ഉറൂബ് തിരസ്കരിക്കപ്പെട്ട എഴുത്തുകാരന്‍ -പി.ടി. കുഞ്ഞുമുഹമ്മദ്

കോഴിക്കോട്: രചനകളില്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക ബോധത്തിന്‍െറ പേരില്‍ ബോധപൂര്‍വം തിരസ്കരിക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഉറൂബ് എന്ന് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ടൗണ്‍ ഹാളില്‍ ഉറൂബ് ജന്മശതാബ്ദിയുടെ ഭാഗമായി ഉറൂബ് സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ഉറൂബിന്‍െറ സംഭാവനകള്‍’ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍െറ മതേതര ബോധത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ പൊന്നാനിയാണ് ഉറൂബിന്‍െറ തട്ടകം. പൊന്നാനിയിലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും കേരളത്തിലെ കോണ്‍ഗ്രസില്‍നിന്നും കമ്യൂണിസ്റ്റുകളില്‍നിന്നും വ്യത്യസ്തമായിരുന്നു. മാനവികമായ ഉയര്‍ന്ന മൂല്യവും രാഷ്ട്രീയ ബോധവും പ്രസരിപ്പിക്കാനാണ് ഉറൂബ് ശ്രമിച്ചത്. ആ മൂല്യങ്ങളും രാഷ്ട്രീയവും പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന കാലമാണിത്. അതുകൊണ്ടാണ് ബോധപൂര്‍വം ഉറൂബിനെ തിരസ്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു.
പാഠ്യപദ്ധതിയില്‍പോലും ഇടം ലഭിക്കാതെ ആരോരുമില്ലാതായിപ്പോയ എഴുത്തുകാരനായിരുന്നു ഉറൂബെന്ന് അധ്യക്ഷത വഹിച്ച ഡോ. എം.എന്‍. കാരശ്ശേരി പറഞ്ഞു. മഹാത്മാഗാന്ധിയില്‍നിന്ന് ലഭിച്ച മൂല്യങ്ങളായിരുന്നു ഉറൂബിന്‍െറ എഴുത്തില്‍ അടങ്ങിയിരുന്നത്. മലബാറില്‍ ഒരുകാലത്ത് പുലര്‍ന്നിരുന്ന സൗഹാര്‍ദത്തിന്‍െറ അന്തരീക്ഷമായിരുന്നു ഉറൂബിന്‍െറ സാഹിത്യപ്രപഞ്ചമെന്നും കാരശ്ശേരി അനുസ്മരിച്ചു.
കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വി.ആര്‍. സുധീഷ്, കെ.പി. സുധീര എന്നിവര്‍ സംസാരിച്ചു. എ.പി. കുഞ്ഞാമു സ്വാഗതം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT