????????? ???????????

മുണ്ടൂരിന്‍െറ കഥാകാരന് എഴുത്തിന്‍െറ അമ്പതാണ്ട്

പാലക്കാട്: കല്ലടിക്കോടന്‍ മലയെയും മുണ്ടൂരെന്ന തട്ടകത്തെയും മനസ്സില്‍ ധ്യാനിച്ചിരിക്കുന്ന സേതുമാഷോട് ആദ്യ എഴുത്തിനെക്കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴും പഴയ ഒമ്പതാം ക്ളാസുകാരനിലേക്ക് മടങ്ങും ആ ഓര്‍മകള്‍. അന്ന് അടച്ചിട്ട മുറിയിലിരുത്തി തിരൂര്‍ക്കാരനായ മുഹമ്മദ് മാഷ് എഴുതിച്ച കഥയാണ് സേതുമാധവനെ മുണ്ടൂര്‍ സേതുമാധവനാക്കി മാറ്റിയത്.

ക്ളാസ് മാസ്റ്ററുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്തിനാണെന്നറിയാതെ എഴുതിക്കൊടുത്ത കഥ കോഴിക്കോട്ടുനിന്നുള്ള പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വന്നപ്പോള്‍ സ്കൂളില്‍നിന്ന് ലഭിച്ച അംഗീകാരത്തോളം വരില്ല പിന്നെ കിട്ടിയതൊന്നുമെന്ന് പറയാന്‍ എഴുത്തില്‍ അമ്പതാണ്ട് തികക്കുന്ന മുണ്ടൂര്‍ സേതുമാധവന് മടിയില്ല. എഴുത്തിന്‍െറ 50 വര്‍ഷങ്ങള്‍ ‘സേതുമാധവം’ എന്ന പേരില്‍ ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പാലക്കാട്ടെ സഹൃദയര്‍. ഡിസംബര്‍ 25ന് ദിവസം മുഴുവന്‍ നീളുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍െറ 69 കഥകളടങ്ങിയ സമാഹാരം സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. സേതുമാഷുടെ ഉള്ളില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്തൊരു സ്ഥാനമുണ്ട് കല്ലടിക്കോടന്‍ മലയ്ക്ക്.

ഉമ്മറക്കോലായയിലിരുന്ന് കിട്ടുന്നതെല്ലാം വായിച്ചിരുന്ന ബാല്യകാലത്ത് വീടിന് വടക്കുവശത്തെ ഈ മല മാത്രമായിരുന്നു കൂട്ട്. മാരാത്ത് ഗോവിന്ദന്‍ നായരുടെയും വാഴയില്‍ ദേവകി അമ്മയുടെയും മകനായി 1942ലാണ് മുണ്ടൂര്‍ സേതുമാധവന്‍ ജനിച്ചത്. ടി.ടി.സി പൂര്‍ത്തിയാക്കി പറളി ഓടന്നൂര്‍ ജി.എല്‍.പി സ്കൂളിലാണ് ആദ്യം അധ്യാപകനായത്. പിന്നീട് ബിരുദവും ബി.എഡും നേടിയ ശേഷം ആദ്യ നിയമനം എലപ്പുള്ളി ഗവ. എല്‍.പി സ്കൂളില്‍.

1997ല്‍ കുമരപുരം ടീച്ചേഴ്സ് ട്രെയിനിങ് കോളജില്‍ നിന്നാണ് വിരമിച്ചത്. എഴുത്തിന്‍െറ പുതിയ സാധ്യതകള്‍ തുറന്നിട്ടത് മുണ്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വിവേകാനന്ദ വായനശാലയായിരുന്നു. 1994ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും 95ല്‍ മികച്ച സര്‍ഗാത്മക അധ്യാപകനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്കാരവും തേടിവന്നു. ജീവിതത്തിലെന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ കൂടെയാണ് നിലയുറപ്പിച്ചത്.

ഇദ്ദേഹത്തിന്‍െറ നോവലായ ‘കലിയുഗം’ സിനിമയുമായി. 1973ല്‍ കെ.എസ്. സേതുമാധവനാണ് സംവിധാനം ചെയ്തത്. 20 സമാഹാരങ്ങളിലായി 500ലധികം കഥകള്‍ പ്രസിദ്ധീകരിച്ചു. ‘തെറ്റ്’ ആയിരുന്നു ആദ്യ കഥ. അഞ്ച് നോവലുകളും പ്രസിദ്ധീകരിച്ചു. കടപ്പത്ത് അംബികയാണ് ഭാര്യ. മകള്‍: ശ്യാമ. പാലക്കാട് നഗരഹൃദയത്തിലെ ‘അക്ഷര’യില്‍ താമസം. ജന്മസ്ഥലമായ മുണ്ടൂരിനെ ആസ്പദമാക്കിയുള്ള  നോവല്‍ എഴുതാനുള്ള ശ്രമത്തിലാണ് നാടിന്‍െറ സ്വന്തം കഥാകാരന്‍.

Tags:    
News Summary - mundoor sethumadhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.