കേരളത്തിലുമുണ്ട് മാജിക്കൽ റിയലിസം

ലാറ്റിനമേരിക്കയിൽ മാത്രമല്ല, മലയാള സിനിമയിലും മാജിക്കൽ റിയലിസമുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. ഈ.മ.യൗ എന്ന പുതിയ സിനിമയെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ബെന്യാമിൻ കേരളത്തിന്‍റെ മാജിക്കൽ റിയലിസം പ്രകടമാകുന്നത്‌ പുതിയ സിനിമകളിലാണെന്ന് പറഞ്ഞത്. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെർസ്സിഡസ്‌ കാറും ഒന്നിച്ചു പോകുന്ന വഴികൾ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കൽ റിയലിസം തന്നെ പക്ഷേ അത്‌ കഥയിലേക്ക്‌ കൊണ്ടുവരാൻ നിങ്ങൾക്ക്‌ കഴിയണമെന്ന് ലാറ്റിനമേരിക്ക്ൻ എഴുത്തുകാരിയായ മരിയ അമ്പാരോ ഒരിക്കൽ പറഞ്ഞതും ബെന്യാമിൻ അനുസ്മരിക്കുന്നു. കേരളീയ ജീവിത്തതിന്‍റെ നോവും നൊമ്പരവും വീണുകിടക്കുന്ന സിനിമയെന്ന്  ഈ.മ.യൗവിനെ വിശേഷിപ്പച്ച ബെന്യാമിൻ  പി. എഫ്‌. മാത്യൂസും ലിജോ ജോസ്‌ പല്ലിശ്ശേരിക്കും അഭിനന്ദനങ്ങൾ നേർന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ലാറ്റിനമേരിക്കൻ എഴുത്തുകാരി മരിയ അമ്പാരോ എസ്‌കാൻഡൻ ഒരിക്കൽ കേരളത്തിലെത്തിയപ്പോൾ പറഞ്ഞത്‌ അങ്ങ്‌ ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട്‌ മാജിക്കൽ റിയലിസം എന്നാണ്‌. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെർസ്സിഡസ്‌ കാറും ഒന്നിച്ചു പോകുന്ന വഴികൾ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കൽ റിയലിസം തന്നെ പക്ഷേ അത്‌ കഥയിലേക്ക്‌ കൊണ്ടുവരാൻ നിങ്ങൾക്ക്‌ കഴിയണം എന്നുമാത്രം എന്നും അവർ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ജീവിതത്തിന്റെ പച്ചയായ യാഥർത്ഥ്യങ്ങൾ അതുപോലെ എഴുതുക മാത്രമാണ്‌ താൻ ചെയ്തിട്ടുള്ളത്‌ എന്ന് മാർക്കേസും പറഞ്ഞിട്ടുണ്ട്‌. 

കേരളത്തിന്റെ മാജിക്കൽ റിയലിസം ഒരളവുവരെ പ്രകടമാകുന്നത്‌ പുതിയ സിനിമകളിൽ ആണ്‌. യുവസംവിധായകർ അതിൽ കാട്ടുന്ന മികവ്‌ പ്രശംസിക്കാതെ തരമില്ല. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഈ.മ.യൗ. അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാൻ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥ. അത്‌ സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതിൽ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്‌. അതുതന്നെയാണ്‌ ഈ.മ. യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്‌. മാത്യൂസും ലിജോ ജോസ്‌ പല്ലിശ്ശേരിയും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും സിനിമയിൽ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു. മാജിക്കൽ റിയലിസം ഇനിയും സംഭവിക്കട്ടെ.

 

Full View
Tags:    
News Summary - Benyamin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.