ജനാധിപത്യം അവസാനിക്കുന്നു: ആനന്ദ്

കോഴിക്കോട്: ജനാധിപത്യത്തിന്‍െറ കാലം അവസാനിക്കുകയാണെന്ന് ആനന്ദ്. പുതിയ സംഭവവികാസങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.  വിസിലൂതുന്ന ഹവില്‍ദാരെ അനുസരിക്കുന്ന ജവാന്മാരെപ്പോലെയായിരിക്കുന്നു ജനങ്ങള്‍. ജൂണ്‍ 21ലെ യോഗദിവസ് ആചരണം അതാണ് തെളിയിക്കുന്നത്. ആയിരങ്ങള്‍ പങ്കെടുത്ത യോഗ ദിനാചരണം ആശയത്തിന്‍െറ അധമവത്കരണമാണ്. മിലിട്ടറി ഡ്രില്‍ പോലെ യോഗദിനാചരണം നടത്തിയാല്‍ അത് വ്യക്തിത്വ ഹനനത്തിനാണ് സഹായിക്കുക. വ്യക്തിത്വ വികസനത്തിന് സ്വയം ചെയ്യണം. വിസിലൂതി ഹവില്‍ദാര്‍ പറയുന്നത് ചെയ്യുന്നത് അവരെ അടിമത്തം സ്വീകരിക്കാന്‍ തയാറാക്കുകയാണ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കെ.എസ്. ബിമല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അച്ചടക്കം നല്ലതാണെങ്കിലും സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടി പരിശീലിക്കുമ്പോള്‍ അത് മറ്റൊന്നാവുകയാണ്. ഒരു കാരണത്തിനു വേണ്ടി സ്വയം മരിക്കാനോ അടിമത്തം സ്വീകരിക്കാനോ തയാറുള്ള മനുഷ്യ സമൂഹത്തെയാണ് അത് സൃഷ്ടിക്കുന്നത്. മിലിട്ടറിയിസം എല്ലായിടത്തും വ്യാപിക്കുകയാണ്. മാധ്യമങ്ങളടക്കം അതിനെ നിശ്ശബ്ദം പിന്തുടരുന്നു. വ്യക്തികളെ ആള്‍ക്കൂട്ടമായി മാറ്റുന്ന പരിശീലനമാണ് സംഘടനകള്‍ നല്‍കുന്നത്. ഇത് അടിമത്തത്തിനുപോലും തയാറുള്ള ജനതയെ നിര്‍മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനകളില്‍നിന്ന് ഒഴിഞ്ഞ് ഒരു വ്യക്തിയെന്ന നിലയില്‍ മാത്രമാണ് കെ.എസ്. ബിമല്‍ പ്രവര്‍ത്തിച്ചത്. വ്യക്തിത്വം വീണ്ടെടുക്കാന്‍ ബിമലിന് സാധിച്ചുവെന്നും ആനന്ദ് പറഞ്ഞു.
കെ.എന്‍. അജോയ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.സി. രാജേഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി. ലാല്‍ കിഷോറില്‍നിന്ന് അവയവദാന സമ്മതപത്രം സ്വീകരിച്ചുകൊണ്ട് ബിമല്‍ സ്മരണയില്‍ തുടങ്ങുന്ന ‘എകോ കേരള’ അവയവദാന പദ്ധതി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്തു. പി. പവിത്രന്‍, വി.ആര്‍. സുധീഷ്, ഡോ. ആസാദ്, ടി.എല്‍. സന്തോഷ്, കെ.കെ. രമ, ഡോ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഹരിപ്രിയ കവിത ആലപിച്ചു. കെ.പി. ചന്ദ്രന്‍ സ്വാഗതവും എ. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
ചടങ്ങിനു ശേഷം ബിമലിന്‍െറ രണ്ട് നാടകങ്ങള്‍ അരങ്ങേറി. നരിക്കുന്ന് യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ‘പുലിപുരാണം’ എന്ന നാടകവും നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ‘ഒരു നഗരം അട്ടിമറിക്കപ്പെടുമ്പോള്‍’ എന്ന നാടകവും അവതരിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT