വിറയലില്ലാത്ത അക്ഷരങ്ങളില്‍ വായനക്കാര്‍ക്ക് മഞ്ജു വാര്യരുടെ ‘സല്ലാപം\'

തിരുവനന്തപുരം: ‘അക്ഷരങ്ങളില്‍ ഒരു വിറയലുണ്ടോ? എഴുത്ത് എനിക്ക് അങ്ങനെ വഴങ്ങിയിട്ടില്ല. സിനിമയില്‍ മൂന്നുവര്‍ഷമേ ഞാനുണ്ടായിരുന്നിട്ടുള്ളൂ. ഇരുപതു സിനിമകള്‍. ഞാനര്‍ഹിക്കുന്നതിലേറെ പിന്തുണയും സ്നേഹവും ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. എങ്കിലും എഴുതാനിരിക്കുമ്പോള്‍ മനസ്സുനിറയുന്നു.’ അഭിനയരംഗത്തേക്ക് മടങ്ങിവരവിനൊരുങ്ങുന്ന മഞ്ജുവാര്യരുടെ സര്‍ഗ‘സല്ലാപം’ മലയാളിക്ക് ഇനി ഇങ്ങനെ വായിച്ചുതുടങ്ങാം.
മഞ്ജുവിന്‍െറ ആദ്യപുസ്തകമായ ‘സല്ലാപം’ വെള്ളിയാഴ്ച വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം കനകക്കുന്നില്‍ ഡി.സി ബുക്സിന്‍െറ അന്താരാഷ്ട്ര പുസ്തക മേളയുടെ വേദിയില്‍ നടന്ന പ്രകാശന ചടങ്ങിലേക്ക് മഞ്ജുവും എത്തിയതോടെ ആള്‍ക്കൂട്ടത്തില്‍ വായനക്കാരും ആരാധകരും നിറഞ്ഞു. അവര്‍ക്ക് മുന്നില്‍ ചിരിതൂകി മഞ്ജു തുടങ്ങി: ‘ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ യാദൃച്ഛികതകളിലൊന്നാണ് പുതിയ പുസ്തകം. ഞാനൊരു സാഹിത്യകാരിയല്ല. നന്നായിട്ട് എഴുതാന്‍ പോയിട്ട് സംസാരിക്കാന്‍ പോലും എനിക്കറിയില്ല. മൂന്നുവര്‍ഷത്തെ സിനിമാ ജീവിതത്തിനപ്പുറം അനുഭവസമ്പത്തുമില്ല. ഇങ്ങനെയുള്ള ഒരു ചടങ്ങില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്’. ‘വിറയലില്ലാത്ത അക്ഷരങ്ങള്‍’ തന്നെയാണ് മഞ്ജു മലയാളി വായനക്കാര്‍ക്ക് സമര്‍പ്പിച്ചതെന്ന് പുസ്തകം തന്നെ സാക്ഷ്യം. മഞ്ജുവാര്യരുടെ ബാല്യവും നൃത്തവും സിനിമാജീവിതവും കലര്‍ന്ന ഓര്‍മകളാണ് പുസ്തകത്തിലുള്ളത്.

കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പുസ്തകം പ്രകാശനം ചെയ്തു. സംവിധായകന്‍ സിബി മലയില്‍ ഏറ്റുവാങ്ങി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി. എന്‍. ജയചന്ദ്രന്‍, ഡി.സി ബുക്സ് എഡിറ്റര്‍ ടെന്നി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT