നാഗര്‍കോവില്‍: മലയാളത്തില്‍ വീണ്ടുമൊരു സാഹിത്യമോഷണ വിവാദം. ഇത്തവണ ചെറിയചില വ്യത്യാസങ്ങളുണ്ട്. തമിഴനാണ് പരാതിക്കാരന്‍. കൃതിയാകട്ടെ പ്രാചീന തമിഴ് സാഹിത്യം. എതിര്‍ഭാഗത്ത് മലയാളിയും. താന്‍ വിവര്‍ത്തനംചെയ്ത് തെറ്റ് തിരുത്താന്‍ കേരളത്തിലെ സുഹൃത്തിന് നല്‍കിയ കൃതി സുഹൃത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയുമായി തമിഴ് എഴുത്തുകാരന്‍ കുളച്ചല്‍ യൂസുഫാണ് തമിഴ്നാട് പൊലീസിനെ സമീപിച്ചത്.
തമിഴിലെ പ്രമുഖ വിവര്‍ത്തകനാണ് കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ സ്വദേശി കുളച്ചല്‍ യൂസുഫ്. ആദ്യം വിവര്‍ത്തനം ചെയ്തത് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍. അദ്ദേഹത്തിന്‍െറതന്നെ പരലോകം, ലളിതാംബിക അന്തര്‍ജനത്തിന്‍െറ അഗ്നിസാക്ഷി, ബഷീറിന്‍െറ സമ്പൂര്‍ണ കൃതികള്‍ തുടങ്ങി 28ഓളം കൃതികള്‍ മലയാളത്തില്‍നിന്ന് തമിഴിലെത്തി. അതിനിടെ, പൗരാണിക തമിഴ് സാഹിത്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ‘സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ളാസിക്കല്‍ തമിഴ്’ തയാറാക്കിയ പദ്ധതിയുടെ ഭാഗമായി ‘നാലടിയാര്‍’ എന്ന കൃതി മലയാളത്തിലേക്ക് മൊഴി മാറ്റാന്‍ യൂസുഫിന് അനുമതി ലഭിച്ചു. എ.ഡി 100നും 500നും ഇടയില്‍ ജൈനസന്യാസിമാരാല്‍ രചിക്കപ്പെട്ട ‘നാലടിയാര്‍’ സ്തോത്ര കൃതികളാണ്. നാലു വരികള്‍ വീതമുള്ള 400 പദ്യങ്ങളുള്ള കൃതി വിവര്‍ത്തനത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയായതോടെ വ്യാകരണ പിഴവുകള്‍ തിരുത്താന്‍ സുഹൃത്തിന് കൈയെഴുത്തുപ്രതി അയച്ചുകൊടുത്തു. അയാള്‍ യൂസുഫറിയാതെ കോഴിക്കോട്ടെ മുണ്ടയാടി ദാമോദരന് കൃതി കൈമാറി. വിവര്‍ത്തനത്തില്‍ തെറ്റ് കുറവാണെന്നു കാണിച്ച് അദ്ദേഹം കുറച്ചുകാലം കഴിഞ്ഞ് കൈയെഴുത്തു പ്രതി തിരിച്ചയച്ചെന്ന് യൂസുഫ് പറയുന്നു. തിരുവനന്തപുരത്തെ ഒരു പുസ്തകശാലയില്‍വെച്ചാണ് ദാമോദരന്‍ തന്‍െറ പേരില്‍ ‘നാലടിയാര്‍’ പ്രസിദ്ധീകരിച്ച കാര്യം യൂസുഫ് അറിയുന്നത്. ഇതേതുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പിക്ക് പരാതി നല്‍കി. എതിര്‍കക്ഷികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍, യൂസുഫിന്‍െറ വിവര്‍ത്തനം താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുണ്ടയാടി ദാമോദരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. യൂസുഫിന്‍െറ കൈയെഴുത്തുപ്രതിയില്‍ തെറ്റുകള്‍ കൂടുതലായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ തിരിച്ചയച്ചുകൊടുത്തു. താന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വൃത്തബദ്ധമായി സ്വയം വിവര്‍ത്തനം ചെയ്തതാണ്. ഇന്‍റര്‍നെറ്റില്‍നിന്ന് ഇംഗ്ളീഷില്‍ ലഭിച്ച ‘നാലടിയാറാ’ണ് മലയാളത്തിലെത്തിച്ചതെന്നും ദാമോദരന്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.