സഹിഷ്ണുതയുടെ നഗരത്തില്‍.. അതിരുകളില്ലാതെ...

 

കേരള സാഹിത്യോത്സവം സമാപിച്ചു • അടുത്ത വര്‍ഷവും കോഴിക്കോട്  

കോഴിക്കോട്: സാഹിത്യപ്പെരുമയുടെ കോഴിക്കോടന്‍ കൂട്ടായ്മയില്‍ അതിരുകള്‍ക്കപ്പുറത്തുനിന്ന് തസ്‌ലീമയടക്കമുള്ള പ്രതിഭകള്‍ ഒരിക്കല്‍ക്കൂടി സംഗമിച്ചപ്പോള്‍ നവ സാഹിത്യ-സംസ്‌കാരത്തിന് പിറവി. ആശയങ്ങളെ വെടിവെച്ചുകൊല്ലുന്ന കാലത്ത് വേര്‍തിരിവില്ലാതെ എല്ലാവരെയും സ്വീകരിക്കാനും അംഗീകരിക്കാനും പ~ിപ്പിക്കുകയായിരുന്നു കോഴിക്കോട്.

എഴുത്തുകാരനും വായനക്കാരനും സംഗമിക്കാനുള്ള അവസരംകൂടിയായിരുന്നു പ്രഥമ കേരള സാഹിത്യോത്സവം. പ്രിയപ്പെട്ട എഴുത്തുകാരെ ഒന്നുകാണാന്‍, അക്ഷരങ്ങളെ പിറവികൊടുത്ത ആ വിരലുകള്‍ തൊടാന്‍, കൂടെനിന്ന് സെല്‍ഫിയെടുക്കാന്‍ ആസ്വാദകര്‍ മത്സരിച്ചു. 140ഓളം സാഹിത്യകാരന്മാര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. മൂന്നു വേദികളില്‍ ഒരേസമയം വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നിറഞ്ഞ സദസ്സ് സാക്ഷിയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള ആളുകള്‍ കോഴിക്കോട് വണ്ടിയിറങ്ങി. ഈ മേളയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ഗള്‍ഫില്‍നിന്ന് ലീവെടുത്തുപോലും ആളുകളെത്തി. നാലായിരത്തോളം പേര്‍ മേളയുടെ സ്ഥിരം പ്രതിനിധികളായുണ്ടായിരുന്നു. പരിപാടി കേള്‍ക്കാനും കാണാനും അതിനെക്കാളേറെ പേര്‍ വന്നുപോയി.

 വലിയ ആശങ്കയോടെയാണ് ഫെസ്റ്റിവലിന്റെ ഉപദേശകപദവി ഏറ്റെടുത്തതെന്ന് കെ. സച്ചിദാനന്ദന്‍ പറഞ്ഞു. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം എത്രത്തോളം ഗാഢമാണെന്ന് തെളിയിക്കുന്നതായിരുന്നു മേള. ആവിഷ്‌കരണ സ്വാതന്ത്ര്യത്തെക്കുറിച്ച് താനടക്കമുള്ളവര്‍ ഭയപ്പെടുമ്പോള്‍ തുറന്നുപറച്ചിലുകളുടെയും ആശയെക്കെമാറ്റത്തിനും ഈ നാലുനാളുകള്‍ സഹായിച്ചെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

2017 ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ കോഴിക്കോട് വെച്ചാണ് സാഹിത്യോത്സവം നടക്കുക. അടുത്ത വര്‍ഷം കാണാമെന്ന ഉറപ്പോടെയാണ് ഓരോരുത്തരും കടപ്പുറത്തുനിന്നും യാത്രപറഞ്ഞത്.

സമാപന സമ്മേളനം സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മറക്കാത്ത നിമിഷങ്ങളാണ് സാഹിത്യോത്സവം സമ്മാനിച്ചതെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി.കെ.സി.  മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ. സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി.

ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, രവി ഡി.സി, മധുപാല്‍, കെ. ജയകുമാര്‍, എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, സജീഷ് നാരായണന്‍, ഡോ. ബി. ഇക്ബാല്‍, എന്‍.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ. അബ്ദുല്‍ ഹക്കീം സ്വാഗതവും കെ.വി. ശശി നന്ദിയും പറഞ്ഞു. അടുത്തവര്‍ഷത്തെ സാഹിത്യോത്സവത്തിന്റെ വിളംബരം മേയര്‍ വി.കെ.സി. മമ്മദ്‌കോയ നിര്‍വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT