സാഹിത്യ ചരിത്രത്തിലേക്ക് ഒരു പ്രവേശിക

ഒന്നിലധികം ഗ്രന്ഥസ്രോതസ്സുകളുടെ സൂചനകൾ ചേർത്തുള്ള രേഖകളാണ് സാധാരണ ലൈബ്രറി കാറ്റലോഗുകൾ. പുസ്തകങ്ങളെ കൂടാതെ വിവിധ കമ്പ്യൂട്ടർ ഫയലുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഭൂപടങ്ങൾ, സീഡികൾ, വെബ്സൈറ്റുകൾ തുടങ്ങിയവക്കെല്ലാം കാറ്റലോഗ് രീതി നിലവിൽ അവലംബിക്കുന്നുണ്ട്. 1789കളിൽ പാരിസിലെ സർബോൺ ലൈബ്രറിയിലാണ് ആദ്യമായി വിഷയാനുക്രമമായി അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങളുടെ നാമാവലി ഉണ്ടാക്കിയത്. കൈയെഴുത്തുപ്രതികളുടെ രൂപത്തിലായിരുന്നു ആദ്യകാല ലൈബ്രറി കാറ്റലോഗുകൾ. കേരളത്തിൽ നൂറുകണക്കിന് പ്രസിദ്ധീകരണ ശാലകളുണ്ട്. ഇവയിൽ പ്രസിദ്ധീകരണ രംഗത്ത് ചിരപ്രതിഷ്ഠ കൈവരിച്ച മലയാളത്തിലെ മുൻനിര പ്രസാധകരെല്ലാം നിലവിൽ സ്വന്തമായി കാറ്റലോഗുകളിറക്കുന്നുണ്ട്. 

എന്നാൽ, കേരള മുസ്​ലിംകളുടെ വരമൊഴിഭാഷയായി നൂറ്റാണ്ടുകളോളം നിലനിന്ന അറബി-മലയാള ലിപിയിൽ ഇറങ്ങിയ ഏതാനും കാറ്റലോഗുകൾ തീർച്ചയായും ചരിത്രപ്രാധാന്യമർഹിക്കുന്നവയാണ്. 1900ത്തിൽ സ്ഥാപിതമായ പൊന്നാനിയിലെ മഊനത്തുൽ ഇസ്​ലാം സഭക്കുകീഴിലുള്ള പി.കെ.എം കമ്പനി 1905ൽ പുറത്തിറക്കിയ കാറ്റലോഗാണ് നിലവിൽ അറബി-മലയാളത്തിൽ കണ്ടെടുക്കപ്പെട്ടവയിൽ ഏറ്റവും പ്രാചീനമായിട്ടുള്ളത്. അറബി അക്ഷരമാലകൾക്ക് ചില പ്രത്യേക ചിഹ്നങ്ങളാൽ ലിപി പരിഷ്കരണം വരുത്തി, മലയാളത്തിൽ വായിക്കാവുന്ന സമ്പ്രദായത്തെയാണ് അറബി-മലയാളം; അല്ലെങ്കിൽ മാപ്പിളഭാഷ എന്നിങ്ങനെ പറയാറുള്ളത്​. കേരള മുസ്​ലിംകൾ തങ്ങളുടെ ഭൗതികവും ആത്മീയവുമായ വ്യവഹാരങ്ങൾക്ക് ഒരു ലിഖിത മാധ്യമമായി അറബി-മലയാളത്തെ നൂറ്റാണ്ടുകളോളം കൊണ്ടാടിയവരാണ്. മലയാള ഭാഷയുടെ സമ്പന്നമായ ഒരു വ്യവഹാര രൂപമായ ഇൗ ലിപിയിൽ വിവിധ കല്യാണക്കുറിപ്പടികൾ, കത്തുകൾ, ആനുകാലികപത്രങ്ങൾ, മാസികകൾ, കഥകൾ, നോവലുകൾ എല്ലാം ഉണ്ടായിട്ടുണ്ട്.

1905ൽ പുറത്തിറങ്ങിയ  ഈ കാറ്റലോഗ് മൗലവി അഹമ്മദ് കോയ ശാലിയാത്തിയുടെ ചാലിയത്തുള്ള അസ്ഹരിയ്യ ഖുത്തുബ്ഖാനയിൽനിന്നാണ് കണ്ടെടുക്കപ്പെട്ടത്. 20 പുറങ്ങൾ വരുന്ന അറബി-മലയാളത്തിലുള്ള കാറ്റലോഗിന് ‘ഫിറസ്ത്ത്’ (കാറ്റലോഗ്) എന്ന അറബിനാമമാണ് തലവാചകമായി കൊടുത്തിട്ടുള്ളത്. മാപ്പിളമാരെ കൂടാതെ തമിഴ്നാട്ടിലെ മുസ്​ലിംകളെ ഉദ്ദേശിച്ച് അറബി-തമിഴ് ലിപിയിലും കമ്പനിയെ പരിചയപ്പെടുത്തുന്നുണ്ട്. ഈ കാറ്റലോഗ് പ്രസിദ്ധീകരിക്കുന്നവരുടെ പേരുകൾ അതിൽ നൽകിയിരിക്കുന്നത് ഇങ്ങനെ. 

‘ശുഹ്റത്താക്കപ്പെട്ട പൊന്നാനി മഖ്ദൂം പുതിയകത്ത് അബ്​ദുറഹ്മാൻ എന്ന ബാവ മുസ്​ലിയാർ തങ്ങളുടെ മകൻ കൗടിയമ്മാക്കാനകത്ത് സൈനുദ്ദീൻ കുട്ടി മുസ്​ലിയാർ, രണ്ട്-കൊടുമുടി പാലൊളി അബ്​ദുല്ല മുസ്​ലിയാർ, മൂന്ന്-പണിക്കവീട്ടിൽ കോയ ഹസ്സൻ മുസ്​ലിയാർ, നാല്-മഖ്ദൂം പയകത്ത് മുഹമ്മദ് എന്ന ഇമ്പിച്ചി മുസ്​ലിയാർ, അഞ്ച്-കൊച്ചിലിമാൻറകമെ അവറാൻകുട്ടി ലിക്കാനകത്ത് മുഹമ്മദ് മുസ്​ലിയാർ മറ്റും.’  
തുടർന്ന് ആദ്യത്തെ മൂന്ന് പുറങ്ങളിലായി പി.കെ.എംകമ്പനിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിവരിക്കുന്നു. പിന്നീട് വിവിധ തരം മുസ്ഹഫുകൾ, അറബി ഭാഷയിലെ ഹദീസ് ഗ്രന്ഥങ്ങൾ, വിശ്വാസ ശാസ്ത്രഗ്രന്ഥങ്ങൾ, കർമശാസ്ത്ര ഗ്രന്ഥങ്ങൾ, തസവ്വുഫ്‌ ഗ്രന്ഥങ്ങൾ, വിവിധ റാത്തീബ്, ദുആ ഏടുകൾ, അറബി വ്യാകരണ ഗ്രന്ഥങ്ങൾ, മൗലിദുകൾ, ബൈത്തുകൾ, വിശുദ്ധ ഭവനങ്ങളുടെ ബഹുവർണ ചിത്രങ്ങൾ, വിവിധ പഞ്ചാംഗങ്ങൾ, തർജമകൾ, ഖിസ്സപ്പാട്ടുകൾ, നേർച്ചപ്പാട്ടുകൾ, ബുക്കുകൾ, കടലാസുകൾ, തൊപ്പികൾ, മഷിച്ചായങ്ങൾ, തട്ടങ്ങൾ, ഉറുമാലുകൾ, കാച്ചിവസ്ത്രങ്ങൾ, ആയുർവേദത്തിലെ വിവിധ ഗുളികകൾ അവയുടെ ഫലങ്ങൾ, ചൂർണങ്ങൾ, ലേഹ്യങ്ങൾ, തൈലങ്ങൾ, ഭസ്മങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുപ്പായത്തുണികൾ, മുണ്ടുകൾ തുടങ്ങിയവയുടെയെല്ലാം പരസ്യങ്ങൾ നമ്പർ ക്രമം അനുസരിച്ച് പട്ടിക കോളത്തിലാണ് ഈ കാറ്റലോഗിൽ നൽകിയിട്ടുള്ളത്.

20 പുറങ്ങളുള്ള കാറ്റലോഗിൽ അക്കാലത്ത് വിൽപ്പനയിലുണ്ടായിരുന്ന നൂറുകണക്കിന് അപൂർവങ്ങളായ അറബി-മലയാള ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. അവയിൽതന്നെ നിലവിൽ മാപ്പിള സാഹിത്യ ഗവേഷകരാൽ കണ്ടെടുക്കപ്പെടാത്ത ധാരാളം കൃതികൾ വേറെയും വരും. അത്തരം കൃതികളുടെ പൂർണ ലിസ്​റ്റ്​ തയാറാക്കി അന്വേഷിക്കേണ്ടത് ചരിത്ര കുതുകികളുടെ ദൗത്യമാണ്. നൂറുവർഷങ്ങൾക്കപ്പുറം ഇത്രയേറെ കൃതികളെ പരിചയപ്പെടുത്തി അറബി-മലയാള ലിപിയിൽ ഒരു കാറ്റലോഗ് സംവിധാനം നിലവിലുണ്ടായെങ്കിൽ മാപ്പിളമലയാളം എന്നു വിളിക്കുന്ന അറബി-മലയാള സാഹിത്യ ശാഖയുടെ ജ്ഞാനമണ്ഡലത്തി​​െൻറ വൈപുല്യത്തെയാണ് അത് വ്യക്തമാക്കിത്തരുന്നത്.

