കെ.വി. രാമനാഥനും ഇന്ദു മേനോനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: മലയാളത്തിന്‍െറ പ്രിയ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന് ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരത്തിന് ഇന്ദു മേനോനും അര്‍ഹയായി. ‘ചുംബന ശബ്ദ താരാവലി’ എന്ന ചെറുകഥാ സമാഹാരമാണ് ഇന്ദുവിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 
കെ.വി. രാമനാഥന് ശിശുദിനമായ നവംബര്‍ 14ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. പ്രഫ. കെ.ജി. ശങ്കരപ്പിള്ള, കെ.ആര്‍. മീര, ഡോ. പുതുശേരി രാമചന്ദ്രന്‍ എന്നിവരായിരുന്നു മലയാളഭാഷയില്‍നിന്നുള്ള വിധികര്‍ത്താക്കള്‍.
കുട്ടികളെ വിസ്മയിപ്പിക്കുന്ന നിരവധി കഥകള്‍, നോവലുകള്‍, ശാസ്ത്രസാഹിത്യ രചനകള്‍ എന്നിവ രചിച്ച കെ.വി. രാമനാഥന്‍ ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്കൂളില്‍ പ്രധാനാധ്യാപകനായിരുന്നു. പ്രധാന കൃതികള്‍ അപ്പുക്കുട്ടനും ഗോപിയും, അദ്ഭുത വാനരന്മാര്‍, അദ്ഭുത നീരാളി, സ്വര്‍ണത്തിന്‍െറ ചിരി, വിഷവൃക്ഷം, അജ്ഞാതലോകം, സ്വര്‍ണമുത്ത്.
മലയാള ബാലസാഹിത്യത്തിന്‍െറ ചരിത്രത്തെക്കുറിച്ച് മലയാള ബാലസാഹിത്യം ഉദ്ഭവവും വളര്‍ച്ചയും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിന്‍െറ രചയിതാവാണ്. 1988ല്‍ കേരള ബാലസാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി കേന്ദ്രമായ അസോസിയേഷന്‍ ഫോര്‍ റൈറ്റേഴ്സ് ആന്‍ഡ് ഇല്ലസ്ട്രേഴ്സ് ഫോര്‍ ചില്‍ഡ്രനിലും അംഗമാണ്. കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്‍റ് അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ്, എസ്.പി.സി.എസ്. അവാര്‍ഡ്, ചെറുകഥക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 
ഭാര്യ: രാധ. മക്കള്‍: രേണു, ഇന്ദുകല.
  ഇന്ത്യന്‍ ഭാഷകളില്‍നിന്ന് 13 കവിതാ സമാഹാരങ്ങള്‍ക്കും മൂന്നു നോവലുകള്‍, നാലു കഥാ സമാഹാരങ്ങള്‍, ഒരു ഉപന്യാസം എന്നിവയുടെ രചയിതാക്കളായ 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കാണ് യുവ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത്.  പുരസ്കാര വിതരണത്തിന്‍െറ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു. മലയാളഭാഷയില്‍ നിന്നുള്ള കൃതി തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങള്‍ അക്ബര്‍ കക്കട്ടില്‍, ഡോ. വി. രാജകൃഷ്ണന്‍, ടി.എന്‍. പ്രകാശ് എന്നിവരായിരുന്നു.  
 മാതൃഭൂമി ചെറുകഥാ അവാര്‍ഡ്, മലയാള ശബ്ദം അവാര്‍ഡ്, പൂര്‍ണ ഉറൂബ് കഥാപുരസ്കാരം, ജനപ്രിയ പുരസ്കാരം, ഇ.പി. സുഷമ എന്‍ഡോവ്മെന്‍റ്,  കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്കാരം, അങ്കണം അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ് തുടങ്ങിയ സാഹിത്യ പുരസ്കാരങ്ങള്‍ ഇന്ദുവിന് ലഭിച്ചിട്ടുണ്ട്. ഒരു ലെസ്ബിയന്‍ പശു എന്ന ചെറുകഥയിലൂടെയാണ് അവര്‍ മലയാള സാഹിത്യരംഗത്തു ശ്രദ്ധേയയാകുന്നത്. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോള്‍ ആണ് ഭര്‍ത്താവ്്. മക്കള്‍: ഗൗരി മരിയ, ആദിത്യ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.