സ്വവർഗ പ്രണയം പ്രമേയമായ നോവലിന്‍റെ പ്രകാശനത്തിന് കോളജ് അധികൃതർ അനുമതി നിഷേധിച്ചു

കൊച്ചി: സ്വവർഗ പ്രണയം പ്രമേയമായ നോവലിന്‍റെ പ്രകാശനത്തിന് കോളജ് അധികൃതർ അനുമതി നിഷേധിച്ചു. എഴുത്തുകാരി ശ്രീപാർവതിയുടെ 'മീനുകൾ ചുംബിക്കുന്നു' എന്ന നോവലിന്‍റെ പ്രകാശത്തിനുള്ള അനുമതിയാണ് കോളജ് അധികൃതർ നിഷേധിച്ചത്. ഓൺലൈൻ മാധ്യമ വേദികളിലെ സജീവ സാന്നിധ്യമാണ് ശ്രീപാർവതി. പെണ്‍പ്രണയങ്ങളുടെ കടലാഴങ്ങളിലേക്കൊരു യാത്ര എന്നാണ് പുസ്തകത്തിന്റെ ടാഗ് ലൈന്‍.

ശ്രീപർവതിയുടെ നോവലിന്‍റെ പ്രകാശന ചടങ്ങ് എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ വെച്ച് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മെയ് 14ന് മൂന്നു മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്ന ചടങ്ങിന് മുൻകൂട്ടി അനുമതിയും വാങ്ങിയിരുന്നു. പുസ്തക പ്രകാശനം സംബന്ധിച്ച നോട്ടീസും ബ്രോഷറുമെല്ലാം തയാറാക്കിക്കഴിഞ്ഞ ശേഷം കോളജ് പ്രിൻസിപ്പൽ തന്നെ വിളിച്ച് പ്രകാശന വേദി അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ശ്രീപാർവതി പറയുന്നു.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിൽ ഈ പുസ്തകം വിദ്യാർഥിനികളുടെ ചിന്താഗതിയെ തെറ്റായി സ്വാധീനിക്കാനിടയുണ്ടെന്നാണ് ഇതിനെതിരെയുള്ള കോളജ് അധികൃതരുടെ വാദം. എന്തായാലും നിശ്ചയിച്ച സമയത്തു തന്നെ കോളജിന് സമീപമുള്ള കുട്ടികളുടെ പാർക്കിൽ വച്ച് പ്രകാശന കർമം നടത്താനാണ് സംഘാടകരുടെ തീരുമാനം.

വിവാദം ഉണ്ടായപ്പോള്‍ വ്യക്തിപരമായ വിഷയമായാണ് ആദ്യഘട്ടത്തില്‍ സമീപിച്ചതെങ്കിലും സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ് ഇതെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് എഴുത്തുകാരി പറഞ്ഞു. വാട്‌സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ശ്രീപാർവതി പറഞ്ഞു.

'മീനുകൾ പ്രണയിക്കുന്നു' ശ്രീപാർവതിയുടെ ആദ്യനോവലാണ്. നോവലിന് അവതാരികയെഴുതിയത് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവാണ്.

Tags:    
News Summary - meenukal chumbikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT