സ്റ്റോക്ഹോം: സ്വത്വസംഘര്‍ഷങ്ങളുടെ ആഴക്കാഴ്ചകള്‍ അക്ഷരങ്ങളില്‍ പകര്‍ന്ന് മനുഷ്യാവസ്ഥയുടെ ഇരുണ്ട മറുപുറങ്ങളിലേക്ക് വായനാസമൂഹത്തെ വലിച്ചണച്ച ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മൊദിയാനോക്ക് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക. ജാപ്പനീസ് നോവലിസ്റ്റ് ഹരുകി മുറകാമി, സിറിയന്‍ കവി അഡോണിസ്, കെനിയന്‍ എഴുത്തുകാരന്‍ എന്‍ഗുഗി വാ തിയോങ്കോ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് മൊദിയാനോ സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരം കരസ്ഥമാക്കിയത്.
അധിനിവേശ കാലത്തെ മനുഷ്യരുടെ ദുരിതവിധികള്‍ വീണ്ടെടുക്കുന്ന ഓര്‍മകളുടെ കലയായി തന്‍െറ സാഹിത്യസപര്യയെ പരിവര്‍ത്തിപ്പിച്ചതിന്‍െറ പേരിലാണ് മൊദിയാനോയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. നമ്മുടെ കാലത്തെ മാര്‍സല്‍ പ്രൂസ്റ്റ് എന്നാണ് അക്കാദമി സെക്രട്ടറി പീറ്റര്‍ ഇംഗ്ളുണ്ട് മൊദിയാനോയെ വിശേഷിപ്പിച്ചത്.
1945 ജൂലൈ 20ന് പാരിസില്‍ ജനിച്ച മൊദിയാനോ 40ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്. മിസിങ് പേഴ്സണ്‍, എ ട്രേസ് ഓഫ് മലൈസ്, ഹണിമൂണ്‍, നൈറ്റ് റൗണ്ട്സ്, ഒൗട്ട് ഓഫ് ദ ഡാര്‍ക്, ദ സര്‍ച്ച് വാറന്‍റ് തുടങ്ങിയവയാണ് പ്രധാന രചനകള്‍. ആറു കൃതികള്‍ മാത്രമേ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. രണ്ടാംലോക യുദ്ധകാലത്തെ നാസി ജര്‍മനിയുടെ ഫ്രഞ്ച് അധിനിവേശമാണ് ഭൂരിഭാഗം രചനകളുടെയും പ്രമേയം. ജൂത-ഇറ്റാലിയന്‍ വംശജനായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ ജൂതവംശഹത്യയുടെ കാലത്ത് വേട്ടയാടപ്പെട്ട സ്വത്വത്തിന്‍െറ പ്രതിസന്ധികളാണ് അദ്ദേഹം ആവിഷ്കരിച്ചത്.
ഓര്‍മ, നഷ്ടബോധം, അസ്തിത്വപ്രതിസന്ധി എന്നിവ രചനകളില്‍ ആവര്‍ത്തിച്ച് കടന്നുവരുന്നു. പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ലൂയി മാളിനൊപ്പം ലോകോംബെ ലൂസിയന്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്.
69കാരനായ മൊദിയാനോക്ക് ഡിസംബര്‍ പത്തിന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.