വടകര: ഹിന്ദുത്വത്തിന്‍െറ വക്താവായി അറിയപ്പെടുന്ന ശങ്കരാചാര്യര്‍ മുതലുള്ളവര്‍ ബ്രാഹ്മണ്യത്തിന്‍െറ മാത്രം സംരക്ഷകരായിരുന്നുവെന്ന് സംഘ്പരിവാര്‍ വധഭീഷണി നേരിടുന്ന എഴുത്തുകാരന്‍ കെ.എസ്. ഭഗവാന്‍. വടകരയില്‍ സഫ്ദര്‍ ഹശ്മി നാട്യസംഘം സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ പാഠശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ എക്കാലത്തും ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനിന്നിരുന്നു. ഇപ്പോഴതിന്‍െറ തുടര്‍ച്ചക്കാണ് ചിലര്‍ ശ്രമിക്കുന്നത്. ബ്രാഹ്മണ്യം അധ്വാനിക്കുന്നവനെ എല്ലായിടത്തു നിന്നും മാറ്റി നിര്‍ത്തി. ഈ സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്തിയത് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നവചിന്ത വഹിക്കുന്നവരാണ്. അശോക, ബൗദ്ധ പാരമ്പര്യമാണ് മതത്തിന്‍െറ സങ്കുചിതത്വത്തിനുപരിയായി മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിച്ചത്.
ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഹിന്ദു നവീകരണത്തിനു വേണ്ടി ശ്രമിച്ചവരാണ്. മതത്തിന്‍െറ സങ്കുചിതത്വം നിരാകരിക്കുമ്പോഴാണ് മാനവികത ഉദയം ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കപ്പടുന്നുണ്ട്. ഇത് കണ്ടില്ളെന്ന് നടിക്കരുത്. അത് ഫാഷിസത്തിന്‍െറ വളര്‍ച്ചക്ക് വളം വെക്കലാവും. മനുഷ്യനെ തിരിച്ചറിയാനും സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും കഴിയണം. അപ്പോഴാണ് നമ്മള്‍ യഥാര്‍ഥ സമൂഹജീവിയായി മാറുന്നുള്ളൂവെന്നും ഭഗവാന്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. കൂടങ്കുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍, എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി, ഐ.വി. ബാബു, കെ.കെ. രമ, പി. ഗീത, എ.പി. ഷാജിത്, ആര്‍. റിജു, ടി.വി. സച്ചിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.