ഇതെഴുതുമ്പോൾ എ​​െൻറ മുന്നിൽ ലഭ്യമായിട്ടുള്ള മറ്റൊരു അറബി-മലയാള കാറ്റലോഗ് കോഴിക്കോട് കേന്ദ്രമായി നിലനിന്നിരുന്ന ഇസ്​ലാമിയ്യാ കമ്പനിയുടേതാണ്. 1930ലാണ് ഇത് ഇറങ്ങിയിട്ടുള്ളത്. ചെറുപുസ്തക വലുപ്പത്തിലുള്ള ഈ കാറ്റലോഗിന് 34 പേജുകളുണ്ട്. നാലു പേജുകളിലായി കമ്പനിയുടെ സ്ഥാപനോദ്ദേശ്യങ്ങളും കമ്പനി അംഗങ്ങളെയും പരിചയപ്പെടുത്തുന്നു. കൂടാതെ അക്കാലത്ത് പുതുതായിറങ്ങിയ ഏതാനും അറബി-മലയാള കൃതികളെക്കുറിച്ച ഹ്രസ്വമായ വിവരണങ്ങൾ. പിന്നീട് ക്രമപ്രകാരം വിവിധ ഗ്രന്ഥങ്ങളുടെ പേര്, വിലവിവരപ്പട്ടികയാണ് ചേർത്തിട്ടുള്ളത്. നൂറുകണക്കിന് അറബി-മലയാള കൃതികളുടെ പേരുവിവരങ്ങൾ അവയിൽപെടും. വിൽപനക്ക് തയാറായിട്ടുള്ള വിവിധ തരത്തിലുള്ള ഖുർആൻ പ്രതികൾ, അറബി കിത്താബുകൾ, മദ്‌റസ പാഠക്കിത്താബുകൾ തർജമകൾ, സ്വലാത്ത്, ദുആ, റാത്തീബ്​, മൗലിദ്, ബൈത്ത് തുടങ്ങിയവകൾ... കൂടാതെ പടപ്പാട്ടുകൃതികൾ, വിവിധ അസുഖങ്ങൾക്കുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയുടെ വിവരണങ്ങളും ഉൾക്കൊള്ളുന്നു.

ഇന്ന്​ പൊതുവേ അംഗീകരിക്കപ്പെട്ട മാനക മലയാളത്തിലുള്ള സാഹിത്യ രംഗത്തേക്ക് മാപ്പിളമാർ സാർവത്രികമായി നടന്നടുക്കുന്നതി​​െൻറ നൂറ്റാണ്ടുകൾക്ക് മുമ്പ്​ അറബി-മലയാള ലിപിയിലുള്ള നൂറുകണക്കിന് കൃതികൾ മാപ്പിള മുസ്​ലിംകൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നതി​​െൻറ ചരിത്രപരമായ ശേഷിപ്പാണ് ഇത്തരം കാറ്റലോഗുകൾ. അക്ഷരപ്രേമികളായ ഒരു തലമുറയുടെ വായനരംഗത്തെ വികാസം എത്രത്തോളമായിരുന്നുവെന്ന് നമുക്കിതിലൂടെ ദൃശ്യമാവും. നൂറ്റാണ്ടുകളോളം നിലനിന്ന വൈദേശികാധിപത്യത്തോടുള്ള നിരന്തരമായ ചെറുത്തുനിൽപ്പുകൾക്ക്​ ഇൗ ഭാഷയും സാഹിത്യവും അവർക്ക്​ ഉപകരണമായിരുന്നു. മലയാള സാഹിത്യം ഇനിയും ഉൾക്കൊള്ളാൻ മടിക്കുന്ന വൈജ്ഞാനിക പ്രപഞ്ചത്തിലേക്കുള്ള പ്രവേശികയാണ്​ ഇത്തരം സൂചികകൾ.

News Summary - LIterature history- Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT