തനിച്ചിരുന്ന് കളിയെന്ന നിലക്ക് എഴുത്ത് തുടങ്ങി –എം.ടി

മതവും നിയമവും പോലെ സാഹിത്യവും സാമൂഹിക സ്ഥാപനം
കോഴിക്കോട്: എഴുത്തിന്‍െറ പെരുന്തച്ചന് മുന്നില്‍ വിസ്മയിപ്പിക്കുന്ന കാര്യങ്ങള്‍ നിരത്തി കുട്ടികള്‍. അമ്പരപ്പിക്കുന്ന അനുഭവങ്ങളും അറിവും തിരിച്ചുകൊടുത്ത് പ്രിയ കഥാകാരന്‍. സ്കൂള്‍ കലോത്സവ ഭാഗമായുള്ള സാഹിത്യോത്സവ വേദിയില്‍ കുട്ടികളോടൊപ്പമുള്ള എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴമാണ് അവിസ്മരണീയ അനുഭവങ്ങള്‍ തീര്‍ത്തത്. അഞ്ചുകൊല്ലം മുമ്പ് കോഴിക്കോട്ടെ കലോത്സവ സാംസ്കാരിക സദസ്സില്‍ എം.ടി. മനസ്സുതുറന്നത് വാര്‍ത്തയായിരുന്നു. 
തനിച്ചിരുന്ന് കളിക്കാവുന്ന കളിയെന്ന നിലക്കാണ് താന്‍ എഴുത്ത് തുടങ്ങിയതെന്ന് കുട്ടികളുമായുള്ള കൂട്ടം പറച്ചിലിനിടെ എഴുത്തിന്‍െറ കുലപതി. പുസ്തകങ്ങളും വായനയും പുസ്തകത്തിലേതുപോലെ എഴുതാനുള്ള ആവേശവുമാണ് എഴുത്തിലത്തെിച്ചത്. എഴുത്ത് രസിപ്പിക്കാന്‍ മാത്രമല്ല ബോധനം കൂടിയാണ്. മതം, നിയമം എന്നിവപോലെ സാഹിത്യവും ഒരു സാമൂഹിക സ്ഥാപനമാണ്. കോടതിയില്‍ വാദിക്കുന്നവര്‍ ഇന്ന കോടതി ഇങ്ങനെയൊക്കെ പറഞ്ഞെന്ന് പറയുമ്പോലെയാണ് സാഹിത്യത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കുന്നത്. സമൂഹത്തില്‍ 30 ശതമാനം വരുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അധകൃതരുടെയും കാര്യം പറയാന്‍ ആളില്ല. ചന്തുവിനെയും ഭീമനെയും പോലുള്ളവരുടെ കേസ് വാദിക്കാനാളില്ലാത്തതിനാലാണ് വടക്കന്‍ വീരഗാഥയിലും രണ്ടാമൂഴത്തിലും അവര്‍ കഥാപാത്രങ്ങളായത്. 
ഏതൊരു മനുഷ്യന്‍െറയും ഉള്ളില്‍ നന്മയുണ്ട്. അത് അവരുടെ കാഴ്ചപ്പാടില്‍നിന്ന് കാണാന്‍ ശ്രമിക്കുകയാണ് വേണ്ടത്. നാലുകെട്ടുകളും കൂട്ടുകുടുംബവും തകര്‍ന്നതുകൊണ്ട് മനുഷ്യര്‍ ഏകാകികളും പരസ്പരബന്ധമില്ലാത്തവരുമായി. നാട്ടില്‍ ആരെങ്കിലും ആശുപത്രിയിലായാല്‍ ഏറെ പേര്‍ എത്തുമായിരുന്നു. ഇന്ന് പരിചരിക്കാനാളില്ല. കാരണം സമൂഹം ഛിന്നഭിന്നമായി. കൂട്ടായി നില്‍ക്കാതെ അള്‍ക്കൂട്ടമായി മാറി. കാലത്തിന്‍െറ മറിമായത്തില്‍ ആരേയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. തന്‍െറ എഴുത്തില്‍ നര്‍മമില്ലാത്തത് എന്‍െറ സ്വഭാവം കൊണ്ടാണ്. കളിച്ച് ചിരിച്ചല്ല ഞാന്‍ വളര്‍ന്നത്. ഇല്ലാത്ത നര്‍മം ഉണ്ടാക്കാനാവില്ലല്ളോ. കര്‍ക്കടക മഴയില്‍ ജനിച്ചവനാണ് ഞാന്‍. ചോറും പായസവുമുണ്ടെന്നറിഞ്ഞത് വലുതായപ്പോളാണ്. കോളജിലായപ്പോള്‍ നല്ല കുപ്പായം പോലുമില്ല. ജീവിതം തന്നെയാണ് കഥയായി വരുന്നത്. കഥ തന്നെയാണ് ജീവിതവും. 
പടങ്ങളില്‍ നര്‍മം വേണ്ടപ്പോള്‍ മറ്റ് എഴുത്തുകാരില്‍നിന്ന് കടമെടുക്കാറാണ് പതിവ്. ചാപ്ളിന്‍െറതാണ് ഏറ്റവും പ്രിയപ്പെട്ട ആത്മകഥ. പുസ്തകം വായനക്കാരനെയും വായനക്കാരന്‍ പുസ്തകത്തെയും തെരഞ്ഞുവരുമെന്നും എം.ടി പറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തി. നടന്‍ മാമുക്കോയ സമ്മാനം നല്‍കി. ജോഷി ആന്‍റണി സ്വാഗതം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT