ചി​ത്രീ​ക​ര​ണം: സ​തീ​ഷ് ച​ളി​പ്പാ​ടം

സാ​യാ​ഹ്ന​ത്തി​ലെ നി​റ​ങ്ങ​ള്‍

അ​ങ്ങ​നെ അ​ത് ക​ഴി​ഞ്ഞെ​ടാ! അ​ങ്ങേ​ര് പോ​യി.

രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് പ്ര​സീ​ത​യു​ടെ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം വ​ന്ന​ത്. ഈ ​നേ​ര​ത്ത് തി​രി​കെ വി​ളി​ക്ക​ണോ -ഒ​ന്നും സം​ശ​യി​ച്ചു പ​രു​ങ്ങി. ഷാ​ജു​വി​നെ വി​ളി​ച്ചു​നോ​ക്കാം. ഒ​റ്റ​ത്ത​വ​ണ അ​വി​ടെ റി​ങ് ചെ​യ്ത​തും ഞാ​ന്‍ ഫോ​ണ്‍ ക​ട്ട്ചെ​യ്ത് ജാ​ഗ്ര​ത​പ്പെ​ട്ടു നി​ന്നു. ഭാ​ഗ്യം! ഷാ​ജു തി​രി​ച്ചു​വി​ളി​ക്കു​ന്നു​ണ്ട്. ആ​ദ്യ റി​ങ്ങി​ല്‍ത​ന്നെ ഫോ​ണെ​ടു​ത്തു.

എ​ടാ പ്ര​സീ​ദ​യു​ടെ... ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി​യ​തേ ഉ​ള്ളൂ.

ആ! ​നീ അ​റി​ഞ്ഞാ​യി​രു​ന്നോ. വൈ​കു​ന്നേ​രം മ​രി​ച്ച​താ​ണ്. രാ​വി​ലെ ന​മ്മു​ടെ ഫ്ര​ൻ​ഡ്സ് ഗ്രൂ​പ്പി​ല്‍ ഇ​ട്ടാ​ല്‍ മ​തി, ഇ​ന്ന് ഇ​നി ആ​രെ​യും അ​റി​യി​ക്ക​ണ്ടാ എ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞി​രു​ന്നു. അ​താ ഞാ​ന്‍ അ​റി​യി​ക്കാ​തി​രു​ന്ന​ത്.

ഭ​ര്‍ത്താ​വ് മ​രി​ച്ച വി​വ​ര​മാ​ണ് പ്ര​സീ​ദ എ​ന്നെ അ​റി​യി​ച്ച​ത്. തി​രി​കെ വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​ത്ത​ന്നെ​യാ​വും പാ​തി​രാ​ത്രി​യാ​കാ​ന്‍ കാ​ത്തി​രു​ന്ന് മെ​സേ​ജ് ചെ​യ്ത​ത്. ഉ​ച്ച​ക്കു​മു​മ്പേ ആ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​താ​ണ്. ഇ​ത്ത​വ​ണ സം​ഭ​വം സീ​രി​യ​സാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ സ​ഹാ​യ​ത്തി​ന് വി​ളി​ച്ച​താ​ണ് ഷാ​ജു​വി​നെ. അ​വ​ന്‍ കോ​ട്ട​യ​ത്തു​ത​ന്നെ ഉ​ള്ള​തു​കൊ​ണ്ട് ഒ​രു​വി​ധം കാ​ര്യ​ങ്ങ​ള്‍ക്കൊ​ക്കെ അ​വ​നാ​ണ് പ്ര​സീ​ദ​യു​ടെ ആ​ശ്ര​യം.

ഭാ​ര​ത് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ച്ചേ​ക്കു​വാ​ടാ ബോ​ഡി. അ​ങ്ങേ​രു​ടെ ഒ​രു പെ​ങ്ങ​ള് ഓ​സ്ട്രേ​ലി​യേ​ന്ന് വ​രാ​നൊ​ണ്ട്. അ​തു ക​ഴി​ഞ്ഞേ അ​ട​ക്കു​വൊ​ള്ള്. വെ​ള്ളി​യാ​ഴ്ച​യാ​വും. അ​തി​നെ​ടേ​ല് നീ ​സൗ​ക​ര്യം​പോ​ലെ ഒ​ന്ന് വാ. ​ന​മു​ക്ക് അ​വ​ളെ​യൊ​ന്ന് പോ​യി കാ​ണാം.

ഷാ​ജു പ​രി​പാ​ടി​യു​ടെ ഡീ​റ്റെ​യി​ല്‍ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ട് പ​റ​ഞ്ഞു.

ഷാ​ജു​വും ഞാ​നും വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ അ​വ​ളു​ടെ അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​സീ​ദ​യു​ടെ ര​ണ്ടു പെ​ണ്‍മ​ക്ക​ളും സെ​റ്റി​യി​ല്‍ ചാ​ഞ്ഞു​കി​ട​ന്ന് മൊ​ബൈ​ല്‍ഫോ​ണ്‍ നോ​ക്കു​ന്നു. ബു​ദ്ധി​യു​റ​യ്ക്കാ​ത്ത അ​വ​ളു​ടെ അ​നി​യ​ന്‍ ഉ​ണ്ണി​ക്കു​ഞ്ഞ് ഒ​രു പ്ലേ​റ്റി​ല്‍ ബ്രെ​ഡും പ​ഴ​വും ഓം​ലെ​റ്റും എ​ല്ലാം വെ​ച്ച് ര​സി​ച്ചു ക​ഴി​ക്കു​ക​യാ​ണ്. അ​വ​ള്‍ ക​ണ്ണു​കൊ​ണ്ട് ഞ​ങ്ങ​ളെ വ​ര​വേ​റ്റു. എ​നി​ക്ക് അ​വ​ളു​ടെ കൈ​ക​ളി​ല്‍ ഒ​ന്നു തൊ​ട​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ള്‍ പ​ക്ഷേ, കൈ ​നീ​ട്ടി​ത്ത​ന്നി​ല്ല.

അ​പ്പേ, ഇ​ത് ഷാ​ജു, പോ​ലീ​സി​ലെ...

ആ! ​അ​പ്പാ വീ​ല്‍ച്ചെ​യ​റി​ലി​രു​ന്നും ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു.

ഇ​ത് ടോം.

​അ​ത്ര​മാ​ത്ര​മേ അ​വ​ള്‍ എ​ന്നെ അ​പ്പാ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ളൂ. മു​പ്പ​താ​ണ്ടു​ക​ള്‍ക്കു​മു​മ്പ് അ​പ്പാ​ക്ക് എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ന​ന്നാ​യി​ത്ത​ന്നെ. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പി.​ജി ലാ​ബി​ല്‍നി​ന്ന് വൈ​കി​യി​റ​ങ്ങു​ന്ന പ​ല ദി​വ​സ​ങ്ങ​ളി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ബ​സി​റ​ങ്ങി പു​ഴ​യി​റ​മ്പി​ലൂ​ടെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഞാ​ന്‍ ഒ​പ്പം പോ​യി​ട്ടു​ണ്ട്. വൈ​കി​യെ​ത്തു​ന്ന മ​ക​ളെ കാ​ത്ത് അ​മ്മ​യു​ടെ ആ​ധി​യോ​ടെ അ​പ്പാ ഗേ​റ്റി​ല്‍ പി​ടി​ച്ചു​നി​ൽ​പു​ണ്ടാ​വും.

ആ​ധി​പി​ടി​ക്കാ​ന്‍ അ​വ​ള്‍ക്ക് അ​മ്മ​യി​ല്ല​ല്ലോ, അ​തു​കൊ​ണ്ട് അ​തു​കൂ​ടി ഞാ​നി​ങ്ങ് ഏ​റ്റെ​ടു​ത്തു. ചി​രി​ച്ചു​കൊ​ണ്ട് അ​പ്പാ ഏ​താ​ണ്ടെ​ല്ലാ ദി​വ​സ​വും അ​തു പ​റ​യു​മാ​യി​രു​ന്നു.

കോ​ട്ട​യ​ത്തു​നി​ന്ന് അ​ഞ്ച​ര​ക്കു മു​മ്പ് വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തും അ​പ്പാ. പി​ന്നെ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്. വാ​ഴ​ക്കാ​യ​യാ​ണ് ഞ​ങ്ങ​ളു​ടെ ദേ​ശീ​യ ഭ​ക്ഷ​ണം എ​ന്ന് പ്ര​സി പ​റ​യു​മാ​യി​രു​ന്നു. കു​ല​പ​ര​മ്പ​ര​യാ​യി തു​ട​രു​ന്ന വാ​ഴ​ക്കൂ​ട്ട​ങ്ങ​ളു​ണ്ട് പു​ഴ​യോ​ര​ത്തെ അ​വ​രു​ടെ വി​ശാ​ല​മാ​യ പ​റ​മ്പി​ല്‍. വാ​ഴ​ക്കാ​യ, വാ​ഴ​ക്കൂ​മ്പ്, വാ​ഴ​പ്പി​ണ്ടി ഒ​ന്നൊ​ന്നാ​യി വാ​ഴ​വി​ഭ​വ​ങ്ങ​ള്‍. പോ​രാ​ഞ്ഞി​ട്ട് എ​ന്നും ചെ​റു​പ​ഴ​ങ്ങ​ളും.

പാ​ച​കം ഇ​ഷ്ട​മാ​ണെ​ന്ന് അ​പ്പാ പ​റ​യു​മാ​യി​രു​ന്നു. അ​ത് ആ​ന്‍റി​ഫി​ലോ​സ​ഫി​ക് ആ​ണെ​ന്ന് വി​ശ​ദീ​ക​ര​ണ​വും. ക​ര്‍മ​ത്തി​നു മാ​ത്ര​മ​ല്ല ഫ​ല​ത്തി​നും ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ആ​ന്‍റി​ഫി​ലോ​സ​ഫി​യാ​ണ് പാ​ച​കം. അ​താ​ണ് അ​പ്പാ​യു​ടെ ഫി​ലോ​സ​ഫി​ക്കാ​യ പാ​ച​ക വാ​ച​കം.

ഞ​ങ്ങ​ള്‍ വൈ​കി​യെ​ത്തു​ന്ന ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ​തി​വ് ​ക്വോ​ട്ട ആ​യ ര​ണ്ടു റം ​അ​പ്പാ അ​ക​ത്താ​ക്കി​യി​ട്ടു​ണ്ടാ​വും. അ​ങ്ങ​നെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ള്‍ ആ​കെ ര​സി​ക​നാ​ണ്. പാ​ട്ടു​ക​ള്‍ അ​ല​റി​പ്പാ​ടും. തോ​ര്‍ത്ത് ത​ല​യി​ല്‍ ചു​റ്റി​ക്കെ​ട്ടി പാ​ച​ക​പ്പാ​ത്ര​ങ്ങ​ള്‍ മൂ​ടോ​ടെ പൊ​ക്കി​യെ​ടു​ത്ത് മേ​ശ​പ്പു​റ​ത്തെ​ത്തി​ച്ച് ഞ​ങ്ങ​ള്‍ മൂ​ന്നു​പേ​ര്‍ക്കും വി​ള​മ്പും. ഞാ​ന്‍ അ​വി​ട​ന്ന് മൂ​ക്കു​മു​ട്ടെ ശാ​പ്പാ​ട​ടി​ച്ച് രാ​ത്രി​ബ​സ് പി​ടി​ക്കാ​ന്‍ വേ​ഗം തി​രി​ക്കും.

രാ​ത്രി​യി​ലും പു​ഴ​യോ​ര​വ​ഴി​യി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രൊ​ഴു​ക്കു​ണ്ടാ​വും. രാ​പ്പ​ക​ലു​ക​ളി​ല്‍ ഒ​രു ഭേ​ദ​വു​മി​ല്ലാ​തെ ഒ​രേ മ​ട്ടി​ല്‍ ഒ​ഴു​കു​ന്ന​പു​ഴ. പ​ക​ലൊ​ഴു​ക്കി​നി​ടെ പു​ഴ​യി​ല്‍ ഊ​റി​യ​ടി​യു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ നേ​ര്‍ത്ത കി​ര​ണ​ങ്ങ​ള്‍ സാ​യാ​ഹ്ന​ങ്ങ​ളെ പ്ര​ഭാ​മോ​ഹ​ന​മാ​ക്കു​ന്നു. ഇ​രു​ളാ​ണ്ട നി​ശ്ശ​ബ്ദ​ത​യി​ല്‍ പു​ഴ​യാ​കെ ക​റു​ത്തി​രു​ണ്ടു പ​തു​ങ്ങി കി​ട​ക്കു​മ്പോ​ളും അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന വ​ഴി​യി​ലേ​ക്ക് അ​ത് വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ക്കു​ന്നു. എ​വി​ടെ നി​ന്നൊ​ക്കെ​യോ നൂ​ണ്ടു​നൂ​ണ്ടെ​ത്തു​ന്ന നേ​ര്‍ത്ത പ്ര​കാ​ശ​ത്ത​രി​ക​ള്‍ ഏ​തി​രു​ളി​ലും പൊ​ന്തി​പ്പ​റ​ന്നു​വ​രും. പു​ഴ കൃ​ത്യ​മാ​യ ഒ​രു ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ങ്ങ​നെ നീ​ങ്ങു​ന്ന​തു​കൊ​ണ്ടാ​ണ് അ​തി​നി​ങ്ങ​നെ

അ​ല​സ​ശാ​ന്ത​മാ​യി ഒ​ഴു​കാ​ന്‍ ക​ഴി​യു​ന്ന​ത്. വ​ഴി​ക​ള്‍ അ​ങ്ങ​നെ​യ​ല്ല. വ​ഴി​ക​ള്‍ക്ക് ല​ക്ഷ്യ​മേ​തു​മി​ല്ല​ല്ലോ. അ​വ ന​മ്മെ എ​ങ്ങോ​ട്ടാ​ണെ​ത്തി​ക്കു​ക എ​ന്ന് പ​റ​യാ​നേ ക​ഴി​യി​ല്ല! അ​തു​കൊ​ണ്ടാ​ണ് അ​തി​ങ്ങ​നെ വെ​ന്തു​മ​ല​ര്‍ന്ന് ക​ന​പ്പെ​ട്ട് സ്ത​ബ്ധ​മാ​യി കി​ട​ക്കു​ന്ന​ത്.

അ​വ​ള്‍ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​ക​മ്പ​ടി പോ​യി വെ​ളി​ച്ചം വ​റ്റും​മു​മ്പേ അ​വി​ടെ​യെ​ത്താ​റു​ള്ള ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സി പു​ഴ​യോ​ര​ത്ത് ബ​സ് സ്റ്റോ​പ്പ് വ​രെ തി​രി​കെ എ​നി​ക്കൊ​പ്പം വ​രു​മാ​യി​രു​ന്നു. അ​പ്പോ​ളൊ​ക്കെ ഒ​രു പു​ഴ എ​ന്നി​ലൂ​ടെ ക​യ​റി​യൊ​ഴു​കും. ഒ​രു ക​ള​ക​ളം. നി​താ​ന്ത​മാ​യ ഒ​രു ശാ​ന്ത​ത. ജ​ല​ഭ​രി​ത​മാ​യൊ​രു ശീ​തം. ഇ​ട​മു​റി​യാ​ത്ത ഒ​രൊ​ഴു​ക്ക് എ​ന്നി​ല്‍ നി​റ​യും. അ​വ​ളാ​ക​ട്ടെ, ആ ​പു​ഴ​യെ തൊ​ടാ​തെ ഓ​ര​ത്തോ​ടു​ചേ​ര്‍ന്ന് സു​ര​ക്ഷി​ത​മാ​യൊ​ര​ക​ല​ത്തി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ച്ച് നി​ര്‍മ​മ സ​മാ​ന്ത​ര​മാ​യി അ​ങ്ങ​നെ സ്ത​ബ്ധ​മാ​യി​ട്ടാ​വും അ​മ്മ​യി​ല്ലാ​ത്ത കു​ട്ടി​യു​ടെ നി​താ​ന്ത വേ​ദ​ന​ക​ളി​ലേ​ക്ക്, ബു​ദ്ധി​യു​റ​യ്ക്കാ​ത്ത ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലേ​ക്ക്, ഒ​രി​ക്ക​ലും ജീ​വി​താ​ന​ന്ദ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ ക​ഴി​യാ​തെ ഉ​ഴ​ലു​ന്ന അ​പ്പാ​യു​ടെ ആ​ഴ​ങ്ങ​ളി​ലെ വ​ലി​യ ഘ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ക്കെ വ്യ​സ​ന​പ്പെ​ടു​ക​മാ​ത്രം ചെ​യ്തു അ​വ​ള്‍.

യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ എം.​എ​സ് സി ​ര​ണ്ടാം വ​ര്‍ഷം പ​ഠി​ക്കു​മ്പോ​ളാ​യി​രു​ന്നു. കൊ​ല്ലം 33 ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നി​ത്യേ​ന​യു​ള്ള ലാ​ബ് സെ​ഷ​നു​ക​ളി​ലെ ചെ​ടി​പ്പി​ക്കു​ന്ന ആ​സി​ഡ് മ​ണ​ങ്ങ​ളി​ല്‍ നി​ന്നി​റ​ങ്ങി ഷാ​ജു​വും പ്ര​സി​യും ഞാ​നും തോ​മ​സു ചേ​ട്ട​ന്‍റെ പീ​ടി​ക​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത് ചാ​യ കു​ടി​ച്ചാ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ ഏ​തോ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ ഒ​രു മ​ല​യാ​ളി​യു​ടെ ഒ​രു ബ​ജ​റ്റ് പ്ര​സം​ഗ​മാ​ണ് അ​ന്ന് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ല്‍. കോ​മേ​ഴ്സു​കാ​രും സ്റ്റാ​റ്റി​സ്റ്റി​ക്സു​കാ​രും ബി​സി​ന​സ് സ്റ്റ​ഡീ​സു​കാ​രു​മൊ​ക്കെ തി​ങ്ങി​ക്കൂ​ടി​യ ഹാ​ള്‍.

ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഒ​രു സ​ര്‍ക്കാ​ര്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍വേ​ണ്ടി ആ​ദ്യം മു​ട​ക്കു​ന്ന മു​ത​ലി​നെ ജ​ന​ത​യു​ടെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണ് വേ​ണ്ട​ത് എ​ന്നോ മ​റ്റോ ഉ​ള്ള ഒ​രാ​ശ​യ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​സ്തി​യു​ണ്ടാ​ക്കാ​നു​ള്ള ചെ​ല​വ് ക​ണ​ക്കാ​ക്കാ​തെ അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ലാ​ഭം മാ​ത്രം നോ​ക്കി​യാ​ണ് അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ട​ത് എ​ന്നോ മ​റ്റോ. ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്റ്റേ​റ്റ് ട്രാ​ന്‍സ്പോ​ര്‍ട്ട് കോ​ർ​പ​റേ​ഷ​ന്‍ ഡി​പ്പോ​ക​ളു​ണ്ടാ​ക്കാ​നും ബ​സു വാ​ങ്ങാ​നും ഒ​ക്കെ ചെ​ല​വാ​ക്കു​ന്ന പ​ണം സ്റ്റേ​റ്റി​ന്‍റെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്ക​ണം. ബ​സ് ഓ​ടി​ക്കാ​ന്‍ വേ​ണ്ട ചെ​ല​വ് ടി​ക്ക​റ്റ് ചാ​ര്‍ജി​ലൂ​ടെ​യും മ​റ്റും കി​ട്ടു​മെ​ങ്കി​ല്‍ ബ​സി​നെ ലാ​ഭ​ക​ര​മാ​യി ക​ണ​ക്കാ​ക്ക​ണം -അ​ങ്ങ​നെ​യെ​ന്തോ

ഉ​ള്ള ഒ​രാ​ശ​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ല ചോ​ദ്യ​ങ്ങ​ള്‍കൊ​ണ്ട് ധ​ന​ശാ​സ്ത്ര​ജ്ഞ​നോ​ട് ഏ​റ്റു​മു​ട്ടി​ക്ക​ള​ഞ്ഞു പ്ര​സീ​ദ. ജ​ന്മം​കൊ​ണ്ട് ന​മു​ക്കു കി​ട്ടു​ന്ന ആ​സ്തി​ബാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ന്ന​ന്ന​ത്തെ ജീ​വി​തം​കൊ​ണ്ട്

