ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന് ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. ഇതേതുടർന്ന് കൂടുതൽ പരിശോധനകൾക്ക് ചീഫ് സെക്രട്ടറി ശിപാർശ നൽകി. പുസ്തകത്തിലെ ഉള്ളടക്കം അറിയിക്കാൻ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ആത്മകഥയിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകുന്ന പരാമർശങ്ങളുണ്ട്.

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ആത്മകഥ ’സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമപ്രശ്നം ചൂണ്ടിക്കാണിച്ചു ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് കെ.സി. ജോസഫ് എം.എൽ.എ കത്ത് നൽകിയിരുന്നു. ഇതേതുടർന്ന് നിയമസെക്രട്ടറിയുടെ ഉപദേശം അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽനിന്നു വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ ജേക്കബ് തോമസ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു.

ബാര്‍ കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, മദനിയെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നിങ്ങനെയുളള ഉളളടക്കങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തകളിൽ ഇടം പിടിക്കുകയും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു. മുൻമന്ത്രി ഉമ്മൻചാണ്ടി, സി.പി.ഐ നേതാവ് സി.ദിവാകരൻ എന്നിവർക്കെതിരെയും പുസ്തകത്തിൽ പരാമർശങ്ങളുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്, സി.പി.ഐ നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 250 പേജ് വരുന്ന പുസ്തകം വിപണിയിലും ഓൺലൈനിലൂടെയും ലഭ്യമാണെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് പുസ്തകം പിൻവലിച്ചേക്കാൻ നിർദേശം നൽകിയേക്കുമെന്നും അഭ്യൂഹമുണ്ട്.

 

Tags:    
News Summary - The Chief Secretary reports that Jacob Thomas had violated the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT