിച്ച് ഒരു പൈപ്പില്‍ കയറിയിരുന്ന് ഒരു പാടുനേരം ആലോചിച്ചു.
അവിവാഹിതനായ താന്‍ ഈ കുട്ടിയെ എന്തുചെയ്യും. അതും രാത്രിയില്‍. ഒറ്റ ഉത്തരമേ മനസ്സില്‍ വന്നുള്ളൂ. അഗതികളുടെ അമ്മ മദര്‍തെരേസാ. അങ്ങോട്ടുപോകാന്‍ കുറെ ദൂരമുണ്ട്. വെറുതെ കാത്തുനില്ക്കുമ്പോള് ഒരു റിക്ഷാവാലാ വന്നു. അയാളോട് കേണപേക്ഷിച്ചു. ഒടുവില്‍ അയാള്‍ സമ്മതിച്ചു. അമ്മയുടെ ഗേറ്റുവാതില്ക്കലെ മണി ആര്‍ക്കും ഏതു നേരത്തും അടിക്കാം. റിക്ഷാ വാലയും കൂടി. അങ്ങനെ അതു തുറന്ന് ഒരു ബംഗാളി കന്യാസ്ത്രീ വന്നു. തിരിച്ചറിയൽ കാര്‍ഡും കാട്ടി അവരോട് വിവരം പറഞ്ഞു. അവര്‍ കുട്ടിയെ വാങ്ങി. വീണ്ടും അന്വേഷിച്ച് വരരുത് എന്ന നിബന്ധനയോടെ കുട്ടിയെയും വാങ്ങി അകത്തേക്കു നടന്നു.
ലോകത്തിന്റെ രക്ഷാകവാടത്തിന്റെ വാതില്ക്കല് ഞാന്‍ നോക്കി നിന്നു. ഒരു കുട്ടിയെ രക്ഷിച്ച സംതൃപ്തിയോടെ റിക്ഷയില്‍ ലോഡ്ജില്‍ വന്നിറങ്ങി. ആ റിക്ഷാവാലയെയും പിന്നെ കണ്ടിട്ടില്ല. ആ കുട്ടി ആരെന്നു പിന്നെ തിരക്കിയിട്ടുമില്ല. ആ തിരക്കല്തന്നെ ഒരു നിയമലംഘനമാണ്. അതൊക്കെ ഓര്‍ക്കണമോ മറക്കണോ എന്ന് എപ്പോഴും സ്വയം ചോദിക്കുമായിരുന്നു. ഇരുപതു വര്‍ഷത്തിനുശേഷം ആനന്ദത്തിന്റെ ആ നഗരത്തില്‍നിന്ന് നാട്ടിലേക്കു മടങ്ങുമ്പോള്‍ ഓര്‍ത്തതും അതുതന്നെ. അവള് ആരായിക്കാണുമോ.
അന്നും ഉറുമ്പുകള്‍ക്കെതിരെ യുദ്ധമായിരുന്നു. തന്റെ ദേഹമാസകലം ഉറുമ്പു കടിക്കുന്നുണ്ടായിരുന്നു അവളെ രക്ഷിക്കുമ്പോള്‍. ഒരുപാട് നന്മയുണ്ടായിട്ടല്ല. ജീവിതത്തില്‍ ചില നിമിഷങ്ങള്‍ നമ്മളെ നന്മയിലേക്കു തള്ളിവിടും. ഇന്നും അതിന്റെ ഒരോർമക്കുറിപ്പുപോലെയാണ്. ഈ തുടര്‍യുദ്ധം ജീവിതമെന്ന യുദ്ധം അവസാനിക്കുമ്പോഴേക്കും എവിടെയെല്ലാം എന്തെല്ലാം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തേണ്ടിവരുമോ ആവോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.