എ​ങ്ങ​നെ​യാ​ണ് ജീ​വി​ത​വി​ജ​യം സാ​ധി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ​യാ​ണ് പ്ര​സി അ​ദ്ദേ​ഹ​ത്തോ​ട് ഊ​റ്റ​ത്തോ​ടെ ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ധ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ന്‍ ശാ​ന്ത​മാ​യി ചി​രി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ള്‍ക്കു മ​റു​പ​ടി കൊ​ടു​ത്ത​ത്. ഓ​രോ മ​നു​ഷ്യ​നും ഒ​റ്റ​യാ​ണെ​ന്നും ബു​ദ്ധ​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ഓ​രോ നി​മി​ഷ​ത്തി​ലും അ​ത​തു നി​മി​ഷ​ത്തി​ലെ ജീ​വി​തം ജീ​വി​ക്കു​മ്പോ​ള്‍ ആ​ന​ന്ദം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും ഒ​ക്കെ. അ​പ്പോ​ള്‍ സ​ദ​സ്സി​ല്‍ ​െമെ​ക്കും പി​ടി​ച്ചു​കൊ​ണ്ടു നി​ന്ന് പ്ര​സി​യും ചി​രി​ച്ചു.

സാ​റ് ഇ​ക്ക​ണോ​മി​ക്സ് അ​ല്ല​ല്ലോ ഫി​ലോ​സ​ഫി അ​ല്ലേ പ​റ​യു​ന്ന​ത്. ഫി​ലോ​സ​ഫി​കൊ​ണ്ട് വ​യ​റു​നി​റ​യി​ല്ല​ല്ലോ സാ​റേ എ​ന്ന്.

പ്ര​സീ​ദ കെ​മി​സ്ട്രി ലാ​ബ് ക​ട്ട്ചെ​യ്ത് ഇ​ക്ക​ണോ​മി​ക്സ് കേ​ള്‍ക്കാ​ന്‍ വ​ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ ​പ്ര​ഫ​സ​ര്‍ വ​ലി​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ല്‍, അ​വ​ള്‍ ദേ​ഷ്യ​പ്പെ​ട്ടും സ​ങ്ക​ട​പ്പെ​ട്ടു​മാ​ണ് അ​ന്ന് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ​ത്.

പ്ര​സീ​ദ​ക്കൊ​പ്പം അ​ന്നും ഞാ​ന്‍ വീ​ട്ടി​ലേ​ക്കു കൂ​ട്ടു​പോ​യി. അ​ന്നു ഞ​ങ്ങ​ള്‍ അ​യ്മ​ന​ത്ത് ചെ​ന്നാ​ണ് ബ​സി​റ​ങ്ങി​യ​ത്. പി​ന്നെ പു​ഴ​യോ​ര​ത്തു​കൂ​ടി തി​രി​കെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്കു ന​ട​ന്നു.

ചി​ല പ്രോ​ജ​ക്ടു​ക​ള്‍ക്കു​മാ​ത്രം ഒ​രി​ക്ക​ലും തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ വ​ന്നു​കൂ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​യാ​ളോ​ട് ചോ​ദി​ക്കാ​മാ​യി​രു​ന്നു അ​ല്ലേ​ടാ? എ​ന്‍റെ ജീ​വി​തം​പോ​ലെ, തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ ആ​സ്തി​ക​ളാ​യി കൂ​ടു​ന്ന പ്രോ​ജ​ക്ടു​ക​ള്‍!

ഇ​വ​ളി​പ്പോ​ള്‍ ക​ര​യു​മോ -എ​നി​ക്കു പേ​ടി തോ​ന്നി.

പ​ക്ഷേ, പ്ര​സീ​ദ ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്കാ​ണെ​ങ്കി​ല്‍ എ​ന്‍റെ ഉ​ള്ളാ​ഴ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​സ​ന​ത്തി​ന്‍റെ ഒ​രു പു​ക​മ​ഞ്ഞ് പ​ര​ന്നു​നി​റ​യു​ക​യാ​യി​രു​ന്നു.

പ​തി​വി​ല്ലാ​തെ ഞ​ങ്ങ​ള്‍ നേ​ര​ത്തേ എ​ത്തി​യ​തു​കൊ​ണ്ട് അ​ന്ന് അ​പ്പാ ഒ​ന്നു​മു​ണ്ടാ​ക്കി​യി​രു​ന്നി​ല്ല.

അ​പ്പേ, ഇ​വ​ന് ത​ട്ടു​ക​ടേ​ന്ന് വ​ല്ലോം ക​ഴി​ക്കാ​നൊ​ള്ള പൈ​സ കൊ​ടു​ക്ക​ണം കേ​ട്ടോ. പാ​വം ശാ​പ്പാ​ട​ടി​ക്കാ​ന്നോ​ര്‍ത്ത് വ​ന്ന​താ. അ​വ​ള്‍ ചി​രി​ച്ചു. അ​ന്ന് അ​വ​ള്‍ എ​നി​ക്കൊ​പ്പം ബ​സ് സ്റ്റോ​പ്പി​ലേ​ക്കു വ​ന്നി​ല്ല.

ഠ​ഠ​ഠ

പ്ര​സീ​ദ​യു​ടെ പു​തി​യ വീ​ട്ടി​ല്‍ ഒ​രു മ​ര​ണ​വീ​ടി​ന്‍റെ ഉ​ള്‍ക്ക​നം പി​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നു വെ​ക്കു​മ്പോ​ളേ വീ​ട് മ​ര​ണ​വീ​ടാ​യി മാ​റു​ക​യു​ള്ളൂ. മൃ​ത​ദേ​ഹം ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​മോ​ര്‍ച്ച​റി​യി​ല്‍ കൊ​ണ്ടു​വെ​ച്ചി​രി​ക്കു​ന്ന മ​ര​ണ​വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ കു​ഴ​ങ്ങി​പ്പോ​കും. അ​ത്ത​രം വീ​ടു​ക​ള്‍ ച​ര​മോ​പ​ചാ​ര​ത്തി​ന്‍റെ നേ​ര്‍ത്ത വി​ഷാ​ദം മാ​ത്ര​മേ അ​ന്ത​രീ​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വു​ക​യു​ള്ളൂ. സ​ന്ദ​ര്‍ശ​ക​രാ​ക​ട്ടെ മ​ര​ണ​വീ​ടി​ന്‍റെ ക​നം ന​ടി​ച്ചാ​വും എ​ത്തു​ക. വി​ഷാ​ദ​നാ​ട്യം വേ​ഗം വെ​ളി​പ്പെ​ട്ട് അ​വ​ര്‍ ഒ​രു​ത​രം നാ​ണം​കെ​ട്ട നി​ല​യി​ലാ​യി​പ്പോ​കും.

മ​ര​ണം ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യാ​ണ്. നി​ശ്ശ​ബ്ദ​ത​യു​ടെ ഇ​രു​ള്‍ഗു​ഹ! ത​മോ​ഗ​ര്‍ത്തം! ആ ​മ​ര​വി​പ്പി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ്യാ​മോ​ഹം​കൊ​ണ്ടാ​ണ് മ​ര​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ അ​ല​റി​ക്ക​ര​യു​ന്ന​ത്. അ​തി​നൊ​പ്പ​മാ​യി​പ്പോ​കു​ന്ന​വ​രാ​ണ് ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യി​ല്‍ വി​ങ്ങി​നി​റ​യു​ന്ന​ത്. ഷാ​ജു​വും ഞാ​നും നി​ശ്ശ​ബ്ദ​ത അ​ഭി​ന​യി​ക്കാ​ന്‍ ജാ​ഗ്ര​ത​പ്പെ​ട്ടു. പ്ര​സീ​ദ ഒ​തു​ക്കി​പ്പി​ടി​ച്ച വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍കൊ​ണ്ടും ച​ല​ന​ങ്ങ​ള്‍കൊ​ണ്ടും നി​ശ്ശ​ബ്ദ​ത​യെ മ​റി​ക​ട​ക്കാ​നാ​ണ് വ്യ​ഗ്ര​ത​പ്പെ​ട്ട​ത്.

അ​വ​ളു​ടെ മ​ക്ക​ളെ​ക്കു​റി​ച്ച്, ഭ​ര്‍ത്താ​വി​ന്‍റെ വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് ഒ​ക്കെ ചോ​ദി​ക്കാ​ന്‍ ഞാ​ന്‍ വെ​മ്പി. എ​ന്നാ​ല്‍, മൗ​ന​ത്തി​ന്‍റെ ഇ​രു​ള്‍ഗു​ഹ എ​ന്‍റെ​യാ ചോ​ദ്യ​ങ്ങ​ളെ വി​ഴു​ങ്ങി​ക്ക​ള​ഞ്ഞു. ഉ​ള്ളി​ല്‍ എ​ത്ര​ത​ന്നെ ശ​ക്തി​യോ​ടെ നു​ര​ഞ്ഞു​വ​ന്നാ​ലും അ​തി​നെ പ്ര​കാ​ശി​പ്പി​ക്കാ​ന്‍ എ​നി​ക്കു പ​ല​പ്പോ​ളും ക​ഴി​യാ​റി​ല്ല. പു​റ​ത്തേ​ക്കു വ​രാ​നു​ള്ള വെ​മ്പ​ല്‍ എ​ത്ര തീ​വ്ര​മാ​യാ​ലും അ​തി​നെ​യൊ​ക്കെ അ​ട​ക്കി​നി​ര്‍ത്താ​ന്‍ എ​നി​ക്ക് ക​ഴി​യും. സാ​ന്ദ്ര​മാ​യൊ​രു പു​ക​മ​ഞ്ഞു​പോ​ലെ നെ​ഞ്ചി​ന​ടി​യി​ലെ ഏ​തോ നി​ഗൂ​ഢ​മാ​യ ഉ​ള്ള​വ​യ​വ​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ഭ​യ​സ​ങ്കോ​ച​ങ്ങ​ള്‍ എ​ല്ലാ വെ​മ്പ​ലു​ക​ളെ​യും അ​നാ​യാ​സം അ​ട​ക്കി​ക്ക​ള​യും.

ഈ ​വ​രു​ന്ന മാ​ര്‍ച്ചി​ല്‍ വ​യ​സ്സ് 55 പി​ന്നി​ടും എ​നി​ക്ക്. ഷാ​ജു​വും പ്ര​സീ​ദ​യും ഞാ​നു​മൊ​ക്കെ ഇ​ക്കൊ​ല്ലം 55 താ​ണ്ടും. എ​നി​ക്ക് അ​ക​ത്തെ ഒ​രു​മാ​തി​രി അ​വ​യ​വ​ങ്ങ​ളൊ​ക്കെ ച​ളു​ങ്ങി​യ മ​ട്ടാ​ണ്. പ​ക്ഷേ, ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ പു​ക​മ​ഞ്ഞ് പ​ര​ത്തു​ന്ന ആ ​ഉ​ള്ള​വ​യ​വ​ത്തി​ന് കേ​ടു​പാ​ടൊ​ന്നു​മി​ല്ല. പ​ഴ​യ​തു​പോ​ലെ ഇ​പ്പോ​ളും ഉ​ള്ളി​ലു​യ​രു​ന്നു​ണ്ട് ആ ​പു​ക​മ​ഞ്ഞ്. ഒ​രു കു​റ​വു​മി​ല്ലാ​തെ!

പ്ര​സീ​ദ​യു​ടെ വീ​ടി​നു​മേ​ല്‍ പ​ട​രാ​ന്‍ റെ​ഡി​യാ​യി കാ​ത്തു​നി​ല്‍ക്കു​ന്ന, മ​ര​ണ​ത്തി​ന്‍റെ ആ ​വി​ഷാ​ദ​മൗ​ന​ത്തെ നേ​ര്‍ത്ത ച​ല​ന​ങ്ങ​ള്‍കൊ​ണ്ടു മു​റി​ച്ച് ഷാ​ജു​വും ഞാ​നും അ​പ്പാ​ക്കു ചാ​രെ സെ​റ്റി​യി​ല്‍ ഇ​രു​ന്നു. പ്ര​സീ​ദ കു​റ​ച്ചു​നേ​രം അ​പ്പാ​യു​ടെ വീ​ല്‍ചെ​യ​റി​ല്‍ പി​ടി​ച്ചു​നി​ന്നു.

ഉ​ണ്ണി​ക്കു​ഞ്ഞേ, അ​ക​ത്തു​പോ​യി​രു​ന്ന് ക​ഴി​ച്ചേ...

അ​വ​ള്‍ ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള അ​നി​യ​നെ ശാ​സി​ച്ചു.

പി​ന്നെ അ​ക​ത്തേ​ക്കു പോ​യി ഞ​ങ്ങ​ള്‍ക്ക് അ​വ​ള്‍ ക​ട്ട​ന്‍കാ​പ്പി കൊ​ണ്ടു​വ​ന്നു. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് അ​വ​ള്‍ക്കൊ​പ്പം വ​രു​മ്പോ​ള്‍ വ​ല്യ​മ്മ​ച്ചി ത​ന്നി​രു​ന്ന അ​തേ ക​ട്ട​ന്‍കാ​പ്പി. പ​റ​മ്പി​ലു​ണ്ടാ​കു​ന്ന കാ​പ്പി​ക്കു​രു പെ​റു​ക്കി ഉ​ണ​ക്കി ജീ​ര​ക​വും ഏ​ല​ക്കാ​യും ചു​ക്കും പേ​ര​യി​ല​യും ചേ​ര്‍ത്ത് വ​റു​ത്തു​പൊ​ടി​ച്ചു വെ​ക്കു​ന്ന കാ​പ്പി​പ്പൊ​ടി​യാ​ണ്. വെ​ള്ളം വെ​ട്ടി​ത്തി​ള​ച്ചു നി​ല്‍ക്കു​മ്പോ​ള്‍ പൊ​ടി ചേ​ര്‍ത്ത് തീ ​കെ​ടു​ത്തി മൂ​ടി​വെ​ക്ക​ണം. ര​ണ്ടു മി​നി​റ്റ് അ​ങ്ങ​നെ മൂ​ടി​വെ​ച്ചി​ട്ട് അ​രി​ച്ചെ​ടു​ത്ത് ചൂ​ട് ഒ​ന്നു കു​റ​യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ കു​ടി​ക്ക​ണം. ക​രു​പ്പെ​ട്ടി ച​ക്ക​ര​യോ പ​നം​ക​ല്‍ക്ക​ണ്ട​മോ ചേ​ര്‍ക്കാം. നേ​രി​യൊ​രു മ​ധു​ര​ത്തി​ന്‍റെ ലാ​ഞ്ഛ​ന​യേ പാ​ടു​ള്ളൂ. വ​ല്യ​മ്മ​ച്ചി​യു​ടെ ട്രേ​ഡ്മാ​ര്‍ക്ക് ആ​യി​രു​ന്നു ആ ​കാ​പ്പി. അ​തി​നെ ലാ​ബി​ലേ​ക്ക് എ​ടു​ത്ത് കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ് ന​ട​ത്ത​ണം എ​ന്ന് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഞ​ങ്ങ​ള്‍.

എ​ന്‍റെ മ​ക്ക​ളേ, ഈ ​രു​ചി​യൊ​ക്കെ മ​ന​സ്സീ​ന്ന് വ​രു​ന്ന​താ. മ​ന​സ്സീ​ന്നു വ​രു​ന്ന​തൊ​ന്നും ടെ​സ്റ്റ് ചെ​യ്ത് ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റ​ത്തി​ല്ല. അ​ത് അ​റി​യ​ണ്ട​വ​ര്‍ക്ക് അ​റി​യാ​ന്‍ പ​റ്റും. അ​തി​ന് ചോ​ദ്യോം പ​റ​ച്ചി​ലും ഒ​ന്നും വേ​ണ്ടാ- വ​ല്യ​മ്മ​ച്ചി​യു​ടെ സ്ഥി​രം വി​ശ​ദീ​ക​ര​ണ​മാ​യി​രു​ന്നു.

അ​പ്പ കാ​പ്പി​ക്കു കൈ ​നീ​ട്ടി​യ​പ്പോ​ള്‍ പ്ര​സി ചി​രി​ച്ചു. ശ​വ​ശ​രീ​രം അ​വി​ടെ​യി​ല്ലെ​ങ്കി​ലും ഭ​ര്‍ത്താ​വ് മ​രി​ച്ച് കാ​ത്തു​കി​ട​ക്കു​ന്ന ആ ​വി​ലാ​പ​നേ​ര​ങ്ങ​ളി​ല്‍ അ​വ​ള്‍ ചി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ

ആ ​മ​ഞ്ഞു​പു​ക എ​ന്‍റെ ഉ​ള്ളി​ല്‍ ഉ​ല​ഞ്ഞ് ആ​ളി. അ​വ​ള്‍ മോ​ളെ വി​ളി​ച്ച് അ​പ്പ​ക്ക് ചൂ​ട് ആ​റ്റി കാ​പ്പി കൊ​ണ്ടു​വ​ന്നു കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു.

കാ​പ്പി കു​ടി​ച്ച് ആ​സ്വ​ദി​ച്ചു​കൊ​ണ്ട് അ​പ്പ ഷാ​ജു​വി​നു നേ​രേ കൈ​നീ​ട്ടി. അ​തു ക​ണ്ട് ഞാ​ന്‍ ഒ​ന്നു പ​രു​ങ്ങി തെ​ല്ല് പി​ന്നോ​ട്ട് വ​ലി​ഞ്ഞു. ഷാ​ജു ആ ​കൈ​ക​ളി​ല്‍ പി​ടി​ച്ചു.

മോ​നേ, എ​ന്‍റെ കൊ​ച്ചി​ന് 55 വ​യ​സ്സാ​യി. 30 കൊ​ല്ല​മാ​യി​ട്ടൊ​ള്ള അ​വ​ളു​ടെ​യൊ​രു പെ​ടാ​പ്പാ​ടാ ഇ​പ്പം തീ​ര്‍ന്നു​കി​ട്ടി​യ​ത്. 53 കൊ​ല്ല​മാ​യി അ​വ​ള്‍ടെ അ​മ്മ പോ​യി​ട്ട്. ഉ​ണ്ണി​ക്കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തോ​ടെ അ​വ​ള്

പോ​യ​താ. മൂ​ന്നാ​മ​ത്തെ വ​യ​സ്സി​ല് എ​ന്‍റെ കൊ​ച്ച് ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യി മാ​റി​യാ​ര്‍ന്ന്. അ​വ​ള്‍ടെ വെ​ല്യ​മ്മ​ച്ചി -എ​ന്‍റെ അ​മ്മ, സ്ട്രോ​ക്ക് വ​ന്ന് നാ​ലു​കൊ​ല്ലം കെ​ട​ന്ന കെ​ട​പ്പ് കെ​ട​ന്ന്. ക​ല്യാ​ണം ക​ഴി​ഞ്ഞ് മൂ​ന്നാ​മ​ത്തെ കൊ​ല്ലം മൊ​ത​ല് എ​ന്‍റെ കൊ​ച്ചി​നെ ഉ​പ​ദ്ര​വി​ക്കു​വാ​രു​ന്ന് അ​വ​ന്‍. പ​ത്തു കൊ​ല്ല​ത്തി​ല​ധി​ക​വാ​യി, കു​ടി​ച്ചു കു​ടി​ച്ച് ക​ര​ള് ഇ​ല്ലാ​ണ്ടാ​യി​ട്ട്. അ​വ​ന്‍ പോ​യ​ത് അ​വ​ള്‍ക്കൊ​രാ​ശ്വാ​സ​വാ.

പ്ര​സി അ​പ്പ​യെ വി​ല​ക്കു​ന്ന​തു കാ​ത്താ​ണ് ഞാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍, അ​വ​ള്‍ മൗ​നം​കൊ​ണ്ട് അ​പ്പ​യെ അം​ഗീ​ക​രി​ച്ചു. പ​ല​പ്പോ​ളും മൗ​നം ശ​ക്ത​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ​ല്ലോ!

