???????? ???????? ??.????????? ??????????? ??? ??????? ?????? ????????

ചെറുകഥയുടെ വലിയ തമ്പുരാന് 87ൽ ആദ്യ പിറന്നാളാഘോഷം

കണ്ണൂർ: ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വഴങ്ങാത്ത, പരുക്കനായ ചെറുകഥയുടെ കുലപതി ഒടുവിൽ മരുമക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനു വഴങ്ങി. എൺപത്തിയേഴിെൻറ ചുറുചുറുക്കിൽ ടി. പദ്മനാഭൻ എന്ന മലയാളിയുടെ പ്രിയകഥാകൃത്ത് ആദ്യമായി പിറന്നാൾ കേക്ക് മുറിച്ചു. ജീവിതത്തിൽ ഒരിക്കൽപോലും പിറന്നാൾ ആഘോഷിച്ചിട്ടില്ലാത്ത പദ്മനാഭൻ, പിറന്നാൾ മധുരമുണ്ണുന്ന അപൂർവനിമിഷത്തിന് സാക്ഷിയാകാൻ അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും മാത്രമാണുണ്ടായിരുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം 1931 ഫെബ്രുവരി അഞ്ചിനാണ് ടി. പദ്മനാഭൻ ജനിച്ചത്. അതുപ്രകാരം 86 വയസ്സാണ്. എന്നാൽ, ഈ വൃശ്ചികം 20ന് തിങ്കളാഴ്ച 87ാം വയസ്സിലേക്ക് പ്രവേശിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടു വർഷം മുമ്പ് ഭാര്യ മരിച്ചതിനുശേഷം അദ്ദേഹം പള്ളിക്കുന്നിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.

കണ്ണൂർ നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെ മതുക്കോത്ത്, പദ്മനാഭെൻറ സഹോദരി പുഷ്പവല്ലിയുടെ മകൻ ടി. സോമശേഖരെൻറ വീട്ടിലാണ് ലളിതമായ പിറന്നാളാഘോഷം നടന്നത്. ആശ്രമസമാനമായ ശാന്തതയിലാണ് ഈ വീട് നിലകൊള്ളുന്നത്. യോഗ നടത്തുന്നതിനും മറ്റുമായി പ്രത്യേകം നിർമിച്ച ധ്യാനമുറിയിലായിരുന്നു പിറന്നാൾ ആഘോഷം. ആഘോഷത്തിന് അമേരിക്കയിലുള്ള ബന്ധു ലീനാ സദാശിവനും മക്കളും ദുബൈയിൽനിന്ന് സഹോദരിയുടെ മകൻ ഗിരിധരനും എത്തിയിരുന്നു. ദുബൈയിൽ ഷിപ്പിങ് കമ്പനിയിൽ പ്രവർത്തിക്കുന്ന ഗിരിധരൻ നേരത്തെതന്നെ പിറന്നാൾ ആഘോഷത്തിന് അമ്മാവെൻറ സമ്മതം വാങ്ങിയിരുന്നു. തുടർന്ന് എല്ലാ ബന്ധുക്കളെയും വിവരമറിയിച്ചു.

നഗരത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് ഉച്ചക്ക് 12ഓടെ പദ്മനാഭൻ മതുക്കോത്തെ വീട്ടിലെത്തി. എല്ലാവരും സ്​നേഹത്തോടെ സ്വീകരിച്ചിരുത്തി. എഴുത്തുകാരും സുഹൃത്തുക്കളുമായ എ.എം. മുഹമ്മദ്, പി.കെ. പാറക്കടവ്, പയ്യന്നൂർ പി. കുഞ്ഞിരാമൻ, നാരായണൻ കാവുമ്പായി, താഹ മാടായി  തുടങ്ങിയവരും സ്വാമി അമൃത കൃപാനന്ദപുരിയും എത്തിയിരുന്നു. എല്ലാവരുമായി അൽപം കുശലം പറഞ്ഞതിനുശേഷം പിറന്നാൾ കേക്ക് മുറിച്ചു. മരുമക്കളായ ഗിരിധരനും സദാശിവനും കേക്ക് വായിൽവെച്ചുകൊടുത്തു. തുടർന്ന് അടുത്ത സുഹൃത്തുക്കൾ പിറന്നാൾ ആശംസകൾ നേർന്നു. അകലെ നിന്നെത്തിയ ബന്ധുക്കൾ പിറന്നാൾ സമ്മാനങ്ങളും നൽകി. പിന്നീട് സദ്യയും മൂന്നുകൂട്ടം പായസവും കഴിച്ച് മരുമക്കളുടെ ആഗ്രഹം മധുരമാക്കിയാണ് പദ്മനാഭൻ മടങ്ങിയത്

പിറന്നാൾദിനങ്ങൾ ആഘോഷിക്കുകയോ ഓർക്കുകയോ ടി. പദ്മനാഭെൻറ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. പലരും നിർബന്ധിച്ചിരുന്നുവെങ്കിലും നിരർഥകമായ ഒരു കാര്യമായിട്ടാണ് അദ്ദേഹം അത് കണ്ടത്. ബാല്യത്തിെൻറ കടുപ്പമേറിയ അനുഭവങ്ങളും അതിനു വഴിവെച്ചിരിക്കാമെന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിനു സമീപമുള്ളള തിണയ്ക്കൽ തറവാട്ടിൽ ദേവകിയമ്മയുടെയും പുതിയിടത്ത് കൃഷ്ണൻ നായരുടെയും മകനായാണ് ടി. പദ്്മനാഭൻ ജനിച്ചത്. ഇദ്ദേഹത്തിെൻറ ശൈശവത്തിൽതന്നെ അച്ഛൻ മരിച്ചു. അമ്മയുടെയും അമ്മാവെൻറയും ജ്യേഷ്ഠത്തി ടി. കല്യാണിക്കുട്ടിയമ്മയുടെയും സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. 

Tags:    
News Summary - t. padmanabhan at 87

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.