53കാ​ര​നാ​യ അ​വ​ളു​ടെ അ​നി​യ​ന്‍ ഒ​രു കൊ​ച്ചു കു​ട്ടി​യെ​പ്പോ​ലെ പി​ന്നെ​യും പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ള്‍ പ്ര​സീ​ദ അ​വ​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് സ്നേ​ഹ​ശാ​സ​ന​യോ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു.

ഷാ​ജു അ​വ​ളോ​ട് ഓ​ഫീ​സ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ഓ​രോ പ​ദ്ധ​തി​ക​ള്‍ക്കും ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രോ​ജ​ക്ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ താ​നി​പ്പോ​ള്‍ ഒ​രു ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ വി​ദ​ഗ്ധ​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​വ​ള്‍ ത​മാ​ശ പ​റ​ഞ്ഞു.

സാ​യാ​ഹ്നം നേ​ര്‍ത്ത ചാ​യം​കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പു​റ​ത്തു നി​ന്ന് ഒ​രി​ളം കാ​റ്റ് പാ​റി​വ​ന്നു. ക​ഴി​ഞ്ഞ 33 കൊ​ല്ല​ങ്ങ​ളു​ടെ വി​ട​വ് അ​തി​ല്‍ പാ​റി​യ​ക​ന്നു. ഒ​ന്നു വി​ശാ​ല​മാ​യി​രു​ന്ന് പ്ര​സീ​ദ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു​കൊ​ണ്ടു പ​റ​ഞ്ഞു -

അ​തെ​ങ്ങ​നെ​യാ​ടാ... ഈ ​പൊ​ട്ട​ന്‍ എ​ന്നെ​ങ്കി​ലും എ​ന്നോ​ടു പ്രേ​മം പ​റ​യു​വാ​രി​ക്കൂ​ന്നോ​ര്‍ത്ത​ല്ലേ ഞാ​നി​രു​ന്ന​ത്. എ​നി​ക്കീ പ്രാ​ര​ബ്ധം ഒ​ക്കെ​യൊ​ള്ള കാ​ര​ണം അ​ങ്ങ​നെ​യൊ​ക്കെ ചോ​ദി​ക്കാ​ന്‍ പ​റ്റു​വോ! ഇ​തെ​ല്ലാം ചൊ​മ​ക്കാ​ന്‍ നീ​യും കൂ​ടു​വോ​ന്ന് ചോ​ദി​ക്ക​ണ​ത് മ​ര്യാ​ദ​കേ​ട​ല്ലേ! ഏ​താ​യാ​ലും അ​തു​കാ​ര​ണം ഇ​വ​ന്‍ ര​ക്ഷ​പെ​ട്ട്. അ​ല്ലെ​ങ്കി​പ്പി​ന്നെ എ​ന്‍റെ​യീ ചൊ​മ​ടി​ന്‍റെ​യൊ​ക്കെ പൊ​റ​മേ എ​ന്നേം കൂ​ടി ചൊ​മ​ക്ക​ണ്ടി വ​ന്നേ​നേ ഇ​വ​ന്! അ​വ​ള്‍ ഒ​രു പ​രു​ങ്ങ​ലു​മി​ല്ലാ​തെ ചി​രി​ച്ചു.

ഞാ​ന്‍ പ​റ​ഞ്ഞ​ട്ടി​ല്ലേ! എ​നി​ക്ക് പേ​ടി​യാ​രു​ന്നെ​ടീ നി​ന്നെ! വാ​രി​യെ​ല്ല് ര​ണ്ടെ​ണ്ണം കൂ​ടു​ത​ലൊ​ള്ള നി​ന്നോ​ട് പ്രേ​മം പ​റ​യാ​ന്‍ പോ​യി​ട്ട് മ​ര്യാ​ദ​യി​ല്ലാ​ണ്ടൊ​രു ത​മാ​ശ പ​റ​യാ​നും​കൂ​ടി പേ​ടി​യാ എ​നി​ക്ക്. അ​ന്നാ​യാ​ലും ഇ​ന്നാ​യാ​ലും. ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​ന്‍ പ​റ​ഞ്ഞു.

അ​തും പോ​രാ​ഞ്ഞി​ട്ട് എ​നി​ക്ക് വീ​ട്ടി​ല് പ​ട്ടി​ണി. ഇ​വ​ക്ക് ഇ​വി​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് പ​റ​മ്പും കൂ​റ്റ​ന്‍ കാ​ശും. അ​ത് അ​ടി​ച്ചു​മാ​റ്റാ​നാ എ​ന്‍റെ പ്ലാ​നെ​ന്ന് എ​ല്ലാ​വ​രും പ​റ​യും.

ഓ! ​ഈ പൊ​ട്ട​ന്‍ ഇ​പ്പ​ളും നാ​ട്ടു​കാ​ര് പ​റ​യ​ണ​തും ഓ​ര്‍ത്തോ​ണ്ട് ന​ട​ക്കു​വാ​ണ​ല്ലോ ദൈ​വ​മേ!

അ​വ​ള്‍ ഷാ​ജു​വി​നു നേ​രേ ചി​രി​ച്ചു​കൊ​ണ്ട് എ​ന്‍റെ കൈ​ത്ത​ണ്ട​യി​ല്‍ പി​ടി​ച്ചു.

അ​മ്പ​ര​പ്പാ​ര്‍ന്നൊ​രു വി​റ​യ​ലോ​ടെ ഞാ​ന്‍ അ​വ​ളു​ടെ കൈ​ത്ത​ണ്ട​യി​ലും തൊ​ട്ടു.

എ​ടാ നീ ​പ​ണ്ടൊ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ല്ലാ​രു​ന്നോ ഒ​രു സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ കാ​ര്യം. നി​ങ്ങ​ള്‍ടെ സ്കൂ​ളി​ല്‍ ക്ലാ​സെ​ടു​ക്കാ​ന്‍ വ​ന്ന ഒ​രാ​ള്. ഇം​ഗ്ല​ണ്ടി​ലെ​ങ്ങാ​ണ്ട് ജോ​ലി​ചെ​യ്യ​ണ നി​ങ്ങ​ടെ​യൊ​രു നാ​ട്ടു​കാ​ര​ന്‍! ര​ണ്ടു

മ​ക്ക​ളി​ല്‍ ഒ​രാ​ള് ഓ​ട്ടി​സ്റ്റി​ക് ആ​ണെ​ന്ന​റി​ഞ്ഞ​പ്പം അ​ങ്ങേ​ര്ടെ സ്വ​ത്ത് ര​ണ്ടാ​ക്കി​യി​ട്ട് അ​തി​ല്‍ ആ ​ഓ​ട്ടി​സ്റ്റി​ക്കാ​യ കൊ​ച്ചി​ന്‍റെ വീ​തം സ്വ​ത്ത് എ​ടു​ത്ത് ഓ​ട്ടി​സം ഒ​ള്ള പി​ള്ളേ​ര്‍ക്ക് വേ​ണ്ടീ​ട്ട് ഒ​രു കെ​യ​ര്‍ഹോ​മും അ​വ​ര​ടെ കാ​ര്‍ന്നോ​മ്മാ​ര്‍ക്കാ​യ​ട്ട് ട്രെ​യി​നി​ങ് സെ​ന്‍റ​റും ഒ​ക്കെ തൊ​ട​ങ്ങി​യ ഒ​രാ​ള്. ഇ​വി​ടെ ഉ​ണ്ണി​ക്കു​ഞ്ഞി​ന് കി​ട്ടാ​നൊ​ള്ള വീ​തം എ​ടു​ത്തേ​ച്ച് അ​ങ്ങ​നെ​യൊ​ര് സെ​ന്‍റ​റ് തൊ​ട​ങ്ങി​യാ കൊ​ള്ളാ​ന്ന് അ​ന്നേ എ​നി​ക്കൊ​രാ​ഗ്ര​ഹം ഒ​ണ്ടാ​രു​ന്ന്. അ​ങ്ങേ​ര് പോ​യ​തോ​ടെ ഇ​നി അ​തൊ​ക്കെ​യൊ​ന്ന് ആ​ലോ​ചി​ക്കാ​വ​ല്ലോ!

ന​മ്മ​ളെ മ​ന​സ്സി​ലാ​ക്ക​ണ ആ​ളു​ക​ളൊ​ണ്ടെ​ങ്കി​ല​ല്ലേ​ടാ ന​മ്മ​ക്ക് മ​ന​സ്സി​ലൊ​ള്ള​തൊ​ക്കെ ഒ​ന്ന് പ​റ​യാ​നെ​ങ്കി​ലും പ​റ്റു​വൊ​ള്ള്.

അ​ത്... പ്ര​സീ ന​മ്മ​ള് ആ​ഗ്ര​ഹി​ക്ക​ണ​ത് പോ​ലെ​യൊ​ന്നും ആ​വി​ല്ല​ല്ലോ ഓ​രോ കാ​ര്യ​ങ്ങ​ള്!

 

ഓ! ​ആ​ഗ്ര​ഹി​ക്ക​ണ​തും ന​ട​ക്ക​ണ​തും!

എ​ടാ പൊ​ട്ടാ! ന​മ്മ​ക്കൊ​ന്ന് ആ​ഗ്ര​ഹി​ക്കാ​നെ​ങ്കി​ലും പ​റ്റ​ണ്ടേ! അ​തു ക​ഴി​ഞ്ഞ​ട്ട​ല്ലേ ന​ട​ക്ക​ണ​തും ഓ​ട​ണ​തു​വൊ​ക്കെ!

എ​ന്‍റെ ഷാ​ജൂ... ഞാ​നെ​ങ്ങാ​നും ഇ​വ​ള്‍ടെ​യ​ടു​ത്ത് പെ​ട്ടു​പോ​യാ​രു​ന്നെ​ങ്കി എ​ന്താ​യേ​നേ സ്ഥി​തീ​ന്ന് മ​ന​സ്സി​ലാ​യി​ല്ലേ! ഒ​റ്റ​ക്കൊ​ല്ലം​കൊ​ണ്ട് അ​ടി​ച്ച് പി​രി​ഞ്ഞേ​നേ! അ​ത​ല്ലെ​ങ്കി ഞാ​ന്‍ ഒ​ര് കാ​ട്ട​ടി​മ​യാ​യി​ട്ട് കു​നി​ഞ്ഞ് നെ​ര​ങ്ങ​ണ്ടി വ​ന്നേ​നേ! എ​നി​ക്ക​ങ്ങ​നെ ഒ​രാ​ളെ താ​ങ്ങാ​നൊ​ള്ള ശേ​ഷി​യൊ​ന്നും ഇ​ല്ലെ​ന്ന് ന​ന്നാ​യി​ട്ട് അ​റി​യാ​വു​ന്ന​കൊ​ണ്ട​ല്ലേ ഇ​പ്പ​ളും ഞാ​നി​ങ്ങ​നെ ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​യ​ണ​ത്.

ആ​ദ്യ​മാ​യി​ട്ടാ​വും ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​നി​ങ്ങ​നെ തു​റ​ന്നു സം​സാ​രി​ക്കു​ന്ന​ത്!

നീ ​ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​ഞ്ഞ​ട്ട് എ​ന്നാ ഒ​രു ഗു​ണം. ഏ​തെ​ങ്കി​ലും ഒ​രു​ത്തീ​നെ കെ​ട്ടി​യാ​രു​ന്നെ​ങ്കി അ​വ​ക്കെ​ങ്കി​ലും സ​മാ​ധാ​ന​വാ​യി​ട്ട് ക​ഴി​യാ​ന്‍ പ​റ്റി​യേ​നേ. പൊ​ട്ട​ന്‍! പ്ര​സീ​ദ ഇ​ള​വി​ല്ലാ​തെ എ​ന്നെ ശ​കാ​രി​ച്ചു.

സാ​യാ​ഹ്നം അ​തി​ന്‍റെ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഇ​രു​ളി​ലേ​ക്ക് മ​യ​ങ്ങി​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഞാ​ന്‍ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു.

ഞ​ങ്ങ​ള്‍ മെ​ല്ലെ എ​ഴു​ന്നേ​റ്റു. അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ പാ​തി​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു.

അ​പ്പാ, ഞ​ങ്ങ​ളി​റ​ങ്ങ​ട്ടെ. ക്രി​മേ​ഷ​ന് നേ​ര​ത്തേ എ​ത്താം.

ആ! ​അ​വ​ന്‍റെ ബോ​ഡി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​വ​രും. ഉ​ച്ച ക​ഴി​ഞ്ഞ് ക്രി​മേ​ഷ​ന്‍. അ​ന്ന് എ​ന്‍റെ കൊ​ച്ചി​ന്‍റെ ഉ​യി​ര്‍പ്പ് തി​രു​നാ​ളു​കൂ​ടി​യാ... അ​പ്പാ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ പി​ടി​ച്ച് ക​ര​യാ​ന്‍ തു​ട​ങ്ങി.

പ്ര​സീ​ദ അ​പ്പ​യെ ചേ​ര്‍ത്തു​പി​ടി​ച്ചു​കൊ​ണ്ട് ചെ​റി​യൊ​രു ചി​രി​യോ​ടെ ഞ​ങ്ങ​ളോ​ട് ആ ​സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പ​തു​ക്കെ പ​റ​ഞ്ഞു -തോ​മ​സു​കു​ട്ടീ വി​ട്ടോ​ടാ!

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 04:45 GMT
access_time 2026-04-20 03:30 GMT
access_time 2026-04-13 04:15 GMT
access_time 2026-04-13 03:00 GMT
access_time 2026-04-06 05:00 GMT
access_time 2026-04-06 04:30 GMT
access_time 2026-03-30 05:30 GMT
access_time 2026-03-30 05:00 GMT